ഇന്ത്യൻ ലുക്കും വെസ്‌റ്റേൺ ലുക്കും ഒരുപോലെയിണങ്ങുന്ന പെൺകുട്ടിയാണ് പ്രിയങ്കാ ചോപ്ര. ഏത് ഹെയർകട്ടും ധൈര്യമായി പ്രിയങ്കയിൽ പരീക്ഷിക്കാം. ലോങ് ഹെയർ, ഷോർട് ഹെയർ, ഫംങ്‌കി ഹെയർ ഇതെല്ലാം പ്രിയങ്കയുടെ മുടിക്ക് ഇണക്കമുള്ള ഹെയർ സ്റ്റൈലുകളാണ്. ‘മേരികോം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സ്പോർട്സ് പേഴ്സണായി മാറാൻ തന്റെ മുടിയിലാണ് പ്രിയങ്ക ആദ്യം പരീക്ഷണം നടത്തിയത്. അതുപോലെ ആദ്യത്തെ ഹോളിവുഡ് ചിത്രമായ ‘ബേവാച്ചി’ലും പ്രിയങ്ക മുടിയുടെ നീളം കളയാതെ വിവിധ ഹെയർസ്‌റ്റൈലുകളിലൂടെ വ്യത്യസ്തമായ ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.
മോഡലിങ്ങിലായാലും ഓരോ വസ്ത്രത്തിനും ഇണങ്ങുന്ന രീതിയിൽ ഹെയർ സെറ്റ് ചെയ്യണമെന്നു നിർബന്ധമുള്ളയാളാണ്. ഹൈ ഫാഷൻ ലുക്കിലാണെങ്കിൽ പ്രിയങ്ക ഉപയോഗിക്കുന്ന എല്ലാ ആക്സസറീസും ആ നിലയിലുള്ളതായിരിക്കും. മറിച്ച് സിംപിൾ സ്‌റ്റൈലിലാണ് വരുന്നതെങ്കില്‍ പ്രിയങ്ക ഉപയോഗിച്ചിരിക്കുന്ന സിംപിൾ ആക്സസറീസ് അദ്ഭുതപ്പെടുത്തും. നല്ല ഉയരമുള്ള പ്രിയങ്ക ഉയരത്തിന് അനുയോജ്യമായ ഹെയർസ്റ്റൈൽ ആണ് എപ്പോഴും സ്വീകരിക്കുക.
പൊക്കമുള്ളവർ മുടി വെട്ടുമ്പോഴും കെട്ടുമ്പോഴും
ഉയരം കുറഞ്ഞവരേക്കാൾ റിസ്കാണ് പൊക്കമുള്ളവർക്കായി ഹെയർസ്‌റ്റൈൽ തിരഞ്ഞെടുക്കുമ്പോൾ. നീളമുള്ളവരുടെ മുഖത്തിന്റെ ഷേപ്പ്, ബോഡി ടൈപ്പ് ഇവയെല്ലാം ഹെയർ കട്ടുമായി ചേർന്നിരിക്കുന്നവയാണ്. മുടിയുടെ നീളത്തിന്റെ ഏറ്റക്കുറിച്ചിലുകൾ അവരുടെ രൂപത്തെ തന്നെ മാറ്റി കളഞ്ഞേക്കാം.
പൊക്കമുള്ള പെൺകുട്ടികൾക്ക് ഷോർട് ഹെയർ ഞാൻ ഒരിക്കലും നിർദേശിക്കാറില്ല. പ കരം മുടിയുടെ മുൻഭാഗം മാത്രമെടുത്ത് സ്‌റ്റൈലിങ് ചെയ്യും. പ്രിയങ്ക പലപ്പോഴും പരീക്ഷിക്കുന്ന ഹെയർസ്‌റ്റൈലാണിത്. മുടിയുടെ മുൻ ഭാഗവും ക്രൗൺ ഏരിയയും മാത്രം ഷോർട്ടാക്കും. ബാക്കി നീളമുള്ള മുടി പോണി ടെയിൽ കെട്ടിയിടാം. ആദ്യ ലുക്കിൽ ചുറു ചുറുക്കുള്ള ഷോർട് ഹെയറാണെന്നേ ആരും പറയൂ. മുടി അഴിച്ചിടുകയാണെങ്കിലും മുൻവശത്ത് സറ്റെപ്പ് കട്ടോ ലെയറോ വെട്ടി ബാക്കി മുടി പിറകിലേക്ക് ഒതുക്കി സെറ്റ് ചെയ്യാം. മുടിയുടെ നീളം കുറയുന്നത് വീണ്ടും പൊക്കം കൂടുംപോലെയാണ് തോന്നിക്കുക.
നീളമുള്ളവർ തലമുടി മുകളിലേക്ക് ചീകുകയോ മുകളിലായി ഉയർത്തി കെട്ടുകയോ ചെയ്യരുത്. പൊക്കമില്ലാത്തവർക്ക് പൊക്കം കൂട്ടാനുള്ള മാർഗമാണ് നെറുകയിൽ ഉയർത്തി കെട്ടുന്നത്. നടുവിലോ സൈഡിലോ വകഞ്ഞെടുത്ത് സിറം പുരട്ടി ഒതുക്കി അഴിച്ചിടുന്നതാണ് പൊക്കമുള്ളവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു സ്‌റ്റൈൽ. തലമുടി സെറ്റ് ചെയ്യുമ്പോഴെല്ലാം ഷാംപൂ വാഷും കണ്ടീഷ്നറും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഷാംപൂ ചെയ്ത നനഞ്ഞ മുടിയെ ചീപ്പുപയോഗിച്ച് മൃദുവായി ചീകിയ ശേഷം വേണം കണ്ടീഷനർ നൽകാൻ. സ്കാൽപ്പിൽ നിന്നു അ രയിഞ്ചു വിട്ട് മുടിയുടെ അറ്റം വരെ കണ്ടീഷനർ തേച്ചു പിടിപ്പിക്കുക. ഈ മുടി ക്ലിപ്പുപയോഗിച്ച് ആറ് മിനിറ്റ് വരെ ചുറ്റി കെട്ടി വയ്ക്കാം. (കണ്ടീഷ്നർ മുടിയിൽ ആഴ്ത്തിലിറങ്ങിയാൽ കൂടുതൽ മൃദുവാകും.) പിന്നീട് കഴുകി ഉണക്കാം.
ബീക് ഹെയർ ക്ലിപ്
മുടിയിൽ കരുതലുണ്ടെങ്കിൽ എ പ്പോഴും കൈയിൽ ഒരു ബീക് ഹെയർ ക്ലിപ് സൂക്ഷിക്കാം. അലസമായി കിടക്കുന്ന മുടിയെ ഒതുക്കി വയ്ക്കാൻ മാത്രമല്ല, ഷാംപുവും കണ്ടീഷനറും ഉപയോഗിക്കുമ്പോഴും, ഓയിൽ മസാജ് ചെയ്യുമ്പോഴും നീളമുള്ള മുടി കൃത്യമായി പകുത്ത് ഒതുക്കി വയ്ക്കാൻ ഇത് സഹായിക്കും. എണ്ണയോ ഷാംപൂവോ ഉപയോഗിച്ച ശേഷം ഇവ ഇളം ചൂടുവെള്ളത്തിൽ കഴുകി സൂക്ഷിക്കാൻ പ്രത്യേകം ഓർക്കണം.