സീൻ 1
‘ഇറങ്ങാനുള്ള ചേട്ടന്മാരൊക്കെ ഇറങ്ങിവരൂ... കേറാനുള്ളവരൊക്കെ കേറി കൊള്ളൂ. റൈറ്റ്... പോകാം പോകാം....’
ഓർഡിനറി ബസിന്റെ ഫുട്ബോർഡാണ് പശ്ചാത്തലം. സ്ഥലം തിരുവനന്തപുരം. കാലം ഏതാണ്ട് 42 വർഷം മുൻപ്.
കോളജ് വിദ്യാർഥികൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന ആ ബസ്സിൽ ഫുട്ബോർഡിൽ നിന്നു മാത്രം യാത്ര ചെയ്യുന്ന ഒരു വിദ്യാർഥിയുണ്ടായിരുന്നു. വെളുത്തു തുടുത്ത്, മുടി നീട്ടി വളർത്തിയ, മുഖത്ത് ആകർഷകമായ മുഖക്കുരുവുള്ള ആ പയ്യനെ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു. അതേ ബസ്സിലെ സൈഡ് സീറ്റ് യാത്രക്കാരനും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ പഠിപ്പിസ്റ്റുമായ ചെറിയാൻ വർഗീസും ബസ്സിൽ കിളിയുടെ പണിചെയ്യുന്ന സഹോയെ ശ്രദ്ധിച്ചു. പരിചയപ്പെടണം എന്ന് ആഗ്രഹിക്കുകയും ചെയ്തു. പൂജപ്പുര മുതൽ എംജി കോളജ് ബസ് സ്റ്റോപ് വരെയുള്ള ഈ കലാപരിപാടിക്കിടയിൽ പ്രസ്തുത വിദ്യാർഥി ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടെന്ന യാഥാർഥ്യം ഇതിനിടയിൽ ചെറിയാൻ മനസ്സിലാക്കിയിരുന്നു.
പിന്നീട് സ്പെൻസർ ജംങ്ഷനിലുള്ള ഇന്ത്യൻ കോഫീ ഹൗസിൽ, സുഹൃത്തുക്കളുെട നടുവില്‍ ആ സഹയാത്രികനെ ചെറിയാൻ കണ്ടു. സിനിമയായിരുന്നു അവരുെട സംസാരവിഷയം. സിനിമയിൽ പ്രത്യേക താൽപര്യമില്ലാതിരുന്ന ചെറിയാൻ ആ ചർച്ചകൾക്ക് കാതു കൊടുത്തില്ല. എങ്കിലും ബസ്സിൽ വച്ചു കണ്ട സഹപാഠിയെ പരിചയപ്പെട്ടു. സിനിമാനടനാകുകയാണ് തന്റെ ലക്ഷ്യമെന്ന് അയാൾ അന്നു ചെറിയാനോട് പറഞ്ഞു. പ്രേംനസീർ, മധു, ജയൻ, എം.ജി സോമൻ, സുകുമാരൻ തുടങ്ങിയ അക്കാലത്തെ സൂപ്പർതാരങ്ങളെ ഒരു നിമിഷം ഓർക്കുകയും ഉള്ളിൽ ചിരിക്കുകയും ചെയ്തു, െചറിയാന്‍.
സീൻ 2
(ഏതാനും വർഷങ്ങൾക്കു ശേഷം)
ചെറിയാൻ വർഗീസ് അപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് പഠിക്കുകയാണ്. പഴയ ‘പഠിപ്പിസ്റ്റ്’ സ്വഭാവം ഒക്കെ വിട്ടിരുന്നു. സിനിമ കാണലും അല്ലറചില്ലറ തരികിട പരിപാടികളും ഒക്കെയുള്ള, ക്ലാസുകളിൽ അധികമൊന്നും കയറാതെ വിലസി നടന്നിരുന്ന അക്കാലത്താണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്യുന്നത്. ശങ്കര്‍ നായകൻ, പൂർണിമ ജയറാം നായിക. സംവിധാനം ഫാസില്‍. സിനിമ കാണാൻ തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററിലെത്തിയ ചെറിയാന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പോർട് ബസ്സിലെ ഫുട്ബോർഡിൽ കലാപരിപാടികളുമായി നിന്ന മുഖക്കുരുവുള്ള തന്റെ സഹയാത്രികൻ ആ സിനിമയിൽ വില്ലനായി അഭിനയിച്ചിരിക്കുന്നു. ഒരു സിനിമാനടനാകുക എന്നതാണ് തന്റെ ആഗ്രഹമെന്ന് കോഫീ ഹൗസിൽ വച്ചു പറഞ്ഞ സുഹൃത്ത് അതിലേക്കുള്ള ആദ്യ പടി കയറിയിരിക്കുന്നു. ചെറിയാന് വല്ലാത്ത സന്തോഷം തോന്നി. മനസ്സുനിറഞ്ഞ് ചെറിയാൻ അന്നു ചിരിച്ചു.
സീൻ 3
ഇതിനിടയില്‍ ചെറിയാന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു നാടകം അരങ്ങേറി. ക്യാംപസുകളിൽ റാഗിങ് നിയന്ത്രണവിധേയമല്ലാതിരുന്ന കാലം. റാഗിങ്ങിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യകളും വരെ അരങ്ങേറിയിരുന്നു. ചെറിയാൻ മെഡിക്കൽ കോളജില്‍ എത്തുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജൂനിയറായ ചെറിയാൻ സീനിയേഴ്സിന് പണി കൊടുത്തതോടെയാണ് ക്യാംപസിൽ നോട്ടപ്പുള്ളിയായത്. ഫ്രഷേഴ്സ് ഡേയ്ക്ക് ബാച്ചിലുള്ളവരെല്ലാം ചീമുട്ടയേറ് കൊണ്ടപ്പോള്‍ തിരിച്ചൊരു പണി കൊടുക്കാന്‍ െചറിയാന്‍ തീരുമാനിച്ചു. താൻ ഒരു നാടകം കളിക്കാൻ പോകുകയാണെന്നും സീനിയേഴ്സ് ആയിട്ടുള്ള രണ്ടുപേർ സ്റ്റേജിലേക്ക് വരണമെന്നും ചെറിയാന്‍ അഭ്യർഥിച്ചു. റാഗിങ്ങിന് മുൻപന്തിയിൽ നിന്ന രണ്ടു സീനിയേഴ്സ് സ്റ്റേജിൽ വന്നു. അവരെ കസേരകളിൽ ഇരുത്തിയിട്ട് ചെറിയാൻ മുങ്ങി. പോകുന്നതിനു മുൻപ് ‘ഇതാണ് കാത്തിരിപ്പ്’ എന്ന് അനൗണ്‍സ് െചയ്യാനും മടിച്ചില്ല.
തിരിച്ചു പണി കിട്ടിയതിന്റെ കലിപ്പ് ഒരുപാട് നാൾ ചെറിയാനോട് ഉണ്ടായിരുന്നു സീനിയേഴ്സിന്. അതുകൊണ്ട് പലപ്പോഴും കാന്റീൻ വരെ പോകാനേ കഴിഞ്ഞുള്ളൂ. ക്ലാസിൽ കയറാനോ പഠിക്കാനോ അവർ സമ്മതിച്ചില്ല.
മെഡിക്കൽ പഠനം ഇങ്ങനെ ഉഴപ്പുന്നതിനിടയിലാണ് വേണുനാഗവള്ളിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. അടുത്ത സുഹൃത്തായ സംവിധായകൻ മോഹൻ വഴിയാണ് വേണു നാഗവള്ളിയെ പരിചയപ്പെട്ടത്. പിന്നീട് അതൊരു ആത്മസൗഹൃദമായി മാറി.
അന്ന് യുവജനങ്ങളുടെ ഹരമായിരുന്നു വേണുനാഗവള്ളി. നടനും സംവിധായകനും എഴുത്തുകാരനുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാലം.‘സുഖമോ ദേവീ’ എന്ന സിനിമ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. ആ സമയത്ത് നിർമാതാവ് ആനന്ദ്, വേണുവിനെ സമീപിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നല്ല കഥയ്ക്കുള്ള അന്വേഷണമായി. ചെറിയാൻ പറഞ്ഞ ഒരു സംഭവം വേണുവിന്റെ ശ്രദ്ധയിൽ കിടന്നിരുന്നു.
ഒരു സൗഹൃദ സദസ്സിൽ വച്ചു ചെറിയാൻ പരിചയപ്പെട്ട ആളായിരുന്നു ആ സംഭവത്തിലെ നായകന്‍. നല്ല പ്രായമുള്ള ഒരു കോളജ് വിദ്യാർഥി. മൂന്ന് ബിരുദാനന്തര ബിരുദം എടുത്തെങ്കിലും വീണ്ടും പഠിക്കാന്‍ വേണ്ടി ക്യാംപസില്‍ എത്തിയയാളാണ്. പഠിക്കാനുള്ള അമിതമായ താൽപര്യം മാത്രമല്ല, ആ ക്യാംപസിനോടുള്ള ഇഷ്ടവും കൂടിയാണ് അയാളെ അവിടെ പിടിച്ചു നിർത്തുന്നത്. ഒരിക്കലേ ചെറിയാൻ അയാളോടു സംസാരിച്ചിട്ടുള്ളൂ. അയാളുടെ പേരു പോലും മറന്നു. എങ്കിലും ‘ഇങ്ങനെയൊരു കഥാപാത്രത്തെയും ആ ക്യാംപസിനെയും പ്രധാന കഥാപാത്രമാക്കിയാൽ എങ്ങനെയുണ്ടാകും’ എന്നാണ് െചറിയാന്‍ േവണു നാഗവള്ളിയോടു ചോദിച്ചിരുന്നത്.
ഈ െത്രഡില്‍ പിടിച്ച് ഒരു ക്യാംപസ് സിനിമ ഒരുക്കാം എന്നു േവണുനാഗവള്ളിയും െചറിയാനും തീരുമാനിച്ചു. മാർ ഇവാനിയോസ് കോളജിനെക്കുറിച്ച് ചെറിയാൻ കുേറക്കാര്യങ്ങള്‍ പറഞ്ഞു. സർവാദരണീയനായ പ്രിൻസിപ്പൽ ഗിവർഗീസ് പണിക്കർ അച്ചൻ. അച്ചന്റെ കഴുകി ഉണക്കാനിട്ട ളോഹയോടു പോലും വിദ്യാർഥികൾക്കു ബഹുമാനമായിരുന്നു. സിനിമ പാട്ടുകൾ പാടി സാഹിത്യം പഠിപ്പിക്കുന്ന ഫാദർ അയ്യനേത്ത്... വേണു നാഗവള്ളിയുടെ മനസ്സിലും ഉണ്ടായിരുന്നു ചില അധ്യാപകരും ക്യാംപസ് ഒാര്‍മകളും.
എംഎ ക്ലാസിൽ ഒരുപാട് കൊല്ലമായി പഠിക്കുന്ന ക്യാംപസ് ഒരുപാടിഷ്ടപ്പെടുന്ന നായകന്‍ പ്രധാന കഥാപാത്രം. ലാൽ എന്നായിരുന്നു അയാളുടെ പേര്. വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും അയാളെ ‘ലാലേട്ടാ’ എന്ന് വിളിച്ചു. ഒരു ഘട്ടത്തിൽ അയാളൊരു തെറ്റു ചെയ്തതായി തെറ്റിധരിക്കപ്പെടുന്നു. അങ്ങനെ താൻ ഏറെ സ്നേഹിക്കുന്ന ക്യാംപസിൽ അയാൾ കുറ്റക്കാരനാകുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നിൽ അപരാധിയാകുന്നു. പിന്നീട് അയാളുടെ നിരപരാധിത്വം തെളിയുകയും സന്തോഷത്തോടെ ക്യാംപസിലേക്കു തിരിച്ചു വരികയും ചെയ്യുന്നു.
സീൻ 4
മുന്‍പും പിന്നീടും ഉണ്ടായ ക്യാംപസ് സിനിമകളിൽ നിന്നു വ്യത്യസ്തമായിരുന്നു സർവകലാശാലയുടെ ക്രാഫ്റ്റ്. ക്യാംപസിലെ ആൾക്കൂട്ടങ്ങളിലേക്കല്ല ക്യാമറ ഫോക്കസ് ചെയ്തത്. ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലേക്കായിരുന്നു. അവരുെട ജീവിതവും സംഭവങ്ങളും ഫ്ലാഷ് ബാക്കിലൂടെ അവതരിപ്പിച്ചു. ജോഷി സാറിന്റെ ‘ജനുവരി ഒരു ഓർമ’ എന്ന സിനിമയുടെ ഊട്ടിയിലെ സെറ്റില്‍ െചന്നാണ് ഞാനും േവണുച്ചേട്ടനും ലാലിനോട് കഥ പറയുന്നത്.
ഒരു കലാശാലയിലാണു കഥ നടക്കുന്നതെങ്കിലും അവിടം സര്‍വ കലകളുെടയും ശാലയായതു െകാണ്ടു സിനിമയ്ക്ക് ‘സര്‍വകലാശാല’ എന്നു േപരിട്ടു. മോഹൻലാൽ തന്നെ ‘ലാൽ’ ആയി അരങ്ങു തകർത്തു. സർവാദരണീയനായ പ്രിൻസിപ്പലായി അടൂര്‍ഭാസി, സിനിമാപാട്ട് പാടി സാഹിത്യം പഠിപ്പിക്കുന്ന ഫാദർ കുട്ടനാടനായി ജഗതി, ഇന്നസെൻറ് എന്ന് പേരുള്ള പിടി മാഷായി ഇന്നസെന്‍റ്, കാന്റീൻ ജീവനക്കാരൻ ചക്കരയായി മണിയന്‍പിള്ള രാജു... അങ്ങനെ വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങളുണ്ടായിരുന്നു, സർവകലാശാലയിൽ. ഏറ്റവും നൊമ്പരം ഉള്ള കഥാപാത്രമായിരുന്നു കവി സിദ്ധൻ. ‘അതിരുകാക്കും മലയൊന്നു തുടുത്തേ... തുടുത്തേ... തക തക താ’ എന്ന കവിത െചാല്ലുന്ന, ലാലിെന്‍റ ജീവിതത്തിലേക്ക് ഇടയ്ക്കിടയ്ക്ക് കയറിവരികയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന കവി സിദ്ധൻ യഥാർഥത്തിൽ കവി അയ്യപ്പന്റെ പ്രതിരൂപമായിരുന്നു. െനടുമുടി വേണുവാണ് േറാള്‍ അവിസ്മരണീയമാക്കിയത്.
കുറ്റവിമുക്തനായി ക്യാംപസിലേക്ക് തിരിച്ചുവരുന്ന ലാലിനെ ‘ലാലേട്ടാ മാപ്പ്’ എന്നെഴുതിയ ബാനർ ഉയർത്തിക്കാട്ടിയാണ് വിദ്യാർഥികൾ സ്വീകരിക്കുന്നത്. ആ ബാനർ ശരിക്കും പതിഞ്ഞത് മലയാളികളുടെ മനസ്സിലായിരുന്നു. സിനിമയില്‍ മാത്രമല്ല, സിനിമയ്ക്കു പുറത്തും മോഹൻലാലിെന ‘ലാലേട്ട’നായി മാറ്റിയതില്‍ സർവകലാശാല എന്ന സിനിമയ്ക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്.
േപര് വന്ന വഴി
ചെറിയാൻ വർഗീസിനെ ചെറിയാൻ കൽപകവാടി ആക്കിയതു വേണു നാഗവള്ളി ആണ്. സർവകലാശാലയുടെ പ്രിവ്യൂ കാണാ ന്‍ ഇരിക്കുകയാണ് സിനിമയുെട അണിയറപ്രവര്‍ത്തകര്‍. ‘കഥ ചെറിയാൻ കൽപകവാടി’ എന്നു കണ്ടു െചറിയാനൊന്നു െഞട്ടി. അന്നേരം േവണുച്ചേട്ടന്‍ പറഞ്ഞു, ‘ലോകത്ത് എത്രയോ ചെറിയാൻ വർഗീസുമാരുണ്ടെടാ. പക്ഷേ, ചെറിയാൻ കൽപകവാടി ഒന്നേയുണ്ടാകൂ.’ പിന്നീടു ലാൽസലാം, ഉള്ളടക്കം, നിർണയം തുടങ്ങി പതിനഞ്ചോളം സിനിമകളുെട െെടറ്റിലില്‍ ആ േപര് തെളിഞ്ഞു: ചെറിയാന്‍ കൽപകവാടി.