Monday 05 August 2019 04:08 PM IST

‘മിതമായി പെയ്യുന്ന മഴ പോലെ മനോഹരമാണ് ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന മിതത്വം!’

Dr. Divya S Iyer IAS

divya999ml000

മഴയെക്കാൾ മഹത്തായി മാനമെന്തൊന്നു നൽകിടാൻ– എന്ന വരികൾ ഉദ്ധരിക്കുമ്പോഴും മലയാളിയുടെ മനസ്സിൽ പ്രളയം ഏൽപിച്ച കറകൾ മായാതെ നിൽക്കുന്നു. ലോകത്തെവിടെയുള്ള മലയാളിക്കും ഇഷ്ടമാണ് മഴ. പക്ഷേ,  അത് കൂടുന്നതു മൂലമുള്ള  പ്രളയമോ തീരെ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന വരൾച്ചയൊ നമുക്കു വേണ്ട. മിതമായി പെയ്യുന്ന മഴയാണ് മനോഹരം. അത് മഴയുടെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലും അങ്ങനെ തന്നെയാണ്. ജീവിതത്തിലും മനഃശാന്തി നൽകുന്ന ഗുണം തിരഞ്ഞെടുക്കാൻ പറ‍ഞ്ഞാൽ അത് മിതത്വം ആയിരിക്കും.

കുഞ്ഞുങ്ങളെ രസിപ്പിക്കാനായി പലപ്പോഴും നമ്മുടെ ഭാവങ്ങളെയും വികാരങ്ങളെയും പെരുപ്പിച്ചു പ്രകടിപ്പിക്കുക പതിവാണ്. എന്നാൽ ഈ അതിഭാവുകത്വം അവർ ജീവിതത്തെ കാണുന്ന ‘ലെൻസ്’ ആയി മാറരുത്.  

ഭാവിയിൽ ഉണ്ടാകാവുന്ന അനുകൂല ഘടകങ്ങളെയും തടസ്സങ്ങളേയും നേരിടാൻ മിതത്വമുള്ള കാഴ്ചപ്പാടാണ് നല്ലത്. അതിവൈകാരികത ഇല്ലാത്ത മിതത്വ ശീലങ്ങളാകണം അവരുടെ ചിന്തയുടെ അടിത്തറ. ഇത് കുട്ടികൾക്ക് ചെറുപ്പത്തിലേ പ്രാപ്തമാകുകയും വേണം. നേട്ടവും നഷ്ടവും സമ്മിശ്രമായ ജീവിതപാതയിൽ സമചിത്തതയുടെ മധ്യ മാർഗം ശ്രദ്ധാപൂർവം ചുവടു വയ്ക്കാൻ  അവരെ സഹായിക്കും.

ബുദ്ധമതത്തിന്റെ കാതലായ തത്വങ്ങളിലൊന്നാണ് മധ്യ മാർഗം. (The middle way). ഇത് വ്യക്തമാക്കുന്നൊരു കഥ പറയാം. ഭിക്കുസോന എന്ന ധനികൻ സർവസ്വവും ഉപേക്ഷിച്ച് ബുദ്ധന്റെ പാത പിന്തുടരാൻ തീരുമാനിച്ചു. കാട്ടിൽ അതികഠിനമായ തപസ്സിനൊടുവിലും അദ്ദേഹത്തിന് ബോധോദയം കൈവന്നില്ല.

കാനനജീവിതത്തിന്റെ പീഡകളിൽ ശരീരക്ലേശം ഏറിയപ്പോഴും അദ്ദേഹം തപസ്സ് തുടർന്നു. കാലം കുറെ കടന്നു പോയിട്ടും ഫലം കാണാതായപ്പോൾ അദ്ദേഹം നാട്ടിലേക്ക് മടങ്ങാനൊരുങ്ങി. യാത്രാമധ്യേ ശ്രീബുദ്ധനെ കണ്ടു. തപസ്സ് നിഷ്ഫലമായെന്ന് പറഞ്ഞ സോനയോട് ബുദ്ധൻ ചോദിച്ചു.  

ശ്രീബുദ്ധന്റെ ചോദ്യങ്ങൾ

‘സന്യാസി ആകും മുൻപ് താങ്കൾ മികവുറ്റ സംഗീതജ്ഞനും വീണാവാദകനുമായിരുന്നല്ലോ? വീണ വായിക്കുമ്പോൾ അതിന്റെ തന്ത്രികൾ അത്യധികം മുറുക്കിയാൽ മധുരമായ  ഈണം മീട്ടാൻ സാധിക്കുമായിരുന്നോ?

‘ഇല്ല, സാധ്യമല്ല.’ സോന പറഞ്ഞു.

 ‘തന്ത്രികൾ തീരെ അയഞ്ഞാലോ? അപ്പോൾ ശ്രവ്യസുന്ദരമായ സംഗീതം ഉണ്ടാകുമോ?’

‘ഇല്ല, ഉണ്ടാകില്ല.’ സോന ഉറപ്പിച്ചു പറഞ്ഞു.

‘എപ്പോഴാണ് ഈണത്തിൽ വീണ മീട്ടാനാകുന്നത്?’ വീണ്ടും ശ്രീബുദ്ധൻ ചോദിച്ചു.

‘ഒത്തിരി ഇറുകരുത്. തീരെ അയയരുത്. കൃത്യമായി വീണക്കമ്പി മുറുക്കണം. അപ്പോൾ നന്നായി മീട്ടാൻ കഴിയും’

ജീവിതവിപഞ്ചികയിലും അതുതന്നെ ഭവിക്കും എന്നു ശ്രീബുദ്ധൻ സോനയ്ക്കു ബോധനം നൽകി. ഉപകരണ സംഗീതത്തിലെന്ന പോലെ തക്കതായ നാദം കണ്ടെത്താൻ ജീവിതത്തിലും  അധ്വാനവും  മിതത്വമാർന്ന സമീപനവും വേണം. അത് തീവ്രതയുടെ രണ്ടറ്റങ്ങളിലേക്കു പോയാൽ ഗുണഫലമില്ലാതാകും.  ഒരു തുലാസിലെ സമനില എന്ന പോലെ ആയാസത്തിന്റെയും അനായാസത്തിന്റെയും  മധ്യത്തിലൂടെ ചലിക്കാൻ നമുക്കിഷ്്ടമാകും. എന്നാൽ എങ്ങനെയാണീ ത്രാസിനെ സമനിലയിലെത്തിക്കുക എന്നതാണ് വലിയ ചോദ്യം. വളരെ സരസമായി ഇതിനെ കുഞ്ഞുണ്ണി മാഷ് അവതരിപ്പിക്കുന്നു.  

താഴോട്ടു നോക്കിയാൽ ഭൂമി കാണാം

മേലോട്ടു നോക്കിയാൽ മാനം കാണാം

നേരെ നോക്കിടുകിൽ ഭൂമിയും മാനവു

മൊന്നിച്ചു ചേരുന്ന കാഴ്ച കാണാം,

നന്നായൊന്നിച്ചു ചേരുന്ന കാഴ്ച കാണാം.

അനേകം ചുമതലകളുള്ള ഉദ്യോഗവും വ്യക്തി ജീവിതവും തമ്മിൽ എങ്ങനെയാണ് ‘വർക് ലൈഫ് ബാലൻസ്’ നേടുന്നത് എന്ന ചോദ്യം പല പൊതു വേദിയിലും വിദ്യാർഥികൾ എന്നോടു ചോദിച്ചിട്ടുണ്ട്. അപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ മേൽപറഞ്ഞ വരികളാണ് ഞാൻ ഉപമിക്കുന്നത്.  

ഭൂമിയും മാനവും പോലെ കുടുംബജീവിതവും ഔദ്യോഗിക ജീവിതവും ഒത്തുചേരുന്ന കാഴ്ച നൽകുന്ന ദിശ നോക്കി സഞ്ചരിക്കുക. ബാലൻസ് ഉണ്ടായിക്കോളും.

പരസ്പര പൂരകം ആകാം

ഭാരതത്തിലെ ഒരു സംസ്ഥാനത്തിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസും ഡൽഹി ഹൈകോർട്ടിന്റെ  ആദ്യ വനിതാ ജഡ്ജും ആയിരുന്നു ലെയ്‌ലാ സേത്. പ്രശസ്ത എഴുത്തുകാരൻ വിക്രം സേത്തിന്റെ അമ്മ. 'On Balance' എന്നാണ് ലെയ്‌ലയുടെ ആത്മകഥയുടെ പേര്.

ലണ്ടൻ ജീവിതകാലത്ത് ജോലിക്കു പോകാൻ തീരുമാനിച്ചതിനെക്കുറിച്ച് അവർ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. നിയമം എന്ന വിഷയത്തോടുള്ള വലിയ ഇഷ്ടം കൊണ്ടല്ല മകന്റെ പരിപാലനത്തിനു വേണ്ടിയായിരുന്നു അവർ ജോലിക്കു പോകാൻ തീരുമാനിച്ചത്. മൂന്നാം വയസ്സിലാണ് മകൻ വിക്രമിനെ ഇന്ത്യയിൽ നിന്നു ലണ്ടനിലേക്ക് കൊണ്ടു പോകുന്നത്.

73–ാം വയസ്സിൽ ആത്മകഥാ പ്രകാശനവേളയിൽ ലെയ്‌ലാ സേത് നൽകിയ സന്ദേശം ഇതു മാത്രം. ‘ഒരു വീട്ടമ്മ ആയിരുന്നാൽ നല്ലൊരു ഉദ്യോഗസ്ഥ ആകാൻ സാധിക്കില്ലെന്നോ ഒരു ഉദ്യോഗസ്ഥ ആയാൽ നല്ലൊരു വീട്ടമ്മ ആകാൻ സാധിക്കില്ലെന്നോ ഒരിക്കലും കരുതരുത്.’

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരേ പോലെ നീതി പുലർത്തണമെങ്കിൽ അവ പരസ്പര പൂരകം ആകണം.  അതാണ് മനഃശാന്തി നൽകുന്ന ആ മധ്യ മാർഗം.