Friday 09 February 2018 04:49 PM IST : By സ്വന്തം ലേഖകൻ

ജൂട്ട് ബാഗ് നിർമാണത്തിലൂടെ വരുമാനം; ഒപ്പം 16 സ്ത്രീകൾക്ക് ജോലിയും നൽകി മിനി തോമസ്

mini-thomas1

ചെറുപ്പം മുതലേ മറ്റുള്ളവരെ സഹായിക്കാൻ മിനിക്ക്  താൽപര്യമായിരുന്നു. അതുകൊണ്ട് പ്രീഡിഗ്രി കഴിഞ്ഞതും  ഡിപ്ലോമ ഇൻ സോഷ്യൽ വർക്ക് പഠിച്ചു. സ്വകാര്യസ്ഥാപനത്തിൽ ട്രെയിനിങ് കോ ഓർഡിനേറ്റർ ആയി ജോലി ചെയ്തു. ജോലിഭാരവും മാനസിക സമ്മർദവും പ്രതീക്ഷിച്ചതിനേക്കാൾ അധികം. എങ്കിലും പിടിച്ചു നിൽക്കണമെന്നു തോന്നി. കുറേ വർഷം അങ്ങനെ പോയി. പക്ഷേ, ടെൻഷൻ താങ്ങാവുന്നതിനും അപ്പുറം ആയപ്പോൾ ആ തീരുമാനമെടുത്തു. ശമ്പളത്തേക്കാൾ വലുത് മനസ്സിന്റെ സന്തോഷം തന്നെ. അങ്ങനെ ജോലിയിൽ നിന്നു സ്വാതന്ത്ര്യം നേടി.

എന്ത്? എങ്ങനെ?

ആർക്കെങ്കിലും സഹായമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. പാവപ്പെട്ട കുറച്ചു സ്ത്രീകൾക്ക് ജോലി കൊടുക്കുന്നത് നല്ല കാര്യമാകുമെന്ന് തോന്നി. ചെറിയൊരു യൂണിറ്റ് തുടങ്ങണം. പക്ഷേ, ഉൽപന്നമെന്ത്? എങ്ങനെ മാർക്കറ്റ് ചെയ്യും? തുടങ്ങി ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു മുന്നി ൽ. മനസ്സിൽ ഉറപ്പിച്ചിരുന്നത് ഒന്നു മാത്രം. എന്തു ചെയ്താലും പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത ഉൽപന്നമായിരിക്കണം.

പലതും സങ്കൽപിച്ച് ആലോചന നീണ്ടു. ഒടുവിൽ ജൂട്ട് ബാഗ് എന്ന ഉത്തരം മുന്നിൽ തെളിഞ്ഞു. അതുവരെ കൂട്ടിവച്ച സമ്പാദ്യമെടുത്ത് മിനിയും സുഹൃത്ത് സരിതയും ചേർന്നാണ് ബിസിനസ് തുടങ്ങിയത്. ഉൽപാദനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിനിയും മാർക്കറ്റിങ് വിഭാഗം ബി.ടെക് ബിരുദധാരിയായ സരിതയും വിഭജിച്ചെടുത്തു. മൂന്നു പേരെ ദിവസ വേതനത്തിന് വച്ച് വീട്ടിൽ തന്നെ തുടക്കമിട്ടു. ‘ലിനെറ്റ് നാചുറല്‍ ക്രാഫ്റ്റ്’ എന്ന പേരിൽ ജൂട്ടിലും കോട്ടനിലും ക്യാൻവാസിലും സെമിനാർ ബാഗുകളുണ്ടാക്കിത്തുടങ്ങി.

നിലമ്പൂർ തുമ്പിയാംകുടിയിൽ തോമസിന്റെയും ഏലിയാമ്മയുടെയും മകളായ മിനി ബിസിനസിനായി തിരഞ്ഞെടുത്തത് പാലക്കാടിന്റെ അതിർത്തി ഗ്രാമമായ കൊഴിഞ്ഞാമ്പാറ.‘‘മലപ്പുറത്തേക്കാൾ ബാഗിനുള്ള മെറ്റീരിയലുകൾ വാങ്ങാനും യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും നോക്കിയാണ് ഇ വിടെയാകാം എന്നു തീരുമാനിച്ചത്. ഒരു വീടെടുത്ത് താമസവും ഇങ്ങോട്ടു മാറ്റി. ഈ ഭാഗത്താണെങ്കിൽ ജോലിയില്ലാത്ത സ്ത്രീകൾ കുറച്ചേറെയുണ്ട് താനും. കുറച്ചു പേർക്കെങ്കിലും ജോലി കിട്ടിയാൽ അത്രയും കുടുംബങ്ങളെങ്കിലും രക്ഷപ്പെടുമല്ലോ എന്നു കരുതി. ’’ മിനി.

പടിപടിയായി വളർച്ച

ട്രെയിനർ ആയിരുന്നപ്പോൾ സർക്കാർ സ്ഥാപനങ്ങളുമായുള്ള ബന്ധം ബിസിനസിനു സഹായമായി. കോൺഫറൻസുകൾക്കും സെമിനാറുകൾക്കും വേണ്ടി കോംപ്ലിമെന്ററി ബാഗുകൾ ആവശ്യം വരുമ്പോൾ മിനിയെ പലരും വിളിച്ചു തുടങ്ങി. സെമിനാർ ബാഗുകൾക്കു പുറമേ ലേഡീസ് വാനിറ്റി ബാഗുകളും പഴ്സുകളും ബാക്ക് പാക്കുകളും എക്സിക്യൂട്ടിവ് ബാഗുകളും ഫോൾഡറുകളും ഫയലുകളുമൊക്കെ പടിപടിയായി ഉണ്ടാക്കി നോക്കി. അതും വിജയമായി.

mini-thomas3

തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്, എറണാകുളം തുടങ്ങി മിക്ക ജില്ലകളിലും സെമിനാറുകൾ നടക്കുമ്പോൾ മിനിക്ക് വിളി വരും. അവിടെയെല്ലാം മിനിയുടെ ബാഗുകൾ എത്തും. കോഴിക്കോട് മെഡിക്കൽ കോളജ്, ഐഎംഎ പോലുള്ള സ്ഥാപനങ്ങൾ, കില, സമീധ്യ (കൃഷി ഓഫിസർമാർക്കുള്ള പരിശീലന പരിപാടി), സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റ്, കെഎഫ്ആർഐ, മിൽമ എന്നിവയ്ക്കു വേണ്ടിയെല്ലാം തുടർച്ചയായി പല തവണ ബാഗുകൾ നിർമിച്ചു കൊണ്ട് മിനിയും കൂട്ടരും മുന്നേറി.

കോൺഫറൻസുകളെയും സെമിനാറുകളെയും കുറിച്ചുള്ള വിവരങ്ങളും ടെൻഡറുകളും സൈറ്റിൽ നോക്കി കണ്ടെത്തും. ബജറ്റ് അനുസരിച്ച് ഡിസൈൻ വരച്ചു കാണിക്കും. ഇഷ്ടമായാൽ ഓർഡർ കിട്ടും. മറ്റ് മീറ്റിങ്ങുകളിൽ ലിനെറ്റ് നാചുറൽ ക്രാഫ്റ്റിന്റെ ബാഗുകൾ കണ്ടിഷ്ടമാകുന്നവർ അന്വേഷിച്ച് വരാറുമുണ്ട്.

മുഖമുദ്ര, ഗുണമേന്മ

ഹോൾസെയ്ൽ ഏജന്റുമാർക്കും  ഈവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾക്കും ബാഗുകള്‍ നൽകുന്നുണ്ടിപ്പോൾ. പക്ഷേ, കടകളിലേക്ക് നേരിട്ട് വിതരണമില്ല. സീസൺ ആണെങ്കിൽ നാൽപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ ലാഭം കിട്ടാറുണ്ട്. കിട്ടുന്നതെത്രയായാലും വീതിച്ചെടുക്കുകയാണ് പതിവ്. മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ പതിനാറു സ്ത്രീകൾക്ക് ജോലി നൽകുന്ന രീതിയിലേക്ക് ബിസിനസ് വളർന്നു. മിനിയുടെ വീട്ടിൽ നിന്ന് അടുത്തുള്ളൊരു വാടകക്കെട്ടിടത്തിലേക്ക് ലിനെറ്റ് നാചുറൽ ക്രാഫ്റ്റ്സ് മാറുകയും ചെയ്തു.

ബാഗുകളുടെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാറേയില്ല. അതുകൊണ്ട് ബാഗുണ്ടാക്കാൻ വേണ്ട അസംസ്കൃത വസ്തുക്കൾ കോയമ്പത്തൂർ, ചെന്നൈ,  കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നൊക്കെ മൊത്തവിലയ്ക്ക് വാങ്ങുകയാണ് പതിവ്. ഗുണമേന്മ ഉറപ്പാകുന്നതിനോടൊപ്പം അമിതചെലവ് നിയന്ത്രിക്കാനാകുമെന്ന ഗുണം കൂടിയുണ്ടതിന്.

‘ബിസിനസിൽ ഇടയ്ക്ക് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എന്നെ ആശ്രയിച്ചു കുടുംബം പോറ്റുന്ന സ്ത്രീകളുടെ മുഖം അപ്പോഴൊക്കെ മുന്നിൽ തെളിയും. കൃത്യസമയത്ത് ഒാർഡർ എത്തിക്കാൻ വേണ്ടി ഒരിക്കൽ എട്ടു രാത്രികൾ ഞങ്ങളാരും ഉ റങ്ങാതെ പണിയെടുത്തു. അതുപോലെ ഒാർഡർ തീരെ കുറഞ്ഞ അവസരങ്ങളുമുണ്ടായിട്ടുണ്ട്.

പക്ഷേ, എവിടെ നിന്നെങ്കിലും ശമ്പളം കൊടുക്കാറാകുമ്പോഴേക്കും ഒാർഡർ കിട്ടും. അതു കൊണ്ട് അതൊരു ടെൻഷനായി തോന്നിയിട്ടില്ല. ഇത്രയും പേർക്കെങ്കിലും ഇതിലൂടെ ജീവിതമാർഗം തെളിയുന്നുണ്ടല്ലോ. എന്റെ പ്രാർഥന എപ്പോഴും അവർക്കു കൂടി വേണ്ടിയാണ്...’ 

Keep in Mind 

∙ തയ്യൽ ജോലികൾ നല്ലതുപോലെ അറിയാമെങ്കിൽ ജൂട്ട് ബാഗ് നിർമാണത്തിൽ വിജയിക്കാൻ പ്രയാസമൊന്നുമില്ല. തയ്യലിന്റെയും പാറ്റേണിന്റെയും പെർഫെക്‌ഷനും ഭംഗിയും പ്രധാനമാണ്. കുറഞ്ഞ ചെലവിൽ, ക്വാളിറ്റിയും ഭംഗിയുമുള്ള ബാഗുകൾ എത്തിച്ചുകൊടുക്കാൻ സാധിക്കുമെങ്കിൽ ആവശ്യക്കാർ തേടിയെത്തും.

∙ ജൂട്ട് നിർമാണ കമ്പനികളിൽ നിന്നോ മൊത്തവ്യാപാരശാലകളിൽ നിന്നോ ജൂട്ട് മെറ്റീരിയൽ ഒരുമിച്ച് വാങ്ങുന്നതാണു ലാഭകരം. 

∙ പുതിയ പാറ്റേണുകൾ കണ്ടെത്തി അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങളെ മറ്റുള്ളവരിൽ നിന്നു വേറിട്ടു നിർത്തും. പുതുമ നിലനിർത്തിയാൽ ബിസിനസും മെച്ചപ്പെടും.

mini-thomas2

മിനി തോമസ്, പാലക്കാട്, ജൂട്ട് ബാഗ് നിർമാണം, വയസ്സ്: 43, മാസവരുമാനം: 20,000 മുതൽ