നല്ലൊരു ആലോചന വന്നു, പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, കല്യാണമങ്ങു നടത്തി’’ എന്നായിരിക്കും വിദ്യാർഥിനിയായ മകളുടെ വിവാഹം നടത്തിയതിനെക്കുറിച്ച് മിക്കയാളുകളും തരുന്ന വിശദീകരണം. അങ്ങനെയായിരുന്നു സഫിയയുടെ പിതാവും എന്നോടു പറഞ്ഞത്.
പഠിക്കാൻ മിടുമിടുക്കിയായിരുന്നു സഫിയ. ഒന്നാംനിര എൻജിനീയറിങ് കോളജുകളിലൊന്നിൽ മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി. രണ്ടാം വർഷാവസാനമാണ് നല്ലൊരു വിവാഹാലോചന വന്നത്. സഫിയ വിവാഹത്തിനു സമ്മതിച്ചില്ല. പിണങ്ങിയും പട്ടിണി കിടന്നുമൊക്കെ അവളെതിർത്തു. ഫലമുണ്ടായില്ല. അപ്പോഴാണ് അവളെന്നെ കാണാൻ വന്നത്.
ഞാൻ മാതാപിതാക്കളെ വിളിച്ചു വരുത്തി. ‘‘ഞാനൊരു കടേൽ ജോലിക്കു നിക്കുകാ. ഹാർട്ടിനു കൊഴപ്പമൊള്ളതുകൊണ്ട് കഠിനമായ ജോലിക്കൊന്നും പോകാൻ പറ്റുകേല. പിള്ളേരു നാലെണ്ണം പഠിച്ചോണ്ടിരിക്കുകാ. ഇവളാ മൂത്തത്. ഇപ്പം വന്നത് നല്ലൊരാലോചനയാ. ചെറുക്കനും രണ്ടനിയന്മാരും ഗൾഫിലാ. അമ്മ നേരത്തെ മരിച്ചു പോയി. അത്താ മാത്രമേയൊള്ളൂ. സഫിയയ്ക്ക് കല്യാണം കഴിഞ്ഞാലൊടനെ ഗൾഫിൽ പോകാം. നല്ല കേസാ.’’
ജീവിത പ്രാരാബ്ധങ്ങളും ഗർഫുകാരൻ മരുമകനെക്കുറിച്ചുള്ള പ്രതീക്ഷയുമെല്ലാം മിന്നിമറയുന്ന ആ മുഖം കണ്ടപ്പോൾ എന്തു പറയണമെന്നറിയാതെ ഞാനൊരു നിമിഷം മടിച്ചു.
‘‘നാസറേ, നിങ്ങൾ പറയുന്നതൊക്കെ ശരിയാണ്. പക്ഷേ, സഫിയ പഠിക്കാൻ മിടുക്കിയാണ്. രണ്ടു വർഷം കഴിഞ്ഞാൽ അവൾക്കു നല്ലൊരു ജോലി കിട്ടും. അപ്പോൾ ബുദ്ധിമുട്ടുകളൊക്കെത്തീരും. അവൾക്കു ജോലി കിട്ടിയാൽ ഇതിലും നല്ല ആലോചനകളും വരും. ഇപ്പോഴിവളുടെ പഠിപ്പവസാനിപ്പിക്കരുത്.’’
‘‘സഫിയയ്ക്കു പറഞ്ഞ പയ്യൻ വിചാരിച്ചാ ഇവൾടെ എളേ പിള്ളാരേം ഗൾഫിൽ കൊണ്ടുപോയി രക്ഷപ്പെടുത്താം. അങ്ങനെ ചെയ്യാമെന്ന് അവൻ സമ്മതിച്ചിട്ടുമൊണ്ട്.’’ സഫിയായുടെ ഉമ്മ ആബിദ ഇടയ്ക്കു കയറി. ‘‘സാറു പറഞ്ഞതുകൊണ്ട് ഞങ്ങളൊരു കാര്യം ചെയ്യാം. പഠിത്തത്തിന്റെ കാര്യം ഞങ്ങളൊന്നു കൂടി ആലോചിക്കാം.’’
അത്തായ്ക്കും ഉമ്മായ്ക്കും പിന്നാലെ നടന്നു നീങ്ങുന്ന സഫിയയോട് ഞാൻ സ്വകാര്യമായി പറഞ്ഞു. ‘‘നിനക്കിഷ്ടമില്ലാതെ, സമ്മതമില്ലാതെ നിന്റെ വിവാഹം നടത്താൻ കഴിയില്ല. സമ്മർദമുണ്ടായാൽ വിളിച്ചോളൂ.’’
രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടുണ്ടാകണം, എനിക്കൊരു ഫോൺ കോൾ വന്നു.‘‘ഞാൻ സഫിയയാണ്, എന്നെ ഓർമിക്കുന്നുണ്ടോ? അന്ന് കല്യാണത്തിന്റെ കാര്യം പറഞ്ഞ്...’’
‘‘ഓ, ഓർമയുണ്ട്, സഫിയാ. പറയൂ എന്തായി തീരുമാനം?’’
‘‘എന്റെ കല്യാണം കഴിഞ്ഞു. പെണ്ണ് കാണാൻ വന്നപ്പോ ആളെ കണ്ടപ്പോ എനിക്കിഷ്ടായി. ഞാനങ്ങു സമ്മതിച്ചു. മെക്കാനിക്കൽ എൻജിനീയറാ ദുബായില്. എനിക്കും ജോലി കിട്ടും കോഴ്സു കഴിഞ്ഞാൽ. എന്നോടു പഠിച്ചോളാൻ പറഞ്ഞു.’’
‘‘നല്ല കാര്യം സഫിയ. ഏതായാലും നിനക്കു സന്തോഷമായല്ലോ, അതു മതി.’’
ഉത്സാഹം കിലുങ്ങുന്ന അവളുടെ സ്വരമായിരുന്നു എന്റെ മനസ്സു നിറച്ചത്. മൂന്നു വർഷങ്ങൾക്കു ശേഷമാണ് സഫിയ പിന്നീട് എന്റെയടുത്തെത്തിയത്. ഒക്കത്തൊരു കുട്ടിയും എട്ടുമാസത്തിന്റെ നിറവയറുമായി. രൂപമാകെ മാറിയിരുന്നു. ഉത്സാഹമെന്നത് അവൾ മറന്നേ പോയിരിക്കുന്നു.
മധുവിധു തീരും മുൻപു തന്നെ പത്തു പവന്റെ ആഭരണങ്ങളഴിച്ചു വാങ്ങിയിരുന്നു നവവരൻ. കല്യാണത്തിനു ശേഷം ഒരൊറ്റ ദിവസം പോലും അയാളവളെ കോളജിലയച്ചില്ല. ‘‘നിന്നെ പിരിഞ്ഞിരിക്കാനെനിക്കു വയ്യ’’ എന്നു പറഞ്ഞ് അയാളും ജോലിക്കു പോയില്ല. ജോലി രാജി വച്ചാലും നാട്ടിൽ നല്ല ജോലി കിട്ടും എന്നായിരുന്നു അയാൾ കൊടുത്ത ഉറപ്പ്. പക്ഷേ, അയാൾക്കു ദുബായിൽ ജോലിയുണ്ടായിരുന്നുവെന്നത് സത്യമാണോയെന്ന് സഫിയ സംശയിക്കുന്നു.
ഒരു പണിയും െചയ്യാതെ കറങ്ങി നടക്കുന്ന ഭർത്താവിനും കുഞ്ഞിനും തനിക്കും ആഹാരം കഴിക്കണമെങ്കിൽ സഫിയ ജോലി ചെയ്തേ പറ്റൂ എന്ന അവസ്ഥ. വീട്ടുപണിയും തൊഴിലുറപ്പും ട്യൂഷനും ഒക്കെ ചെയ്താണ് അവളിന്ന് കുടുംബം പോറ്റുന്നത്.
ഒടുവിൽ അയാൾ നാടു വിട്ടു. ദുബായിൽ മറ്റൊരു ജോലി തരപ്പെട്ടെന്നും എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കുമെന്നും അവളെ ആശ്വസിപ്പിച്ചിട്ടാണ് അയാൾ വിമാനം കയറിയത്. അയൽക്കൂട്ടത്തിൽ നിന്നെടുത്ത ലോണും അവളുടെ പിതാവിന്റെ പേരിലുള്ള കിടപ്പാടം പണയം വെച്ചു കിട്ടിയ കാശും ഒക്കെ ചേർന്നാണ് വിസയും ടിക്കറ്റും ഒപ്പിച്ചത്.
‘‘ഇപ്പോൾ നാലു മാസം കഴിഞ്ഞിരിക്കുന്നു. ഫോൺ വിളിച്ചാൽ കിട്ടുന്നില്ല. അഡ്രസ് അറിയില്ല. ഞാനെന്തു ചെയ്യണം?’’ ഉത്തരമില്ലാത്ത ആ ചോദ്യത്തിനോടൊപ്പം അവളൊന്നു കൂടി കൂട്ടിച്ചേർത്തു,
‘‘എനിക്കിനി വീട്ടിൽ താമസിക്കാൻ പറ്റില്ല. തൊട്ടു താഴെയുള്ള ആങ്ങള ഭയങ്കര വഴക്കാ. എന്റെ കെട്ടിയോനു വേണ്ടി കെടപ്പാടം പണയം വെച്ചെന്നും പറഞ്ഞ്. ഞാനിപ്പം വീട്ടീന്ന് ഇറങ്ങണമെന്നും പറഞ്ഞ്. അത്തായ്ക്കും അമ്മായ്ക്കും അവനെ പേടിയാ.’’
സഫിയ ഒന്നര മാസത്തിനുശേഷം രണ്ടാമതൊരു പെൺകുഞ്ഞിനെ പ്രസവിച്ചു. അവളും മക്കളും ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും അഭയമരുളുന്ന ഒരു അനാഥ മന്ദിരത്തിലാണ് താമസം. പേടിയും പട്ടിണിയുമില്ലാതെ ജീവിക്കാൻ പറ്റുന്നതിൽ സഫിയാ സന്തുഷ്ടയാണ്.
എങ്കിലും തന്റെ പഴയ എൻജിനീയറിങ് പഠനകാലത്തെ ടെക്സ്റ്റ് ബുക്കുകൾ ഒരു സ്മാരകം പോലെ ഒപ്പം കൂട്ടിയിട്ടുണ്ട് സഫിയ. മക്കളുറങ്ങിക്കഴിഞ്ഞ്, രാത്രി നിശ്ശബ്ദമാകുമ്പോൾ മടിയിലെടുത്തു വച്ച് തഴുകി കണ്ണീരൊഴുക്കാൻ മാത്രം.