Saturday 18 May 2019 04:02 PM IST

‘ബാഹ്യ ശുചിത്വം ആന്തരികമായ ശുദ്ധിയിലേക്ക് നയിക്കും എന്നാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്’

Dr. Divya S Iyer IAS

cleanliness333556

പരീക്ഷക്കാലം കഴിഞ്ഞ്, കളികളിലും ഉല്ലാസയാത്രകളിലും മതിമറക്കുന്ന രണ്ടു മാസത്തെ വേനലവധി ആരംഭിക്കും മുൻപേ ഒരു പ്രധാന ക്രിയാവിധി ഉണ്ടായിരുന്നു വീട്ടിൽ. പോയ കൊല്ലത്തെ പുസ്തകങ്ങളും നോട്ടുകളും ചോദ്യക്കടലാസുകളും അനുബന്ധ സാധനസാമഗ്രികളും തരം തിരിച്ച് പഠനമുറി വൃത്തിയാക്കുക. അങ്ങനെയാണ് അവധിക്കാലത്തെ വരവേൽക്കുന്നത്. ജീവിതത്തിൽ വൃത്തിയും അടുക്കും പകർന്ന ചിട്ടയുടെ ബാലപാഠം.

‘ഗക്കോ സോജി’ യുടെ കഥ

ലോകശ്രദ്ധ ആകർഷിച്ച അത്തരം ഒരു ചിട്ട ജപ്പാനിലെ സ്കൂളുകളിലുണ്ട്. സ്കൂൾ പഠനത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽക്കുള്ള കുട്ടികൾ തങ്ങളുടെ ക്ലാസ് മുറികളും ശൗചാലയങ്ങളും സ്വയം വൃത്തിയാക്കി പരിപാലിക്കുന്നു. കുഞ്ഞുങ്ങളെ നല്ല ചുമതലാബോധമുള്ള പൗരന്മാരാക്കിത്തീർക്കാൻ ഇത് ഏറെ സഹായിക്കുന്നു എന്നവർ ലോകത്തോടു വിളിച്ചു പറയുന്നു. ‘ഗക്കോ സോജി’ – അഥവാ സ്കൂൾ ക്ലെൻസിങ് എന്ന േപരിലാണ് ഈ ചിട്ട അറിയപ്പെടുന്നത്.

2018 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ജാപ്പനീസ് ടീം അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയ നിമിഷം എല്ലാ ഫുട്ബോൾ പ്രേമികൾക്കും ഓർമയുണ്ടാകും. പ ക്ഷേ, അതിനുശേഷം കളിക്കളവും ലോക്കർമുറിയും ഉൾപ്പെടെ വൃത്തിയാക്കി, ആതിഥേയ രാജ്യത്തിനു നന്ദിയും പറഞ്ഞാണ് അവർ മടങ്ങിയത്. കുട്ടിക്കാലത്തെ ഗക്കോ സോജി പോലുള്ള പ്രവൃത്തികൾ ഭാവിയിൽ ഏതു പ്രതിസന്ധിയെ  യും  പക്വതയോടെ കൈകാര്യം ചെയ്യാൻ സഹായിക്കും എന്നതിന് ഉദാഹരണം ആയിരുന്നു ആ കാഴ്ച.

എന്തിനേറെ, വൃത്തിഹീനമായ അന്തരീക്ഷവും അടുക്കും ചിട്ടയുമില്ലാത്ത വാസസ്ഥലങ്ങളുമെല്ലാം വിഷാദരോഗത്തിലേക്കു നയിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞർ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുമുണ്ട്. വൃത്തിയും വെടിപ്പും കർശനമായ നിയമങ്ങളിലൂടെ ഉറപ്പു വരുത്തുന്ന രാജ്യങ്ങളുമുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സിംഗപ്പൂർ.

സ്കൗട്ട്സ് & ഗൈഡ്സിലും പിന്നീട് മെഡിക്കൽ കോളജിലും ഐഎഎസ് അക്കാദമിയിലുമെല്ലാം ഊന്നൽ നൽകിയിരുന്ന ഒരു പ്രവൃത്തിയായിരുന്നു ‘ശ്രമ്‌ദാൻ’. കളിസ്ഥലങ്ങളും  ഗ്രാമങ്ങളും റോഡുകളും ഒക്കെ വൃത്തിയാക്കാൻ നമ്മുടെ ഒരു ദിവസത്തെ അധ്വാനം നൽകുന്ന പ്രവൃത്തിയായിരുന്നു അത്.

അദ്ഭുതപ്പെടുത്തിയ ഗ്രാമം

ഭാരതമാകെ സ്വച്ഛതയ്ക്കായി കൈകോർക്കുമ്പോൾ വളരെക്കാലം മുൻപു മാതൃകാപരമായ പ്രവൃത്തി കാഴ്ചവച്ച ഗ്രാമം സന്ദർശിക്കാനിടയായി. മഹാരാഷ്ട്രയിലെ ‘ഝിറോണ’ എന്ന ചെറിയ ഗ്രാമത്തിൽ അവരിൽ ഒരാളായി ഒരാഴ്ച താമസിച്ചു. ഇല്ലായ്മകളിലും ഝിറോണാ നിവാസികൾ കാട്ടിയ ശുചിത്വബോധവും ചിട്ടയാർന്ന ദിനചര്യകളും എന്നെ അ ദ്ഭുതപ്പെടുത്തി.

ദിവസവും വീടും പരിസരവും ഗ്രാമത്തിന്റെ പൊതുസ്ഥലങ്ങളും അവർ വൃത്തിയാക്കും. മനോഹരമായ കോലങ്ങളും  ചുമർചിത്രങ്ങളുംകൊണ്ട് വീടുകൾ അവർ അലങ്കരിക്കും. മൺകുടിലിനും ഓലമേഞ്ഞ ഗൃഹങ്ങൾക്കുമെല്ലാം ശൗചാലയം ഉണ്ടായിരുന്നു. സന്ത് ഗഡ്ഗേ ബാബാ എന്ന സന്യാസിയുടെ ബോധനം ആയിരുന്നു ഇതിലേക്ക് അവരെ നയിച്ചത്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം മാനസിക സന്തോഷത്തിലും നിർണായകമാണെന്ന് അവിടെ ഞങ്ങൾ നടത്തിയ സാമൂഹിക പഠനത്തിൽ വ്യക്തമായി.

ബാഹ്യമായ ശുചിത്വം ആന്തരികമായ ശുദ്ധിയിലേക്കു നയിക്കും എന്നാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്. വേനൽകാലത്തെ തീക്ഷ്ണമായ ചൂടിൽ രോഗങ്ങളെ ചെറുത്തു നിൽക്കാൻ ശുചിത്വം എത്രമാത്രം പ്രധാനമാണോ അത്രയും ആവശ്യമാണ് മനസ്സിലെ മാലിന്യങ്ങളെ അകറ്റി കറയറ്റ കാഴ്ചപ്പാടോടെ വരും ദിനങ്ങളെ ആസ്വദിക്കുക എന്നത്. 

വൃത്തിയും വെടിപ്പും അകംപുറം സ്വായത്തമാക്കാൻ തക്ക ക്രിയാത്മകമായ പ്രവൃത്തികളിൽ കുട്ടികളെ വ്യാപൃതരാക്കാൻ നമുക്കും പരിശ്രമിക്കാം. വേനലിൽ ഒരു മഴ എന്ന പോലെ അവർക്ക് അതു കുളിർമയേകും. അതിലുപരി പിഞ്ചുമനസ്സുകൾ കളങ്കമറ്റതാക്കി മാറുകയും ചെയ്യും. പിന്നെ, ആ മഴ എന്നും അവരുടെ മനസ്സിൽ പെയ്തു കൊണ്ടേയിരിക്കും.  

വരണ്ട ഭൂമിക്കു ജീവാമൃതമായി ‘മേഘമൽഹാർ’ രാഗം ആ ലപിച്ച് സംഗീതത്തിലൂടെ മഴ പെയ്യിച്ച വിഖ്യാത സംഗീതജ്ഞന്‍  ടാന്‍സന്റെ കഥ എല്ലാവരും കേട്ടിട്ടുണ്ടല്ലോ?  അതുപോലെ ദുഷ്ചിന്തകളെ കീഴ്പടുത്തി മനസ്സ് വീണ്ടെടുക്കാൻ ഒരു സുന്ദര രാഗമായി മാറട്ടെ ഈ വേനൽ ദിനങ്ങൾ.

സന്തോഷത്തിന്റെ പൂത്തിരി

മേരി കോൺഡോ രചിച്ച  The Life Changing Magic of Tidying Up  എന്ന ബെസ്റ്റ് സെല്ലർ പുസ്തകം  ഇതിനകം ലക്ഷക്കണക്കിന് ആളുകളെ വെടിപ്പാർന്ന ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിച്ചു കഴിഞ്ഞു. അലമാരയും ഡെസ്കും മുറിയും അടുക്കിപ്പെറുക്കി വയ്ക്കുന്നതു മുതൽ മാനസിക ശുദ്ധി കലശം നടത്തുന്നതിനു വരെ ഇതിൽ പറഞ്ഞിരിക്കുന്ന മാർഗം പ്രയോജനകരമാണ്. ഇങ്ങനെയൊരു സാക്ഷ്യപത്രം നൽകിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വായനക്കാരാണ്.

‘കോൺമാരി മെതേഡ്’ എന്ന്് അറിയപ്പെടുന്ന ഈ മാർഗത്തിന്റെ നാഴികക്കല്ല് ഒരു ചോദ്യമാണ്; ഇത് നിങ്ങളിൽ സന്തോഷം ഉളവാകുന്നുവോ? ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ ‘അത്’ (സാധനം / ചിന്ത / പ്രവര്‍ത്തി തുടങ്ങി  എന്തുമാകാം) അത് നിലനിർത്തുക.  ഇല്ല എന്നാണ് ഉത്തരം എങ്കിൽ അത് എടുത്തു മാറ്റുക / തുടച്ചു നീക്കുക.

ഇത്രയും ലളിതമായ രീതിയിൽ ജീവിതത്തിൽ വൃത്തിയും വെടിപ്പും കൊണ്ടുവന്ന് സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാമെന്ന തിരിച്ചറിവിലാണ് എല്ലാവരും ഇത് അഭ്യസിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്കും ഈ മാന്ത്രിക മാർഗം പകർന്നു നൽകാം.