Wednesday 16 September 2020 12:46 PM IST

അപ്പന്റെ ഷർട്ട് വെട്ടി തയ്ച്ച ഉടുപ്പും ഇട്ട് നിക്കണ നിപ്പ്‌ കണ്ടാ... ആഹാ, അന്തസ്സ്

Ammu Joas

Senior Content Editor

stitching

അപ്പൻറെ ഷർട്ട് വെട്ടി തുന്നിയ ഉടുപ്പും ഇട്ട് നിക്കണ നിപ്പ് കണ്ടാ... ഈ ചുന്ദരി വാവയുടെ പേര് അഥീന. വാവേനേം അമ്മയെയും അച്ഛനെയും കാണാൻ നാട്ടിൽ നിന്ന് സിംഗപ്പൂർ വന്ന അമ്മമ്മ ഉമാദേവിയുടെ ലോക്ക് ഡൗൺ നേരമ്പോക്കാണ് ഈ ഉടുപ്പുകൾ.

മരുമകൻ ഷിന്റോയുടെ ഇടാത്ത ഷർട്ടൊക്കെ വാർഡ്രോബിൽ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്നത് കണ്ടപ്പോൾ ഐഡിയ സൂചീം നൂലുമെടുത്ത് കണ്ണിറുക്കി യതാണ്. ഷർട്ട് വെട്ടി ഉടുപ്പ് മാത്രമല്ല, മകൾ അശ്വതിയുടെ ജീൻസ് വെട്ടി മകൾക്കും കൊച്ചുമോൾക്കും പാവാടയും തയ്ച്ചു കൊടുത്തൂ ഈ അമ്മ. ഒരേ ജീൻസിൽ നിന്ന് തന്നെ രണ്ടാൾക്കും ഡെനിം സ്കർട്ട്.

 

എന്നാ തുടങ്ങുവല്ലേ.... 

അച്ഛൻ വളർന്നപ്പോൾ ഒപ്പം വളരാതിരുന്ന ഷർട്ടുകളും ഫാഷൻ ഔട്ട് ഡേറ്റഡായി അലമാരയുടെ മുകൾതട്ടിൽ ലോക് ഡൗൺ ആയ ഷർട്ടുകളും പുറത്തെടുത്ത് കുട്ടീസിന് ഉടുപ് തുന്നാം. ഹുക്കും ബട്ടണും പോയിട്ടില്ലാത്ത ഉപേക്ഷിക്കാൻ മനസ്സു വരാത്ത ജീൻസുകൾ അലമാരയിൽ ഇരിക്കുന്നുണ്ടോ. എങ്കിൽ അവയെ സ്റ്റൈലൻ സ്കർട്ടാക്കി മാറ്റാം. 

ഷർട്ട് അലക്കി ഉണക്കി നന്നായി തേച്ചെടുത്തു വയ്ക്കണം. ഇതാണ് ആദ്യപടി. പോക്കറ്റ് അഴിച്ചെടുക്കാം. ഇനി ഷർട്ടിന്റെ സ്ലീവും കോളർ വരുന്ന ഭാഗവും മുറിച്ചു മാറ്റണം. ചതുരാകൃതിയിലുള്ള ഒരു പീസ് ഇപ്പോൾ കിട്ടിയില്ലേ, ഈ ക്ലോത്പീസാണ് ഫ്രോക്കായി മാറുന്നത്. 

ബ്ലൂ ചെക്ക് ഫ്രോക് 

ഷർട്ട്പീസിന്റെ ബട്ടൻ വരുന്ന ഭാഗം നീളത്തിൽ മുറിച്ചു മാറ്റിവയ്ക്കണം. ഇതാണ് ഉടുപ്പിന്റെ വെയ്സ്റ്റ്ബാൻഡ്. ഷർട്ടിന്റെ പിൻവശം ഉൾഭാഗത്തായി വരുന്ന തരത്തിൽ രണ്ടായി മടക്കിയിടുക. മുൻഭാഗത്തു രണ്ടു പീസുകൾ വരുന്നതിനാൽ ഇതിന്റെ ഇടതുപീസും വലതുപീസും പരസ്പരം മാറിപോകാതിരിക്കാനായി സേഫ്റ്റിപിൻ കൊണ്ട് കുത്തിയിടണം. ഇനി ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് ടോപ് ഭാഗവും ബോട്ടം ഭാഗവും വെവ്വേറെ മുറിച്ചെടുക്കുക. ചിത്രം മൂന്നിലെ പോലെ കൈയും വെട്ടിയെടുക്കണം. 

stitch_1

        ടോപ്പിന്റെ ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം സ്ലീവ് പിടിപ്പിക്കുക. കഴുത്ത് കവർ ചെയ്തു തയ്ച്ച് ടോപ് ഫിനിഷ് ചെയ്യാം. ഇനി ബോട്ടം ഭാഗത്തിനായി വെട്ടിയ തുണി ചെറിയ ഞൊറിവുകളെടുത്ത് ടോപ് ഭാഗവുമായി അറ്റാച്ച് ചെയ്ത് അടിവശം മടക്കിയടിക്കുക. വെയ്സ്റ്റ് ബാൻഡ് കൂടി വച്ച് ഫ്രോക്ക് ഫിനിഷ് ചെയ്യാം. 

പോൾക്ക ഡോട്സ് ഫ്രോക്ക് 

ആദ്യം തന്നെ ഷർട്ട് ബട്ടണുകൾ സൂക്ഷിച്ച് ഇളക്കി മാറ്റാം. ബാക്ക് ഓപണിങ് ഫ്രോക്ക് ആയോ പിൻവശത്ത് രണ്ട് ഇഞ്ച് മാത്രം ഓപണിങ് വരുന്ന തരത്തിലോ ആണ് ഇത് തയ്ക്കേണ്ടത്. അതിനാൽ ഷർട്ടിനറെ മുൻവശം ഫ്രോക്കിന്റെ പിൻവശമായി വരുന്ന തരത്തിലാണ് മുറിക്കാനായി മടക്കിയിടേണ്ടത്. 

dots

        ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. വെയ്സ്റ്റ് ഭാഗത്ത് ഇലാസ്റ്റിക് പിടിപ്പിക്കേണ്ടതിനാൽ ലൂസ് കൂട്ടിയിടണം (അഞ്ച് ഇഞ്ച് എങ്കിലും). ഷോൾഡർ അറ്റാച്ച് ചെയ്ത് തയ്ച്ചശേഷം കഴുത്തും കൈക്കുഴിയും ഫെയ്സിങ് വച്ച് കവർ ചെയ്യാം. ഇനി വെയ്സ്റ്റ്ബാൻഡിന്റെ ഭാഗത്ത് ഇലാസ്റ്റിക് വച്ച ശേഷം വശങ്ങൾ ചേർത്തു തയ്ക്കണം. അടിവശം മടക്കി തയ്ച്ച് സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം. 

സ്ട്രാപ് ഫ്രോക്ക് 

മുറിച്ചെടുത്തിരിക്കുന്ന ചതുരാകൃതിയിലുള്ള ഷർട് പീസ് കുട്ടിയുടെ അളവനുസരിച്ച് (ചെസ്റ്റ് മുതൽ മുട്ടിനു താഴെ വരെ) മുറിച്ചെടുക്കുക. ഷർട്ട് ഓപ്പണിങ് സ്റ്റിച്ച് ചെയ്ത് ക്ലോസ് ചെയ്ത ശേഷം അങ്ങനെ തന്നെ ഫ്രോക്കിനു മുൻവശമായി നൽകാം. ഈ ചതുരപീസിൽ വെയ്സ്റ്റ് അളവ് മാർക്ക് ചെയ്ത് അവിടെ ഇലാസ്റ്റിക് പിടിപ്പിക്കുക (ലൂസ് നൽകാൻ മറക്കരുത്). കഴുത്തും കൈക്കുഴിയും വരുന്ന മുകൾഭാഗം അകത്തേക്ക് ചുരുട്ടി തയ്ക്കണം. 

str

        രണ്ടര ഇഞ്ച് വീതിയിലും വേണ്ട നീളത്തിലും മുറിച്ചെടുത്ത തുണി രണ്ടായി മടക്കി തയ്യൽതുമ്പ് അകത്തേക്കു പോകുന്ന തരത്തിൽ തയ്ച്ച് മറിച്ചിടണം. ഇതു രണ്ടായി മുറിച്ചാൽ തോൾബാഗത്ത് പിടിപ്പിക്കേണ്ട സ്ട്രാപ് തയാർ. ഓരോ സ്ട്രാപും മുൻഭാഗവുമായി യോജിപ്പിച്ച ശേഷം പിൻഭാഗത്തെ അതേ വശവുമായി തയ്ച്ച് യോജിപ്പിക്കുക. വശങ്ങൾ തയ്ച്ച് ചേർത്ത ശേഷം താഴ്ഭാഗത്ത് ഫ്രിൽസ് കൂടി വച്ച് ഫിനിഷ് ചെയ്യാം. 

ഫ്രിൽഡ് ഫ്രോക് 

ഷർട്ട് ബട്ടണുകൾ ഇളക്കി മാറ്റിയ ശേഷം ഓപ്പണിങ് കൂട്ടി തയ്ക്കാം. ഷർട്ടിന്റെ പിൻവശം ഫ്രോക്കിന്റെ ബാക്ക് ഓപണിങ് ആക്കിയാണ് എടുക്കേണ്ടത്. ഇതിനായി പിൻവശം ഉള്ളിലേക്ക് പോകുന്ന തരത്തിൽ രണ്ടായി മടക്കിയിടുക. ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽ തുമ്പ് കൂടിയിട്ട് ടോപ്പിനും ബോട്ടത്തിനും വേണ്ടി വെവ്വേറെ പീസുകൾ മുറിച്ചെടുക്കുക. 

stitch_2

        ഷോൾഡർ അറ്റാച്ച് ചെയ്ത് തയ്ച്ച ശേഷം കഴുത്തും കൈക്കുഴിയും ഫെയ്സിങ് വച്ച് കവർ ചെയ്തു തയ്ക്കാം. ടോപ്പിന്റെ ഒരു വശം ചേർത്തു തയ്ച്ച ശേഷം ബോട്ടം പാർട്ടിൽ ചെറിയ ഞൊറിവുകളെടുത്ത് ഇതിലേക്ക് ചേർത്തുതയ്ക്കാം. രണ്ടാമത്തം വശവും കൂട്ടി തയ്ച്ച ശേഷം അടിവശം ചുരുട്ടി തയ്ച്ച് സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം. മുൻവശത്ത് ഫ്രില്ലുകളോ ബട്ടണോ ഒക്കെ പിടിപ്പിച്ച് ഫ്രോക്കിന്റെ ഭംഗി കൂട്ടാം. 

ഡെനിം സ്കർട്ട് (അമ്മയ്ക്ക്) 

ജീൻസ് നന്നായി കഴുകിയുണക്കി തേച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. 

ഇനി  കാലുകളുടെ വശങ്ങളിലെ സ്റ്റിച്ചുകൾ സൂക്ഷിച്ച് ഇളക്കിയെടുക്കണം. ക്രോച്ച് ആരിയയിൽ കൂടി പാസ് ചെയ്യുന്ന സ്റ്റിച്ചുകളും ഇളക്കണം. ഇപ്പോൾ വശങ്ങളിലേക്ക് നീണ്ടുകിടക്കുന്ന രണ്ടു നീളൻ തുണികളാണ് കിട്ടുക. ഇവ അങ്ങനെ തന്നെ ഇട്ട് ഒന്നുകൂടി അയൺ ചെയ്യണം. 

ബട്ടണും സിബ്ബും ക്ലോസ് ചെയ്ത ശേഷം വിരിച്ചിട്ട് ഇറക്കം മാർക്ക് ചെയ്ത് വെട്ടാം. ബാക്കി വരുന്ന ഭാഗത്തുനിന്ന് ത്രികോണാകൃതിയിൽ രണ്ടു പീസുകൾ കൂടി വെട്ടിയെടുക്കണം. ക്രോച്ച് ഏരിയയിൽ നിന്ന് താഴേക്കുള്ള ഭാഗത്ത് ലൂസ് കിട്ടുന്ന തരത്തിൽ അറ്റാച്ച് ചെയ്യാനാണിത്. ഇനി ഈ പീസുകൾ മുൻഭാഗത്തും പിൻഭാഗത്തും അറ്റാച്ച് ചെയ്ത് അടിവശം മടക്കി തയ്ച്ച് സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം. 

mummy

ഡെനിം സ്കർട്ട് (മകൾക്ക്) 

അമ്മയ്ക്ക് സ്കർട് തയ്ച്ച ശേഷം ബാക്കിവരുന്ന ഒരു കാലിന്റെ ഭാഗം മതിയാകും മോൾക്ക് ജീൻസ് സ്കർട് തയ്ക്കാൻ. സ്റ്റിച്ചിങ്ഇളക്കും മുമ്പേ തന്നെ മോളുടെ ഇറക്കം മാർക്ക് ചെയ്ത് രണ്ടു പീസ് വെട്ടിയെടുക്കണം. ഒരു വശത്തെ മാത്രം സ്റ്റിച്ചിങ് ഇളക്കി രണ്ടു പീസും (കുട്ടിയുടെ വെയ്സ്റ്റ് അളവ് അനുസരിച്ച് ഒരു പീസും ഒന്നിന്റെ പകുതിയും മതിയെങ്കിൽ അങ്ങനെ)  ജോയിൻ ചെയ്തു ഇതിന്റെ മുകൾഭാഗം മടക്കിയടിച്ച് ചുമ്മാ ഇലാസ്റ്റിക് ഇട്ടാൽ മതിയെന്നേ. സ്കർട് റെഡി.

കുട്ടിയുടെ അളവെടുക്കാനും തുണിയിൽ പാറ്റേൺ വരയ്ക്കാനും ഒക്കെ മടിയാണെങ്കിൽ മോൾക്ക് നല്ല പാകമുള്ള ഒരു ഉടുപ്പ് ഷർട്ടിന് മുകളിൽ വച്ച് അളവ് വരയ്ക്കാം. അളവ് മാർക് ചെയ്യുമ്പോൾ തയ്യാൽതുമ്പും ലൂസും മനസ്സിൽ വേണേ...