‘‘എനിക്കതു സഹിക്കാനാകുന്നില്ല...’’ ഒരധ്യാപികയാണ് എന്റെ മുൻപിലിരുന്നു തേങ്ങലടക്കാൻ ശ്രമിക്കുന്നത്.
‘‘ടീച്ചർ പറയൂ, എന്താണുണ്ടായത്?’’ ഞാൻ സാവകാശം ആരാഞ്ഞു.
‘‘ഇതു കണ്ടോ...’’ ബാഗിൽ നിന്നു മൊബൈ ൽ ഫോണെടുത്ത് അവരെന്റെ നേർക്കു നീട്ടി.
‘‘ ഞാൻ പഠിപ്പിക്കുന്ന വിദ്യാർഥി അവന്റെ നോട്ട് ബുക്കിൽ വരച്ച ചിത്രമാണ്.’’
ഒരു സ്ത്രീയുടെ നഗ്ന ചിത്രം. എന്റെ മുൻപിലിരിക്കുന്ന അധ്യാപികയുടെ പേരെഴുതിയിട്ടുണ്ട് തലക്കെട്ടായി. അധ്യാപികയാണെന്നു മറന്ന വികല മനസിന്റെ ചില അഭിലാഷപ്രകടനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
‘‘പയ്യനെപ്പറ്റി വിശദമായി പറയാമോ?’’
‘‘പഠിക്കാൻ ഭേദപ്പെട്ട കുട്ടിയാണ്. അവന്റെ പപ്പ വിദേശത്താണ്. അമ്മയും മൂത്ത സഹോദരനും ഇവനുമാണ് വീട്ടിലുള്ളത്. ജ്യേഷ്ഠനെ ഞാൻ പഠിപ്പിച്ചതാണ്. വളരെ നല്ല കുട്ടി. ഇവനെങ്ങനെ ഇങ്ങനെയായിപ്പോയി...’’ അധ്യാപിക നിറകണ്ണോടെ നിശ്ശബ്ദയായി.
∙ ∙ ∙
അദാലത്താണ് രംഗം. ആ പയ്യൻ അവന്റെ അമ്മ, ആ അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ ഇത്രയും പേരുണ്ട്.
അമ്മയോട് മകനെക്കുറിച്ച് വിവരങ്ങളന്വേഷിച്ചു. വീട്ടിലെത്തിയാൽ പഠിക്കാറുണ്ട്. കൂട്ടുകാർ ധാരാളമുണ്ടെങ്കിലും അവരാരും കുഴപ്പക്കാരല്ല. ഇതുവരെ ദുശ്ശീലങ്ങളൊന്നുമില്ല.
‘‘മകന് മൊബൈൽ ഫോണുണ്ടോ?’’
‘‘ഉണ്ട്, അവന്റെ പപ്പാ കൊണ്ടു വന്നു കൊടുത്തതാണ്.’’
‘‘തന്റെ ഫോണൊന്നു കാണട്ടെ.’’ ഞാൻ ചോദിച്ചു. അവൻ പോക്കറ്റിൽ നിന്നു ഫോണെടുത്ത് എന്റെ നേർക്കു നീട്ടി. വിലകൂടിയ സ്മാർട് ഫോൺ.
‘‘ റ്റിബിനെപ്പോഴും ഫോണുപയോഗിക്കാറുണ്ട്, ശരിയല്ലേ?’’ അതേയെന്ന് അവൻ തലയാട്ടി.
‘‘സ്കൂളിൽ കൊണ്ടുപോകാറുണ്ടോ? ’’
‘‘ഇല്ല, സ്കൂൾ കോമ്പൗണ്ടിൽ ഫോൺ നിരോധിച്ചിരിക്കുകയാണ്, അതുകൊണ്ട് സ്കൂളിൽ ഇവരാരും ഫോൺ കൊണ്ടുവരാറില്ല.’’ പ്രിൻസിപ്പൽ വിശദീകരിച്ചു.
‘‘പക്ഷേ, റ്റിബിന് രാവിലെ മുതൽ വൈകുന്നേരം വരെ ഫോൺ നോക്കാതെ ഇരിക്കാൻ കഴിയില്ലല്ലോ.’’ എന്റെ ചോദ്യം റ്റിബിനെ അസ്വസ്ഥനാക്കി.
‘‘റ്റിബിൻ ഫോൺ കൊണ്ടുപോകാറുണ്ട് സ്കൂളിൽ, ശരിയല്ലേ?’’
‘‘ങ്ഉം...’’ അവൻ സമ്മതിച്ചു.
പക്ഷേ, സ്കൂൾ കോമ്പൗണ്ടിൽ കയറ്റാനാകാത്തതുകൊണ്ട് ഫോൺ മറ്റെവിടെയോ സൂക്ഷിക്കുന്നു. അതെവിടെയാണ്, റ്റിബിൻ?’’
‘‘സ്കൂളിനടുത്തുള്ള കടയിൽ’’ തല കുനിച്ചു നിന്നുകൊണ്ടാണ് അവൻ മറുപടി പറഞ്ഞത്.
‘‘കടക്കാരൻ സൗജന്യമായി അങ്ങനെയൊരു സേവനം ചെയ്യില്ലല്ലോ റ്റിബിൻ? എന്താണ് ഫോൺ സൂക്ഷിക്കുന്നതിനുള്ള പ്രതിഫലം?’’ അവൻ തല കുനിച്ചു നിൽക്കുകയാണ്.
‘‘മോനേ, ഞങ്ങൾക്കറിയണം, നീയെന്തു പ്രതിഫലമാണ് ആ കടക്കാരനു കൊടുക്കുന്നതെന്ന്. വേഗം പറയൂ.’’
‘‘അയാൾക്ക്... കുറേ വിഡിയോസ് ഡൗൺലോഡ് ചെയ്തു കൊടുക്കണം... പിന്നെ... ഫോട്ടോസ് എടുത്തു കൊടുക്കുകയും വേണം...’’
‘‘എന്തു വിഡിയോസ്? എന്തു ഫോട്ടോസ് എടുത്തു കൊടുക്കണം?’’ അവൻ നിശ്ശബ്ദനായി നിന്നു.
‘‘ആ ചേട്ടന്... പോൺ വിഡിയോസ് എന്നും കാണണം. അത്... ഓരോ ദിവസവും പുതിയത് വേണം. പക്ഷേ, ഡൗൺലോഡ് ചെയ്യാൻ അറിയില്ല. അതുകൊണ്ടാ എന്നോട് ചോദിക്കുന്നത്. വലിയ നിർബന്ധമാ എപ്പോഴും. അതുകൊണ്ടാ ഞാൻ ഡൗൺലോഡ് ചെയ്തു കൊടുത്തത്.’’ ഒന്നു നിർത്തിയിട്ട് റ്റിബിൻ തുടർന്നു.
‘‘പിന്നെ... പെണ്ണുങ്ങളുെട ഡ്രസില്ലാത്ത ഫോട്ടോസ് എടുത്തുകൊടുക്കണംന്ന് എപ്പോഴും പറയും... അതിന് ബഹളം വയ്ക്കും. ഭീഷണിപ്പെടുത്തും... എനിക്ക് അങ്ങനെയുള്ള ഫോട്ടോയെടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോഴാ ടീച്ചർമാരുടെ ഫോട്ടോ എടുത്തു കൊടുക്കാൻ പറഞ്ഞത്. ഈ ടീച്ചറുടെ ഫോട്ടോ എങ്ങനെയെങ്കിലും എടുത്തു കൊടുക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വല്യ ബഹളമുണ്ടാക്കി. പറ്റില്ലെന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതാ.
എനിക്കു ടീച്ചറിന്റെ ഫോട്ടോയെടുത്ത് കൊടുക്കാൻ മനസ്സില്ലാഞ്ഞിട്ട് അയാളെ സമാധാനിപ്പിക്കാനാ പടം വരച്ചു കൊടുത്തത്...’’റ്റിബിൻ പൊട്ടിക്കരഞ്ഞു.
‘‘എടാ വൃത്തികെട്ടവനേ, എന്റെ വയറ്റിൽ പിറന്നല്ലോ നിന്നെപ്പോലൊരു അസത്ത്.’’ റ്റിബിന്റെ അമ്മ ചാടിയെഴുന്നേറ്റു. അവന്റെ രണ്ടു കരണത്തും മാറിമാറി അടിച്ചു. മുഖത്തും തലയിലും മുതുകത്തുമൊക്കെ ആ അമ്മ തുരു തുരാ അടിച്ചുകൊണ്ടിരുന്നു. ആർക്കും തടയാൻ പറ്റാത്തതുപോലെ.
‘‘കുട്ടി ടീച്ചറോട് മാപ്പു പറയൂ, ഇനിയൊരിക്കലും ഇതാവർത്തിക്കില്ലെന്നും.’’ ഞാൻ പറഞ്ഞു.
‘‘നിലത്തു കാലിൽ വീണ് മാപ്പു പറയെടാ.’ അമ്മ നിർദേശിച്ചു.
റ്റിബിൻ ടീച്ചറുടെ പാദത്തിൽ മുഖമമർത്തി കരഞ്ഞു.
‘‘മതി മോനേ, എനിക്കിതു മതി.’’ അധ്യാപികയും കണ്ണീരോടെയാണ് പറഞ്ഞത്.
‘‘ഇനി റ്റിബിൻ നല്ല കുട്ടിയാകും. എല്ലാ ദുശ്ശീലങ്ങളും അവൻ അവസാനിപ്പിക്കും.’’ ഞാൻ ആ അമ്മയെ ആശ്വസിപ്പിച്ചു.
‘‘അതിനു മുൻപ് ഞാനിവന്റെ ഫോൺ അവസാനിപ്പിക്കും.’’ അവർ ഫോൺ നിലത്തേക്ക് ആഞ്ഞെറിഞ്ഞു പൊട്ടിച്ചു.
(ഇതിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല)