‘‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്. ഇത് ചവിട്ടിപ്പൊട്ടിച്ചാൽ നിന്റെ കാല് ഞാൻ വെട്ടും...’’
എസ്.ഐ. കുറ്റിക്കാടനെ അടിച്ചു ചുരുട്ടി ജീപ്പി ൽ കയറ്റി പുത്തൻ റെയ്ബാൻ ഗ്ലാസ് മുഖത്തു വച്ച് ആടുതോമ പറഞ്ഞത് ഇപ്പോഴും െചവിയില്‍ മുഴങ്ങുന്നുണ്ട്. സ്വപ്നങ്ങളും പ്രതീക്ഷകളും ചവുട്ടിയരയ്ക്കപ്പെട്ടപ്പോൾ സ്വന്തം ജീവിതം സ്വയം എറിഞ്ഞുടച്ച നന്മയുള്ള തെമ്മാടി. മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്ന, മുണ്ടു പറിച്ചടിക്കുന്ന, പ്രിയപ്പെട്ടവർക്കു വേണ്ടി കൊല്ലാനും ചാകാനും മടിയില്ലാത്ത ഇരട്ടച്ചങ്കൻ...
തലമുറകളെത്ര കഴിഞ്ഞാലും വീര്യം ചോരാത്ത, ഈ ‘ഫ യർബ്രാൻഡ്’ അച്ചായന്‍ പ്രേക്ഷകരെ തേടിയെത്തിയിട്ട് 25 വ ർഷം. ‘സ്ഫടിക’ത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഭദ്രന്‍ ഒാര്‍ത്തെടുക്കുകയാണ് ആടുതോമയുെട പിറവിക്കു പിന്നിലെ അറിയാക്കഥകൾ.
കോളജിൽ കണ്ട തോമ
‘‘എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍, കോളജ് ഇലക്‌ഷന് ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഞാന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി മ ത്സരിക്കാന്‍ തീരുമാനിച്ചു.’’ ഭദ്രന്‍ പറയുന്നു. ‘‘അതിനു മുൻപ് കൊച്ചിന്‍ ഹനീഫയായിരുന്നു ആര്‍ട്‌സ് ക്ലബ് സെക്രട്ടറി. ഞാന്‍ അത്യാവശ്യം ചെറുകഥ എഴുതും, അഭിനയിക്കും, പാട്ടു പാടും. ഇതൊക്കെ വ ച്ചാണ് വോട്ട് പിടുത്തം.
എറണാകുളത്തെ പ്രഗത്ഭനായ ഒരു വക്കീലിന്റെ ഇളയമകന്‍ എന്റെ സഹ പാഠിയായിരുന്നു. ഒരു ദിവസം അവന്‍ പറഞ്ഞു ‘ഭദ്രാ... താന്‍ ഒറ്റയ്ക്കു നില്‍ക്കുന്നതില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ട്. വേണമെങ്കില്‍ ഞാന്‍ സംസാരിച്ച് തന്നെ കെ.എസ്.യുവിന്റെ പാനലില്‍ ഉള്‍പ്പെടുത്താം.’ പക്ഷേ, താല്‍പര്യം തോന്നിയില്ല. മാത്രമല്ല കുട്ടികളൊക്കെ എന്റെ ഭാഗത്തേക്കു തിരിയുന്നതായും ഏകദേശം വിജയം ഉറപ്പാണെന്നും അതിനോടകം എനിക്കു മനസ്സിലായിരുന്നു.
അതിനിടെ ഒരു സംഭവമുണ്ടായി. ഞായറാഴ്ച രാവിലെ ഞാന്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയിലേക്ക്, വാതില്‍ ചവുട്ടിത്തുറന്ന് ഒരു ചെറുപ്പക്കാരന്‍ കയറി വന്നു. ആറടി പൊക്കം. കാല്‍ മുട്ടിനു താഴെ വരെയുണ്ട് കയ്യുടെ നീളം. മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്ന ഒരു കരിമുരിക്ക് രൂപം. കേറി വന്നതും അവന്‍ സിനിമാസ്റ്റൈലില്‍ ഒന്നു കറങ്ങി, തുറന്നതിന്റെ ശക്തിയില്‍ തനിക്കുനേരെ തിരികെ വന്ന വാതില്‍ പിടിച്ചു നിര്‍ത്തി നിന്നു. ആ നില്‍പ് എത്രകാലം കഴിഞ്ഞാലും എന്റെ മനസ്സില്‍ നിന്നു മായില്ല. ആടു തോമ പൊലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സീന്‍ അതില്‍ നിന്നുണ്ടായതാണ്!
ചാരുകസേരയില്‍ കിടന്ന ഞാനിതൊക്കെ കണ്ട് പതിയെ എഴുന്നേറ്റതും അവന്‍ എന്റെ അടുത്തേക്കു വന്ന് നെഞ്ചില്‍ ഒരു തള്ള്. ഞാന്‍ ജനല്‍പ്പടിയിലേക്ക് വീണു. അതിനിടെ അവന്‍ ചാരുകസേര എടുത്ത് ഒന്നു കറക്കി വീണ്ടും തറയില്‍ വച്ച് അതില്‍ കയറിയിരുന്നു. പക്ഷേ, സംഭവം പാളി. കസേരയുടെ ക്രാസ് ഒടിഞ്ഞ് ആശാന്‍ നിലത്ത്. എന്തു ചെയ്യണമെന്നറിയാതെ കസേരയ്ക്കുള്ളില്‍ ആകെ ചമ്മി തറപറ്റി കിടപ്പാണ്.
ഞാന്‍ ചെന്നു കൈ നീട്ടി. എഴുന്നേറ്റതും കൈ തട്ടി മാറ്റി ഒരു തെറി. ആ തെറിയിൽ എന്നോടൊരിഷ്ടം ഉള്ളതുപോലെ തോന്നി. അപ്പോഴും എന്റെ വിശ്വാസം ഇത് എന്നെ തല്ലാന്‍ മറ്റു പാര്‍ട്ടിക്കാര്‍ ഏര്‍പ്പാടാക്കിയ ഗുണ്ടയാണെന്നാണ്. പക്ഷേ, വന്നിരിക്കുന്നത് എന്റെ കൂട്ടുകാരന്റെ ചേട്ടനാണ്. വക്കീലിന്റെ രണ്ടാമത്തെ മകന്‍. അച്ഛനും വീട്ടുകാര്‍ക്കും തീരാതലവേദനയായ തെമ്മാടി! അവനാണ് എെന്‍റ ആടു തോമയുടെ ഒറിജിനല്‍!
ഏതെങ്കിലും പാര്‍ട്ടിക്കാര്‍ എന്നെ ഉപദ്രവിക്കും എന്നു ഭ യന്ന്, എനിക്കു സംരക്ഷണം തരാന്‍ കൂട്ടുകാരന്‍ ചേട്ടനെ ഏ ര്‍പ്പാടാക്കിയതാണ്. പരിചയപ്പെട്ടതും ഞങ്ങള്‍ നേരെ വോള്‍ഗ റസ്‌റ്ററന്റിലേക്ക് പോയി. പുള്ളിക്ക് ഒരു ബിയറും എനിക്ക് ഫ്രൈഡ് റൈസും. അതൊരു വലിയ ചങ്ങാത്തത്തിന്റെ തുടക്കമായിരുന്നു. അതിനു ശേഷം മിക്ക ദിവസവും എന്നെ കാണാന്‍ വരും. ‘മാട്ടേലേ...’ എന്നാണ് വിളിക്കുന്നത്. ‘അൻപതു രൂപയൊണ്ടോടാ എടുക്കാന്‍...’ എന്നു ചോദിക്കും. ഞാന്‍ കൊടുക്കും. അതോടെ ഞാനും ആശാനും ചക്കരയും പുക്കരുമായെന്ന് കോളജ് മൊത്തം അറിഞ്ഞു. പിന്നീടാണ് ആശാനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്.
കക്ഷി എട്ടാം ക്ലാസും ഗുസ്തിയുമാണ്. കൊച്ചിയിലെ ഒ ന്നാം തരം ചട്ടമ്പി. കൂടം കൊണ്ടു തല്ലും പോലെയാണ് അടി. ഒരു ദിവസം ശ്രീധറില്‍ നിന്നു മാറ്റിനി കഴിഞ്ഞു വരുമ്പോഴാണ് ആ വിശ്വരൂപം ഞാന്‍ നേരില്‍ കണ്ടത്. റോഡില്‍ അടി നടക്കുന്നു. പെട്ടെന്ന് ആ കൂട്ടത്തില്‍ നിന്ന് ആശാന്‍ മുകളിലേക്കു പൊങ്ങി അടുത്തു നിന്ന ഒരു മരത്തിന്റെ കൊമ്പില്‍ തൂങ്ങി ചുറ്റും നിന്ന അഞ്ചാറ് പേര്‍ക്ക് പടക്കം പൊട്ടും പോലെ ഏഴെട്ടു ചവിട്ട്. ചവിട്ടു കൊള്ളുന്നവരൊക്കെ തെറിച്ച് ഓടയിലാണ് വീഴുന്നത്. മൂന്നു മൂന്നര മിനിറ്റ് ഫൈറ്റ്. തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.
അതോടെ ആശാന്‍ എന്റെ ഹീറോയായി. ഒരു ദിവസം കോ ഫിഹൗസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആശാനോടു പറഞ്ഞു, ‘‘ദൈവം ഓരോരുത്തരേയും സൃഷ്ടിക്കുന്നത് ഓരോ കര്‍മത്തിനാണ്. മുഹമ്മദ് റാഫിയെ ‘യേ ദുനിയാകെ രഖ് വാലെ...’ പാടാനും യേശുദാസിനെ ‘കാട്ടിലെ പാഴ്മുളം...’ പാടാനും നിങ്ങളെ മറ്റുള്ളോരെ ചവിട്ടി കുമ്മായം കൂട്ടാനും’’
ഇതു കേട്ടതും അധികമൊന്നും ചിരിക്കാത്ത ആശാന്‍ പൊട്ടിച്ചിരിച്ചു. ആ ചിരിയോളം പ്രിയങ്കരനായിരുന്നു എനിക്കയാള്‍. നന്മയുള്ള തെമ്മാടി. ‘എട്ടല്ല, പത്തല്ല, നൂറ് പേര് വന്നാലും ഞാന്‍ കൈകാര്യം ചെയ്തിരിക്കും’ എന്ന അവന്റെ ആ ആറ്റിറ്റ്യൂഡില്‍ നിന്നാണ് ആടു തോമയുടെ ആദ്യത്തെ സ്പാര്‍ക്ക് എന്നില്‍ വീണത്. ‘സ്ഫടികം’ ചെയ്യുമ്പോള്‍ ഞാനിതൊക്കെ മോഹന്‍ലാലിനോട് പറയും. ലാല്‍ ആവേശത്തോടെ വീണ്ടും വീണ്ടും ആശാെന്‍റ വീരകഥകള്‍ ചോദിക്കും.
തോമയിലെ മറ്റു രണ്ടു േപര്‍
‘ആടുതോമ’ എന്ന കഥാപാത്രത്തിനു പിന്നിലുള്ള മറ്റു രണ്ടുപേര്‍ പാലാക്കാരാണ്. ഒരാള്‍ എന്റെ സഹപാഠി. പൊലീസുകാരെ ഓടിച്ചിട്ട് തല്ലുന്നതും ആളുകളെ ചവിട്ടിക്കൂട്ടി പാലാപ്പാലത്തില്‍ നിന്നു താഴേക്കിടുന്നതുമൊക്കെയായിരുന്നു അവന്റെ ഇഷ്ടവിനോദം. അടുത്തയാള്‍ പ്രതാപിയാണ്. പുള്ളിക്കാരന്‍ എണ്ണതേച്ചു കുളിയൊക്കെ കഴിഞ്ഞു പടിപ്പുരയുെട മുന്നിലെ പടിക്കെട്ടിന്‍റെ ഏറ്റവും മുകളിലെ നടയിലിരിക്കും. തൊട്ടുമുന്നില്‍ േറാഡാണ്. അതിലേ ട്രാന്‍സ്‌പോർട് ബസ് കടന്നു പോകുമ്പോള്‍ ഉറക്കെ ഒന്നു ചുമയ്ക്കും. ചുമച്ചാല്‍ അപ്പൊ ബസ് നിര്‍ത്തണം. ഇല്ലെങ്കില്‍ ജീപ്പെടുത്ത്് പുറകെ പോയി ഡ്രൈവറെ വലിച്ചിറക്കി അടിക്കും.
ഇങ്ങനെ മൂന്നു കടുവകളാണ് ആടുതോമയായത്. പക്ഷേ, മൂന്നുേപരുെടയും അന്ത്യം ദയനീയമായിരുന്നു. ആദ്യത്തെയാള്‍ ആത്മഹത്യ ചെയ്തു. മറ്റു രണ്ടുപേർ കൊല്ലപ്പെട്ടു!
എന്റെ തോമയാകാൻ ലാല്‍ മാത്രം
മോഹന്‍ലാലിന്റെ കണ്ണുകളില്‍ ഒരു കുസൃതിത്തിളക്കമുണ്ട്. എറണാകുളത്തെ ആശാന്റെ കണ്ണുകളിലും ആ തിളക്കം കണ്ടിട്ടുണ്ട്. അതുകൊണ്ടു മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളെ തോമയായി സങ്കല്‍പ്പിക്കാന്‍ ഒരിക്കലും എനിക്കു സാധിച്ചിട്ടില്ല. നാട്ടില്‍ നടന്ന ഒരു സംഭവം എന്ന തരത്തിലാണ് ലാലിനോട് കഥ പറഞ്ഞത്. ഒരു അപ്പനും മകനും. അപ്പന്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് കിട്ടിയ അധ്യാപകന്‍. മകന്‍ ചട്ടമ്പി. തോമസ് ചാക്കോ എന്നാണ് പേരെങ്കിലും അയാള്‍ അറിയപ്പെടുന്നത് ‘ആടുതോമ’ എന്നാണ്.
അന്നേരം ചിരിയോെട ലാല്‍ േചാദിച്ചു, ‘അതെന്താ അയാള്‍ക്ക് ആട് കച്ചവടമാണോ ?’
പിന്നീടു മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതിെനക്കുറിച്ചും മുണ്ടു പറിച്ചുള്ള അടിയെക്കുറിച്ചും ഒക്കെ പറഞ്ഞപ്പോള്‍ ലാലിന്റെ മുഖം മാറാന്‍ തുടങ്ങി. പോകെപ്പോകെ ലാലില്‍ ആ കഥയും കഥാപാത്രവും കയറിത്തുടങ്ങിയെന്ന് എനിക്കു മനസ്സിലായി. ‘മകനെ എന്‍ജിനീയറാക്കണം എന്നു പറഞ്ഞു പറഞ്ഞ് അവനെ അപ്പന്‍ ഇഞ്ചിനീരാക്കുകയായിരുന്നു...’ എന്നു പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ലാല്‍ ആവേശത്തിലായിരുന്നു. ആ ആവേശമാണ് ആടുതോമയുടെ ജീവന്‍.
എന്റെ ആദ്യ സിനിമ മുതല്‍ മോഹന്‍ലാല്‍ ഉണ്ട്. സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്ന കാലത്താണ് ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’വില്‍ മോഹന്‍ലാല്‍ ശങ്കറിന്റെ കൂട്ടുകാരനായി അഭിനയിച്ചത്. ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ്, എന്റെ കൈപിടിച്ച് ലാലിന്റെ അമ്മ പറഞ്ഞു ‘എന്തു രസമായിരിക്കുന്നു ലാലു മോന്റെ വേഷം’
തെമ്മാടിയായ നായകന്‍
സര്‍വഗുണസമ്പന്നന്‍മാരായ നായക കഥാപാത്രങ്ങളുടെ കാലത്ത്, പോക്കിരിയും തന്നിഷ്ടക്കാരനുമായ ‘ആടുതോമ’യെ ജനങ്ങള്‍ക്കിഷ്ടമാകുമോ എന്ന സംശയം ആദ്യത്തെ നിര്‍മാതാവിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് സിനിമയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നെനിക്ക് തോന്നി. അങ്ങനെയാണ് ഗുഡ് നൈറ്റ് മോഹനനെ സമീപിക്കുന്നത്. കഥയുടെ ത്രെഡ് കേട്ടപ്പോള്‍ തന്നെ മോഹന് അതിന്റെ സാധ്യത പിടികിട്ടി. ‘സ്ഫടികം’ റിലീസായ ദിവസം ആദ്യ നിര്‍മാതാവ് എനിക്ക് അടുത്ത സിനിമയ്ക്ക് അഡ്വാന്‍സ് ത ന്നു എന്നത് മറ്റൊരു കഥ.
ഈ കഥ ക്രൈസ്തവ കുടുംബത്തില്‍ നടക്കുന്നതായിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ‘തോമസ് ചാക്കോ’എന്ന പേര് വന്നത്. ഞങ്ങളുടെ നാട്ടില്‍ ഇടി കിട്ടുന്നവര്‍ ഈരാറ്റുപേട്ടയിലൊക്കെ ചെന്ന് കറുത്ത മുട്ടനാടിന്റെ ചോര കുടിക്കും. അങ്ങനെയാണ് ‘മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന’ എന്ന ഡയലോഗും ‘ആടുതോമ’ എന്ന പേരും വന്നത്.
തോമയുെട പിറവിക്കു പിന്നിലെ മൂന്നു പേരും സമൂഹത്തിന്റെ ഉയര്‍ന്ന തലത്തില്‍ ജനിച്ചവരും സാഹചര്യത്താല്‍ ജീവിതം വഴിമാറിപ്പോയവരുമാണ്. തോമയുടെ സ്വഭാവസവിശേഷതകളും മാനറിസങ്ങളും അത്തരത്തിലാണ് രൂപപ്പെടുത്തിയത്. കോസ്റ്റ്യൂംസിലും സ്‌റ്റൈലിലുമൊക്കെ അതു കാണാം. അക്കാലത്ത് റെയ്ബാന്‍ ഗ്ലാസിനെക്കുറിച്ച് സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. മറ്റൊരു കൗതുകം റെയ്ബാന്‍ ഗ്ലാസിന്റെ രൂപമാണ്. കമ്പി പോലെയുള്ള രണ്ട് ചെറിയ കാലുകളിലാണ് അതിന്റെ ഫ്രെയിം. ആ പ്രത്യേകത തോമയുടെ ജീവിതത്തിനുമുണ്ട്. ‘ചെകുത്താന്‍’ എന്നു േപരിട്ട ലോറി തോമയുടെ വരുമാന മാർഗമാണ്. പണിയെടുത്ത് ജീവിക്കുന്നവനാണ് അയാൾ. അല്ലാതെ വെറും കവലച്ചട്ടമ്പിയല്ല.
ആടുതോമയ്ക്ക് ഒരിക്കലും ഒരു രണ്ടാം ഭാഗമില്ല. പക്ഷേ, പുതിയ തലമുറയ്ക്കു വേണ്ടി ഒരു കോടി മുതല്‍ മുടക്കി, പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘സ്ഫടികം’ റീ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. ഇരുപത്തിയഞ്ചു വര്‍ഷത്തിനിപ്പുറം ആടുതോമയ്ക്ക് എന്തു സംഭവിച്ചു എന്നു പുതിയ പതിപ്പില്‍ പറയും.