നിങ്ങളുടെ നമ്പറിലേക്ക് ഇന്റര്‍നെറ്റ് കോള്‍ അഥവാ വോയ്സ് കോള്‍ സര്‍വീസുകള്‍ ഉപയോഗിച്ച് സ്ഥിരമായി ശല്യം ചെയ്യുന്ന വിരുതന്മാരുണ്ടോ? വെറും മൂന്നോ നാലോ അക്കമുള്ള വ്യത്യസ്ത ന മ്പറുകളില്‍ നിന്നു പലര്‍ക്കും ഇത്തരം കോളുകള്‍ വന്നിട്ടുണ്ടാകും. ചിലതിനു നമ്പർ പോലും ഉണ്ടാകില്ല. പകരം പ്രൈവറ്റ് നമ്പര്‍, ഹിഡന്‍ നമ്പര്‍ എന്നൊക്കെയാകും കോളര്‍ ഐഡിയില്‍ കാണിക്കുക.
ഇത്തരക്കാരെ നമുക്കു തന്നെ ബ്ലോക്ക് ചെയ്ത്, അവരുടെ കോളുകള്‍ എന്നേക്കുമായി ഒഴിവാക്കാന്‍ സാധിക്കും. അതെങ്ങനെ എന്നു നോക്കാം.
മിടുക്കൻ ട്രൂ കോളർ
ശല്യക്കാരെ ബ്ലോക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനും നമ്മളെ സഹായിക്കുന്നത് ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷനാണ്. മിക്കവരുടേയും ഫോണില്‍ ഇത് നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ടാകും.
ഈ ആപ്ലിക്കേഷൻ ഓപൺ ചെയ്യുമ്പോൾ ഏറ്റവും താഴെയായി കാണുന്ന ഐക്കണിൽ ബ്ലോക്കിങ് എന്നത് സെലക്ട് ചെയ്ത ശേഷം വരുന്ന ഓപ്ഷനുകളില്‍ ‘ബ്ലോക്ക് ടോപ് സ്പാമേഴ്സ്’ (Block Top Spammers) എന്നതും ‘ബ്ലോക്ക് ഹിഡന്‍ നമ്പേഴ്സ്’ (Block hidden numbers) എന്നതും എനേബിൾ (Enable) ആക്കുക.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഒരാളും കോള്‍ ചെയ്യാൻ ഇല്ല എന്നുറപ്പുണ്ടെങ്കില്‍ ബ്ലോക്ക് നമ്പേഴ്സ് ഫ്രം ഫോറി ന്‍ കണ്‍ട്രീസ് (block numbers from foreign countries) എന്നതും എനേബിൾ ചെയ്യാം. അല്ലാത്തവര്‍ അത് ബ്ലോക് ചെയ്യണമെന്നില്ല.
തയാറാക്കാം ബ്ലോക് ലിസ്റ്റ്
ഇതേ വിൻഡോയിൽ തന്നെ കുറച്ചുകൂടി താഴേക്ക് ചെന്നാല്‍ ‘ബ്ലോക്ക് സംവണ്‍ മാനുവലി’ (Block someone manually) എന്ന സെക്‌ഷന്‍ കാണാം. അതില്‍ ‘നമ്പര്‍ സീരീസ്’ എന്നത് സെലക്ട് ചെയ്യുക. അപ്പോള്‍ ‘നമ്പേഴ്സ് ദാറ്റ് സ്റ്റാര്‍ട് വിത്’ (Numbers that start with) എന്ന ഓപ്ഷനും താഴെയായി ഏതു നമ്പറുകളില്‍ തുടങ്ങുന്ന കോളുകളാണു ബ്ലോക് ചെയ്യേണ്ടതെന്ന് പൂരിപ്പിക്കാവുന്ന ഭാഗവും കാണാം.
ഇന്ത്യയിൽ നിന്നുള്ള കോളുകള്‍ നമുക്കു വരിക +91 എന്ന സീരീസിലായിരിക്കുമല്ലോ. ഗള്‍ഫ് ആണെങ്കില്‍ +965, +971 എന്നൊക്കെ ആകും രാജ്യത്തിന്റെ കോഡ്. എന്നാല്‍ ഇന്റർനെറ്റ് കോള്‍ 99% വും +3, +5 എന്നൊക്കെ തുടങ്ങുന്ന നമ്പറില്‍ നിന്നായിരിക്കും വരിക. അതു മനസ്സിൽ വച്ച്, പൂരിപ്പിക്കാവുന്ന ഭാഗത്ത് +2, +3, +4, +5 എന്നിങ്ങനെ നമ്പറുകള്‍ ഓരോന്നായി പൂരിപ്പിച്ച ശേഷം ‘ബ്ലോക്ക്’ എന്നമര്‍ത്തുക. പിന്നീട് അത്തരം നമ്പറുകളില്‍ നിന്നു കോള്‍ വരില്ല.
ഏതെങ്കിലും പ്രത്യേക സീരീസില്‍ നിന്ന് തുടര്‍ച്ചയായി ശല്യമുണ്ടാകുകയാണെങ്കിലും വഴിയുണ്ട്. ഉദാഹരണത്തിന് +00687, +00964 എന്നിങ്ങനെ തുടര്‍ച്ചയായ നമ്പറുകളില്‍ നിന്നു ശല്യമുണ്ടാകുകയാണെങ്കില്‍ +00 എന്നു പൂരിപ്പിച്ച ശേഷം ബ്ലോക്ക് അമര്‍ത്തുക. ആ സീരീസില്‍ നിന്നും ഒരു കോളും നിങ്ങള്‍ക്ക് പിന്നീട് വരില്ല.
ബ്ലോക്ക് ചെയ്യപ്പെടേണ്ട രീതി എങ്ങനെയെന്നു ചോദിക്കുന്ന ഭാഗത്ത് (How to block calls) എന്നതില്‍ സെലക്ട് ചെയ്ത് ‘റിജക്ട്റ്റ് ഓട്ടോമാറ്റിക്കലി’ (Reject automatically) എന്നാക്കാനും മറക്കരുത്. എന്നാല്‍ മാത്രമേ ഇത്തരം ശല്യക്കാരുടെ കോള്‍ തനിയെ റിജക്ട് ആകുകയുള്ളൂ.