സമൂഹത്തിന്റെ താഴെത്തട്ടിൽ കിടക്കുന്ന ഞങ്ങൾക്ക് ആരാണ് തുണ ? പിറന്നു വീഴുന്നു, കുട്ടിക്കാലത്തു വീട്ടിലും സ്കൂളിലും കുറെ തല്ലു കൊള്ളുന്നു. എണ്ണാൻ പറ്റാത്തത്ര കൂടപ്പിറപ്പുകളും, വയറു കാഞ്ഞാലും, മദ്യപാനവും തല്ലുകൂടലും ഒക്കെയായി കരിപിടിച്ച ജീവിതം. അങ്ങനെ ഒരാളാണ് ഞാൻ. ജീവിത യാത്രയിൽ പിടിച്ചു നി ൽക്കാൻ കുറെ കളികൾ കളിച്ചു. ഒടുവിൽ ഇവിടെ വന്നു പെട്ടു. സന്ധ്യയായാൽ കമ്പിയെണ്ണി ഇരിക്കും. സെല്ലിൽ എത്ര കമ്പിയുണ്ടെന്ന് അറിയാഞ്ഞിട്ടല്ല, വേറേ എന്ത് ചെയ്യാൻ?
വലുതായപ്പോൾ എന്തോ കൃപ കൊണ്ട് എനിക്ക് മുനിസിപ്പാലിറ്റിയിൽ തൂപ്പുകാരിയായി ജോലി കിട്ടി. കല്യാണപ്രായമായപ്പോൾ ആരോടും ചോദിക്കാതെ ഒരുത്തന്റെ കൈയിൽ പിടിച്ചുകൊടുത്തു വീട്ടുകാർ. പിന്നെ, ഒന്നൊന്നായി 12 വർഷം കൊണ്ട് 9 മക്കൾ. അവസാനം ആരോടും പറയാതെ ആശുപത്രിയിൽ പോയി പ്രസവം നിർത്തി. ഓരോ പ്രസവത്തിനും നീണ്ട അവധി. കൊച്ചിനെ നോക്കാനായി നിന്ന സമയത്തു ശമ്പളം കിട്ടിയിരുന്നില്ല. പിള്ളേരുടെ അച്ഛൻ വല്ലതും തന്നാലും ഒന്നിനും തികയില്ല. കടം കൊണ്ട് മുടിയാറായപ്പോഴാണ് ആത്മാർഥ കൂട്ടുകാരി സഹായത്തിനെത്തിയത്. അവളുടെ കൈയിൽ നിന്നു കുറെ രൂപ കടം വാങ്ങിയത് തിരിച്ചുകൊടുക്കാൻ പറ്റാത്ത വിഷമം കൊണ്ടാണ് കൂടെ ജോലിക്കു ചെല്ലാൻ ക്ഷണിച്ചപ്പോൾ പോയത്. ‘വലിയ ആയാസമില്ല, ഇഷ്ടം പോലെ കാശ് കിട്ടും, നീ വാങ്ങിയ രൂപ തിരിച്ചുതരേണ്ട’ എന്നൊക്കെ പറഞ്ഞപ്പോഴാണ് ഞാൻ അതിനു തയാറായത്.
ഒരു ദിവസം കൊണ്ടു തന്നെ മനസ്സിലായി, ജോലി മോഷണമാണ്. കാലത്തു ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി നിറയെ സ്വർണാഭരണം ധരിച്ചിരിക്കുന്നവരുടെ അടുത്ത് സ്ഥാനം ഉറപ്പിക്കും. അവസരം വരുമ്പോൾ കൈയിലെ പൊതി തുറന്ന് ഒരു പൊടി ഊതി പരിസരമാകെ നിറയ്ക്കും. പത്തു മിനിറ്റിനുള്ളിൽ എല്ലാവരും ഉറക്കമാകും. അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞാൽ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി അടുത്ത സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്ന് ബസിൽ വീട്ടിലേക്ക്.
ഒരു ദിവസം കൊണ്ട് ലക്ഷങ്ങൾ ഉണ്ടാക്കാം. ഈ പൊടി എന്തെന്ന് എനിക്കും കൃത്യമായി അറിയില്ല. ലഹരിക്കു വേണ്ടി യുവാക്കൾ മൂക്കിലൂടെ വലിച്ചു കയറ്റുന്ന സാധനമാണത്രേ. എറണാകുളത്തു പോയി നല്ല വില കൊടുത്താണ് അവളതു വാങ്ങുക.
ഫോൺ മോഷ്ടിക്കാൻ പാടില്ല എന്നവൾ നിഷ്കർഷിച്ചിരുന്നു. നൂറു രൂപയെങ്കിലും പഴ്സിൽ ബാക്കി വയ്ക്കും. അവൾക്കു സ്വർണവും മുക്കുപണ്ടവും തിരിച്ചറിയാനുള്ള അസാമാന്യ കഴിവുണ്ട്. ചുറ്റുപാടു നിരീക്ഷിക്കാനും കൂട്ടിനും അവൾക്ക് ഒരാളെ ആവശ്യമായിരുന്നു. എനിക്ക് പണവും.
ഒരു മോഷണത്തിനു ശേഷം ഒന്നൊന്നര മാസം കഴിഞ്ഞേ അടുത്തതിനു തുനിയൂ. ഒരിക്കലും അതേ ട്രെയിനിൽ കയറില്ല. അതുകൊണ്ടാകാം, ഞങ്ങളെ ആരും സംശയിച്ചുമില്ല. ഇടയ്ക്കു ഞാൻ തൂപ്പുജോലിക്കും പോകും. ട്രെയിൻ യാത്രയ്ക്കു പോകുമ്പോൾ സംഘടനയുടെ പരിപാടിക്ക് പോയതാണെന്നാണ് പറയാറ്, അപ്പോൾ വൈകുന്നതിന്റെ പ്രശ്നവുമില്ല.
ഈ തെറ്റ് നിർത്തണം എന്ന് പലവുരു കരുതിയതാണ്. പ ക്ഷേ, പണത്തിന് വല്ലാത്ത ആകർഷണമുണ്ട്. എത്ര കിട്ടിയാലും പോരാ എന്ന തോന്നൽ. ട്രെയിനിൽ പോകുമ്പോൾ നല്ല വസ്ത്രവും ആഭരണങ്ങളും ധരിക്കണമെന്നു കൂട്ടുകാരി പറയും. എനിക്ക് നല്ല വസ്ത്രങ്ങൾ കിട്ടിയത് ഈ പണിക്കു പോയതിൽ പിന്നെയാണ്. കാതിലും കഴുത്തിലും കൈയിലും ഇടാൻ സ്വർണം ഉണ്ടായതും. ഇപ്പോൾ വീട്ടിൽ പട്ടിണിയില്ല. കൊച്ചുങ്ങൾക്കു നല്ല ഭക്ഷണം കൊടുക്കാം. അവരെ സ്കൂളിൽ വിടാം. .
ഒന്നുരണ്ടു വർഷം കടന്നുപോയി. കുറെ കാശ് പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ നിക്ഷേപിച്ചു. കൂട്ടുകാരിയുടെ ഉപദേശമായിരുന്നു അത്. പുറമേ പഴയ പോലെയേ ജീവിക്കാവൂ. ആർക്കും സംശയം തോന്നരുത്. വീട് നന്നാക്കണ്ട, വാഹനം വാങ്ങണ്ട, ഇട്ടിരിക്കുന്നതെല്ലാം വൺ ഗ്രാം ആഭരണങ്ങൾ ആണെന്ന് പറയുക, സാരിയെല്ലാം ദാനമായി ലഭിച്ചതാണെന്നും.
മറക്കാനാകില്ല ആ ദിനം
ആ പ്രാവശ്യം ട്രെയിനിൽ ഞങ്ങൾ തിരഞ്ഞു പിടിച്ചത് സാമാന്യം ഭേദപ്പെട്ട കുടുംബത്തെയാണ്. സ്ത്രീയുടെ ശരീരത്തിൽ നിറയെ സ്വർണം. കുടവയറുള്ള പുരുഷന്റെ കഴുത്തിൽ ഏഴു പവനെങ്കിലും വരുന്ന ചങ്ങല, കൈയിൽ ബ്രേസ്‌ലെറ്റ്, രണ്ടു പെൺകിടാങ്ങളുടെ ചേലും അത് തന്നെ. സ്വർണ പാദസരം, വളകൾ, വലിയ തൂക്കുകമ്മൽ. അവർ തമിഴ്നാട്ടിൽ നിന്നോ മറ്റോ ആണെന്നു തോന്നുന്നു.
‘ഒഡ്യാണം ഉണ്ടാവും, അയാളുടെ അരയിൽ,’ കൂട്ടുകാരി ചെവിയിൽ മന്ത്രിച്ചു. എനിക്ക് ചിരി അടക്കാനായില്ല, പൊട്ടി പൊട്ടി ചിരിച്ചു. അവൾ ദേഷ്യത്തോടെ നുള്ളിയെങ്കിലും എനിക്ക് ചിരി അടക്കാനാകുന്നില്ല. 200 കിലോ തൂക്കം വരുന്ന ഈ തടിയന്റെ അരയിൽ സ്വർണ അരഞ്ഞാണം കിടക്കുന്നതോർത്തിട്ടാണ്. പക്ഷേ, ചിരി കണ്ട് ആ കുടുംബം എന്നെ നന്നായി ഒ ന്നു നോക്കി. ‘വാ, പോവാം. ഇനി ശരിയാവില്ല.’ അവൾ പതിയെ പറഞ്ഞു. ഞാൻ അവളെ അടക്കി. ‘ഇനി ഇതുപോലൊരു അവസരം കിട്ടില്ല. അവർ ഈ നാട്ടുകാരല്ല. പേടിക്കണ്ട.’
കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ കോട്ടുവാ ഇടാനും കണ്ണടഞ്ഞു പോകുന്നപോലെ ഭാവിക്കാനും തുടങ്ങി. അങ്ങനെയാണ് പതിവ്. കോട്ടുവാ ഒരാൾ വിട്ടാൽ അടുത്തിരിക്കുന്നയാൾക്കും വിടാൻ തോന്നും. ഞങ്ങൾ ഉറങ്ങുന്ന പോലെ കണ്ണടച്ച് വായും പിളർന്ന് ഇരുന്നു. ട്രെയിനിന്റെ ഗാനത്തിനും നൃത്തത്തിനും തലയുമാട്ടി. കുറച്ചുകഴിഞ്ഞ് ഒളികണ്ണിട്ടു നോക്കിയപ്പോൾ ആ കുടുംബവും ആലസ്യത്തിലേക്കു വീഴുകയാണ്. കൂ ട്ടുകാരി പൊതിയെടുത്തു. ഞങ്ങൾ മൂക്കു പൊത്തി. പൊടി കംപാർട്മെന്റാകെ പടർന്നു. ആ പൊടിയുടെ അംശം ഉള്ളിൽ കയറി എനിക്കും മയക്കം അനുഭവപ്പെട്ടിട്ടുണ്ട്. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ മാറും. ഞാൻ മുഖം കഴുകി വന്നപ്പോഴേക്കും അവൾ പണി തുടങ്ങിയിരുന്നു. ഞാനും സഹായിച്ചു. എല്ലാം ഭംഗിയായി എന്ന സമാധാനത്തിൽ വീട്ടിലെത്തി.
രണ്ടു ദിവസത്തിനു ശേഷം കൂട്ടുകാരി വെപ്രാളത്തോടെ വന്നു. ‘എടീ, ആ തടിയൻ ചത്തെന്ന്. ദേ, പത്രത്തിലുണ്ട്.’ ഞാ ൻ ഞെട്ടിപ്പോയി. ‘നീ ആരോടും പറയണ്ട. നമ്മക്കിത് അറിഞ്ഞേ കൂടാ. കേട്ടോ?’
അവൾ പോയ ശേഷം ഞാൻ കുറെ കരഞ്ഞു. വയറ്റിപിഴപ്പിനു കക്കാൻ പോയതാണ്. ഒരു ജീവനെടുക്കാൻ എനിക്കോ അവൾക്കോ എന്തധികാരം? അവൾ പറഞ്ഞപ്പോൾ തന്നെ ആ കംപാർട്മെന്റിൽ നിന്നു പോകേണ്ടതായിരുന്നു. ആ പെണ്ണുങ്ങൾ ഞങ്ങളുടെ അടയാളം പോലീസിന് നൽകും. അവർക്ക് അറിയാമായിരിക്കും ട്രെയിനിൽ പൊടിയിട്ട് മോഷണം നടത്തുന്നത് രണ്ടു സ്ത്രീകളാണെന്ന്. പിള്ളേരുടെ മുന്നിൽ നിന്ന് പൊലീസ് എന്നെ പിടിച്ചോണ്ടു പോവും. എന്റെയാൾ എന്നെ ഉപേക്ഷിക്കും. മദ്യപിക്കുമെന്നല്ലാതെ അങ്ങേർക്കു മോഷണമോ ചതിയോ ഇല്ലല്ലോ?
രാത്രി ഞാനുറങ്ങിയില്ല. പിന്നീടുള്ള രണ്ടുദിവസത്തെ പ ത്രവാർത്തകളിൽ നിന്ന് പൊലീസ് അടുത്തെത്തിയെന്നു തോന്നി. കൂട്ടുകാരിയെ അന്വേഷിച്ചപ്പോൾ തീർഥയാത്ര പോയെന്നും രണ്ടാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ എന്നും അടുത്ത വീട്ടുകാർ പറഞ്ഞു. അവൾ ഒളിവിൽ പോയതാണെന്ന് ഞാൻ വിശ്വസിച്ചു. മക്കളെ വിട്ടുപോകാൻ എനിക്കു പറ്റില്ലല്ലോ.
അന്നുരാത്രി ഭർത്താവിനോട് സത്യമെല്ലാം തുറന്നു പറഞ്ഞു. ‘പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ ഒരു ലക്ഷത്തിൽപരം രൂപയുണ്ട്. അതെടുക്കണം. വക്കീലിനെയൊന്നും ആക്കണ്ട. ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാൻ തയാറാണ്. മക്കളെ നോക്കണം. ജയിലിൽ കാണാൻ വരണം.’ ഇതു മാത്രമായിരുന്നു എന്റെ ആവശ്യം.
പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ പോയി ഞാൻ അറസ്റ്റ് വരിച്ചു. മാസങ്ങൾക്കു ശേഷം കൂട്ടുകാരിയെ പളനിയിൽ നിന്നു പിടിച്ചു. അവസാനത്തെ മോഷണത്തിൽ നിന്ന് ഒരു പൈ സ പോലും ഞാൻ എടുത്തിരുന്നില്ല. ആഭരണങ്ങൾ വിറ്റ ശേ ഷം അവളാണ് പതിവായി ഷെയർ തരിക. ആ കുടുംബത്തിന്റെ പെട്ടി തുറക്കാനോ ബാഗോ, പേഴ്സോ പരിശോധിക്കാനോ നിൽക്കാതെ കിട്ടിയ സ്വർണവും കൊണ്ട് ഇറങ്ങുകയായിരുന്നു.
18 മോഷണത്തിനും ഒരു കൊലപാതകത്തിനും കൂടി എന്നെ 10 വർഷത്തേക്ക് ശിക്ഷിച്ചു, കൂട്ടുകാരിയെ ജീവപര്യന്തവും. അവളുടെ വക്കീൽ കോടതിയിൽ പറയുന്നത് കേട്ടു, ആ തടിയൻ കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും പൊടി ശ്വസിച്ചല്ല മരിച്ചതെന്നും. കോടതി അതൊന്നും പരിഗണിച്ചില്ല.
ജയിലിൽ എട്ടുവർഷം കഴിഞ്ഞു. ഇളവും സൽസ്വഭാവവുമൊക്കെ പരിഗണിച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാം. ഇടയ്ക്ക് പരോളിലിറങ്ങി മക്കളെയും ഭർത്താവിനെയും കണ്ടിട്ടുണ്ട്. അവർ ഇങ്ങോട്ടും വരും. പിള്ളേർ കുഴപ്പമില്ലാതെ പഠിക്കുന്നു. പുറത്തിറങ്ങി നല്ല ജോലി ചെയ്തു ജീവിക്കണം. മക്കളെ നോക്കാനായി ഭർത്താവ് കുടി നിർത്തി എന്നതാണ് ഇതിലുണ്ടായ ഏറ്റവും നല്ല കാര്യം!