Friday 09 February 2018 04:52 PM IST : By സ്വന്തം ലേഖകൻ

വീടായാലും ഓഫിസായാലും സുമ ചെയ്യും സൂപ്പര്‍ പൂന്തോട്ടങ്ങൾ

suma01

പരസ്യത്തിൽ കേട്ട പോലെ, ചെടികളിൽ ‘പൊടി’ പോലുമില്ല കണ്ടുപിടിക്കാൻ! ഇലകൾ ചെറുതായൊന്ന് വാടിയാൽ സുമയും അസ്വസ്ഥയാകും. പൂക്കളോടും ചെടികളോടും ഗാർഡനിങ്ങിനോടുമുള്ള സുമയുടെ ഇഷ്ടം വെറും കച്ചവടം മാത്രമല്ല. ഹോമിയോ ഡോക്ടറായ സുമ, പാഷൻ എന്ന നിലയിലാണ് പൂന്തോട്ടത്തിലേക്ക് ഓർക്കിഡ് ചെടികൾ വാങ്ങിയത്. വീടിനോടു ചേര്‍ന്നു ചെറിയ തുടക്കം, പിന്നെ അതു വളര്‍ന്നു. ഇപ്പോള്‍ മുപ്പത് സെന്റിലായി രണ്ടായിരം വ്യത്യസ്ത ഇനം ഓർക്കിഡുകളും ഇരുന്നൂറോളം തരം അഡീനിയവും ഡെസർട്ട് റോസുമടക്കം പതിനായിരകണക്കിന് അലങ്കാരച്ചെടികളും ആക്സസറികളുമാണ് സുമയുെട പൂന്തോട്ടത്തിലുള്ളത്. പൂക്കളിലൂെട ഒരു മാസം േനടുന്നത് അരലക്ഷത്തിലേെറ രൂപ.
‘‘പൂക്കളോടു പ്രണയമില്ലാത്ത ഏതു വീട്ടമ്മയാണുള്ളത്. വീടിനോടു േചര്‍ന്ന് അല്‍പം സ്ഥലം കൂടിയുണ്ടെങ്കില്‍ നല്ല പ്ലാനിങ്ങില്‍ പൂന്തോട്ട ബിസിനസ് തുടങ്ങാവുന്നതേയുള്ളൂ.’’ സുമ പറയുന്നു.

േഹാം ഗാര്‍ഡനില്‍ തുടക്കം

ആലുവക്കാരി സുമ ബിസിനസുകാരന്‍ സുരേന്ദ്രനെ കല്യാണം കഴിച്ചാണ് പാലക്കാടെത്തിയത്. ഏകമകൾ പല്ലവി ബി. കോം ഇ–കൊമേഴ്സ് പൂർത്തിയാക്കി.  പൂക്കളോടുള്ള ഇഷ്ടം െകാണ്ടു പാലക്കാട്ടെ വീട്ടിലൊരു മനോഹരമായ പൂന്തോട്ടം ഒരുക്കിയായിരുന്നു തുടക്കം.
എവിടെ കണ്ടാലും, വില എത്രയായാലും അലങ്കാരച്ചെടികളാണെങ്കിൽ സുമയതു സ്വന്തമാക്കിയിരിക്കും. അങ്ങനെ ചെന്നൈ, ഡൽഹി, തായ്‌ലൻഡ് തുടങ്ങി പല നാടുകളില്‍ നിന്നുള്ള ഒാര്‍ക്കിഡുകള്‍ ഇവിടെയെത്തി. പൂന്തോട്ടത്തിൽ ചെടികൾ വയ്ക്കാൻ  സ്ഥലമില്ലാതായതോെട കുറേ ചെടികൾ നഴ്സറികളിലേക്കു കൊടുത്തു. വീണ്ടും ചെടികള്‍ കൂടിയപ്പോഴാണ് ബിസിനസ് എന്ന ആശയം മൊട്ടിട്ടത്. അങ്ങനെ വീടു തന്നെ നഴ്സറിയാക്കി. വീട്ടുകാര്യവും നഴ്സറിയും ജോലിയും കൂടി മുന്നോട്ടു പോകാനാകാതായപ്പോൾ നഴ്സറി നിർത്തി. ഗാർഡൻ ഡിസൈനിങ്ങിലേക്കു കടന്നു. ‘‘പഠിച്ചതു ഹോമിയോ ആണ്. നാലു വര്‍ഷം മുന്‍പു വരെ ചികിത്സയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ലോകം ചെടികളും പൂക്കളും മാത്രം.’ സുമ പറഞ്ഞു.

പുതുമയുണ്ടോ പുതുമ

‘‘വർഷങ്ങൾക്കു മുമ്പൊരു സിംഗപ്പൂർ യാത്രയിലാണ് വെർട്ടിക്കൽ ഗാർഡൻ ആദ്യമായി കാണുന്നത്.’’ സുമ ഒാര്‍ക്കുന്നു.
‘‘നാട്ടിൽ തിരിച്ചെത്തിയ ഉടൻ വീട്ടിലും അതുപോലൊന്നു  സെറ്റ് ചെയ്തു. പലരും അതുകണ്ട് അങ്ങനെയൊന്നു ചെയ്തു െകാടുക്കണമെന്ന ആവശ്യവുമായി വന്നു.
വീട്, വ്യവസായ സ്ഥാപനങ്ങൾ, ഓഫിസ്, ആശുപത്രി തുടങ്ങി ഏതു തരം കെട്ടിടത്തിനും  ചേരുന്ന പൂേന്താട്ടങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നത്. പച്ചപ്പും പൂക്കളുമൊക്കെയായി ഇടപെട്ടു ജീവിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.’’
ഒരു സ്ഥലം കണ്ട്, അവിടേക്ക് ഏതു തരം ചെടികളാണ് യോജിക്കുന്നതെന്നു നേരിട്ട് ചെന്ന് മനസ്സിലാക്കി ആവശ്യമനുസരിച്ചാണു ചെടികൾ എത്തിക്കുന്നത്.  കസ്റ്റമേഴ്സിന്‍റെ ഇഷ്ടവും ഇവിടെ പ്രധാനമാണ്. കണ്ടംപററി, വൈൽഡ് ട്രോപ്പിക്കല്‍, പോളിഷ്ഡ് തുടങ്ങി രീതി ഏതായാലും സ്വന്തം അഭിരുചി കൂടി ചേർത്തേ ഡിസൈൻ തീരുമാനിക്കൂ. ഓരോന്നും വ്യത്യസ്തമാകണമെന്ന് നിർബന്ധമുള്ളതിനാല്‍ ചെയ്ത ഡിസൈൻ ഫെയ്സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യാറില്ല.

ലോക്കേഷനുകൾ നോക്കാനും ബിസിനസ് സംസാരിക്കാനും മറ്റുമായി യാത്രകൾ ഉണ്ടാകും. ഡിസൈനിങ്ങിനെക്കുറിച്ചും ചെടികളെക്കുറിച്ചും എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. എങ്കിലേ ഇവിെട മുന്നേറാന്‍ പറ്റൂ. ഈ രംഗത്ത് ഇരുപതു വർഷത്തെ പരിചയമുള്ളതു െകാണ്ട് നഴ്സറികളുമായും കച്ചവടക്കാരുമായും നല്ല ബന്ധമാണ്. ഏതുതരം പുതിയ പൂക്കൾ വിപണിയില്‍ വന്നാലും ഉടന്‍ വിവരമറിയും.
രാവിലെ നേരത്തേ പാചകമെല്ലാം തീർത്ത് ആറു മണി മുതൽ ചെടി നനയ്ക്കലും വൃത്തിയാക്കലുമായി പൂന്തോട്ടത്തില്‍ സജീവമാകും. ഒരു സഹായിയും ഉണ്ട്. രാസവളങ്ങളും കീടനാശിനികളും അടുപ്പിക്കില്ല. ആർക്കിടെക്ടുമാരും  ഇന്റീരിയർ ഡിസൈനർമാരും സുഹൃത്തുക്കളും വഴിയാണ് ഓർഡറുകൾ ഏറെയും വരുന്നത്, ചില കസ്റ്റമേഴ്സ് നേരിട്ടും വരും.
പിറന്നാളിനും ഗൃഹപ്രവേശങ്ങൾക്കും െചടികള്‍ സമ്മാനം നൽകുന്ന ട്രെന്‍ഡും കൂടി വരുന്നു. അതിനായി ഡിെെസന്‍ വര്‍ക്കുള്ള പ്രത്യേക പാത്രങ്ങളില്‍ െസറ്റ് ചെയ്ത ചെടികളുണ്ട്. ‘ലൈവ് പ്ലാന്റ്’ കൊടുത്താൽ അതിന്‍റെ മധുരമുള്ള ഒാര്‍മ ഒരുപാടു കാലം ‘ലൈവ്’ ആയി നിലനില്‍ക്കും.’’ സുമ ചിരിയോെട പറയുന്നു.

Keep in Mind

∙എളുപ്പത്തിൽ ചെയ്യാവുന്ന ബിസിനസ്സായി ഗാർഡന്‍ ഡിസൈനിങ്ങനെ കാണരുത്. ഓർക്കിഡിനും ഇൻഡോർ പ്ലാന്റുകൾക്കും ഹാർഡ് പ്ലാന്റുകൾക്കും വ്യത്യസ്തമായ സംരക്ഷണരീതികളുണ്ട്. സ്ഥലം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. വിശദമായി പഠിച്ച്, നല്ല അറിവോടെ മാത്രം  ബിസിനസ്സാക്കുന്നതാണ് ബുദ്ധി.
∙ഗാർഡന്റെ എ ടു സെഡ് കാര്യങ്ങൾ ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റണം. സഹായികൾ ഇല്ലെങ്കിലും പതിവു കാര്യങ്ങൾ മുടക്കം വരുത്താതെ ചെയ്യാനാകുംഎന്ന ആത്മവിശ്വാസം വേണം.
∙ പണം മാത്രം ലക്ഷ്യമാക്കാതെ, പാഷനോ ഹോബിയോ ബിസിനസ്സാക്കിയാൽ നൂറു ശതമാനം ആത്മാർഥതയും ആത്മസമർപ്പണവും തനിയേ ഉണ്ടായിക്കോളും.