Friday 09 February 2018 04:52 PM IST : By സ്വന്തം ലേഖകൻ

വെറുതേ കളയുന്ന ജാതിക്കാത്തൊണ്ടിൽ നിന്ന് വരുമാനം

shebi3

ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവുമായി ആർപ്പൂക്കരയിൽ നിന്ന് പിണ്ണാക്കനാട് കിണറ്റുകരയിലെ കുടുംബത്തിലേക്ക് മരുമകളായി എത്തിയതാണ് ഷെബി. കുടുംബത്തിന്റെ ജാതിത്തോട്ടവും നഴ്സറിയുമായി ജീവിതത്തിനെപ്പോഴും ജാതിക്കയുടെ മണം. വീട്ടിൽ ജാതിക്ക വൈനും അരിഷ്ടവുമൊക്കെ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ടായിരുന്നു. ജാതിക്ക കൊണ്ട് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ഒറ്റ റെസിപി പോലുമില്ല!

എന്നാലിനി  സ്വയം പരീക്ഷണം  തന്നെ, ഷെബി വിട്ടില്ല. ദഹനപ്രശ്നത്തിന് ജാതിക്ക നല്ല മരുന്നാണ് എന്ന് നേരത്തേ അറിയാമായിരുന്നു.  ജാതിത്തൊണ്ടിന്റെ സിറപ്, അച്ചാർ, ജ്യൂസ്, ചമ്മന്തിപ്പൊടി, ജെല്ലി, ജാം, പുഡിങ്, കേക്ക്, ടോഫി, ബർഫി... ഷെബിയുടെ പരീക്ഷണങ്ങൾ ഓരോന്നായി വിജയം കണ്ടു. അതെല്ലാം രുചിച്ച് ‘ഗംഭീരം’എന്ന് ഭർത്താവ് അരുണും ബന്ധുക്കളും സുഹൃത്തുക്കളും തലകുലുക്കി. കുറച്ചു കൂടുതലുണ്ടാക്കിയാൽ വരുമാനമായില്ലേ? ചിന്ത അങ്ങനെയും പോയി.

നിലയ്ക്കാത്ത പരീക്ഷണങ്ങൾ

അരുണിന്റെ അച്ഛൻ കെ.ടി. മാത്യു സ്വന്തം നഴ്സറിയിൽ ബഡ് ചെയ്തുണ്ടാക്കിയ കിണറ്റുകര ജാതിക്കയ്ക്ക് മാർക്കറ്റിൽ കിട്ടുന്ന ജാതിക്കകളേക്കാൾ വലുപ്പമുണ്ട്. വർഷത്തിൽ അഞ്ചു തവണ പൂവിടും. ഒന്നര വർഷം മുമ്പ്, നഴ്സറിയിൽ ജാതിക്ക വാങ്ങാനെത്തുന്നവരിൽ നിന്ന് തൊണ്ടുകൾ തിരികെ വാങ്ങി. ജാതിക്കാത്തൊണ്ടിന്റെ  കറ പ്രൊസസ് ചെയ്താണ് ഉൽപന്നങ്ങളിൽ ഉപയോഗിക്കേണ്ടത്. പ്രൊസസിങ് കുറച്ച് ബുദ്ധിമുട്ടായതുകൊണ്ട് കുറച്ചേറെ തവണ ലാബ് ടെസ്റ്റ് ചെയ്യേണ്ടി വന്നു. എങ്കിലും ടെസ്റ്റിൽ വിജയിച്ചതോടെ ജാമും കേക്കുമൊക്കെ കൂടുതലുണ്ടാക്കിത്തുടങ്ങി.

ചേർക്കുന്ന കറയുടെ അളവിലും ജാതിക്കയുടെ ബ്രീഡിലും വ്യത്യാസം വരുമ്പോൾ ജാമിന്റെയും സിറപ്പിന്റെയുമൊക്കെ രുചി മാറുന്നുണ്ടെന്ന് ഷെബിക്ക് മനസ്സിലായി. എത്ര അളവ് വീതം ചേർക്കണം എന്നറിയാൻ പല തവണ ഉൽപന്നങ്ങൾ ഉണ്ടാക്കി നോക്കി. ജാതിക്ക അരിഷ്ടം ആരോഗ്യത്തിന് നല്ലതാണെങ്കിലും ലഹരി സ്വഭാവം ഉള്ളതുകൊണ്ട് വിൽപനയ്ക്കതു വേണ്ടെന്നു വച്ചു. പ്രിസർവേറ്റീവുകളോ കളറോ ചേർക്കാതെ ‘ഷെബ്സ്’ എന്ന ബ്രാൻഡ്നെയിമിൽ ബോട്ടിലുകളിലാക്കി പിണ്ണാക്കനാട്ടെ നഴ്സറിയിൽ തന്നെ ഔട്ട്‌ലെറ്റ് വച്ച് വിൽപനയ്ക്കെത്തിച്ചു. ഉൽപന്നങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് കുപ്പികളും അടപ്പുകളും ഒഴിവാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സിന്റെ ലൈസൻസ് കിട്ടിയപ്പോൾ ധൈര്യമായി.

ജാതിക്ക പലരീതിയിൽ

നീരായും വേവിച്ചും ഫ്രൈ ചെയ്തും – ഓരോ ഉൽപന്നത്തിനും ഓരോ രീതിയിലാണ് ജാതിക്കാത്തൊണ്ട് ഉപയോഗിക്കുന്നത്. ദിവസവും എഴുപതു കിലോഗ്രാം വരെ പ്രൊസസ് ചെയ്യും. ഭരണങ്ങാനത്തുള്ള വീടിന്റെ ഔട്ട്ഹൗസിലാണ് പ്രൊസസിങ് യൂണിറ്റ്, സഹായത്തിന് രണ്ടു പേരുണ്ട്. അടുത്തിടെ മ ണ്ണുത്തിയിലെ കുടുംബ നഴ്സറിയില്‍ രണ്ടാമതൊരു ഔട്ട്‌ലെറ്റ് കൂടി തുടങ്ങി.

shebi2

പ്രിസർവേറ്റീവുകൾ ഇല്ലാത്തതുകൊണ്ട് സാധാരണ ഊ ഷ്മാവിൽ ഉൽപന്നങ്ങൾക്ക് പെട്ടെന്നു കേടു വരാം. പ്രത്യേക കൂളറുകളിലാണ് ഇതെല്ലാം  സൂക്ഷിക്കുന്നത്. വിറ്റു പോകുന്നതിനനുസരിച്ചേ പുതുതായി ഉൽപന്നങ്ങൾ ഉണ്ടാക്കാറുള്ളൂ. ഹോംമെയ്ഡ് ഉൽപന്നങ്ങൾ വിൽക്കുന്ന ചില കടകളിൽ  കൊടുക്കാറുണ്ട്. കേരള അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ എറണാകുളത്തെ ഷോപ്പിലും കോട്ടയം ചൈതന്യയിലും മൂവാറ്റുപുഴയിലെ മറ്റൊരു കടയിലും കൊടുക്കുന്നുണ്ട്. കൂളർ ഉൾപ്പടെ കൊടുക്കും.

വെയിലും ചൂടും തട്ടി ചീത്തയായിപ്പോകാം എന്നതുകൊണ്ട് ഓൺലൈൻ വഴിയുള്ള വിൽപനയെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ല. ജാതിക്ക വിനാഗിരിയും ‘റെഡി ടു ഡ്രിങ്ക്’ പാനീയവുമാണ് ഇനി ലക്ഷ്യം. മംഗലാപുരത്തെ നഴ്സറിയിൽ പുതിയ കൗണ്ടർ തുടങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ചെറിയൊരു ഫാക്ടറിയും മനസ്സിലുണ്ട്.

‘വലിയ പ്ലാനുകളൊന്നുമില്ലാതെയാണ് ഇറങ്ങിയത്. കുറച്ചുണ്ടാക്കി വിറ്റ് പ്രതികരണം അറിഞ്ഞ് പോകാം എന്നു കരുതി. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഉൽപന്നങ്ങൾക്കായി ആ ളുകൾ വരുന്നുണ്ടിപ്പോൾ. ബിസിനസ് മെച്ചപ്പെടുന്നതിന്റെ സ ന്തോഷം  ജീവിതത്തിലുമുണ്ട്’ ഷെബി പറയുന്നു. ഷെബിക്കും അരുണിനും നാലു മക്കളാണ്. റൂത്ത് എട്ടിലും  മിറിയം  മൂന്നിലും മാർട്ടിൻ യു കെ ജിയിലും  സാറ പ്ലേ സ്കൂളിലും പഠിക്കുന്നു.

Keep in Mind

∙അഞ്ചാറ് ജാതിത്തൈ ഉണ്ടെങ്കിൽ ചെറിയ രീതിയിൽബിസിനസ് തുടങ്ങാനാവശ്യമായ ജാതിത്തൊണ്ട് കിട്ടും.   ജാതിത്തൊണ്ടുകൊണ്ട് ഉണ്ടാക്കാൻ ഏറ്റവും എളുപ്പം അച്ചാറാണ്.

∙ഗുണമേന്മയിൽ വിട്ടുവീഴ്ച പാടില്ല. എറണാകുളത്തെ സ്വകാര്യ ലാബുകളിലോ സർക്കാർ ലാബുകളിലോ ഗുണ പരിശോധന നടത്താം. സർക്കാർ ലാബുകളിൽ കാലതാമസം വന്നേക്കാം.

∙ഡ്രയർ, മിക്സർ, ജ്യൂസർ എന്നീ മെഷീനുകൾ സ്വയം തൊഴിൽ വായ്പയിലൂടെ വാങ്ങാം. തുടക്കത്തിൽ വീട്ടിൽ ചെറിയ രീതിയിൽ ആരംഭിച്ച് വരുമാനം കിട്ടിത്തുടങ്ങിയ ശേഷം സഹായത്തിന് ആളെ വയ്ക്കുന്നതാണ് നല്ലത്.

shebi1

ഷെബി അരുൺ, കോട്ടയം, ജാതിത്തൊണ്ടിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നു, വയസ്സ്: 36, മാസവരുമാനം: 20,000