Friday 24 December 2021 03:45 PM IST : By Jacob Varghese Kunthara

പൂക്കൂട പോലെ മുറ്റത്തെ പൂമരം; പൂന്തോട്ടത്തിന് അലങ്കാരമേകും പൂമരമായ പാലച്ചെമ്പകത്തെ അറിയാം

jacobvvaarttplumeria

വെള്ള പൂക്കളുള്ള പ്ലുമേറിയ പല നാടുകളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. പാലച്ചെമ്പകം, പാല, ചെമ്പകം എന്നെല്ലാം പേരുള്ള ഈ അലങ്കാരമരം പൂന്തോട്ടത്തിന് ആകർഷണീയതയേകും.

അരോമ തെറപ്പിയിലെ സുഗന്ധം

പൂവ് ഉൾപ്പെടെ ചെടി നിറയെ വെള്ള കറയുള്ളതുകൊണ്ടാകാം പാലച്ചെമ്പകം എന്നു വിളിപ്പേരുള്ളത്. പുൽത്തകിടിയുടെ നടുവിൽ പൂമരമായും ഉയരമുള്ള അതിർവേലി തയാറാക്കാനും ഈ അലങ്കാര മരം ഉപയോഗിക്കാറുണ്ട്. അരോമ തെറപ്പിയിൽ പാലചെമ്പകപ്പൂക്കൾക്കും നിർണായക സ്ഥാനമുണ്ട്.

നടുവിൽ ഇളം മഞ്ഞ നിറത്തോടുകൂടിയ വെള്ള പൂക്കൾ ഉള്ളവയും, പിങ്ക്, ചുവപ്പ്, പീച്ച്, ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ പൂക്കളുള്ള സങ്കരയിനങ്ങളുമുണ്ട്. പ്ലുമേറിയയുടെ ‘പ്യൂഡിക്ക' ഇനത്തിന്റെ സസ്യ പ്രകൃതി ഏറെ വ്യത്യസ്‍തമാണ്. കുത്തനെ നിവർന്നു വളരുന്ന കമ്പുകളാണ് ഈ ഇനത്തിന്റെ പ്രത്യേകത. തൂവെള്ള നിറത്തിലുള്ള പൂക്കളുമായി പൂങ്കുല കമ്പിന്റെ അഗ്രഭാഗത്താണ് ഉണ്ടാകുക. മറ്റ് ഇനങ്ങളെപ്പോലെ പ്യൂഡിക്ക മരം ഇലപൊഴിക്കാറില്ല. അതിർവേലി ഒരുക്കാൻ യോജിച്ചതാണ് ഈ ഇനം.

അധികം ഉയരം വയ്ക്കാത്ത സസ്യപ്രകൃതമുള്ള പ്ലുമേറിയയുടെ ‘ഒബ്റ്റ്യുസ’ ഇനം പുൽത്തകിടിയിൽ വളർത്താൻ യോജിച്ചതാണ്. ഈ മരം വളരെ അപൂർവമായേ ഇല പൊഴിക്കൂ. ഇലയുടെ അഗ്രഭാഗം വൃത്താകൃതിയിലാണ്. വർഷം മുഴുവൻ പൂവിടും.‘ഡ്വാർഫ് സിംഗപ്പൂർ പിങ്ക്’ ഒബ്റ്റ്യുസ ഇനത്തിന് രണ്ട് - മൂന്ന് അടി മാത്രമേ ഉയരം ഉണ്ടാകൂ.

 പാലച്ചെമ്പകത്തിന്റെ കമ്പാണ് നട്ടുവളർത്താൻ ഉപയോഗിക്കുക. ഒരു വർഷമെങ്കിലും വ ളർച്ചയായ, പൂവിടാത്ത കമ്പിന്റെ രണ്ട് അടിയോളം നീളമുള്ള അഗ്രഭാഗമാണ് വേണ്ടത്. മുറിച്ചെടുത്ത തണ്ട് ഇലകൾ നീക്കം ചെയ്തശേഷം 10 - 12 ദിവസം തണലിൽ ചാരി വച്ചാൽ കറ ഉണങ്ങും. ഇതിനുശേഷം നടാം.

പ്ലുമേറിയയുടെ പുതിയ പല ഇനങ്ങൾക്കും പ തിവയ്ക്കൽ രീതി വഴി തൈകൾ ഉണ്ടാക്കിയെടുക്കാനാകും. ഇതിനു നല്ല വളർച്ചയായ തണ്ടിന്റെ ഒന്നര അടി താഴ്ത്തി ഒരിഞ്ച് വീതിയിൽ ഒരു വളയത്തിന്റെ ആകൃതിയിൽ തൊലി നീക്കം ചെയ്യണം. കുതിർത്ത ചകിരിച്ചോറും ചുവന്ന മണ്ണും ഒരേ അളവിൽ കലർത്തിയ മിശ്രിതം കൊണ്ട് ഈ ഭാഗം പൊതിഞ്ഞ ശേഷം പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടി സംരക്ഷിക്കണം. ഒരു മാസത്തോളം കഴിയുമ്പോൾ മണ്ണിനു പുറത്തേക്ക് വേരുകൾ വരാൻ തുടങ്ങും. തുടർന്ന് ഈ ഭാഗത്തിനു ചുവടെ വച്ച് മുറിക്കുക. ഈ കമ്പ് നട്ടുവളർത്താം.

896077db12289f492966e9af14

വേണം വെയിലിൻ കൂട്ട്

വെള്ളം കെട്ടി നിൽക്കാത്തതും നാല് - അഞ്ച് മ ണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നതുമായ ഇടമാണ് ഈ പൂമരം നട്ടുപരിപാലിക്കാൻ തിരഞ്ഞെടുക്കേണ്ടത്. പാലച്ചെമ്പകം നിലത്താണ് നടേണ്ടത്. ചട്ടിയിൽ വളർത്തിയാൽ വളർച്ച മുരടിച്ച് പൂവിടുന്നത് കുറയും.

ഒന്നര അടി സമചതുരത്തിൽ എടുത്ത കുഴിയിൽ ചുവന്ന മണ്ണും ചകിരിച്ചോറും ഒരേ അളവിൽ കലർത്തിയതിൽ വളമായി എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്തു തയാറാക്കിയ മിശ്രിതം നിറയ്ക്കണം. വേരുചീയൽ രോഗം തടയാൻ മിശ്രിതത്തിൽ അൽപം കുമ്മായം കലർത്തുന്നത് ഉപകരിക്കും. കമ്പിന്റെ ചുവടുഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കി താങ്ങു നൽകി നിവർത്തി നിർത്തണം.

വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന പ്ലുമേറിയയ്ക്ക് നന ശ്രദ്ധിച്ചു മാത്രം നൽകുക. നട്ടിരിക്കുന്ന ഇടത്ത് കൂടുതൽ നേരം വെള്ളം കെട്ടി നിന്നാൽ ചെടി ഇല പൊഴിക്കും. നന്നായി വളരാൻ തുടങ്ങിയാൽ വളം പ്രയോഗിക്കാം. തുടക്കത്തിൽ കരുത്തുള്ള വളർച്ചക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റ് നല്ലതാണ്.

പിന്നീട്  ഉണങ്ങിയ ചാണകപ്പൊടി, എൻപികെ 18:18:18  ഇവ മാറി മാറി മാസത്തിലൊരിക്കൽ ചുവട്ടിൽനിന്ന് ഒരടി മാറ്റി മണ്ണിൽ കലർത്തി നൽകാം. കേരളത്തിൽ കടുത്ത മഴക്കാലമൊഴിച്ചുള്ള സമയത്തെല്ലാം പാലച്ചെമ്പകം പല തവണ പുഷ്പിക്കും. പൂക്കൾ അനുകൂല കാലാവസ്ഥയിൽ രണ്ട് ആഴ്ച വരെ ചെടിയിൽ കൊഴിയാതെ നിൽക്കും. നന്നായി ശാഖകൾ ഉണ്ടാകുന്ന ചെടി സമൃദ്ധമായി പൂവിടും.

പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിൽ ഈ മരം ഇല പൊഴിക്കാറുണ്ട്. മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയിലും പാലച്ചെമ്പകം ഇല പൊഴിക്കും. കുമിൾരോഗമാണ് ഇതിനു കാരണം. ഇലയുടെ താഴെ മഞ്ഞ പുള്ളി പോലെ കാണപ്പെടുന്ന രോഗം വഴി ഇലകൾ കൂട്ടത്തോടെ കൊഴിയും.

മഴക്കാലത്തിനു മുൻപ് ഒരു ലീറ്റർ വെള്ളത്തിൽ ഒരു മില്ലി കോൺടാഫ്+ കുമിൾനാശിനി കലർത്തി ചെടി മുഴുവൻ തളിക്കണം. മൂന്ന് ആഴ്ചയിലൊരിക്കൽ മഴക്കാലം തീരുന്നതുവരെ തുടരുകയും വേണം. ഇത് കുമിൾരോഗം പിടിപെടുന്നത് തടയും. രോഗം ബാധിച്ചാൽ ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ഇൻഡോഫിൽ കുമിൾനാശിനി ചേർത്ത് ഇലയുടെ അടിഭാഗമുൾപ്പടെ ചെടി മുഴുവൻ തളിക്കണം. നാലു ദിവസത്തെ ഇടവേളയിൽ രണ്ട് - മൂന്ന് തവണ വീണ്ടും നൽകണം.

Plumeria-alba--1

കീടബാധയ്ക്ക് പ്രതിവിധി

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വളരുന്ന അകത്തള ഇലച്ചെടികളിൽ പലതിന്റെയും ഇലയുടെ അടിയിൽ വെള്ള പഞ്ഞിപോലെ ഒരു വസ്തു കാണപ്പെടുന്നു. ഇത് പിന്നീട് വലുപ്പം വയ്ക്കുകയും ഇലകൾ കൊഴിയുകയും ചെയ്യുന്നു. എന്താണ് പ്രതിവിധി?

മീലി ബഗ് കീടബാധയാകാനാണ് സാധ്യത. ഈ കീടം ഇലയിലെ നീര് ഊറ്റിക്കുടിക്കുന്നത് ഇലകൾ കൊഴിയാൻ ഇടയാക്കും. തുടക്കത്തിൽ കീടശല്യമുള്ള ഭാഗത്ത് സോപ്പു ലായനി ശക്തിയായി തളിക്കുക. കീടബാധ രൂക്ഷമായാൽ ജീവാണു കീടനാശിനിയായ ബവേറിയ (5 മില്ലി/ലീറ്റർ വെള്ളം) നേർപ്പിച്ചത് ഈ ഭാഗത്ത് രണ്ട് - മൂന്ന് തവണ തളിക്കാം. രാസകീടനാശിനിയായ അഗാസ് (2 ഗ്രാം /ലിറ്റർ വെള്ളം) നാലു ദിവസത്തെ ഇടവേളയിൽ തളിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ കടുത്ത വേനൽക്കാലത്ത് പൂക്കൾ  ചെടിയിൽ കൂടുതൽ ദിവസം നിൽക്കുന്നതിന് രണ്ട് ദിവസത്തിെലാരിക്കൽ നന വേണം.

∙ വേനൽക്കാലമൊഴിച്ചുള്ള കാലങ്ങളിൽ കമ്പുകൾ കോതി നിർത്താം.

∙ ചില ഇനങ്ങളിൽ പൂക്കളിൽ പരാഗണം നടന്ന് കായകൾ ഉണ്ടാകാറുണ്ട്. ഇതിലുള്ള വിത്തുകൾ നട്ടുവളർത്തി ഉണ്ടാകുന്ന ചെടികളിൽ പുതിയ നിറത്തിലുള്ള പൂക്കൾ ഉണ്ടാകാനിടയുണ്ട്.

Tags:
  • Columns