Monday 12 November 2018 12:21 PM IST

അത് ഒരു കറയായിരുന്നു ഞാന്‍ തുടച്ചു നീക്കി

R. Sreelekha IPS

3

നഴ്സിങ് പഠിച്ച് ജയിച്ച് മൂന്ന് വർഷം നല്ല ശമ്പളത്തോടെ പ്രശസ്തമായ ഒരാശുപത്രിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. വിവാഹത്തിന് ശേഷം ഭർത്താവിന്റെ താൽപര്യപ്രകാരം ജോലി ഉപേക്ഷിച്ചു. അദ്ദേഹം പട്ടാളത്തിൽ ഉദ്യോഗസ്ഥനാണ്. ഞങ്ങൾക്ക് രണ്ടു മക്കളാണ്, ഒരു പെണ്ണും ഒരാണും.

ഭർത്താവിനോടൊപ്പം മിലിറ്ററിയിൽ ചേർന്ന് അവിടെ നഴ്സായി ജോലി നോക്കണമെന്ന ആഗ്രഹം ഞാൻ പലവട്ടം അദ്ദേഹത്തോട് പറഞ്ഞതാണ്. എന്നാൽ രോഗിയായ ഭർതൃപിതാവിനെ നോക്കാനും കുഞ്ഞുങ്ങളുടെ പഠന സൗ കര്യത്തിനും ഞാൻ നാട്ടിൽ തന്നെ നിൽക്കണമെന്ന് അദ്ദേഹം ശഠിച്ചു. ഭാരതത്തിലെ പല കോണുകളിലുള്ള പട്ടാള ക്യാംപുകളിൽ അദ്ദേഹത്തോടൊപ്പം ഞാൻ താമസിച്ചിട്ടുണ്ട്. പതിയെ പതിയെ ഞാൻ ഒരിടത്തും പോകാതെ വീട്ടമ്മയായി ഒതുങ്ങിക്കൂടി. എനിക്കതിൽ പരാതിയോ പരിഭവമോ ഇല്ലായിരുന്നു താനും.

ദാരിദ്ര്യത്തിന്റെ രുചി അറിഞ്ഞു വളർന്നതാണ് ഞാൻ. കാണാൻ തരക്കേടില്ലാതിരുന്നതു കൊണ്ടാകാം ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെയാണ് എന്റെ കണവൻ എ ന്നെ കൊത്തിക്കൊണ്ട് പോയത്. രണ്ടു പ്രസവിച്ചെങ്കിലും ഞാൻ ഇപ്പോഴും സുന്ദരിയാണെന്നാണ് അദ്ദേഹം പറയാറ്. എന്നെ ജീവനു തുല്യം സ്നേഹവുമാണ്. എനിക്ക് കാശിനോ ഭക്ഷണത്തിനോ വസ്ത്രത്തിനോ ഒന്നും ഒരു പ്രയാസവുമില്ലായിരുന്നു. ആകെ ഒരു പ്രശ്നം തോന്നിയത് വാഹനമില്ലാത്തതാണ്. അദ്ദേഹത്തിന്റെ അപ്പനെ ഇടയ്ക്കിടെ ആശുപത്രിയിൽ കൊണ്ടുപോകാനും പെട്ടെന്ന് മരുന്നോ മറ്റ് സാധനങ്ങളോ വാങ്ങാൻ പുറത്ത് പോകാനും ബസ് കിട്ടാതെ വന്നാൽ മക്കളെ സ്കൂളിൽ കൊണ്ടു ചെന്നാക്കാനും ഒക്കെ ഞാൻ ബുദ്ധിമുട്ടി. ഒരു കാർ ഉള്ളത് പുറത്തിറക്കാനാകാതെ കിടക്കുകയും.

ഇത് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അകന്ന ബന്ധുവായ ഒരു യുവാവിനെ സഹായത്തിനായി ഏർപ്പാടാക്കി. പഠിത്തമൊക്കെ കഴിഞ്ഞ് ജോലി ഒന്നുമാകാതെ നിൽക്കുന്നവനായിരുന്നെങ്കിലും വാഹനം ഓടിക്കാനും പല സ്ഥലങ്ങളിൽ ഞങ്ങൾക്കുവേണ്ടി പോകാനും അസമയത്ത് മരുന്നി നോ ആശുപത്രിയിലോ പോകാനും ഒക്കെ സൗകര്യത്തിന് വീടിന്റെ അടുത്തുളള ഒരു ചെറിയ വാടക വീട്ടിലേക്ക് അവൻ താമസവും മാറ്റി.

പയ്യൻ മിടുക്കനായിരുന്നു. കാണാനും പെരുമാറ്റത്തിലും തികഞ്ഞ മാന്യൻ. എപ്പോൾ വിളിച്ചാലും ഓടിയെത്തും. എന്തു ചെയ്യാനും ഒരു മടിയുമില്ല. ആത്മാർഥതയുടെ പര്യായം. താമസിയാതെ എനിക്കില്ലാതെ പോയ എന്റെ അനുജന്റെ സ്ഥാനത്ത് ഞാനവനെ കാണാൻ തുടങ്ങി. എന്റെ കുട്ടികൾക്ക് നല്ല സുഹൃത്തും എനിക്ക് വലിയ ഒരാശ്വാസവുമായി അവൻ മാറി.

അടുപ്പം കൂടിയതോടെ അവൻ വീട്ടിൽ കൂടുതൽ സ്വാതന്ത്ര്യം എടുത്തു തുടങ്ങി. ഞാനത് തടയേണ്ടതായിരുന്നു. പക്ഷേ, ചെയ്തില്ല. എന്റെ തോളിലൂടെ കൈയിടുന്നതും ചില സമയം കൈയിൽ പിടിക്കുന്നതും ഒക്കെ സഹോദര സ്നേഹമാണെന്ന് ഞാൻ മനഃപൂർവം കരുതി.

ഒരിക്കൽ അപ്പന്റെ മരുന്ന് ഞാനവന്റെ കൈയിൽ നിന്നു വാങ്ങവേ അവനെന്റെ കൈയിൽ നീളെ തഴുകി. എനിക്ക് ദേഷ്യത്തിന് പകരം ആ സമയം വന്നത് ഒരു കുളിരായിരുന്നു. എന്തോ വൈദ്യുതി പ്രവാഹം എന്നെ ഉണർത്തി പോയത് പോലെ തോന്നിച്ചു.

സാഹചര്യങ്ങളാണല്ലോ മനുഷ്യമനസ്സിനെ നിയന്ത്രിക്കുന്നത്. എന്തിനേറെ പറയുന്നു? ഞങ്ങൾ തമ്മിൽ സ്നേഹത്തിലായി. ആരോരും അറിയാതെ ഞങ്ങൾ രഹസ്യമായി പരസ്പരം അറിഞ്ഞു. ഏകദേശം മൂന്നു വർഷത്തോളം ആ ബന്ധം തുടർന്നു. ഇടയ്ക്ക് അപ്പൻ മരിച്ചു.

ഞാനും മക്കളും ഒറ്റയ്ക്കായപ്പോഴും എന്റെ കെട്ടിയോന്റെ ആശ്വാസം സഹായത്തിനായി ആ പയ്യൻ അടുത്തു തന്നെയുണ്ടല്ലോ എന്നായിരുന്നു! പാവം!

ആ സമയം അവന്റെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൻ പെണ്ണുകെട്ടി. എനിക്കതിൽ വലിയ വിഷമമൊന്നും തോന്നിയില്ല.

ഞങ്ങളുടെ ബന്ധത്തിന് നല്ല മറയായതുപോലെയാണ് തോന്നിയത്. ഞങ്ങളുടെ ബന്ധം നിർബാധം തുടരുകയും ചെയ്തു.

ഒരു ദിവസം പള്ളിയിൽ നിന്നു വന്ന ഞാൻ ആ കാഴ്ച കണ്ട് തരിച്ചു നിന്നു പോയി. എന്റെ പതിമൂന്നു വയസ്സുള്ള മകൾ അവന് ചായ കൊടുക്കുന്നു. അവൻ കുഞ്ഞിന്റെ കൈയിൽ എന്നെ ചെയ്തതു പോലെ നീളെ തഴുകുന്നു. അവന്റെ മുഖത്ത് കള്ളച്ചിരിയും. ഞാൻ ഓടിച്ചെന്ന് ചായക്കപ്പ് വലിച്ചെറിഞ്ഞ് എന്റെ മോളെ തല്ലി. അവനോട് ‘ഇറങ്ങിപ്പോടാ ഈ വീട്ടീന്ന്. ഇനി മേലാൽ ഈ പടി ചവിട്ടരുത്’ എന്ന് അലറി.

പെട്ടെന്നാണ് അവന്‍റെ ഭാവം മാറിയത്. എന്‍റെ മുഖത്തു വിരൽ ചൂണ്ടി അവന്‍ രൂക്ഷമായി പറഞ്ഞു. ‘മിണ്ടാതെ പോടീ പെണ്ണുംപിള്ളേ! നിന്റെ സകല രഹസ്യങ്ങളും ഞാൻ പരസ്യമാക്കും. എന്റെ കൈയിൽ നിന്റെ ഒത്തിരി ഫോട്ടോയുണ്ട്. മറക്കണ്ട!’

ഈശോയേ! ഞാൻ കരഞ്ഞുപോയി. എന്റെ ലോകം ചുറ്റും തകർന്നു വീഴുന്നത് ഞാൻ കണ്ടു.

എന്റെ മോളെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ എന്നോട് അടുത്തില്ല. ആദ്യമായാണ് ഞാന വളെ തല്ലിയത്. അന്നു രാത്രി ഞാനൊരു തീരുമാനമെടുത്തു. അവനിനി ജീവിച്ചിരിക്കാൻ പാടില്ല. ഒന്നുമറിയാത്ത എന്റെ മോളെ വരെ ചതിയിൽ വീഴ്ത്താൻ ശ്രമിച്ചവനാണ്. ഇനിയും അവനതാവർത്തിക്കും. പാടില്ല!

പിറ്റേന്ന് ഞാനവനോട് കരഞ്ഞ് മാപ്പ് പറഞ്ഞു. വേണമെങ്കിൽ എന്നെ തല്ലിക്കോളാൻ പറഞ്ഞു. അവൻ മയപ്പെട്ടു. ഞാനെന്റെ പഴയ പുസ്തകങ്ങൾ എല്ലാം പൊടിതട്ടിയെടുത്തു. വീണ്ടും വായിക്കാൻ തുടങ്ങിയത് ഒരുദ്ദേശത്തിനായി മാത്രം. എങ്ങനെയാണ് ആർക്കും സംശയം തോന്നാത്ത വിധം ഒരാളെ കൊല്ലാനാവുക?

വളരെ പ്രയാസപ്പെട്ടാണ് ഞാൻ സയനൈഡ് സംഘടിപ്പിച്ചത്. കൃത്യമായ അളവിൽ ഞാനത് നാരങ്ങാ വെള്ളത്തിൽ കലക്കി നല്ലതുപോലെ മധുരം ഇട്ടാണ് അവന് കൊടുത്തത്. ഞാൻ പ്രതീക്ഷിച്ചത് അതു കുടിച്ചശേഷം അവൻ പൊയ്ക്കോളുമെന്നും അവന്റെ വീട്ടിൽ ചെന്ന ശേഷം മരിച്ചു വീഴുമെന്നുമാണ്. എന്നാലെന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടവൻ എന്റെ അടുക്കളയിൽ തന്നെ പിടഞ്ഞു വീണു മരിച്ചു.

പിന്നെ, എനിക്കൊന്നേ ചെയ്യാനാവുമായിരുന്നുള്ളു. ‍ഞാൻ ഒച്ചവച്ച് ആൾക്കാരെ കൂട്ടി.

‘ഓടി വായോ... ഇവൻ കുഴഞ്ഞ് വീണു. വേഗം ആശുപത്രിയിൽ എത്തിക്കൂ!’ അതിനു മുമ്പു തന്നെ ചെയ്ത പാതകത്തിന്റെ തെളിവുകളെല്ലാം നശിപ്പിക്കാൻ ഞാൻ ശ്രദ്ധിച്ചു. എങ്കിലും പൊലീസ് എന്നെ അറസ്റ്റു ചെയ്തു. ‘ഞാനൊന്നും ചെയ്തില്ല. അവൻ നേരത്തെ വിഷം കഴിച്ചു കാണും. അത് ആത്മഹത്യ തന്നെയാണ്.’ ഞാനുറപ്പിച്ചു പറഞ്ഞു. പക്ഷേ, അവന്റെ കെട്ടിയോൾ പൊലീസിന് മൊഴി നൽകി. ഞാനും അവനും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു എന്ന്. അവന്റെ മരണത്തിനു മുമ്പുണ്ടായ വഴക്കിനെക്കുറിച്ചും എന്‍റെ മകള്‍ മൊഴി നൽകി. അതോടെ രക്ഷപ്പെടാനുള്ള സാധ്യതകൾ കുറഞ്ഞെന്ന് എനിക്ക് മനസ്സിലായി.

എങ്കിലും കോടതിയിലും ഞാനാവർത്തിച്ചു. ‘അതൊരു ആത്മഹത്യയായിരുന്നു സാറെ!’ പക്ഷേ, എന്നെ ശിക്ഷിച്ചു. പോസ്റ്റ്മോർട്ടത്തിൽ അവന്റെയുള്ളിൽ സയനൈഡ് കണ്ടെത്തിയതും നഴ്സായ എനിക്ക് മാത്രമേ സയനൈഡ് സംഘടിപ്പിക്കാനാകൂ എന്ന തെളിവിലും ആയിരുന്നു ശിക്ഷ. എന്റെ ഭർത്താവ് ഇപ്പോൾ എന്നെ വെറുക്കുന്നു.

മക്കൾക്കു വേണ്ടാത്തവളായി ഞാൻ. പരോളിൽ ഇറങ്ങുമ്പോൾ സ്വന്തം വീട്ടിലേക്കാണു പോകാറ്. എനിക്ക് വലിയ കുറ്റബോധമൊന്നുമില്ല. സമൂഹത്തിലെ ഒരു കറ ഞാനന്ന് തുടച്ചു മാറ്റി. അത്ര തന്നെ!.