ഈ പ്രപഞ്ചത്തിലെ വലിയ മഹാദ്ഭുതം മനുഷ്യ മനസ്സാണ്. പക്ഷേ, ഒരു നൂലിഴ മനസ്സിന്റെ ഗതിയൊന്നു തെറ്റിയാൽ, വ്യക്തിയുടെ ജീവിതമാകെ പാളം തെറ്റും. അങ്ങനെ ഒട്ടേറെയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പത്രപ്രവർത്തകനാണ് അങ്ങനെയൊരു കുടുംബത്തെക്കുറിച്ച് പറഞ്ഞത്. സാധിച്ചാൽ അവരെയൊന്ന് നേരിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പെൺമക്കൾ, രണ്ടാൺമക്കൾ, അച്ഛൻ, അമ്മ ഇവർ അടങ്ങുന്നതാണ് മനസ്സിടറിയ ആ കുടുംബം. അവരെ ഒന്നു നേരിൽ സന്ദർശിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
അതനുസരിച്ച് ഞാൻ വീട്ടിൽ പോയി. കാട് പോലെ മുറ്റം. മൂക്കു പൊത്താതെ മുറ്റത്തുപോലും നിൽക്കാനാകാത്ത വിധം ദുർഗന്ധം.
‘‘ആരാ?’’ പുറത്തേക്കിറങ്ങി വന്ന മുപ്പതു വ യസ്സു തോന്നിക്കുന്ന യുവതി ചോദിച്ചു.
‘ഞാൻ വനിതാ കമ്മിഷനിൽ നിന്നാണ്. നിങ്ങളെയൊക്കെ കാണാൻ വന്നതാണ്.’
‘‘ഓ, സന്തോഷം. കേറി വാ.’’ വളരെ സാധാരണവും സ്വാഭാവികവുമായ പെരുമാറ്റം.
‘വേറെയാരൊക്കെയുണ്ടിവിടെ?’
‘‘എന്റെ അപ്പനും അമ്മേം രണ്ടാങ്ങളമാരും അനിയത്തീം.’’
‘അവരെവിടെ?’
‘‘അപ്പൻ മരുന്നു വാങ്ങാൻ പോയതാ. ബാക്കിയെല്ലാവരും പനിച്ചു കെടക്കുകാ.’’
‘എവിടെ. ഞാനവരെയൊന്നു കാണട്ടെ.’
‘‘അയ്യോ വേണ്ട, അവർക്കെല്ലാം ചിക്കൻ പോക്സാ.’’
‘ഞാനൊന്നു കാണട്ടെ, എന്തായാലും. ഇവിടെ വരെ വന്നതല്ലേ. എന്താ തന്റെ പേര്?’ ഞാൻ ആ സ്ത്രീയോട് ചോദിച്ചു.
‘‘എന്റെ പേര് ജെസി.’’
അപ്പോൾ അകത്തു നിന്നും അലറിക്കൊണ്ട് ഒരു യുവതി പുറത്തേക്ക് വന്നു.
‘‘ആരാടീ ജെസി? അതെന്റെ പേരല്ലേ? ഞാനല്ലേ ജെസി. നൊണ പറയുന്നോ മൂധേവി? എന്റെ വനിതാ കമ്മിഷൻ സാറേ, ഇവളു പറഞ്ഞതെല്ലാം നൊണയാ. ഞങ്ങൾക്കാർക്കും ചിക്കൻപോക്സും ഇല്ല, ഇവൾടെ പേര് ജെസീന്നുവല്ല.’’
‘സാരമില്ല. പക്ഷേ, തന്റെ ചേച്ചിയാണോ അത്?’ ഞാൻ അവരോടു സ്വരം താഴ്ത്തി ചോദിച്ചു.
‘‘അതേ. എന്റെ അമ്മേം ആങ്ങളമാരും അകത്തിരുന്നു ടിവി കാണുകാ. വാ അവരെ കാണാം. അകത്തേക്ക് വാ’’ അന്തരീക്ഷം അത്ര ശരിയല്ലെന്നു തോന്നിയതു കൊണ്ട് ഞാൻ പറഞ്ഞു.
‘ജെസി, അവരെ ഇങ്ങോട്ടു വിളിക്കൂ.’ അപ്പോഴും ആദ്യത്തെ യുവതി ഒന്നും മിണ്ടാതെയിരിക്കുകയാണ്.
‘ജെസിയുടെ ചേച്ചിയുടെ പേരെന്താ?’ അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷമാണ് മറുപടി വന്നത്. ‘‘അവൾടെ പേര് ലില്ലി. ആങ്ങളമാര് സോജീം റെജീം.’’
‘‘എടീ, ആരേലും വീട്ടി വന്നാ പെണ്ണുങ്ങളാണോടീ ആദ്യം ഇറങ്ങി വന്ന് വർത്താനം പറയേണ്ടത്? രണ്ടുപേരും കേറിപ്പൊക്കോണം അകത്ത്.’’ അയാൾ അലറുകയാണ്.
‘ഞാൻ എല്ലാവരെയും കാണാനാണു വന്നത്? നിങ്ങൾ സോജിയാണോ? റെജിയാണോ?’
‘‘ഞാൻ ഇട്ടിയച്ചൻ. എന്റെ വല്യപ്പച്ചന്റെ അപ്പന്റെ പേരാ എനിക്കിട്ടത്. എന്റനിയൻ സുധാകരൻ.’’ അയാൾ പിന്നെയും പലതും പറഞ്ഞു കൊണ്ടേയിരുന്നു. അമ്മച്ചിയെ വിളിച്ചോണ്ടുവരാം എന്നു പറഞ്ഞ് ലില്ലി അകത്തേക്കു കയറിപ്പോയി.
പെൺമക്കൾ അമ്മയെ താങ്ങിപ്പിടിച്ചുകൊണ്ടു വന്നു. രണ്ടു കാലും മുടന്തി മുടന്തി നടന്നുവരുന്ന, മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ.
‘‘ആരാ നിങ്ങളൊക്കെ? എന്നാത്തിനാ വന്നത്? ഇവിടാരും വരുകേല. എന്റെ നാലു മക്കൾക്കും മാനസിക രോഗവാ. ഞാനതു പറഞ്ഞതിന് നാലുംകൂടെ എന്റെ രണ്ടുകാലും തല്ലിയൊടിച്ചിട്ടിരിക്കുകാ. നിങ്ങളു പൊക്കോ. ഇല്ലെങ്കില് ഇവര് നിങ്ങളേം തല്ലും.’’ ആ അമ്മയുടെ മുഖത്തെ ദൈന്യം സങ്കടപ്പെടുത്തുന്നതായിരുന്നു. ആ അമ്മയ്ക്ക് മാനസികപ്രശ്നങ്ങളൊന്നുമില്ല എന്നുതന്നെ എനിക്കു തോന്നി.
‘കാലൊടിഞ്ഞിട്ട് ഡോക്ടറെ കണ്ടില്ലേ?’
‘‘ഓ, ആരു കാണിക്കാനാ. ഇവരല്ലേ മക്കള്. പിന്നൊള്ളത് എന്റെ കെട്ടിയോനാ. അങ്ങേർക്കും മാനസികവാ.’’
‘‘അമ്മച്ചി തയാറാണെങ്കിൽ ഇന്നു തന്നെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോകാം.’’ എന്നോടൊപ്പം വന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ പറഞ്ഞു.
‘‘എന്നാ മോളെന്റെ കൈയേലൊന്നു പിടിച്ചേ. ഇപ്പത്തന്നെ നമുക്കാശുപത്രീ പോകാം.’’ അവർ കോൺസ്റ്റബിളിനു നേർക്ക് കൈ നീട്ടി. കോൺസ്റ്റബിൾ അടുത്തേക്കു ചെന്നു. അപ്പോൾ ആ അമ്മ കോൺസ്റ്റബിളിന്റെ തലമുടിക്കുത്തിൽ ചുറ്റിപിടിച്ചു.
‘‘നീയെന്നെ ആശൂത്രീ കൊണ്ടുപോകും അല്ലേടീ?’’ എന്ന് ചോദിച്ച് കലി തുള്ളുന്നു. ഒരുവിധത്തിൽ അവരുടെ പിടി വിടുവിച്ചു. അപ്പോൾ എവിടെ നിന്നോ ഗൃഹനാഥൻ ഒാടിയെത്തി.
‘‘ നിങ്ങക്ക് വല്ല കൊഴപ്പോമൊണ്ടായോ? മുപ്പത്തെട്ടു കൊല്ലമായി ഞാനിതു സഹിക്കുന്നു. ചെയ്യാവുന്ന ചികിത്സയൊക്കെ ചെയ്തു. ഒരു കൊറവുമില്ല. മടുത്തു സാറേ’’ അയാളുടെ സ്വരം കരച്ചിലോളമെത്തി.
ഞാനാ മനുഷ്യനെ ആശ്വസിപ്പിച്ചു. ഭാര്യയേയും നാലു മക്കളേയും മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി ചികിത്സിക്കാനുള്ള സംവിധാനം ചെയ്യാമെന്നുറപ്പു നൽകി. അതിനാവശ്യമായ നിർദേശങ്ങളും നടപടികളും സ്വീകരിച്ചു. പക്ഷേ, അയൽക്കാർ ആവർത്തിച്ചുകൊണ്ടിരുന്ന സംശയം എന്നെയും വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
‘‘അങ്ങേർക്കും മനോരോഗമുണ്ടെന്നാ ഞങ്ങൾക്കെല്ലാം തോന്നുന്നത്. ചില സമയത്തുള്ള പെരുമാറ്റം കണ്ടാൽ അങ്ങനെയേ തോന്നൂ.’’
‘ആരറിയുന്നു നേര്?’