Tuesday 10 April 2018 02:50 PM IST

ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് കുടുംബം നടത്തുന്ന യാത്ര - ലിറ്റില്‍ മിസ് സണ്‍ഷൈന്‍

Naseel Voici

Columnist

little-miss-sunshine1

ഒപ്പം ജീവിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളമറിയാം? അവരുടെ മോഹത്തിനായി എത്ര ദൂരം സഞ്ചരിക്കാനാവും നിങ്ങള്‍ക്ക്...? തീര്‍ത്തും നിസ്സാരമെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കുള്ള യാത്രയാണ് ലിറ്റില്‍ മിസ് സണ്‍ഷൈന്‍. തമാശയും സ്നേഹവും യാത്രയും എല്ലാം കൃത്യമായ അളവില്‍ ചേര്‍ത്ത, ഓര്‍ത്തു ചിരിക്കാനും ചേര്‍ത്തുപിടിക്കാനുമായി ഒരുപാട് നല്ല മുഹൂര്‍ത്തങ്ങളുള്ള ഒരു സിനിമ. ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ സ്വപ്നത്തിലേക്ക് ഒരു കുടുംബം ഒന്നടങ്കം നടത്തുന്ന യാത്രയാണ് ഇതിന്റെ ജീവന്‍. മോട്ടിവേഷന്‍ സ്പീക്കറായ ഭര്‍ത്താവ് റിച്ചാര്‍ഡ്, പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന മകന്‍ ഡ്വയിന്‍, സ്കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ ഒലിവ്,ഭര്‍ത്താവിന്റെ അച്ഛന്‍ എഡ്വിന്‍ എന്നിവരടങ്ങുന്ന ഇടത്തരം കുടുംബമാണ് ഒരു വീട്ടിലാവുമ്പോഴും ഓരോരുത്തരും ഓരോ തുരുത്തിലാണ് ജീവിക്കുന്നത്.

പൈലറ്റാവുക എന്ന സ്വപ്നം കൈവരിക്കും വരെ ആരോടും മിണ്ടില്ല എന്ന പ്രതിജ്ഞയില്‍, പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുകയാണ് ഡ്വയിന്‍. ഹെറോയിന്‍ അടിച്ചതിന്റെ പേരില്‍ റിട്ടയര്‍മെന്റ് ഹോമില്‍ നിന്ന് പുറത്താക്കിയ മുത്തഛന്‍ എഡ്വിനാകട്ടെ, സെക്സ് ടോക്കുകളും മറ്റുമായി ഒരു ജാങ്കോ ടൈപ്. സൗന്ദര്യ മത്സര്യങ്ങളില്‍ വിജയിക്കണമെന്ന സ്വപ്നത്തിലാണ് കുഞ്ഞു ഒലിവിന്റെ ഫോക്കസ് മുഴുവന്‍. എഴുതി വച്ച ക്രമത്തിലൂടെ ജീവിതവിജയം കൈവരിക്കാനാവുമെന്ന് വിശ്വസിക്കുന്ന റിച്ചാര്‍ഡ് തന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന ഒരു പ്രൊജക്ടില്‍ ഭാവി മുഴുവന്‍ അര്‍പ്പിച്ച് നില്‍ക്കുകയാണ്. ഇവര്‍ക്കിടയില്‍ ഷെറിലും. ഇതിനിടയിലേക്ക് ഷെറിലിന്റെ സഹോദരന്‍ ഫ്രാങ്കും കടന്നുവരുന്നു. സ്വവര്‍ഗരതിക്കാരാനായ ഫ്രാങ്ക് താനിഷ്ടപ്പെട്ട പങ്കാളി തന്റെ സഹപ്രവര്‍ത്തകന്റേതാകുന്നത് കണ്ട് ആത്മഹത്യക്ക് ശ്രമിച്ചു. അതില്‍ പരാജയപ്പെട്ട ഫ്രാങ്കിനെ ഇനി ഒറ്റക്കാക്കരുതെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ഷെറില്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

ഒലിവിന് ലിറ്റില്‍ മിസ് സണ്‍ഷെന്‍ എന്ന സൗന്ദര്യ മത്സര പരിപാടിയിലേക്ക് പ്രവേശനം കിട്ടുന്നു. അവളാകെ ആവേശത്തിലായി. ഫ്ലോറിഡയില്‍ രണ്ടു ദിവസത്തിനു ശേഷമാണ് മത്സരം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ക്ക് വേണ്ടി അതൊക്കെ മറന്ന് പോകാമെന്ന് തീരുമാനിക്കുന്നു റിച്ചാര്‍ഡും ഷെറിലും. പക്ഷേ എങ്ങിനെ പോകുംൟ ഫ്ലൈറ്റില്‍ പോകാന്‍ മാത്രം സാമ്പത്തികസ്ഥിതിയില്ല. മുത്തശ്ചനാണ് അവളുടെ പരിശീലകന്‍, അയാള്‍ക്കും വരണം. ഫ്രാങ്കിനെ ഒറ്റയ്ക്കാക്കാനും പറ്റില്ല. ഒടുക്കം എല്ലാവരും കൂടി അവരുടെ ഫോക്സ് വാഗണ്‍ വാനില്‍ ആ 800 മൈല്‍ യാത്ര ആരംഭിക്കുന്നു. പിന്നീട് സിനിമയുടെ താളം മുറുകുകയാണ്. ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിലേക്ക് ചെറിയ സംഭവങ്ങളിലൂടെ, ഫ്രയിമുകളിലൂടെ പ്രേക്ഷകന്‍ കടന്നുചെല്ലുന്നു. ഫ്രാങ്ക് സ്വവര്‍ഗരതിക്കാരനാണ് എന്നെല്ലാവരും അറിയുന്നത് വണ്ടിയിലെ കഥകള്‍ക്കിടെയാണ്.

റിച്ചാര്‍ഡിന്റെ പ്രൊജക്ട് നടക്കില്ലെന്നറിഞ്ഞ് ഷെറിലും റിച്ചാര്‍ഡും വഴക്കടിക്കുന്നുണ്ട്. ലോഡ്ജില്‍ തങ്ങിയ രാത്രി അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് മുത്തശ്ചന്‍ എഡ്വിന്‍ മരണപ്പെടുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് നിന്നാല്‍ ഒലിവിന്റെ മത്സരം മുടങ്ങുമെന്നതിനാല്‍ മുത്തശ്ചന്റെ മൃതദേഹം ജനാല വഴി പുറത്തെത്തിച്ച് വാനിലിട്ട് അവര്‍ യാത്ര തുടരുകയാണ്. ഒടുവിലായി തനിക്ക് വര്‍ണാന്ധത (കളര്‍ ബ്ലൈന്‍ഡ്നെസ്) ഉണ്ടെന്നും ആയതിനാല്‍ തനിക്കൊരിക്കലും പൈലറ്റാവാന്‍ കഴിയില്ലെന്നുമുള്ള സത്യം ഡ്വയിന്‍ മനസ്സിലാക്കുന്നു. അതോടെ വര്‍ഷങ്ങളോളമുള്ള നിശബ്ദത വെടിഞ്ഞ് അവന്‍ പൊട്ടിക്കരയുന്നു. ഇനി ഈ കുടുംബത്തോടൊപ്പം താനില്ലെന്ന് പറഞ്ഞ് വഴിയില്‍ നില്‍ക്കുന്ന ഡ്വയിന്റെ മനസ്സ് മാറ്റുന്നത് കുഞ്ഞുപെങ്ങള്‍ ഒലിവിന്റെ സാമീപ്യവും അവളുടെ സ്വപ്നവുമാണ്. ഒടുവില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് മത്സരവേദിയില്‍ അവരെത്തി.

ഇത്തിരി വൈകിയെങ്കിലും രജിസ്ട്രേഷന്‍ കഴിഞ്ഞ് മത്സരം ആരംഭിക്കുന്നു. മത്സരാര്‍ഥികളെ കണ്ട് ഫ്രാങ്കും റിച്ചാര്‍ഡും ഡ്വയിനുമെല്ലാം ഞെട്ടി. പ്രായത്തിനൊക്കാത്ത വേഷങ്ങളും രീതികളും പഠിപ്പിച്ച്, സൗന്ദര്യറാണിമാരാക്കാന്‍ ചെറുപ്പം തൊട്ടേ കുത്തിവച്ച് വളര്‍ത്തിയ ഈ കുട്ടികളോടൊപ്പം തീര്‍ത്തും സാധാരണക്കാരിയായ ഒലിവ് മത്സരിച്ചാല്‍ അവള്‍ പരിഹസിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. പക്ഷേ അവള്‍ അവളായിരിക്കട്ടെ, അവളുടെ ഇഷ്ടം മത്സരിക്കാനാണെങ്കില്‍ മത്സരിക്കട്ടെ എന്ന് ഷെറില്‍ തീര്‍ത്തു പറയുന്നു. മുത്തച്ഛനാണ് ഒലിവിന്റെ ട്രെയിനര്‍. അവളുടെ ഊഴമെത്തിയപ്പോള്‍ അത് തെളിഞ്ഞു- വേദിയില്‍ അവതരിപ്പിച്ചത് റിക്ക് ജെയിംസിന്റെ സൂപ്പര്‍ ഫ്രീക്ക് എന്ന ഗാനം. ലൈംഗികത നിറഞ്ഞു നിന്ന ആ പ്രകടനം കാണികളില്‍ ചിലരെ അസ്വസ്ഥമാക്കുന്നു.

അവര്‍ തങ്ങളുടെ മക്കളെയും കൊണ്ട് പുറത്തേക്ക് പോകുന്നു. സംഘാടകര്‍ റിച്ചാര്‍ഡിനോട് കയര്‍ത്ത് മകളുടെ പ്രകടനം അവസാനിപ്പിച്ച് അവളെ വേദിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വേദിയിലെത്തിയ റിച്ചാര്‍ഡ് മകളോടൊപ്പം ഡാന്‍സ് ചെയ്യാന്‍ തുടങ്ങുന്നു. ഫ്രാങ്ക്, ഡ്വയിന്‍, ഷെറില്‍ എന്നിവരും വേദിയിലെത്തി കുടുംബം ഒന്നടങ്കം ഡാന്‍സ് ചെയ്യാന്‍ തുടങ്ങുന്നു. പരിപാടി പൊളിച്ചുകൊടുത്തു. ഇനിയൊരിക്കലും ഒരു സൗന്ദര്യമത്സരത്തിലും പങ്കെടുക്കില്ലെന്ന ഉറപ്പിലാണ് പൊലീസ് ആ കുടുംബത്തെ വിട്ടയക്കുന്നത്. വേദിയില്‍ ഒരുമിച്ചു നിന്ന അതേ ആവേശത്തോടെ വാനില്‍ അവര്‍ മടങ്ങുന്നതോടെ സിനിമ അവസാനിക്കുകയാണ്. വളരെ സിമ്പിളായി തോന്നുന്ന സ്റ്റോറി ലൈന്‍, പക്ഷേ അസാധ്യ മികവോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജൊനാതന്‍ ഡെയ്ടണ്‍ - വലേരി ഫാറിസ് എന്നീ ദമ്പതികള്‍ ഒരുമിച്ചാണ് ചിത്രം സംവിധാനം ചെയ്തത്. അതിന്റെ മിടുക്ക് ഓരോ ഫ്രെയിമിലും തെളിഞ്ഞു കാണാം. 2006ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് സണ്‍ഷൈന്‍ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കഥയും സിനിമയിലെ ഒട്ടുമുക്കാല്‍ സന്ദര്‍ഭങ്ങളും പറഞ്ഞിട്ടുണ്ട് എന്നു കരുതി ഈ സിനിമ കാണാതെ പോകരുത്. കഥയ്ക്കപ്പുറമുള്ള മുഹൂര്‍ത്തങ്ങളും അത് കാണുന്നവരിലുണ്ടാക്കുന്ന ചിന്തകളും പകരുന്ന പ്രതീക്ഷകളുമാണ് ഈ സിനിമ. നല്ല തെളിച്ചമുള്ള ആകാശത്തിനു ചുവട്ടില്‍, പൂക്കളൊക്കെ വിരിഞ്ഞ് നില്‍ക്കുന്ന വിശാലമായ ഒരു പ്രദേശത്തൂടെ, മണ്‍പാതയിലൂടെ മനോഹരമായ ഒരു വാന്‍ കടന്നു പോകുന്നത് ക്യാമറയില്‍ പകര്‍ത്തുന്നത് ആലോചിച്ചൂ നോക്കൂ, ഒരു സുഖം തോന്നുന്നില്ലേ. അങ്ങനെയൊരു സുഖമാണ് ലിറ്റില്‍ മിസ് സണ്‍ഷൈന്‍ പകരുന്നത്.