സിസിലിക്ക് നാലു പെൺകുട്ടികളാണ്. മേരി, ജാൻവി, ഏയ്ഞ്ചൽ, ഇഷ. ക ല്യാണത്തിനും മറ്റു ചടങ്ങുകൾക്കും പോകാൻ ഇവർക്കു ഭംഗിയുള്ള ഉടുപ്പുകൾ തയ്പിക്കുന്നത് ചില്ലറ പണിയൊന്നുമായിരുന്നില്ല. പറഞ്ഞ ദിവസം തയ്ച്ചു കിട്ടില്ല, കിട്ടിയാലോ? മനസ്സിലുദ്ദേശിച്ചപോലെ ആകില്ല. ഇതു സ്ഥിരം കഥയായപ്പോൾ കാഞ്ഞിരപ്പള്ളി ആനത്താനത്തെ അച്ചാമ്മയാന്റി നടത്തുന്ന പത്തു ദിവസ തയ്യൽ ക്ലാസിനു പോയി സിസിലി. മക്കൾക്ക് നല്ല ഉടുപ്പുകൾ കൃത്യസമയത്ത് ഇടാൻ പറ്റണം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സിസിലിയുടെ മക്കളുടെ ഉടുപ്പുകൾ കണ്ടവർ ഇതുപോലെ തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയപ്പോളാണ് വിൽക്കാൻ ആ ലോചിക്കുന്നതു തന്നെ.
കുറച്ച് ഉടുപ്പുകൾ വച്ച് 2011ൽ പുനലൂരിൽ ചെറിയൊരു എക്സിബിഷൻ നടത്തി. അത് ക്ലിക്കായി. കൃഷിക്കാരനായ ഭർത്താവ് ജെഫൻ 2012ൽ ട്രോപ്പിക്കൽ കേരള എന്ന പേരിൽ ഫെയ്സ്ബുക് പേജ് തുടങ്ങി. ചെറുകിട സംരംഭമായി രജിസ്റ്റർ ചെയ്തു. കൂടുതൽ ആവശ്യക്കാർ അന്വേഷിച്ചെത്തി.സഹായത്തിന് ആളെ വയ്ക്കേണ്ടി വന്നു. കുട്ടികളുടെ കാര്യവും വീട്ടുകാര്യവും കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യലും എല്ലാം കൂടി സമ്മർദം കൂടിയപ്പോഴാണ് ഓൺലൈനിലൂടെ ഓർഡറുകൾ എടുക്കാമെന്നു തീരുമാനിച്ചത്. ഫ്രോക്കുകളും പാർട്ടി വെയർ ചുരിദാറുകളും കസ്റ്റമർ പറയുന്നതു പോലെ ചെയ്തു കൊടുക്കുന്ന കസ്റ്റമൈസ്ഡ് സ്റ്റിച്ചിങ് ബുട്ടീക് ആണ് സിസിലിയുടേത്.
കൃത്യസമയത്ത് കൈയിലെത്തും
ഭംഗിയുള്ള ഫ്രോക്കുകൾ തയ്ച്ചു കൊടുക്കുക എന്നതിലേറെ കൃത്യസമയത്ത് സാധനം എ ത്തിച്ചു കൊടുക്കുക, വേണ്ടപ്പോൾ അവർക്കതിടാൻ പറ്റുക, എല്ലാത്തിലുമുപരി അവരുടെ പരിപൂർണ സംതൃപ്തി... ഇതൊക്കെയാണ് സിസിലിക്ക് പ്രധാനം.സഹായികളില്ലാതെ പ്രതിസന്ധിയിലായപ്പോൾ പോലും സിസിലി വാക്കു തെറ്റിച്ചിട്ടില്ല.
സാരി ബ്ലൗസ് ഒഴികെയുള്ളതെല്ലാം ട്രോപ്പിക്കൽ കേരളയിലൂടെ ആവശ്യക്കാരുടെ കൈകളിലെത്തുന്നുണ്ട്. തയ്ച്ചു തരുന്നത് ഇട്ടോളൂ എന്നു പറയാൻ സിസിലിക്ക് മടിയാണ്. മാസങ്ങളെടുത്ത് വർക് ഔട്ട് ചെയ്ത് തയ്ച്ച ഫ്രോക്കുകളുണ്ട്. പുതിയ പാറ്റേണുകൾ കാണുമ്പോൾ അതൊരു ചലഞ്ച് ആയി എടുത്ത് അതേപോലെ ഭംഗിയാക്കാൻ ശ്രമിക്കും. കസ്റ്റമറിന്റെ മനസ്സിലുള്ളത് അതുപോലെ തയ്ച്ചു കൊടുക്കാനാണ് ശ്രമിക്കാറ്. അതുകൊണ്ട് മക്കളുടെ കാര്യങ്ങൾ മുടക്കം വരാതെ ചെയ്തുകൊടുക്കാൻ സമയം കിട്ടുന്നത്രയും ഓർഡറുകളേ സിസിലി എടുക്കാറുള്ളൂ.
എൺപതു ശതമാനം കസ്റ്റമേഴ്സും ഓൺലൈൻ വഴിയുള്ളവരാണ്. കൂടുതലും വിദേശത്തുള്ളവർ. അടുത്തറിയാവുന്നവർ മാത്രമേ വീട്ടിൽ വന്ന് ഓർഡർ കൊടുക്കാറുള്ളൂ. കസ്റ്റമർ ഒരു പാറ്റേൺ അയച്ചു തന്നാൽ അതിലുപയോഗിച്ച അതേ മെറ്റീരിയൽ കിട്ടാനായി പല തവണ കടകളിൽ പോകേണ്ടി വരും. ചില മെറ്റീരിയൽ കിട്ടാനായി ഒന്നിലേറെ കടകളിൽ കയറേണ്ടിയും വരും. എന്നാലും തയ്ച്ചു കൊടുത്ത ഡ്രസ് ഇട്ടുനോക്കി അമ്മമാരും കുട്ടികളും മനസ്സു നിറഞ്ഞ് വിളിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി സിസിലിക്ക് നൽകുന്ന സന്തോഷം ചെറുതല്ല.
മനസ്സറിയുന്ന ബിസിനസ്സുകാരി
ട്രോപ്പിക്കൽ കേരളയുടെ എഫ് ബി പേജിൽ ‘ഹൗ ടു മെഷർ’ എന്ന വിഭാഗമുണ്ട്. സ്വയം അളവെടുക്കാൻ കസ്റ്റമറെ സ ഹായിക്കുന്ന അളവുകളും ചാർട്ടുകളും വിശദമായി ഇതിൽ കാണാം. അതനുസരിച്ച് അളവെടുത്ത് അയച്ചു കൊടുത്തവരാരും ഇതുവരെ പരാതിയുമായി വന്നിട്ടില്ല എന്നത് സിസിലിയുടെ ആത്മവിശ്വാസം കൂട്ടുകയാണ്. തുന്നിയ ശേഷം മാറ്റങ്ങൾ വരുത്തണമെങ്കിൽ തിരിച്ചയയ്ക്കുന്നതു ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കി ദൂരസ്ഥലങ്ങളിൽ നിന്നുള്ള ഓർഡറുകളിൽ നീളമോ വലുപ്പമോ കൂട്ടാനുള്ള സംവിധാനം തയ്ക്കുമ്പോൾ തന്നെ ഉൾപ്പെടുത്തും.
ഉടുപ്പുകൾക്ക് ഓർഡറെടുക്കുമ്പോൾ നേരത്തേ വില പറയാറില്ല. എല്ലാ പണിയും മുഴുവനായ ശേഷം വർക് ചെയ്തെടുക്കാൻ ചെലവായ സമയത്തിന്റെയും കഷ്ടപ്പാടിന്റെയും ഇരുപത്തഞ്ചോ മുപ്പതോ ശതമാനമാണ് വിലയിടാറ്. ഏറെ കഷ്ടപ്പെടേണ്ടി വന്നാലേ മുപ്പതു ശതമാനത്തിനു മുകളിൽ ഈടാക്കാറുള്ളൂ. ഓർഡർ കിട്ടിയാൽ ഇക്കാര്യം ആദ്യമേ പറഞ്ഞേ തയ്ച്ചു തുടങ്ങൂ.
സെലിബ്രിറ്റി കസ്റ്റമേഴ്സ് ധാരാളമുണ്ടെങ്കിലും പേരു വെളിപ്പെടുത്താൻ സിസിലി ആഗ്രഹിക്കുന്നില്ല. ഒരു തയ്യല്‍മെഷിൻ വച്ച് വീട്ടിൽ തുടങ്ങിയ ബിസിനസ് ഇന്ന് കാർഷെഡിലേക്കും ആറു മെഷീനിലേക്കും വളർന്നു. പെൺമക്കളുള്ള അമ്മമാരുടെ മനസ്സ് വായിച്ചറിഞ്ഞു തുടങ്ങിയ സംരംഭം മുടക്കങ്ങളൊന്നുമില്ലാതെ പോകുന്നതിന്‍റെ സന്തോഷമാണ് സിസിലിയുടെ ബിസിനസ് ഇൻസ്പിരേഷൻ.