ഇരുപത് കൊല്ലം മുമ്പ് ഡൽഹിയിലാണ് ശോഭനയെ ആദ്യമായി കാണുന്നത്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത നായികയെ ഒരുക്കാനുള്ള അവസരം പെട്ടന്ന് ഒരു ദിവസം തേടി വന്നു. ആ ദിവസം ഞാൻ പ്ലാൻ ചെയ്ത എല്ലാ പരിപാടികളും മാറ്റിവച്ച് കാത്തിരുന്നു.
പരസ്യത്തിന്റെ ഷൂട്ടിനാണ് താരമെത്തുന്നത്. മുഖവും മുടിയും ഒരുക്കണം. വൈകാതെ തന്നെ ശോഭനയെത്തി. മെലിഞ്ഞ് കൊലുന്നനെ വലിയ കണ്ണുകളോടെ, ചിരിക്കുന്ന മുഖത്തോട് കൂടി അതിസുന്ദരിയായ പെൺകുട്ടി. ഞാൻ അൽപം നേരം ഒന്നും ചെയ്യാതെ ശോഭ നയെ തന്നെ നോക്കി നിന്നു. ഈ സൗന്ദര്യപുഷ്പത്തെ ഇനി എങ്ങനെ മനോഹരമാക്കും എന്ന ചിന്തയിലായിരുന്നു ഞാൻ.
കഥ പറയും കണ്ണിന്
കണ്ണുകൾ കൊണ്ട് കഥ പറയുന്നവളാണ് ശോഭന. ആരെയും ആകർഷിക്കുന്ന ആ കണ്ണുക ൾ തന്നെ ഹൈലൈറ്റ് ചെയ്യാമെന്നു കരുതി. ഐലാഷസ് കേൾ ചെയ്തു കണ്ണുകളെ വിടർത്തി. അതിനു ശേഷം കണ്ണുകൾ നീട്ടി വരച്ചു. കണ്ണുകൾ നീട്ടി വരയ്ക്കാൻ പുൾ ഔട്ട് ലൈനറാണ് ഉപയോഗിച്ചത്. അറ്റത്ത് നീളത്തിൽ വാലിട്ടു. കണ്ണുകൾ കൂടുതൽ കറുപ്പിക്കാൻ ഉൾവശത്ത് കാജല്‍ നൽകി. താഴത്തെ കൺപോളയിൽ കാജൽ അൽപം സ്മോക്ക് ഔട്ട് ചെയ്തു. ഇന്നത്തെ പോലെ സ്മോക്കി ഐസ് അന്ന് ഫാഷനായിരുന്നില്ല. ശോഭനയുടെ കണ്ണുകളെ കൂടുതൽ മനോഹരമാക്കാനാണ് അന്ന് അത് ചെയ്തത്. പിന്നീട് പല അവാർഡ് ഷോകളിലും സ്മോക്കി ഐ പരീക്ഷിച്ചപ്പോൾ അത് കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
സ്മോക്കി െഎ എന്നും ട്രെൻഡ്
കണ്ണുകളെ മുഖത്ത് ഏറ്റവും ആകർഷണമാക്കാനാണ് സ്മോക്ക് ചെയ്യുന്നത്. ഏതു വലിപ്പമുള്ള കണ്ണുകൾക്കും ഇണങ്ങുകയും ചെയ്യും. കറുത്ത കാജൽ ആദ്യം കണ്ണിനകത്ത് എഴുതുക. അതിന് ശേഷം ബ്ലാക്ക് ഐഷാഡോ പൗഡർ, ഡോം ഷേപ്പ് ബ്രഷ് ഉപയോഗിച്ച് (ഡോം ഷേപ്പ് ബ്രഷില്ലെങ്കിൽ ഇയർ ബഡ്സ്) കണ്‍പീലികളുടെ അടിയിലായി നൽകാം. ലൈറ്റായോ ഡാർക്കായോ ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് നിറം നൽകാം. ഫോട്ടോയിൽ ഭംഗിയേറാൻ ലൈറ്റ് സ്മോക്കിങ് ആണു നല്ലത്.
കണ്ണിന് മുകളിലെ സ്മോക്ക് പരമാവധി ഒഴിവാക്കാം. ഇത് ഡ്രമാറ്റിക് ലുക്കാണ് നൽകുക. എന്നാൽ കണ്ണിനടിയിൽ ലൈറ്റായി സ്മോക്ക് ചെയ്യുന്നത് ഏതവസരത്തിലും കണ്ണുകളെ കൂടുതൽ ആകർഷണീയമാക്കും.
പെട്ടന്ന് ഒരുങ്ങുമ്പോൾ കാജൽ മാത്രം താഴത്തെ കൺപോളയിൽ പുരട്ടി ഡോം ബ്രഷ് കൊണ്ട് ലൈറ്റായി സ്പ്രെഡ് ചെയ്താൽ സ്മോക്കി ഇഫക്ട് ലഭിക്കും. സ്മോക്ക് ചെയ്തത് കൂടിപ്പോയാൽ അൽപം ഫൗണ്ടേഷൻ പൗഡർ കൊണ്ട് മറയ്ക്കാം, ഐഷാഡോ ബ്ലാക്ക് ഉപയോഗിക്കുന്നതിന് പകരം ബ്ലൂ, എമറാൾഡ് ഗ്രീൻ, നേ വി ബ്ലൂ എന്നിവ ഉപയോഗിച്ച് കോർണറുകളിൽ സ്മോക്ക് ചെയ്യാം.
കണ്ണുകൾ പോലെ തന്നെ ശോഭനയുടെ ചുണ്ടുകളും മനോഹരമാണ്. പിങ്ക്, പീച്ച് തുടങ്ങിയ ബ്രൈറ്റ് നിറങ്ങളിലെ ലിപിസ്റ്റിക് സ്ഥിരമായി ശോഭനയുടെ മേക്കപ്പ് കിറ്റിലുണ്ടാകും. ആരുടേയും സഹായമില്ലാതെ അതിസുന്ദരിയായി ഒരുങ്ങുന്ന താരം കൂടിയാണ് ശോഭന. അതു കൊണ്ട് കൂടിയാകണം ശോഭന എനിക്കത്രമേൽ പ്രിയപ്പെട്ടവളായത്.
ഡോം ബ്രഷ്
കണ്ണുകളെ കൂടുതൽ ആകർഷണീയമാക്കാൻ ഉപയോഗിക്കുന്ന കണ്ണിന്റെ മേക്കപ്പ് ബ്രഷാണ് ഡോം ബ്രഷ്. ഐഷാഡോസ് കൃത്യമായി അണിയാനും കണ്ണുകളെ സ്മോക്കിയാക്കാനും ഡോം ബ്രഷ് ഉപയോഗിക്കാം.
(മേക്കപ്പിന്റെ അനുഭവങ്ങളും പൊടിക്കൈകളും പകർന്നു തന്ന് കൂടുതൽ സുന്ദരിയാകാൻ സഹായിക്കുന്നു അംബിക പിള്ള. മെയ്ക് യു അപ് എന്ന കോളം വായിക്കാം )