Thursday 09 August 2018 05:43 PM IST : By സ്വന്തം ലേഖകൻ

ആത്മവിശ്വാസത്തിൽ തയ്‌ച്ചെടുത്ത കുട്ടിയുടുപ്പുകൾ; ജാറ്റോസ് ലിന്റോയുടെ മാസവരുമാനം അഞ്ചു ലക്ഷം!

art-of-sti

‘സ്കൂളിൽ പഠിക്കുമ്പോൾ അമ്മ ജാൻസിയായിരുന്നു എനിക്കായി പുതിയ ഡ്രസ്സുകൾ തുന്നി തരുന്നത്. എന്റെ ഡ്രസ്സുകൾ കാണുമ്പോൾ ആളുകൾ ചോദിക്കും, എവിടുന്ന് വാങ്ങിയതാണെന്ന്. അമ്മ തുന്നി തന്നുവെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. അതെനിക്കെന്നുമൊരു അഭിമാനമായിരുന്നു. അന്നത്തെ ആ സന്തോഷം എന്നും ജീവിതത്തിൽ
ഉണ്ടാകണമെന്നു തോന്നി. എന്നിട്ടും ഏറെനാൾ ആ മോഹം മനസ്സിൽ തന്നെ സൂക്ഷിച്ചു.’ ഇരുപത്തിമൂന്നാം വയസ്സിൽ കുട്ടിയുടുപ്പുകളുടെ ബിസിനസ്സിലേക്ക് എത്തിയ കഥ ജാറ്റോസിന്റെ വാക്കുകളിൽ...

‘ഒരു ടെക്സ്റ്റൈൽ കമ്പനിയിൽ മെർച്ചൻഡൈസർ ജോലിയാണ് ഞാൻ ചെയ്തിരുന്നത്. അപ്പോഴും സ്വന്തമായൊരു ബിസിനസ്സ് എന്ന സ്വപ്നം മനസ്സിൽ കൃത്യമായി ഉണ്ടായിരുന്നു. ജോലി ചെയ്ത പണം ശേഖരിച്ചാണ് തയ്യൽ, ഡിസൈനിങ് ബിസിനസ്സിന്  തുടക്കം   കുറിക്കുന്നത്. ഇടുക്കി  തോപ്രാംകുടിയിലെ വീ ട് തന്നെയായിരുന്നു ബിസിനസ് യൂണിറ്റിന്റെ   പ്രവർത്തന സ്ഥലവും. തുടക്കത്തിൽ ‍ഞാനും ഒരു ജോലിക്കാരിയും മാത്രം.

കട്ടിങ്ങും ഡിസൈനിങ്ങും ഞാൻ ചെയ്യുമ്പോൾ മറ്റ് സഹായങ്ങൾക്കായി ജോലിക്കാരിയും. അവളും എന്റെയൊപ്പം തന്നെയായിരുന്നു താമസം. സൂറത്തിൽ  നിന്നും അഹമ്മദാബാദിൽ നിന്നുമാണ് തുണി എത്തിച്ചത്. തയ്ക്കുന്ന ഡ്രസ്സുകൾ വണ്ടിയിൽ കൊണ്ടുപോയി പല കടകളിലും കൊടുക്കും. സാംപിൾസുമായി പല ജില്ലകളിലെയും കടകളിൽ കയറിയിറങ്ങിയിട്ടുണ്ട്. ഒരു പെൺകുട്ടി ഇത്രയും ദൂരം വണ്ടിയോടിച്ചു വന്ന് വസ്ത്രങ്ങൾ വിൽക്കുന്നുവെന്നതു കൊണ്ടു തന്നെ ഒരു തവണ പരീക്ഷിച്ചുനോക്കാൻ  കടക്കാർ തയാറായി. അത് നന്നായി വിറ്റു പോയതോടെ പിന്നെ, കാര്യങ്ങൾ എളുപ്പമായി.

ഡിസൈൻ പറഞ്ഞുള്ള ഒാർഡറുകൾ ധാരാളം വന്നു തുടങ്ങി. ഇടുക്കിയിൽ നിന്ന് ഇങ്ങനെ പല കടകളിലേക്ക് അവധി ദിവസങ്ങൾ നോക്കിയുള്ള യാത്രയും അതിന്റെ  ചെലവും താങ്ങാൻ പറ്റുന്നതിലും കൂടുതലായി. ആവശ്യക്കാർ കൂടിയതോടെ ജോലി രാജിവച്ച് ഞാൻ ഡിസൈനിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോലി ഉപേക്ഷിച്ചതോടെ ബിസിനസ് വിപുലമാക്കുക
എന്നത് ആവശ്യമായി വന്നു. സാമ്പത്തികമായി നന്നായി വി ഷമിച്ച ഘട്ടമായിരുന്നു അത്. പക്ഷേ, ഡിസൈനിങ് മോഹം  ബിസിനസ്സുമായി മുന്നോട്ടു പോകാനുള്ള ധൈര്യം തന്നു. അങ്ങനെ അങ്കമാലിയിൽ ഒരു തയ്യൽ യൂണിറ്റ് തുടങ്ങി.

ചിന്തിച്ചെടുത്ത മാർക്കറ്റിങ്

യൂണിറ്റ് തുടങ്ങിയപ്പോൾ എങ്ങനെ മാർക്കറ്റ് ചെയ്യുമെന്നൊന്നും ആദ്യം ആലോചിച്ചിരുന്നില്ല. ഇന്റർനെറ്റിൽ നോക്കി സൈസുകൾ മാർക് ചെയ്ത്, ആ കണക്കിൽ തുണികൾ തുന്നികൊടുത്തു. പക്ഷേ, എന്റെ കസ്റ്റമേഴ്സ് വിളിച്ചു വഴക്ക് പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലാകുന്നത്. ഇന്റർനെറ്റിൽ നിന്ന് ഞാൻ എടുത്ത സൈസും കേരളത്തിലെ കുട്ടികളുടെ വലുപ്പവും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. അതിനുശേഷം ഓരോ കുട്ടിയേയും നേരിൽ കണ്ടോ അല്ലെങ്കിൽ ഫോട്ടോ നോക്കിയോ മാത്രമാണ് ഡ്രസ്സുകൾ തയ്ക്കാറുള്ളത്. ആളുകൾക്ക് എന്താണ് ആവശ്യം  എന്ന് നിരീക്ഷിച്ച് പഠിച്ചായിരുന്നു പ്രൊഡക്ട് മാർക്കറ്റിങ്.

ഡിസൈനിൽ പുതുമകൾ പരീക്ഷിക്കുന്നുണ്ടെങ്കിലും അമ്മ തുന്നി തരുന്ന ഉടുപ്പുകളുടെ രീതി പിന്തുടരാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിരുന്നത്. കാരണം, ഉടുപ്പ് ഡിസൈൻ ചെയ്യുമ്പോൾ തന്നെ അത് അണിഞ്ഞ് പുഞ്ചിരിയൊടെ നിൽക്കുന്ന ഒരു കുട്ടിയുടെ മുഖം മനസ്സിൽ വരണം.  കുട്ടികളുടെ ഉപ   യോഗരീതിക്ക് അനുസരിച്ചുള്ളതാകണം ഡിസൈൻ. അതിന് അമ്മയുടെ ആംഗിളിൽ നിന്ന് ചിന്തിക്കാൻ ഡിസൈനർക്ക് ക ഴിയണം.  ആളുകളുടെ ഇഷ്ടം നിലനിർത്താൻ എന്നെ സഹായിക്കുന്നത് ഈ ഘടകമാണെന്നാണ് എന്റെ വിശ്വാസം.

പലതരം വസ്ത്രങ്ങൾ മാർക്കറ്റിലിറങ്ങുമ്പോഴും ഞാൻ പേടിക്കില്ല. കാരണം അവയിലൊന്നും അമ്മയുടെ ഓമനത്തം കാണില്ലല്ലോ. മാത്രമല്ല അമ്മ ചെയ്യാറുള്ളതു പോലെ വസ്ത്രങ്ങൾ നീളം കൂട്ടിയുപയോഗിക്കാനായി ഉടുപ്പിനടിയിൽ ഒരു എക്സ്ട്രാ പീസ് കൂടെയിട്ടിട്ടാണ് വസ്ത്രങ്ങൾ തുന്നികൊടുക്കാറുള്ളത്. കുട്ടികളുടെ ഡ്രസ്സുകളിൽ പൂക്കൾ കൂടുതലായി ഉപയോഗിക്കാനാണ് എനിക്കിഷ്ടം. മാതാപിതാക്കൾക്ക് മക്കൾ പൂന്തോട്ടത്തിൽ നിൽക്കുന്നതു പോലെ തോന്നണം.

art-of-makesti2

ഒരു ദിവസം ഞാൻ ടൗണിൽ എന്തോ സാധനം വാങ്ങാൻ പോയപ്പോൾ അവിടെയുള്ള കുറച്ചു പേർ പറയുന്നതു കേട്ടു. എന്ത് നല്ല ഉടുപ്പാണ് ആ കുഞ്ഞ് ഇട്ടിരിക്കുന്നതെന്ന്. അത് കേട്ടപ്പോൾ, ആ കുട്ടിയാരാണെന്ന് അറിയാൻ ഞാൻ തിരിഞ്ഞുനോക്കി. നിറയെ പൂക്കളുള്ള മഞ്ഞയുടുപ്പിട്ടായിരുന്നു ആ കുഞ്ഞു മാലാഖ ഓടികളിച്ചു കൊണ്ടിരുന്നത്. ഞാൻ തയ്ച്ച ഉടുപ്പായിരുന്നു അത്. എല്ലാവരും അതേപറ്റി പറയുന്നതും ആ ഉടുപ്പിന്റെ ഭംഗി കാണുന്നതും കണ്ട് ഞാനന്ന് ഒരുപാട് സന്തോഷിച്ചു. ഇത്തരം നിമിഷങ്ങൾ മനസ്സിൽ മായാതെ നിൽക്കാറുണ്ട്.

ഓൺലൈൻ ‘പണി’കൾ

ഓൺലൈൻ വിൽപനകൾ ആദ്യം മുതലേ ആലോചിച്ചിരുന്നതാണ്. അങ്ങനെ ഒരു തവണ റീ–ടെയിൽ കൊടുക്കാത്ത കുറച്ച് ഡ്രസ്സുകൾ ഓൺലൈനിൽ കൊടുത്തുനോക്കി. പക്ഷേ, അപ്പോഴാണ് ഡിസൈൻ കോപ്പി ചെയ്ത് ആളുകൾ ഞങ്ങളുടെ പ്രൊഡക്ട് വിൽക്കുന്നു എന്ന് മനസ്സിലായത്. ഡിസൈൻ കോപ്പി ചെയ്ത്, വിലയോടൊപ്പം ക്വാളിറ്റിയും കുറച്ചാണ് പലരും വിൽപന നടത്തിയത്. ഒരേ ഡിസൈനിൽ തുണികളിറങ്ങുമ്പോൾ കുറഞ്ഞ വില നോക്കി ആളുകൾ വാങ്ങും പക്ഷേ, ഗുണമേന്മയെ പറ്റി സംസാരിക്കില്ല. അങ്ങനെയായപ്പോൾ നമ്മുടെ വസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു വന്നു, മാത്രമല്ല ഡിസൈൻ നമ്മുടേതായതുകൊണ്ട് കുറ്റങ്ങളും കേട്ടു തുടങ്ങി. അങ്ങനെയാണത് നിർത്തിയത്.

വിവാഹശേഷം കുടുംബത്തിരക്കുകൾ കൂടിയായപ്പോൾ മാർക്കറ്റിങ് ഒരു കമ്പനിയെ ഏൽപിച്ചു. അത് വലിയ പണിയായി. ആവശ്യമറിഞ്ഞ് കൃത്യസമയത്ത് ഉൽപന്നം എത്തിക്കേണ്ട ഉത്തരവാദിത്തം ഒന്നും അവർക്കില്ലല്ലോ. വിതരണം  അവതാളത്തിലാകുമെന്ന് മനസ്സിലായതോടെ ഞാൻ തന്നെ നേരിട്ടിറങ്ങി. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭർത്താവ്
ലിന്റോയും കൂടെയുണ്ട്. യൂണിറ്റിന്റെ പണമിടപാടുകൾ ചാർട്ടേഡ് അക്കൗണ്ടന്റായ ലിന്റോയാണ് കൈകാര്യം ചെയ്യുന്നത്.

ഒരു ഷർട്ട് തയ്ച്ചുകൊടുക്കാൻ  കുറച്ചുനാളായി നിർബന്ധിക്കുന്നുണ്ട്. അദ്ദേഹത്തിന് പുതിയ വസ്ത്രങ്ങൾ തയ്ച്ചു നൽകി മെന്‍സ് ഫാഷനിലേക്കു കൂടി ഞാൻ കടക്കണം എന്നൊരു ആഗ്രഹവും മനസ്സിൽ ഉണ്ടെന്നു തോന്നുന്നു.

Keep in Mind

∙ നമുക്ക് വേണ്ടി  വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന  രീതി  മാത്രമേ പുതിയ ഡിസൈൻ പരീക്ഷിക്കുമ്പോൾ നോക്കാവൂ. ഡിസൈനുകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
∙ മാർക്കറ്റിങ് പരമാവധി നമ്മൾ തന്നെ ചെയ്യണം. ട്രെൻഡ് മനസ്സിലാക്കിയാൽ മാത്രമേ ഡിസൈനിങ് അതനുസരിച്ച് പ്ലാൻ ചെയ്യാൻ പറ്റൂ.
∙വിപണിയിലെ  മാറ്റങ്ങൾ അറിഞ്ഞു വേണം ബിസിനസ് തുടങ്ങാൻ. ആളുകളുടെ കയ്യിൽ കാശില്ലാത്ത സമയം എന്തു നല്ല ബിസിനസ് ചെയ്തിട്ടും കാര്യമില്ല.

ജാറ്റോസ് ലിന്റോ, ഇടുക്കി വയസ്സ്: 27, മാസവരുമാനം: അഞ്ച് ലക്ഷം

art-of-make-st3