എല്ലാ മൊബൈൽ ഫോണിലും ‘ഫോട്ടോസ്’ എന്ന ഐക്കണോടു കൂടിയ ഒരു ആപ്ലിക്കേഷന്‍ കാണാം. ഫോണില്‍ സേവ് ചെയ്ത ഫോട്ടോകള്‍ കാണുന്നതിനപ്പുറം 99.9 % ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഈ ആപ്ലിക്കേഷന്റെ വിലയറിയില്ല. ഇത് വെറുമൊരു ഗാലറി ആപ്ലിക്കേഷനല്ല. മറിച്ച് ഫോണില്‍ സേവ് ആയി കിടക്കുന്ന, നിങ്ങളുടെ വിലപ്പെട്ട ഓർമകളായ ചിത്രങ്ങളും വിഡിയോയുമൊക്കെ ഫോണ്‍ നഷ്ടപ്പെട്ടാലോ കേടു വന്നാലോ പോലും നഷ്ടപ്പെടാതെ തിരികെ ലഭിക്കാനും, ലോകത്തെവിടെ ഇരുന്നും ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഓപ്പണാക്കി അവ കാണാനും സൗകര്യമൊരുക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ഫോട്ടോസ് ആപ്.
ഗൂഗിളിൽ സേഫാക്കാം
വെറും ഒരു മിനിറ്റ് ചെലവഴിച്ചാല്‍ വിലപ്പെട്ട ഓർമകള്‍ അബദ്ധത്തില്‍ ഡിലീറ്റാക്കി എന്നോര്‍ത്തോ, ഫോണ്‍ നഷ്ടപ്പെട്ടപ്പോള്‍ അവയും നഷ്ടപ്പെട്ടു എന്നോര്‍ത്തോ വിഷമിക്കേണ്ടി വരില്ല. ഫോണില്‍ ഗൂഗിള്‍ എന്ന ഫോള്‍ഡറിലാകും ഈ ആപ്ലിക്കേഷന്‍ സാധാരണ കാണുന്നത്. അതിനാലാണ് അധികമാരും ഇത് ശ്രദ്ധിക്കാത്തതും.
ഈ ആപ്ലിക്കേഷന്‍ ഓപ്പണാക്കിയാല്‍ ബാക് അപ് ‘എനേബിൾ (Enable)’ ചെയ്യണോ എന്ന ചോദ്യമാകും ആദ്യം വരിക. അതില്‍ ‘ടേണ്‍ ഓണ്‍ (Turn On)’ പ്രസ്സ് ചെയ്യുക. അങ്ങനെ ചെയ്താല്‍ ഫോണില്‍ നിങ്ങള്‍ ക്യാമറ വഴി എടുക്കുന്ന എല്ലാ ഫോട്ടോയും അല്ലെങ്കില്‍ ‘ഡിസിഐഎം (DCIM)’ എന്ന ഫോള്‍ഡറില്‍ ഉള്ള എല്ലാ ഫയലും ഓട്ടമാറ്റിക് ആയി ഗൂഗിള്‍ ഫോട്ടോസിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും. ഡിസിഐഎം എന്നാല്‍ Digital Camera Images എന്നതിന്റെ ചുരുക്കെഴുത്താണ്.

ടേണ്‍ ഓണ്‍ (Turn On) എന്നത് അമര്‍ത്തുമ്പോൾ Back Up എടുക്കപ്പെടുന്നത് ഒറിജിനല്‍ ഫയല്‍ തന്നെയാണോ അതോ ഓട്ടമാറ്റിക്ക് ആയി കണ്‍വര്‍ട്ട് ചെയ്ത് ഹൈ ക്വാളിറ്റി ഫോട്ടോസ് എടുത്താല്‍ മതിയോ എന്നു ചോദിക്കും. ഹൈ ക്വാളിറ്റി എന്നു കൊടുത്താല്‍ ‘ഫ്രീ’ ആയി കിട്ടുന്ന 15 ജിബിയില്‍ ധാരാളം ഫോട്ടോസ് ഇങ്ങനെ സൂക്ഷിക്കാന്‍ ആകും.
അതിനു ശേഷം താഴെയുള്ള ബാക് അപ് ഓവര്‍ മൊബൈല്‍ ഡാറ്റ (Back up over mobile data) എന്നതും Enable ചെയ്യണം. അല്ലെങ്കില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് കണക്ടായാല്‍ മാത്രമേ ഫോട്ടോസ് ബാക് അപ് ചെയ്യപ്പെടുകയുള്ളൂ. അതിനു ശേഷം Confirm അമര്‍ത്തിയാല്‍ ബേസിക് സെറ്റിങ്സ് പൂര്‍ത്തിയായി.
അഥവാ ക്ലൗഡിൽ നിന്നോ ഗൂഗിൾ ഫോട്ടോസിൽ നിന്നോ ഫോട്ടോയോ വിഡിയോയോ ഡിലീറ്റാക്കിയാലും ബിന്‍ എന്ന ഫോള്‍ഡറില്‍ 30 ദിവസം അതു കാണാന്‍ സാധിക്കും. അവിടെ നിന്നു കൂടി ഡിലീറ്റാക്കിയാലേ പെർമനന്റ് (Permanent) ആയി ഡിലീറ്റാകൂ.

സേവിങ് എങ്ങനെ
നമ്മള്‍ എപ്പോള്‍ ഫോട്ടോ എടുത്താലും DCIM എന്ന ഫോള്‍ഡറില്‍ സേവ് ആയാല്‍ ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ അപ്പോൾ തന്നെയും, അല്ലെങ്കില്‍ എപ്പോള്‍ നെറ്റ് കണക്ട് ആകുന്നോ അപ്പോഴും ഗൂഗിള്‍ ഫോട്ടോസിന്റെ ക്ലൗഡ് സെര്‍വറില്‍ അപ്‌ലോഡാകും.
ലൈബ്രറി എടുത്താല്‍ ക്ലൗഡില്‍ അപ്‌ലോഡ് ആയ ഫോള്‍ഡറുകൾ കണ്ടെത്താനാകും. ഫോൾഡറിന്റെ ഒരു മൂലയിലായി മേഘത്തിന്റെ ചിഹ്നത്തിനു മുകളിൽ ടിക് മാർക് ഉള്ളത് ക്ലൗഡിൽ സ്റ്റോർ ചെയ്യപ്പെട്ടതാണ്.
എന്നാൽ മേഘത്തിന്റെ ചിഹ്നത്തിനു മുകളിൽ ക്രോസുള്ളത് (വെട്ടിയതു പോലെ) സ്റ്റോർ ആകാത്തവയാണ്. അവ അപ്‌ലോഡ് ചെയ്യാൻ ആ ഫോൾഡര്‍ സെലക്ട് ചെയ്ത് Back up and sink എനേബിളാക്കിയാല്‍ മതി. ഫോട്ടോകള്‍ അപ് ലോഡായി കഴിയുമ്പോൾ മേഘത്തിന്റെ ഐക്കണുകള്‍ക്ക് മുകളില്‍ ടിക് മാര്‍ക്ക് വീഴുന്നതും കാണാം. ഇതുപോലെ ഏതു ഫോള്‍ഡറും ക്ലൗഡില്‍ സുരക്ഷിതമായി എത്ര കാലത്തേക്കും സൂക്ഷിക്കാം.
15 ജിബിയാണു ഒരു ഗൂഗിള്‍ അക്കൗണ്ടില്‍ നിങ്ങള്‍ക്ക് പരമാവധി ലഭിക്കുന്നത്. ഇതിലും കൂടുതല്‍ സ്പേസ് ആവശ്യമുണ്ടെങ്കില്‍ പ്രതിമാസം 130 രൂപ നിരക്കിൽ 100 ജിബി വാങ്ങാനും സൗകര്യമുണ്ട്.