Tuesday 22 June 2021 03:27 PM IST : By Ratheesh R. Menon

പരാതിപെട്ടാലും ആ നമ്പരിലേക്ക് എത്താനാകില്ല; വ്യാജ കസ്റ്റമർ കെയർ നമ്പരുകളിൽ കബളിപ്പിക്കപ്പെടരുതേ...

customer-care-fff-

ഒരു മണി ട്രാൻസ്ഫർ അക്കൗണ്ട് ആപ് ഫോണിൽ ഇൻസ്റ്റാള്‍ ചെയ്തപ്പോൾ പണം നഷ്ടപ്പെട്ടു എന്ന പരാതിയുമായി സുഹൃത്ത് ഈയിടെ എന്നെ കാണാൻ വന്നു. പണം കൈമാറാനുള്ള ‘പ്രമുഖ’ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചപ്പോൾ വന്ന ERROR ആണ് അവരെ തട്ടിപ്പുകാരുടെ വലയിലേക്ക് വീഴ്ത്തിയത്.

സംഭവം ഇങ്ങനെ. ഇറർ സംഭവിച്ച വിവരം ആപ് നിർമാതാക്കളെ അറിയിക്കാനായി കസ്റ്റമർ കെയർ നമ്പരിലേക്കു വിളിച്ചെങ്കിലും ആ ടോൾ ഫ്രീ നമ്പർ തുടർച്ചയായി എൻഗേജ്ഡ‍് ആയിരുന്നു. ഇതോടെ മകൾ സഹായത്തിനെത്തി. ഗൂഗിളിൽ സെർച്ച് ചെയ്ത് മറ്റൊരു നമ്പർ കണ്ടെത്തി. ആ കോൾ പെട്ടെന്നു തന്നെ കണക്ട് ആയി. ‘കസ്റ്റമർ കെയർ’ നമ്പരിൽ നിന്നുള്ള നിർദേശം അനുസരിച്ച് ഫോണിലേക്കെത്തിയ ഒടിപി അടക്കം ഷെയർ ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടത്.

ഇന്ന് മുൻനിരയിലുള്ള ഒട്ടുമിക്ക മണി ട്രാൻസ്ഫർ ആപ്പു കളുടെയും കസ്റ്റമർ കെയർ നമ്പരായി ഗൂഗിൾ സെർച് വഴി  കിട്ടിയ നമ്പരിലേക്കാണ് പെൺകുട്ടി വിളിച്ചത്. മുൻനിര ബാങ്കുകൾ മുതൽ പേടിഎമ്മിന്റെയും ബീം ആപ്പിന്റെയും തേസ് ആപ്പിന്റെയുമൊക്കെ കസ്റ്റമർ കെയർ നമ്പർ ഇതാണെന്ന മ ട്ടിൽ പ്രസിദ്ധീകരിച്ച വിവിധ ആർട്ടിക്കിളുകളും ബ്ലോഗുകളും ഉണ്ട്. ഇതെല്ലാം തട്ടിപ്പുകാരുടെ പണിയാണെന്ന് പണം നഷ്ടപ്പെട്ട ശേഷമാണ് മനസ്സിലായതെന്നു മാത്രം.

പരാതിപെട്ടാലും ആ നമ്പരിലേക്കു എത്താനാകില്ല. കാരണം ഇത്തരം കസ്റ്റമർ കെയർ നമ്പരുകൾ തട്ടിപ്പുകാർ തന്നെ ഇടയ്ക്കിടെ എഡിറ്റ് ചെയ്തു മാറ്റും. ഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അറിയാവുന്ന ചെറുപ്പക്കാർ തന്നെ ഇത്തരം കെണികളിൽ വീഴുമ്പോൾ ഇതെക്കുറിച്ചൊന്നും കാര്യമായ ധാരണയില്ലാത്തവരുടെ കാര്യം പറയണോ.

തട്ടിപ്പിൽ വീഴാതിരിക്കാൻ

അൽപം ശ്രദ്ധിച്ചാൽ ഈ ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നതേയുള്ളൂ. കസ്റ്റമർ കെയർ നമ്പരുകൾ സെർച് ചെയ്യുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം മനസ്സിൽ വയ്ക്കുക.

∙ ഏത് സ്ഥാപനത്തിന്റെയും ആപ്പിന്റെയും  ഒഫീഷ്യൽ കസ്റ്റമർ കെയറിലേക്ക് മാത്രം വിളിക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് പേടിഎം എന്ന ആപ്പിന്റെ കസ്റ്റമർ കെയർ നമ്പരാണ് സെർച് ചെയ്യുന്നതെങ്കിൽ ആ സ്ഥാപനത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നു മാത്രം നമ്പർ എടുക്കുക. ഇത്തരം കമ്പനികളുടെ പേരിൽ തന്നെയാകും വെബ്സൈറ്റും ഉണ്ടാകുക. പേടിഎമ്മിന്റെ ആണെങ്കിൽ വെബ്സൈറ്റ് വിലാസം തുടങ്ങുന്നതും അതേ പേരിൽത്തന്നെ ആകും.

∙ കസ്റ്റമർ കെയർ നമ്പരുകൾക്കായി ഏതെങ്കിലും ബ്ലോഗിലോ ആർട്ടിക്കിളുകളിലോ സെർച് ചെയ്യാതിരിക്കുക. അഥവാ അങ്ങനെ ലഭിക്കുന്ന നമ്പരിലേക്കു വിളിച്ചാലും നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന ഒടിപി പോലുള്ള കോഡുകൾ മറ്റാർക്കും നൽകരുത്. ഒരു സർവീസ് ദാതാവും നിങ്ങളുടെ ഫോണിലേക്ക് മെസേജായി എത്തുന്ന ഒടിപി ആവശ്യപ്പെടില്ല.

∙ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പറഞ്ഞു കൊണ്ട് ലഭിക്കുന്ന ഫോൺ കോളുകൾ ലഭിച്ചാൽ അതീവജാഗ്രത പുലർത്തുക. നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിൽ നിന്നു വിളിക്കുന്നതെന്നു പറഞ്ഞാകും ഇത്തരക്കാർ സംസാരം തുടങ്ങുക. ചിലപ്പോൾ ഒഴുക്കുള്ള ഇംഗ്ലിഷിലാകും സംസാരം. ഇടയ്ക്ക് തികച്ചും യാദൃശ്ചികമായി നിങ്ങളുടെ ഫോണിൽ എത്തിയ ഒടിപി പറയാൻ ആവശ്യപ്പെടും. തട്ടിപ്പാണെന്നു ചിന്തിക്കാൻ പോലും കഴിയാതെ നിങ്ങൾ നമ്പർ ഷെയർ ചെയ്യുകയും ചെയ്യും. പണം നഷ്ടപ്പെട്ടു കഴിഞ്ഞു ദുഃഖിച്ചിട്ടു കാര്യമില്ല. അതിനാൽ ജാഗ്രതയോടെ പ്രതികരിക്കുക.