എനിക്ക് ഡിവോഴ്സ് കിട്ടണം, അതും എത്രയും പെട്ടെന്നു തന്നെ.’
ആ യുവതി തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു. ‘‘എനിക്കുമതു തന്നെ പറയാനുള്ളത്.’’
നിസ്സംഗമായ മുഖഭാവത്തോടെ ഭർത്താവും അക്കാര്യത്തിൽ ഭാര്യക്കൊപ്പം ചേർന്നു.
‘വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?’ ഞാൻ ചോദിച്ചു.
‘‘ കഴിഞ്ഞയാഴ്ചയായിരുന്നു കല്യാണം.’’ യുവതിയാണു മറുപടി പറഞ്ഞത്.
‘പെട്ടെന്ന് ഇങ്ങനെയൊരു തോന്നൽ?’
‘‘തോന്നലല്ല, ഉറച്ച തീരുമാനമാണ്.’’ യുവതി ദൃഢസ്വരത്തിൽ മറുപടി നൽകി.
‘എന്താ തന്റെ പേര്? എന്തു ചെയ്യുന്നു?’
‘‘സിൻസി, ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്.’’
‘നിങ്ങളോ?’
‘‘ഞാൻ വിനേഷ്, ബിസിനസ്സാണ്.’’
‘മുൻപ് നിങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നോ?’
‘‘ഇല്ല. വീട്ടുകാരാലോചിച്ചു നടത്തിയതാ.’’
‘രണ്ടുപേർക്കും സമ്മതമായിരുന്നില്ലേ?’
‘‘ആയിരുന്നു. പക്ഷേ, കാര്യങ്ങൾ ശരിക്കും മനസ്സിലാകാതെയാണ് സമ്മതമറിയിച്ചത്.’’ വിനേഷ് പറഞ്ഞു.
‘നോക്കൂ, രണ്ടുപേർ ജീവിതമാരംഭിക്കുമ്പോൾ പരസ്പരം മനസ്സിലാക്കാൻ ഏറെയുണ്ടാകും. എല്ലാം പൂർണമായി മനസ്സിലാക്കിയിട്ട് ആ ർക്കും ജീവിച്ചു തുടങ്ങാനാകില്ല.’’
‘‘പറഞ്ഞതു ശരിയാണ്. പക്ഷേ, ചില കാര്യങ്ങളിലെങ്കിലും യോജിപ്പ് വേണ്ടേ’’ വിനേഷാണതു പറഞ്ഞത്.
‘‘അതേ, മിക്ക ദമ്പതികൾക്കും ചിലപ്പോഴെങ്കിലും അങ്ങനെ തോന്നാറുണ്ട്, ഒന്നു മനസ്സിരുത്തി ശ്രമിച്ചാൽ തമ്മിലുള്ള സമാനതകൾ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല.’’
‘‘അതൊക്കെ ശരി തന്നെ. പക്ഷെ, എനിക്കീ മനുഷ്യന്റെ കൂടെ കഴിയാനാകില്ല. ഡിവോഴ്സ് കിട്ടിയേ തീരൂ.’’ സിൻസി ഉറച്ച സ്വരത്തിൽ പറഞ്ഞു.
‘‘കാരണം എന്നോടു പറയുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലല്ലോ സിൻസി?’’
‘‘ഇല്ല. പറയാം.’’ സിൻസി ഒന്നു നിർത്തിയിട്ട് വിനേഷിനെ നോക്കി വിരൽചൂണ്ടി തുടർന്നു.
‘‘ഇയാളൊരു ഫ്രോഡാണ്.’’
‘‘ഇയാൾ, അയാൾ എന്നൊന്നും പറയണ്ട, എനിക്കൊരു പേരുണ്ട്. അതുപറഞ്ഞാല്‍ മതി.’’
‘‘അതേ, വിനേഷ് എന്ന ഈ മനുഷ്യനൊരു കള്ളനാണ്.’’ സിൻസി ആവർത്തിച്ചു.
‘‘എന്താണങ്ങനെ തോന്നാൻ?’’
‘‘കല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിനേഷിന്റെ ഫോണിൽ ഒരു മെസേജ് കണ്ടു.’’
‘പറയൂ...’
‘‘ഒരു സുഹൃത്തിന് അയച്ച വാട്സ്ആപ് മെസേജായിരുന്നു അത്. ‘ ഇത്രയും നാൾ തീരുമാനിച്ചിരുന്നതു പോലെ ജീവിതകാലം മുഴുവൻ ബാച്ചിലർ ലൈഫ് തുടരാമെന്ന ആശയം ഉപേക്ഷിക്കേണ്ടി വരുന്നു. നല്ല കാശൊള്ള വീട്ടിലെ പെണ്ണാണ് വധു. ജീവിതത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഇതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞതാണ് മുൻ തീരുമാനം മാറ്റാൻ കാരണം. ഇതാണ് മെസേജ്... ’’
ഒന്നു നിർത്തിയിട്ട് സിൻസി തുടർന്നു.
‘‘ഇനി പറയൂ, ഞാൻ ഇങ്ങനെയൊരാൾക്കൊപ്പം ജീവിക്കണോ വേണ്ടയോ?’’ അവൾ എന്റെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ടാണ് ചോദിച്ചത്.
‘‘ശരിയാണ്. ജീവിതത്തിൽ വിവാഹം വേണ്ടെന്നു തീരുമാനിച്ച ആളായിരുന്നു ഞാൻ. ഇടയ്ക്കു കുറച്ചു സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടായപ്പോൾ തോന്നി, ആ തീരുമാനം തെറ്റാണെന്ന്. ഭാര്യയുടെ സ്വത്ത് ഭർത്താവിന്റേതും കൂടിയാണല്ലോ. ബാധ്യതകൾ തീർത്ത് ബിസിനസ്സൊന്നു വികസിപ്പിക്കാൻ കുറച്ചു പണം കിട്ടിയാൽ എനിക്കു മാത്രമല്ല, ഭാര്യയ്ക്കും അതിന്റെ പ്രയോജനമുണ്ടാകുമല്ലോ എന്നാണു ഞാൻ ചിന്തിച്ചത്. അതിലെന്താണു തെറ്റെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.’’ ഇതു പറയുമ്പോൾ വിനേഷ് അസ്വസ്ഥനായി.
‘‘നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല, അതുകൊണ്ടാണ് ഞാൻ ഈ തീരുമാനമെടുത്തത്.’’സിൻസി ഇടയ്ക്കു കയറിപ്പറഞ്ഞു.
‘‘സിൻസിയുടെ വീട്ടിൽ നിന്നു കിട്ടിയ പണം തിരിച്ചു കൊടുക്കേണ്ടി വന്നാൽ, ഇനിയുമൊന്നും കിട്ടാനില്ലെന്നു വന്നാൽ, വിനേഷിന് ഈ ബന്ധം തുടരാൻ താൽപര്യമുണ്ടോ?’’
‘‘വിവാഹത്തിനു മുൻപ് ഫ്രണ്ടിനു ഞാനയച്ച വാട്സ് ആപ് മെസേജാണത്. അന്നത്തെ മാനസികാവസ്ഥയിലല്ല ഇപ്പോൾ ഞാൻ. സിൻസിക്ക് തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള കഴിവുണ്ട്. ബുദ്ധിമതിയാണ്. ഞാനാഗ്രഹിച്ച ക്വാളിറ്റീസ് ഇതൊക്കെത്തന്നെയായിരുന്നു. പണമൊന്നും കിട്ടിയില്ലെങ്കിലും സിൻസിയോടൊപ്പം ജീവിക്കണമെന്ന് തന്നെയാണ് ആ ഗ്രഹം.’’ വിനേഷ് പറഞ്ഞു.
‘‘സിൻസി, ആരും നിന്നേടത്തു തന്നെ നിൽക്കുന്നില്ല ജീവിതത്തിൽ. രണ്ടുപേർ ഒരുമിക്കുമ്പോൾ കാഴ്ചപ്പാടിലും മാറ്റം വരും. ഇപ്പോൾ തന്നെ വിനേഷ് പറഞ്ഞതു കേട്ടില്ലേ. ക്ഷമിക്കാൻ പറ്റാത്തതൊന്നും വിനേഷിന്റെ ഭാഗത്തു നിന്നുണ്ടായതായി എനിക്ക് തോന്നുന്നില്ല. ഒരു മെസേജിന്റെ പേരിൽ ഇത്രയും ദേഷ്യം വേണോ? അത് ക്ഷമിക്കാവുന്നതല്ലേയുള്ളൂ. ഇനി നിങ്ങളൊരുമിച്ച് ആലോചിച്ചു നോക്കൂ.’’ മറുപടിയൊന്നും പറയാതെ ഇരുവരും യാത്ര പറഞ്ഞിറങ്ങി. രണ്ടാഴ്ചയ്ക്കുശേഷം, എന്നെ ഡിന്നറിനു ക്ഷണിച്ചു കൊണ്ടാണ് അവർ വീണ്ടെടുത്ത ജീവിതത്തിന്റെ സന്തോഷം ആഘോഷിക്കാൻ തീരുമാനിച്ചത്.