Friday 16 March 2018 04:40 PM IST : By സ്വന്തം ലേഖകൻ

കൊച്ചിക്ക് അത്ര പരിചിതമല്ലാത്ത ടെറേറിയം ബിസിനസിലൂടെ വിജയം സ്വന്തമാക്കി ലക്ഷ്മി

lakshmi-busi006 ലക്ഷ്മി, എറണാകുളം, വരുമാനം: 40,000

നമുക്ക് ഒരുപാട് ഇഷ്ടമുള്ള എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ അത് തിരിച്ചുകിട്ടാൻ പല വഴികളും  നോക്കും. അങ്ങനെ ചെടികളെ സ്നേഹിക്കാനായി എന്തു ചെയ്യുമെന്ന്  
മാത്രമേ ലക്ഷ്മിയും ചിന്തിച്ചിട്ടുള്ളൂ. ഗ്ലാസ് ക്യൂബിൽ  മീൻ വളർത്തുന്നതു പോലെ, ചെറിയ ഗ്ലാസ് പോട്ടിൽ ചെടി വളർത്തുന്ന ടെറേറിയം നിർമാണം. ഹോബി  ബിസിനസ്സായി മാറിയപ്പോഴിതാ ലക്ഷ്മിയുടെ ഗ്രീൻപീസ് ടെറേറിയത്തിന്  ആവശ്യക്കാരേറെ.

ഇഷ്ടങ്ങള്‍ വിരിഞ്ഞപ്പോൾ

‘‘2009ലാണ് നെതർലൻഡ്സിലെ താമസം അവസാനിപ്പിച്ച്  എറണാകുളത്ത് സെറ്റിൽ ചെയ്യാൻ തീരുമാനിച്ചുത്. കുട്ടികളുമായി ഒരു ദിവസം പാർക്കിൽ പോയപ്പോഴാണ് ഗംഗയെ പരിചയപ്പെടുന്നത്. എന്റെയും ഗംഗയുടെയും അമ്മവീട് ഇടുക്കിയിൽ ആയതുകൊണ്ട്  സംസാരിക്കാൻ വിഷയങ്ങളൊരുപാടുണ്ടായി. അങ്ങനെയാണ് ചെടികളോടിഷ്ടമുള്ള ഞങ്ങൾ ടെറേറിയം ബിസിനസ്സിനെ പറ്റി ആലോചിച്ചത്. ഫ്ലാറ്റിൽ താമസമായിരുന്നതുകൊണ്ട് ചെടികളെ നോക്കാൻ തീരെ പറ്റിയിരുന്നില്ല. ഒപ്പം വീട്ടിലെ ചെറിയ പൂന്തോട്ടം നഷ്ടപ്പെടുന്നതിന്റെ വിഷമവുമുണ്ടായിരുന്നു.

lakshmi-busi005

അങ്ങനെ ഒരു പരീക്ഷണം എന്ന നിലയ്ക്ക്, വലിയൊരു ഗ്ലാസിൽ ഒരു ടെറേറിയം ഉണ്ടാക്കി നോക്കി. സുഹൃത്തിന്റെ അമ്മയുടെ 60–ാം പിറന്നാളിന് ഞങ്ങളെ വിളിച്ചപ്പോൾ, അതൊരു ഗിഫ്റ്റായി കൊടുക്കാനും തീരുമാനിച്ചു. അവിടെ വച്ച് ഞങ്ങളുടെ ഗിഫ്റ്റ് കണ്ടവർ പലർക്കും ആ ആശയം ഇഷ്ടപ്പെട്ടു. ഒപ്പം ഒരു ചോദ്യവും, കുറച്ചുകൂടെ നല്ല ഗ്ലാസ് ബൗളിൽ ഇങ്ങനെ ചെടി വച്ച് സമ്മാനമാക്കി തരാമോയെന്ന്. ബിസിനസ്സ് ചിന്തകളുമായി നിന്ന ഞങ്ങളുടെ തലയ്ക്കു  മുകളിൽ ഒരു ബൾബ് കത്തിച്ച നിമിഷമായിരുന്നു അത്. ഗംഗയുടെ ബിടെക് അഗ്രികൾചറൽ ബുദ്ധികൾ അന്നു മുതൽ പ്രവർത്തിച്ചു തുടങ്ങി. ഇൻഡോർ ചെടിയായിരുന്ന ‘ക്രിപ്റ്റാന്തസായിരുന്നു’ ഞങ്ങളുടെ സ്ഥിരം പരീക്ഷണവസ്തു. ചെറിയ ഗ്ലാസ് ബൗളിൽ ഓരോ ലെയർ എന്തൊക്കെ ഇടണമെന്ന് ചെയ്തു പഠിച്ചും വായിച്ചുമാണ് ഞങ്ങൾ തുടങ്ങിയത്. ആദ്യത്തെ ലെയർ പെബിൾ, പിന്നെ കരിക്കട്ട, സോയിൽ മിക്സ്, ചെടി.... പിന്നെ, അതിന് മുകളിൽ അവസാന പെബ്ബിളുകളും.

അങ്ങനെ ഈ രീതികൾ ഉപയോഗിച്ച് ഒരു ടേറേറിയം ചെയ്തുവച്ചു. പുതിയ ചെടികളുമായി ടെറേറിയം വിപുലീകരിക്കാൻ ശ്രമിച്ചപ്പോൾ പ്രശ്നങ്ങളും വന്നു തുടങ്ങി. ആദ്യം കിട്ടിയ പണി കാലാവസ്ഥയിൽ നിന്നായിരുന്നു. ടെറേറിയത്തിന് യോജിച്ച ചെടികളെല്ലാം വച്ചു തുടങ്ങിയപ്പോഴാണ് പലതും നമ്മുടെ കാലാവസ്ഥയ്ക്കു ചേരില്ലെന്ന് മനസ്സിലായത്. പിന്നെ, ചൂട് കാലാവസ്ഥയ്ക്കു യോജിക്കുന്ന ചെടികൾ നോക്കി വളർത്താൻ തീരുമാനിച്ചു.

lakshmi-busi003

കാക്റ്റസ്, സക്കുലാന്തസ്, സിമോണിയം, ക്രിപ്റ്റാന്തസ്, ഫേർൺ എന്നിവ കേരളത്തിൽ ടെറേറിയത്തിന്  ചേരുന്നവയാണ്. പിന്നീടുണ്ടായ പ്രശ്നം പെബിളുകൾ ഇടുമ്പോഴുള്ളതായിരുന്നു. വളരെ സൂക്ഷ്മതയോടെ അവ നിക്ഷേപിച്ചില്ലെങ്കിൽ ബൗൾ പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ബൗൾ വയ്ക്കുന്ന സ്ഥലങ്ങളും വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അവിടെ കല്ലിന്റെയോ മറ്റെന്തെങ്കിലും സാധനത്തിന്റെയോ പൊടിയുണ്ടങ്കിൽ അതിൽ പാടുകൾ വീഴാനും, ടെറേറിയം ചീത്തയാകാനും
സാധ്യതയുണ്ട്. കൂടുതൽ മനസ്സിലായി തുടങ്ങിയപ്പോൾ പുതിയ പരീക്ഷണങ്ങൾ  ചെയ്യാൻ തുടങ്ങി.

പല ആകൃതിയിലുള്ള ഗ്ലാസ് ബൗളുകളും അങ്ങനെ ചെടികൾക്കനുസരിച്ച് ഞങ്ങൾ ഉപയോഗിച്ചു വന്നു. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ബൈക്കിന്റെയും സൈക്കിളിന്റെയുമൊക്കെ മോഡലിൽ ഞങ്ങളുടെ ടെറേറിയം പുറത്തിറങ്ങി.

lakshmi-busi002

പുതിയ ശൈലികൾ

കൂട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഗംഗ ജർമനിയിലേക്കു പോയപ്പോഴാണ് ഞാൻ ടെറേറിയം ഒറ്റയ്ക്കു  ചെയ്തുകൊടുക്കാൻ തുടങ്ങിയത്. അവൾ അവിടെ നിന്ന് പലതരം  നിർദേശങ്ങളും നൽകുകയും ചെയ്യും. ആക്ടീവ് പാർട്നറായി നാട്ടിലില്ലെന്ന് മാത്രം. അതുകൊണ്ട്  മറൈൻ സർവേയറായ ഭർത്താവ് വികാസ് ബാബുവും  മക്കൾ ആര്യനും  ആലിയയും എനിക്കു വേണ്ട  ചെറിയ സഹായങ്ങൾ ചെയ്തു തന്നു. അങ്ങനെയിരിക്കെ ഒരു പയ്യൻ വീട്ടിൽ ചെറിയ ഹോമിയോ ഗുളികയുടെ വലിപ്പമുള്ളൊരു ഗ്ലാസ് കുപ്പിയുമായി വന്നു. അവന്റെ ഗേൾഫ്രണ്ടിന് സമ്മാനമായി കൊടുക്കാനാണ്, ഈ കുപ്പിക്കുള്ളിൽ ഒരു ടെറേറിയം ചെയ്തു തരുമോയെന്ന് ചോദിച്ചു. ആദ്യമൊന്ന് പേടിച്ചെങ്കിലും ഞാൻ ചെയ്തു തരാമെന്ന് സമ്മതിച്ചു.

മൈക്രോബയോളജി പഠിച്ചതിന്റെ കഴിവുകളെല്ലാം ഞാൻ പുറത്തെടുത്തൊരു ദിവസമായിരുന്നു അത്. അന്ന് ധാരാളം സമയം ഞാനാ ഒരൊറ്റ ടെറേറിയത്തിനു വേണ്ടി ചെലവഴിക്കേണ്ടി വന്നു. പക്ഷേ, വിജയകരമായി ചെയ്തു കഴിഞ്ഞപ്പോൾ പ്രത്യേക സംത്യപ്തി തോന്നി. അവൻ ആ ടെറേറിയം കണ്ടപ്പോഴുള്ള ചിരി എന്റെ മനസ്സിൽ ഇന്നും നിൽപ്പുണ്ട്. ടെറേറിയങ്ങൾ എത്രമാത്രം ചെറുതാവുന്നോ, അതിനനുസരിച്ച് ഒരുക്കാനുള്ള ശ്രമവും കൂടുതൽ വേണ്ടി വരും.

ടെറേറിയങ്ങൾ രണ്ടു തരത്തിലുണ്ട് ഓപ്പണും ക്ലോസ്സും. ക്ലോസ് ടെറേറിയങ്ങൾക്കു വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. പക്ഷേ, ഒാപൺ ടെറേറിയങ്ങൾ കൃത്യമായി നനച്ചില്ലെങ്കിൽ പെട്ടെന്ന് ചീത്തയായിപോകും. ടെറേറിയം ബിസിനസ്സുമായി  മുൻപോട്ട് പോകുമ്പോൾ തന്നെ  പോട്ടുകൾ ഉപയോഗിക്കാതെയുള്ള ചെടിവളർത്തൽ രീതികളെ പറ്റിയും ഞാൻ അന്വേഷിച്ചിരുന്നു. അങ്ങനെയാണിപ്പോൾ  ജാപ്പനീസ് രീതിയായ   ‘പോട്‌ലെസ്  സ്ട്രിങ് ഗാർഡൻ’ ഞങ്ങൾ തുടങ്ങിവച്ചത്. ഫ്ലാറ്റുകളിൽ താമസിക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് സൂര്യപ്രകാശം കിട്ടുന്നിടത്ത് ടെറേറിയത്തെ നിർത്താനാണ്. വെളിച്ചം കിട്ടാതിരുന്നാൽ ഏതൊരു ചെടിയെയും പോലെ ടെറേറിയവും ഇല്ലാതായി പോകും.

lakshmi-busi001

ടെറേറിയങ്ങളിൽ കൂടുതൽ ആളുകളും ചെടിയോടുള്ള ഇഷ്ടത്തിനൊപ്പം ഭംഗിയും നോക്കിയാണ് വാങ്ങുന്നത്. ആളുകൾക്ക്  ടെറേറിയത്തോടുള്ള ഇഷ്ടം  മനസ്സിലാക്കി ഞാനിപ്പോൾ കോളജുകളിൽ ടെറേറിയമുണ്ടാക്കുന്നതിനെ കുറിച്ച് ക്ലാസ്സുകൾ എടുക്കുന്നുണ്ട്. ചെടികളിൽ കാക്റ്റസിനും സക്കുലാന്തസിനുമാണ് കൂടുതൽ ആവശ്യക്കാർ. ചെടികളെ സ്നേഹിക്കുന്നവർക്കൊക്കെ സന്തോഷമാകാൻ ടെറേറിയം ആശയത്തിനു കഴിഞ്ഞുവെന്നതാണ് ഈ ബിസിനസ്സിന്റെ വിജയം. സൗന്ദര്യത്തിലുമേറെ, ഇതൊരു ഇഷ്ടമാണ്. ചെടികളെ മിസ് ചെയ്യുന്നവർക്കും, പൂന്തോട്ടമൊരുക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്നവർക്കുമാണ് ടെറേറിയം. സ്വീകരണമുറിയുടെ ഭംഗിയോടൊപ്പം  ടെറേറിയം നമ്മുടെ മനസ്സും നിറയ്ക്കും..

Keep In Mind

1. പെബ്ബിളുകൾ ഇടാനായി ഗാർഡൻ ടൂളുകൾ ഉപയോഗിക്കുക. കൈകൊണ്ടിട്ടാലും മറ്റ് വസതുക്കൾ ഉപയോഗിച്ചാലും ഗ്ലാസിന് കേടുപാടുകൾ വരാനുള്ള സാധ്യത കൂടുതലാണ്.

2. കളർസാൻഡ് ഉപയോഗിക്കുമ്പോൾ ചെടിയുടെ കീഴിലേയ്ക്ക് ആ മണ്ണ് ചെന്നെത്താതിരിക്കാൻ ശ്രദ്ധിക്കുക. ടെറേറിയത്തിന്റെ സൗന്ദര്യത്തിന്  മാത്രമായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്.

3. വെള്ളം നനയ്ക്കാനായി സ്പ്രെയർ ഉപയോഗിക്കുന്നതും, അൽപം വെള്ളം എന്ന കണക്കും ഒഴിവാക്കി, സിറിഞ്ചിലെടുത്ത് വെള്ളം ഒഴിക്കുന്നതാണ് നല്ലത്.