Friday 08 November 2019 05:05 PM IST

‘മുടി നരച്ചാൽ നാണക്കേട്, നിറം മങ്ങിയാൽ ചമ്മൽ’; ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കരുത്!

Dr. Divya S Iyer IAS

1558175537420di

ജൈവ ശാസ്ത്രത്തിന്റെ വളർച്ചയിൽ ഏറ്റവും വലിയ വഴിത്തിരിവായ ‌പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് ചാൾസ് ഡാർവിൻ. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഡാർവിൻ ജീവിതത്തിൽ ഒന്നിനും കൊള്ളാത്തവനാണെന്ന് തന്റെ അച്ഛൻ വരെ കരുതിയിരുന്നു എന്നദ്ദേഹം തന്റെ  ആത്മകഥയിൽ പറയുന്നുണ്ട്. കലാലയ ജീവിതം പകുതിവച്ചു മതിയാക്കി ഡാർവിൻ പ്രകൃതിയെക്കുറിച്ചു പഠിക്കാനിറങ്ങി. ‘‘നായ്ക്കളെ വെടി വയ്ക്കാനും എലിയെ പിടിക്കാനുമല്ലാതെ ഒന്നിനും കൊള്ളില്ല നിന്നെ’’ എന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ അന്നു പറഞ്ഞത്. അപമാന ഭാരത്താൽ നീറിയെങ്കിലും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ അസാനിപ്പിക്കുകയോ അതിൽ നിന്ന് ഒളിച്ചോടുകയോ െചയ്തില്ല. ആ നാണക്കേടിൽ നിന്നെങ്ങനെ കര കയറാം എന്നാണ് ആലോചിച്ചത്. വർഷങ്ങൾക്കുശേഷം ആ പ്രകൃതി സ്നേഹം പരിണാമ സിദ്ധാന്തത്തിലേക്കു തന്നെ നയിച്ചപ്പോൾ അപമാനം അഭിമാനമായി മാറി.

നാണക്കേട് എന്ന വികാരം നമുക്കെല്ലാം പല സന്ദർഭങ്ങളിൽ അനുഭവപ്പെട്ടിട്ടുള്ളതാണ്. എന്നാൽ അതിനർഹിക്കുന്നതിൽ അധികം പ്രാധാന്യം നൽകുമ്പോഴാണ് നാം ചിലപ്പോൾ ജീവിതത്തിൽ നിന്നു തന്നെ ഓടിയൊളിക്കാൻ ശ്രമിക്കുന്നത്.  അപമാനം എന്ന വികാരത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചെറുപ്പം മുതലേ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.  

ഒരു കുഞ്ഞ് നാണക്കേടിനെക്കുറിച്ചു ആദ്യം കേൾക്കുന്നത് ഉടുപ്പ് ഊരുമ്പോഴോ മൂത്ര മൊഴിക്കുമ്പോഴോ ‘അയ്യേ...’ എ ന്ന് മറ്റൊരാൾ പറയുമ്പോഴായിരിക്കും. ഇത് ആരോഗ്യകരമാ  യ ഒരു തുടക്കം അല്ല എന്ന് മനഃശാസ്ത്രജ്ഞൻ പറയുന്നു.  കാരണം, മറച്ചു വയ്ക്കേണ്ടതാണ് ശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള വിഷയങ്ങൾ എന്ന തെറ്റിദ്ധാരണയാണ് ഇതുമൂലം കുട്ടികൾക്കുണ്ടാകുന്നത്.  എന്തും മറച്ചു വച്ചാൽ നാണക്കേടുണ്ടാകില്ല എന്ന അപകടകരമായ ചിന്തയും ഇതിൽ നിന്ന് ഉടലെടുക്കുന്നു. ലൈംഗിക ചൂഷണ അനുഭവങ്ങൾ വരെ ആരെയും അറിയിക്കാതെ സഹികെടുമ്പോൾ എല്ലാം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ ഇത് എത്തിക്കുന്നു.

നാലു തരം

ജോസഫ് ബർഗോ തന്റെ 'Shame' എന്ന പുസ്തകത്തിൽ നാ   ലു വിധത്തിൽ പ്രധാനമായും ലജ്ജയെ തരം തിരിക്കുന്നു.

1. Basic shame - ചമ്മൽ: നാം ഉദ്ദേശിക്കുന്ന കാര്യം നടന്നില്ലെങ്കിൽ, ചെയ്ത കാര്യം ചീറ്റിപ്പോകുമ്പോൾ ഉണ്ടാകുന്ന ചമ്മൽ. അതായത്, പ്രതീക്ഷിച്ചയിടത്തു നിന്നു നമുക്കാവശ്യമായ പ്രതികരണം ലഭിക്കാതെ വരുമ്പോൾ തോന്നുന്ന ലജ്ജ.

ഉദാ: തമാശ പറഞ്ഞിട്ട് ആരും ചിരിച്ചില്ല.

2. Shame due to unwanted exposure - ജാള്യത: മറ്റുള്ളവരുടെ മുന്നിൽ അപമാനിതനാകുമ്പോൾ ഉണ്ടാകുന്ന ലജ്ജ. കളങ്കം തട്ടിയെന്ന തോന്നൽ.

ഉദാ: ക്ലാസിൽ ടീച്ചർ ശിക്ഷിക്കുമ്പോൾ, ബന്ധുക്കളുടെ മുന്നിൽവച്ച് മാതാപിതാക്കൾ വഴക്കു പറയുമ്പോൾ.

3. Shame due to Disappointed Expectation - അപകീർത്തി: പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്ത അവസരങ്ങളിൽ  ഉണ്ടാകുന്ന നാണക്കേട്. ഇത് ‘തോൽവി’ അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ തീവ്രമാകും.

ഉദാ: പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ, വേഷവിധാനം സഹപാഠികളെക്കാൾ മോശം എന്നു തോന്നുമ്പോൾ.

4. Shame due to Exclusion - ഒറ്റപ്പെടൽ ഉളവാക്കുന്ന തീക്ഷ്ണമായ സങ്കോചം: കുടുംബത്തിലോ പ്രണയബന്ധത്തിലോ സ മൂഹത്തിലോ താൻ തനിച്ചാകുന്നു, അന്യാധീനപ്പെടുന്നു എന്നു തോന്നുമ്പോൾ  ഉണ്ടാകുന്ന ലജ്ജയും ഉൾവലിയലും ഒന്നൊന്നായോ ഒരുമിച്ചോ ഇവയോരോന്നും അനുഭവപ്പെടുമ്പോഴും സധൈര്യം അവയെ അംഗീകരിച്ച് അതിജീവിക്കാൻ സാധിക്കണം.

മുടി നരച്ചാൽ നാണക്കേട്, മുഖക്കുരു വന്നാൽ മാനക്കേട്, നിറം മങ്ങിയാൽ ചമ്മൽ എന്നുവേണ്ട മനുഷ്യ സഹജമായ സ്വാഭാവികമായ കാര്യങ്ങളെപ്പോലും പലപ്പോഴും നമ്മൾ നാണക്കേടായി  മുദ്രകുത്താറില്ലേ? മത്സരത്തിൽ ജയിച്ചില്ലെങ്കി ൽ, പരീക്ഷയിൽ എ പ്ലസ് കിട്ടിയില്ലെങ്കിൽ, സർക്കാർ ജോലി ലഭിച്ചില്ലെങ്കിൽ എന്നു തുടങ്ങി  ഒട്ടേറെ കാര്യങ്ങളെ മാനക്കേടുമായി ബന്ധിപ്പിച്ച് പെരുമാറുന്നതിന് വരുത്തിയേ തീരൂ. 

പല കാര്യങ്ങൾക്കും അനാവശ്യ ഗൗരവം കൽപിച്ച് വ്യക്തികളുടെ മേൽ മാനക്കേടിന്റെ ബാണം തൊടുത്തുവിടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അഥവാ നമുക്ക് അങ്ങനെയൊരു ശരമേറ്റാലും അതിനെ പറിച്ചു മാറ്റി ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാൻ കഴിയണം.

പക്വത ആർജിക്കാൻ

സിവിൽ സർവീസ് പരീക്ഷയിലെ ഇന്റർവ്യൂ നേരിടാൻ തയാറെടുക്കുമ്പോൾ ഏറ്റവും വിലപ്പെട്ട ഉപദേശങ്ങൾ നൽകിയ ഗുരുനാഥൻ ടി.പി. ശ്രീനിവാസൻ സാർ പറഞ്ഞു, ‘‘അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തുറന്നു പറയുന്നതിൽ യാതൊരു നാണക്കേടും വേണ്ട. സ്വന്തം അറിവിനെയും കഴിവുകളെയും കുറിച്ച് ആത്മാർഥമായ ധാരണ ഉള്ള വ്യക്തികൾക്കു മാത്രമെ നല്ല നേതാക്കൾ ആകാൻ സാധിക്കൂ.’’ ഇന്നും ദിനംപ്രതി പുതിയ വിഷയങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഈ ഉപദേശം പാലിക്കാറുണ്ട്. 

അജ്ഞത മറയ്ക്കാൻ ഉള്ളതല്ല, മറികടക്കാനുള്ളതാണ് – അറിവ് നേടുന്നതിലൂടെയും പഠനത്തിലൂടെയും. പ്രശസ്ത കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ഡഗ്‍ലസ് എൻജൽബർട്ട് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘‘ഒരു മനുഷ്യ ൻ പക്വത ആർജിക്കുന്നത് അവന് താങ്ങാൻ കഴിയുന്ന നാണക്കേടിന് ആനുപാതികമായി മാത്രമാണ്.’’