Tuesday 16 October 2018 04:20 PM IST : By സ്വന്തം ലേഖകൻ

റിസപ്ഷനിസ്റ്റിൽ നിന്നും ബിസിനസ്സുകാരിയിലേക്ക്; ഡെയ്‌ലി ഫ്ലവേഴ്സ് ബിസിനസ്സിലൂടെ നേട്ടങ്ങൾ കൊയ്ത അജിതപിള്ള മനസു തുറക്കുന്നു

flo

‘ഐടി കമ്പനിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സമയം. ഫ്രണ്ട് ഓഫിസിലെ പ്യൂൺ ദിവസവും പൂക്കൾ മാറ്റി വയ്ക്കുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. അടുത്ത ദിവസം അയാൾ മാറ്റിവയ്ക്കുന്ന പൂക്കളെന്താകുമെന്നൊരു ആകാംഷ. പണ്ടു മുതലേ പൂക്കളെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഡെയ്‌ലി ഫ്ലവേഴ്സിന്റെ ആ കാഴ്ചയാണ് ബിസിനസ്സ് ഐഡിയയായി പൂക്കളെ ഒരുക്കിയാലോ എന്നെന്നെക്കൊണ്ട് ചിന്തിപ്പിച്ചത്.’ ഫ്ലവർ അറേഞ്ച്മെന്റ് ബിസിനസ്സിലെ തുടർച്ചയായ 15 വർഷത്തെ വിജയകഥ പറയുകയാണ് അജിത പിള്ള.

അഭിഭാഷക ആകണമെന്ന മോഹവുമായാണ് തിരുവനന്തപുരം ലോ കോളജിൽ നിന്ന് എൽഎൽബി പഠിച്ചത്. ജൂനിയറായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് അതിന്റെ സ്ട്രഗിൾ മ നസ്സിലായത്. പണമില്ലായ്മയ്ക്കൊപ്പം ജീവിത പ്രശ്നങ്ങൾ കൂടിയായപ്പോൾ വല്ലാതെ പേടിച്ചു. വക്കീൽ ജോലി ഉപേക്ഷിച്ച് റിസപ്ഷനിസ്റ്റായിരിക്കുമ്പോഴാണ് ബിസിനസ്സ് ചെയ്യണമെന്ന് മനസ്സിൽ വിചാരിച്ചത്.

ചെറിയ പരീക്ഷണം

ആദ്യ പരീക്ഷണം ബൊക്കെയിലായിരുന്നു. കടകളിൽ ചെന്ന് പൂവുകളും ഇലകളും വാങ്ങി. അറിയാവുന്ന രീതിയിൽ പരീക്ഷണം. ഒരെണ്ണം ചെയ്തു പൂർത്തിയാക്കിയപ്പോൾ ഏറ്റവും കുറഞ്ഞതൊരു പരീക്ഷണമെങ്കിലും വിജയിച്ചല്ലോ എന്ന ത്രില്ലായിരുന്നു. പിന്നെ, രണ്ടും കൽപിച്ചു ചില ക്ലബ്ബുകളുടെ മീറ്റിങ്ങിനും പരിപാടികൾക്കും ബൊക്കെ അറേഞ്ച് ചെയ്യാനുള്ള പെർമിഷൻ ചോദിച്ചു, ചെറിയ റേറ്റിൽ തന്നെ.

ഊട്ടി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും പൂക്കൾ വരുന്നത്. പെട്ടെന്നു ചീത്തയാകാനുള്ള സാധ്യത കണക്കിലെടുത്ത് പുറത്തു നിന്നുള്ള പൂക്കളുടെ ഇറക്കുമതി ഓർഡർ അനുസരിച്ചേ ഉള്ളൂ. ഊട്ടിയിൽ നിന്നുമൊക്കെ എത്തുന്ന പൂക്കൾ കളക്ട് ചെയ്തിട്ട് നാച്ചുറൽ വെള്ളത്തിൽ രണ്ടു ദിവസം ഇട്ടിരുന്നാൽ അതിന് വേറെ കംപ്ലയിന്റ് വരില്ല. അതു കഴിഞ്ഞിട്ട് ഇവയൊക്കെ ബാസ്കറ്റായും ബൊക്കെയായും ഒരുക്കാവുന്നതാണ്. മൂന്നു ദിവസത്തോളം പൂക്കൾ കേടുപാടില്ലാതെ നിൽക്കും. ഇതിനൊപ്പം തന്നെ നമ്മുടെ നാട്ടിൽ ഹെലിക്കോണിയ ഓർക്കിഡ്, ആന്തൂറിയം ഒക്കെ കൃഷി ചെയ്യുന്ന ആളുകളുണ്ട്, അവരുടെ കയ്യിൽ നിന്നു പൂക്കൾ വാങ്ങിക്കാറുണ്ട്.

അങ്ങനെ ബൊക്കെകൾ ചെയ്തു കൊടുക്കുന്നതിനൊപ്പം ഇവന്റുകൾക്കും പൂക്കൾ സപ്ലെ ചെയ്യാൻ തുടങ്ങി. പക്ഷേ, അപ്പോഴും പൂക്കളെ കുറച്ചധികം ഭംഗിയാക്കി വീടിനകത്തേക്ക് എത്തിക്കുന്ന ഫ്ലവർ വേസുകളിലെ, ഫ്ലോറൽ അറേഞ്ച്മെന്റിലായിരുന്നു എന്റെ താൽപര്യം മുഴുവനും. അങ്ങനെ ഇവന്റുകൾക്കു പൂക്കൾ നൽകുന്നതിനൊപ്പം ഞാൻ ഫ്ലവർ വേസിലെ അറേഞ്ച്മെന്റിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. ആദ്യം ഫ്ലവർ വേസിനായി ഉപയോഗിച്ചത് ജെറിബ്രയെന്ന പൂവാണ്. അതിന്റെ പൂവുള്ള ഒരു തണ്ട് നീളത്തിൽ കുത്തിവച്ച്, ബാക്കിയുള്ളതെല്ലാം താഴെ എങ്ങനെയൊക്കെയാ അടുക്കി. പൂവുകൾ എങ്ങനെയടുക്കുമ്പോഴും ഭംഗിയായിരിക്കുമെല്ലോ. പക്ഷേ, കൂട്ടുകാരികൾ എന്റെ ഫ്ലവർ വേസ് കണ്ടപ്പോൾ തന്നെ എന്തൊക്കെയോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. ശരിയാക്കണമെന്ന വാശികൊണ്ട് അന്നുമുതൽ ഇന്റർനാഷനൽ ഫ്ലവർ ഷോകളെല്ലാം കാണാൻ പോയി തുടങ്ങി. അവിടെ നിന്നാണ് പൂക്കൾ അറേഞ്ച് ചെയ്യുന്നതിനെ കുറിച്ച് പഠിക്കുന്നത്.

fl

മനസ് നിറച്ച പൂക്കൾ

പത്തനംതിട്ട കലഞ്ഞൂരിലാണ് എന്റെ വീട്. ചെറുപ്പത്തിൽ അ മ്പലത്തിൽ മാല കെട്ടി കൊടുക്കുമായിരുന്നു. തുളസിയും ചെത്തിയുമാണ് അവിടെ ഹാരത്തിനായി ഉപയോഗിച്ചിരുന്നത്. വിഗ്രഹത്തിന്റെ വലുപ്പം കണക്കിലാക്കിയും പൂക്കളുടെ ലഭ്യത നോക്കിയുമാണ് മാല കെട്ടുന്നത്. ആ ലോജിക്കിനെ പറ്റി ആലോചിച്ചപ്പോഴാണ് എനിക്ക് കൂടുതൽ നല്ല രീതിയിൽ പൂക്കളൊരുക്കാനുള്ള ഐഡിയകൾ ഉണ്ടാകുന്നത്.

പൂക്കൾ ഒരുക്കാൻ മനസ്സിൽ എപ്പോഴും കാൽക്കുലേഷൻ ഉണ്ടാകണം എന്നു പഠിച്ചത് ചെയ്ത തെറ്റുകളിൽ നിന്നാണ്. പൂക്കളെ വൺ സൈഡ് അറേഞ്ച്മെന്റ് ചെയ്യുകയാണെങ്കിൽ മൂന്നു സൈഡിലേക്ക് മാത്രമേ അതിന് കാഴ്ച(വ്യൂ) ഉണ്ടാവുകയുള്ളൂ, പിറകിലെ വശത്തു നിന്ന് അതിനെ കാണാൻ പറ്റില്ല. ഈ ട്രിക്കൊക്കെ മനസ്സിലാക്കിയാൽ കാര്യം എളുപ്പമാണ്. റൗണ്ട് ടേബിളിലാണ് അറേഞ്ച് ചെയ്യുന്നതെങ്കിൽ നാലു വശത്ത് നിന്നും ആളുകള്‍ക്കത് കാണാം. അത് മനസ്സിലാക്കിയാൽ റൗണ്ട് ടേബിൾ അറേഞ്ച്മെന്റിൽ എളുപ്പത്തിൽ പൂവുകൾ ഒരുക്കാം. കാര്യങ്ങൾ കൂടുതൽ മനസ്സിലായ ധൈര്യത്തിൽ ഞാൻ തനിയെ ഇവന്റുകൾ ഏറ്റെടുത്ത് തുടങ്ങി. പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ദേവിയാണ് ധൈര്യവും സഹായവുമായി എല്ലാറ്റിനും ഒപ്പം നിന്നത്.

ആദ്യം കിട്ടിയ വലിയ ഇവന്റ് സർക്കാരിന്റെ സ്വാതന്ത്യ സമര പരേഡിലെ ഫ്ലോറല്‍ അറേഞ്ച്മെന്റ് ചെയ്യാനായിരുന്നു. ഏറ്റവും മികച്ച രീതിയിൽ തലേ ദിവസം തന്നെ പൂവുകളെല്ലാം ഭംഗിയായി അറേഞ്ച് ചെയ്തു. പക്ഷേ, രാത്രിയായപ്പോൾ ക്യാമറ സെറ്റ് ചെയ്യാനായി വന്നയാളുകൾ അവരുടെ ഇലക്ട്രോണിക് വയർ വലിച്ചിടാൻ നോക്കി എന്റെ പൂക്കളെല്ലാം മറിഞ്ഞു പോയി. രാവിലെ ആ കാഴ്ച കണ്ടു ഞാൻ വല്ലാതെ പേടിച്ചു. പിന്നെ, കിട്ടിയ സമയത്തിന് അവിടെയിരുന്ന് തന്നെ എല്ലാം റീ അറേഞ്ച് ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എത്ര ഭംഗിയാക്കി വച്ചാലും അവസാന നിമിഷം വരെ പൂക്കളുടെ കാര്യത്തിൽ ഒരുറപ്പുമുണ്ടാകില്ലെന്ന് മനസ്സിലായി. അതിനു ശേഷം ഈ പ്രശ്നങ്ങളെങ്ങനെ കൈകാര്യം ചെയ്യണമെന്നതായി എന്റെ ചിന്ത.

പണ്ട് ചെറിയ പിന്നുകൾ ഉപയോഗിച്ചാണ് പൂക്കളെല്ലാം അ റേഞ്ച് ചെയ്തിരുന്നത്. പക്ഷേ, സർക്കാർ പരിപാടിയിൽ വച്ച് ഫ്ലവർ വേസ് തട്ടി മറിഞ്ഞതോടെ ഫ്ലവർ ഫോമുകൾ ഉപയോഗിക്കാൻ തുടങ്ങി. ഈ ഫ്ലവർ ഫോമുകൾ കൈയിലെടുത്താൽ രണ്ടു ഗ്രാം മാത്രമെ ഭാരം ഉണ്ടാകൂ. പക്ഷേ, വെള്ളത്തിലിട്ടാൽ അത് വലിച്ചെടുത്ത് ഏകദേശം മൂന്നു കിലോയോളം ഭാരമുള്ളതായി മാറും. ഫ്ലവർ ഫോമുകൾ വേസിൽ വച്ച് വെള്ളമൊഴിച്ച അതിലേക്ക് പൂവുകൾ കുത്തി വയ്ക്കുമ്പോൾ പിന്നീടതിന് വലിയ അനക്കമൊന്നു ഉണ്ടാവുകയില്ല. ഫോമിൽ പൂക്കളൊക്കെ ഉറച്ച് നിൽക്കുകയും ചെയ്യും.

സാമ്പത്തിക ലാഭത്തിനൊപ്പം മാനസിക ഉല്ലാസവുമുണ്ട് ഈ ജോലിയിൽ. രാവിലെയും വൈകിട്ടും മനോഹരമായ പൂവുകൾ കണ്ട് അതിനെ അതിലും മനോഹരമാക്കാൻ ശ്രമിച്ച് മുന്നോട്ട് പോകാം.. മനസ്സിൽ മറ്റൊരു ആഗ്രഹവും കൂടെയുണ്ട്. നമ്മുടെ നാട്ടിലുള്ളവർക്ക് പൂവുകള്‍ ഇവിടെ തന്നെയുണ്ടാക്കാൻ സഹായിക്കുന്ന തരത്തിലൊരു പ്രോഗ്രാം സംഘടിപ്പിക്കുക. എന്റെ ചെറിയ സ്വപ്നങ്ങൾക്കിടയിലെ വലിയ സ്വപ്നമാണത്.