വാട്സാപ് ഉപയോഗിക്കാത്ത അധികം വായനക്കാർ വനിതയ്ക്കുണ്ട് എന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ വാട്സാപ്പില്‍ വരുന്ന ഏ തൊരു മാറ്റവും അപ്പപ്പോള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാകുമല്ലോ. കൂട്ടുകാരുടെ ഇടയില്‍ ഇത്തരം അപ്ഡേഷന്റെ കാര്യത്തിൽ പിറകിലായിപ്പോയി എന്ന തോന്നൽ വരാതിരിക്കാനും നമ്മുടെ സ്വകാര്യതയ്ക്കും ഇത്തരം അപ്ഡേറ്റുകള്‍ അറിഞ്ഞിരിക്കാം.
ഇമോജി സൂപ്പറല്ലേ
വാട്സാപ്പില്‍ ഈയിടെ വന്ന പ്രധാന മാറ്റമാണ് ‘റിയാക്ഷന്‍സ്’ എന്നത്. നമുക്ക് വരുന്ന വാട്സാപ് സന്ദേശങ്ങള്‍ക്ക് മറുപടിയായി ഇമോജികള്‍ അയച്ച് നമ്മുടെ പ്രതികരണം അറിയിക്കുന്നത് മിക്കവരുടെയും പതിവാണല്ലോ. ചിരിക്കുന്നതും അദ്ഭുതപ്പെടുന്നതും ചിന്തിക്കുന്നതുമൊക്കെ ആയ ഇമോഷന്‍ ഐക്കണുകള്‍ (Emotion icons) നമ്മള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇനി മുതല്‍ ഒരു പ്രത്യേക മറുപടിയായി ഇത്തരം ഇമോജികള്‍ അയക്കുന്നതിനു പകരം, ഫെയ്സ്ബുക്കിലെ കമന്റുകള്‍ക്ക് റിയാക‌്‌ഷന്‍ നല്‍കുന്നത് പോലെ റിപ്ലേ നൽകാം. ടെക്സ്റ്റ്, വോയ്സ്, ഫോട്ടോ, വിഡിയോ, ഇമോഷന്‍, ഡോക്കുമെന്റ് എന്നിങ്ങനെ എല്ലാ മെസ്സേജുകള്‍ക്കും ഇങ്ങനെയുള്ള റിയാക‌്‌ഷന്‍ നല്‍കാന്‍ സാധിക്കും.
ഈ ഫീച്ചർ ലഭ്യമാകാൻ വളരെ ചെറിയ സ്റ്റെപ്സ് മാത്രമേ ആവശ്യമായുള്ളൂ. നിങ്ങളുടെ വാട്സാപ് അപ്ഡേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വാട്സാപ് എന്നു സെർച് ചെയ്ത ശേഷം ആപ്ലിക്കേഷൻ അപ്ഡേറ്റ് കൊടുക്കുക.
അപ്ഡേറ്റ് ആയി കഴിഞ്ഞാൽ സുഹൃത്തുക്കള്‍ അയച്ചിരിക്കുന്ന ഏതെങ്കിലുമൊരു മെസ്സേജിൽ ടച്ച് (Touch) ചെയ്ത് ഒരു സെക്കന്റ് ഹോള്‍ഡ് ചെയ്താല്‍ (വിരൽ ചലിപ്പിക്കാതെ) ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ആറു വ്യത്യസ്ത ഇമോജികള്‍ കാണാന്‍ കഴിയും. അതില്‍ നിന്ന് ആ മെസ്സേജിനുള്ള പ്രതികരണമായി നിങ്ങൾക്കു തോന്നുന്ന ഒരു ഇമോജി സെലക്റ്റ് ചെയ്ത് കൊടുക്കാം. ആ റിയാക്‌ഷന്‍ നിങ്ങളുടെ സുഹൃത്തിനു നോട്ടിഫിക്കേഷനായി ലഭിക്കും. എത്ര പഴയ മെസേജിനും ഇങ്ങനെ പുത്തൻ റിയാക്‌ഷന്‍ നൽകാം.
സീക്രട് ലാസ്റ്റ് സീൻ
വാട്സാപ്പില്‍ കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് അവരെ അവസാനമായി വാട്സാപ്പിൽ ആക്ടീവായി കണ്ടത് (ലാസ്റ്റ് സീന്‍– last seen) എപ്പോള്‍ എന്നത് കുറച്ചു കൂടി സ്വകാര്യമാക്കാനുള്ള അപ്ഡേറ്റും വന്നിട്ടുണ്ട്.
വാട്സാപ് മെനുവില്‍ സെറ്റിങ്സില്‍ (Settings) അക്കൗണ്ട് എന്നതിലെ പ്രൈവസി (Privacy) സെലക്ട് ചെയ്ത് ലാസ്റ്റ് സീന്‍ എടുത്താല്‍ മുന്‍പ് ഉണ്ടായിരുന്ന എവരിവണ്‍, മൈ കോണ്ടാക്റ്റ്സ്, നോബഡി (Everyone, My contacts, Nobody) എന്നതു കൂടാതെ ‘മൈ കോണ്ടാക്റ്റ്സ് എക്സെപ്റ്റ്’ (My contacts except) എന്ന ഓപ്ഷന്‍ കൂടി കാണാം. അതില്‍ വരുന്ന ലിസ്റ്റില്‍ സെലക്ട് ചെയ്ത് കൊടുക്കുന്നവർ ഒഴികെയുള്ളവര്‍ക്കെല്ലാം നമ്മളുടെ ലാസ്റ്റ് സീന്‍ കാണാന്‍ ആകും.
സേവ് ചെയ്യേണ്ട
സാധാരണയായി നമ്മൾ ഫോണിൽ സേവ് ചെയ്ത നമ്പരുകളിലേക്കാണ് വാട്സാപ്പിലൂടെ മെസേജ് അയക്കുന്നത്. അതുകൊണ്ടു തന്നെ സേവ് ചെയ്യാത്ത നമ്പരിലേക്ക് മെസേജ് അയയ്ക്കേണ്ടി വന്നാൽ അത്ര പ്രാധാന്യമില്ലാത്ത നമ്പരാണെങ്കിൽ കൂടി സേവ് ചെയ്യേണ്ടി വരും. എന്നാൽ ഇനി മുതൽ അത് വേണ്ടിവരില്ല.
നിങ്ങളുടെ ചാറ്റ് വിൻഡോയിൽ ഒരു ഫോൺ നമ്പർ ടൈപ് ചെയ്ത് സെന്റ് (Sent) ചെയ്തതിനു ശേഷം ആ മേസേജി ൽ ടച്ച് (Touch) ചെയ്താൽ ആ നമ്പരിൽ വാട്സാപ് അക്കൗണ്ട് ഉണ്ടെങ്കിൽ ചാറ്റ് വിത് (Chat with...) എന്നു കാണാം.
അത് സെലക്ട് ചെയ്താൽ ആ നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സാപ്പിൽ ചാറ്റ് ചെയ്യാനാകും.