Saturday 01 June 2019 04:38 PM IST

‘ബാല്യകാലത്തെ തിക്താനുഭവങ്ങളിൽ നിന്നുപോലും പ്രചോദനമുൾക്കൊണ്ട് കരുത്തരാകാൻ കു‍‍ഞ്ഞുങ്ങളെ പ്രാപ്തരാക്കണം’

Dr. Divya S Iyer IAS

divya-cccun

മനുഷ്യ – വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള ചർച്ചയിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആനക്കൂട്ടങ്ങളുടെ ഒാര്‍മശക്തിയെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ കേട്ടിരുന്നു.  ആഹാരവും ജലവും തേടി സഞ്ചരിച്ച വഴികൾ ആനകൾ ഒരിക്കലും മറക്കില്ലത്രേ. പണ്ട് സഞ്ചരിച്ച പാത കൃത്യം  ഓർമിച്ച് അതേ വഴിയിലൂടെ അവർ വീണ്ടും  വരും. 

ഇന്നത്തെകാലത്ത് ആ വരവിൽ ചിലപ്പോൾ അവർ കണ്ടെത്തുക വനവും വെള്ളവും അല്ല, മനുഷ്യരുടെ വാസസ്ഥലങ്ങളും റോഡും ഒക്കെയാകും. കേരളത്തിൽ പലയിടത്തും ആനക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നതു കാണുന്നത് ഇതു മൂലമാണ് എന്നദ്ദേഹം വിശദീകരിച്ചു.   

കാലാന്തരങ്ങൾക്കപ്പുറം സഹജീവികളെ തിരിച്ചറിയാനും സ്ഥലങ്ങൾ ഓർത്തെടുക്കാനുള്ള ആനകളുടെ കഴിവ് അപാരമാണ്. ആനയുടെ ബുദ്ധി ശരീരത്തിനൊത്തു വലുതാണ്. ശാസ്ത്രീയമായി പറഞ്ഞാല്‍, കരയിൽ ജീവിക്കുന്ന സസ്തന ജീവികളിൽ ‘ഈ ക്യൂ’ (EQ. Encephalisation Quotient'– ബുദ്ധിയുടെ ഘനം ശരീര ഘനത്തിന്റെ ആനുപാതികമായി എത്രയാണ് എന്നു  നിർണയിക്കുന്ന സംഖ്യ) ഏറ്റവും അധികമുള്ള ജീവികളില്‍ ഒന്ന് ആനയാണ്. മനുഷ്യനും ചിമ്പൻസിക്കുമൊക്കെ ‘ഈ ക്യൂ’  ആനയുടേതിേനക്കാള്‍ കൂടുതലായതിനാൽ കാര്യങ്ങൾ ഗ്രഹിക്കാനും വീണ്ടെടുക്കാനുമെല്ലാം വളരെ എളുപ്പമാണ്. എന്നാൽ ഈ ഓർമകൾ മനുഷ്യമനസ്സിനെ എപ്രകാരം സ്വാധീനിക്കുന്നു എന്നുള്ളതാണ് പ്രധാനം.

കുട്ടിക്കാലത്തു സ്വരൂപിക്കുന്ന ഓർമകൾക്കാണ് ഏറ്റവും അധികം സ്വാധീനം ചെലുത്താനുള്ള ത്രാണി എന്ന് മനുഷ്യനിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.  

തിരിച്ചടികളിൽ നിന്നു പുതിയ വഴികൾ

കുട്ടിക്കാലത്ത് വരൾച്ചയെ അതിജീവിച്ച കുട്ടിയാന വളർന്നു വലുതാകുമ്പോൾ വരൾച്ചയുടെ അപായ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അത്തരം സ്ഥലങ്ങളിൽ നിന്നു നീങ്ങും. ഇതേപോലെ ബാല്യകാലസ്മരണകളിലെ തിക്തമായ അനുഭവങ്ങളിൽ നിന്നു പോലും  പ്രചോദനമുൾക്കൊണ്ട് കരുത്തരാകാൻ നമ്മുടെ കു‍‍ഞ്ഞുങ്ങളെ പ്രാപ്തരാക്കണം.

അങ്ങനെ ചിന്തിക്കുന്ന ഒരു കുട്ടിയെ ഒരിക്കൽ കണ്ടിരുന്നു. വെല്ലൂര്‍ മെഡിക്കല്‍ േകാളജില്‍ നിന്നു പഠനം പൂർത്തിയാക്കി, ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന കാലം. ഒരുനാൾ ഉച്ചയ്ക്ക് ഒപിയിൽ മെലിഞ്ഞ ശരീരപ്രകൃതമുള്ള ആ പെൺകുട്ടി എത്തി. ഒപ്പം ക്ഷീണിതയായ അമ്മച്ചിയും. അമ്മച്ചിയുടെ അസുഖത്തിനു ചികിത്സതേടി വന്ന അവളോട് കൂടുതൽ സംസാരിച്ചപ്പോളാണ് അവൾ കടന്നുവന്ന ജീവിതം  മനസ്സിലായത്.

ചെറുപ്പത്തിൽ ഒരു അനിഷ്ട സംഭവത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. ഈ അമ്മച്ചിയാണ് അവളെയും സഹോദരനെയും വളർത്തിയത്. ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അച്ഛനെയും അമ്മയെയും രക്ഷിക്കാൻ കഴിയാതിരുന്നത് അവളുടെ പിഞ്ചുമനസ്സിൽ വേദനയായി ദൃഢമായി പതിഞ്ഞിരുന്നു. ‘‘ആ ഓർമ എന്നും  എനിക്ക് പ്രചോദനമാണ്, പഠിച്ച് വലുതായി ഒരു ഡോക്ടറാകണം. എന്നെപ്പോലെയുള്ള കുട്ടികളെ സഹായിക്കണം.’’ വേദന പോലും പ്രതീക്ഷയായി മാറ്റുന്ന മനസ്സിന്റെ കഴിവാണത്.

ഗബ്രിയൽ ഗാർസിയ മാർക്വിസിന്റെ ‘ലവ് ഇൻ ദി ടൈം ഓഫ് കോളറ’ എന്ന േനാവലിലൊരു വാചകം ഉണ്ട്. ‘ഹൃദയത്തിന്റെ സ്മരണകൾ ചീത്ത  ഓർമകളെ ഒഴിവാക്കുകയും  നല്ല ഓർമകളെ പെരുപ്പിച്ചു കാട്ടുകയും ചെയ്യുന്നു.’ ഭൂതകാലത്തിന്റെ ഭാരം താങ്ങാൻ നമ്മെ പ്രാപ്തരാക്കുന്ന ഈ ഹൃദയതന്ത്രത്തിനു നന്ദി... എല്ലാവർക്കും ഈ സൂത്രപ്പണി ചെയ്യുന്ന മനസ്സുണ്ടെങ്കിൽ നന്ന്.  ഇല്ല എങ്കിൽ ബോധപൂർവം ഈ തന്ത്രം മനസ്സിനെ പഠിപ്പിച്ചെടുക്കാം. ഭാവിക്ക് ഉത്തേജനം നൽകുന്ന രീതിയിൽ ഓർമകൾ  വാർത്തെടുക്കാനാകണം. അത്തരം മനോഭാവം വളർത്താൻ കുരുന്നുകളെ പ്രേരിപ്പിക്കുന്ന പെരുമാറ്റ രീതിയും അന്തരീക്ഷവും ഒരുക്കേണ്ടത് മുതിർന്നവരാണ്. പരീക്ഷാച്ചൂടിൽ നിന്നു വേനൽചൂടിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ കുതിക്കുമ്പോൾ അവരുടെ ഓർമ പുസ്തകത്തിൽ വർണാഭമായ അനുഭവ ചിത്രങ്ങൾ വരയ്ക്കാൻ നമുക്കും സഹായിക്കാം.

നിറമാർന്ന ഓർമകൾ

സങ്കടം പോലും  ഭാവിയിൽ ആഹ്ളാദത്തിനുള്ള ഇന്ധനമാക്കാമെന്ന് നൂറ്റാണ്ടുകൾക്ക്  മുൻപേ മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു. കായിക മൽസരങ്ങളുടെ പരമോന്നത  വേദിയായ ഒളിംപിക്സിന്റെ പിറവി അതിനു നല്ല ഉദാഹരണമാണ്. യുദ്ധത്തിലെ നാശനഷ്ടം, ജീവത്യാഗം  ഇവ മനുഷ്യമനസ്സിൽ ദുഃഖത്തിന്റെ ഇരുട്ട് നിറയ്ക്കും. അത്തരം ന ഷ്ടങ്ങളോടുള്ള ആദരസൂചകമായാണ് പ്രാചീന ഗ്രീസിലെ ഒളിംപസ് പർവതത്തിൽ ഈ കായിക മാമാങ്കം ആ രംഭിച്ചത്. തുടക്കത്തിൽ ഫ്യുണറൽ ഗെയിംസ് എന്നായിരുന്നു പേര്. പതിയെ ആ പേരും സങ്കടസ്മരണയും മാഞ്ഞു. പകരം ലോകത്തിനാകെ സന്തോഷത്തിന്റെ ദീപശിഖ തെളിയിക്കുന്ന ഒാർമയായി ഒളിംപിക്സ് മാറി.