Thursday 22 March 2018 03:09 PM IST

'കൂടുതൽ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്'; ബുട്ടിക് തുടങ്ങിയതിനെപ്പറ്റി ആര്യ

Unni Balachandran

Sub Editor

arya-business ഫോട്ടോ: ബേസിൽ പൗലോ

‘പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലി വേണം ചെയ്യാനെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? ചിന്തിച്ചു ബുദ്ധിമുട്ടേണ്ട, അങ്ങനെ ആഗ്രഹിച്ച ഒരാളാണ് ഈ ഞാൻ’ ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ തമാശകൾക്കൊപ്പിച്ച് മണ്ടത്തരങ്ങൾ പറയുമെങ്കിലും ശരിക്കുള്ള ആര്യ അങ്ങനെയൊന്നുമല്ല കേട്ടോ. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദ പഠനം പകുതിയെത്തിയപ്പോൾ ഗുഡ്ബൈ പറഞ്ഞ് മിനിസ്ക്രീനിലേക്കു പോന്നതാണ് ആര്യ.

‘പ്ലസ് ടു  മുതൽ ആങ്കറിങ് ചെയ്യുമെങ്കിലും  ‘മഞ്ച് സ്റ്റാഴ്സ്’ എന്ന റിയാലിറ്റി ഷോയായിരുന്നു തുടക്കം. അവിടെ ചെയ്ത കോമഡി സ്കിറ്റ് ചാനലിൽ ഉള്ളവർക്ക് ഇഷ്ടമായി. ആ ഇഷ്ടം വഴി നേരെ ബഡായി ബംഗ്ലാവിൽ എത്തി.അതോടെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. കൂടുതൽ ഷോകളും ഡാൻസ് പ്രോഗ്രാമുകളുമായി തിരക്കായി. അപ്പോളാണ് മറ്റൊരാഗ്രഹം  മനസ്സിൽ ശക്തമായത്. എന്റെ കൺട്രോളിൽ നിൽക്കുന്നൊരു ബിസിനസ് തുടങ്ങണം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താൽ തിരക്കൊന്നും നമ്മെ ബാധിക്കില്ല. ഇഷ്ടങ്ങളുടെ പട്ടികയിൽ എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഡിസൈനിങ് ആണ്.

ബഡായിക്കൊപ്പം മാർക്കറ്റിങ്ങ്

ബഡായി ബംഗ്ലാവിലും അല്ലാതെയും ഞാൻ ഉപയോഗിക്കുന്ന ഡ്രസ്സ് കാണുമ്പോൾ ആളുകൾ നല്ല അഭിപ്രായം പറയുമായിരുന്നു. ഡിസൈനുകളെ പറ്റി പലരും പ്രത്യേകം ചോദിക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു ജോലിയുള്ളപ്പോൾ രണ്ടാമത് ഒന്നിലേക്ക് കൂടി തിരിയാൻ അധികം ടെൻഷൻ വേണ്ടല്ലോ. നന്നായി പ്ലാൻ ചെയ്താണ് തിരുവനന്തപുരത്ത് ഞാൻ ‘അരോയ’ എന്ന പേരിൽ  സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ബുട്ടിക് തുടങ്ങുന്നത്.

സെലിബ്രിറ്റിയായി ആളുകൾ അംഗീകരിക്കുന്ന സമയത്ത് എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയിട്ടേ കാര്യമുള്ളൂ എന്നെനിക്ക് നന്നായി അറിയാമായിരുന്നു. കൂടുതൽ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്. പക്ഷേ, ഞാനതൊന്നും കാര്യമാക്കിയില്ല. പണം മാത്രമല്ല ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിന്റെ മനഃസുഖം ഒന്നു വേറെ തന്നെ എന്നു വിശദീകരിക്കാനും പോയില്ല. നല്ല  ജീവിതത്തിനും ഭാവിക്കുമായി ഇങ്ങനെയൊരു ആക്രാന്തം നല്ലതല്ലേ എന്ന് സിംപിളായിട്ടങ്ങ് ചോദിച്ചു. പക്ഷേ, രണ്ടു വണ്ടികളും ഒരുമിച്ച് ഒാടാൻ തുടങ്ങിയപ്പോഴാണ് ഉത്തരാവാദിത്തത്തിന്റെ ഭാരം എനിക്കു മനസ്സിലായത്.

ആരോയയിൽ വരുന്നവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൊടുക്കാറുണ്ട്. കസ്റ്റമേഴ്സുമായി നേരിൽ സംസാരിച്ച് പുതിയ ഡിസൈനുകൾ കൊണ്ടുവരിക എന്നതായിരുന്നു അരോയ വഴി ചെയ്യാൻ ശ്രമിച്ചതും. ഷൂട്ടിങ് തിരക്കുകള്‍ കാരണം കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങി. അവിടെയെത്തി ആളുകളുമായി സംസാരിക്കാനും ഡിസൈനുകൾ പ്ലാൻ ചെയ്യാനും എനിക്ക് തീരെ പറ്റാതെയും വന്നു. അരോയ തുടങ്ങും മുൻപേ തന്നെ ഭാര്യയ്ക്കു വേണ്ടിയൊരു സാരി ഓർഡർ ചെയ്ത രമേഷ് പിഷാരടി വരെ എനിക്ക് ബിസിനസ്സുകാരിയുടെ ജാടയാണെന്നു പറഞ്ഞു കളിയാക്കി.

അപ്പോഴാണ് എന്റെ സുഹൃത്തും പാർട്ണറുമായി രശ്മി സഹായത്തിനെത്തിയത്. ഞാനില്ലാത്ത സമയം കൺസൽറ്റന്റ് ഡിസൈനേഴ്സിനെ അവർ റെഡിയാക്കി. എനിക്ക്  തോന്നുന്നത് രണ്ട് തരം ജോലികളുമായി മുൻപോട്ട് പോകുമ്പോൾ നാം കൂടുതൽ ശ്രദ്ധിക്കേണ്ടത് നമുക്ക് വിശ്വസിക്കാൻ പറ്റുന്നയാളുകളെ കൂടെ നിർത്തുക എന്നതാണ്. അങ്ങനെ നിൽക്കാനും നൂറ് ശതമാനം വിശ്വസിക്കാനുമായി ഒരാളുണ്ടെങ്കിൽ നമുക്ക്  ബിസിനസ്സുമായി ധൈര്യമായി മുൻപോട്ട് പോകാം. ഈ ബിസിനസ്സിന് ഞാനറിയാതെ തന്നെയൊരു മാർക്കറ്റിങ് ഉണ്ടാകും എന്നതാണ് മറ്റൊരു കാര്യം.

നടി ഭാവനയുടെ റിസപ്ഷന് ഞാനുടുത്ത സാരി ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെട്ടിരുന്നു. പ്യുർ കാഞ്ചീപുരം സിൽക് സാരിയിലെ പർപിൾ ആൻഡ് പിങ്ക് കോംബിനേഷനായിരുന്നു ഞാൻ ഉപയോഗിച്ചത്. സാരികളിൽ അങ്ങനെയൊരു വെറൈറ്റി കണ്ടപ്പോൾ പലർക്കും ഇഷ്ടമായി. അതിനു ശേഷമാണ് എന്റെ ഡ്രസ്സുകൾ  ‘അരോയയെ’ ഇത്രയൊക്കെ  മാർക്കറ്റ് ചെയ്യുന്നതായി മനസ്സിലായത്.

നമ്മുടെ ഇഷ്ടത്തെ ഇങ്ങനെ ജോലിയുമായി ചേർത്ത് നിർത്തി വികസിപ്പിക്കാൻ പറ്റുന്നു എന്നതാകും ഈ ജോലിയൊരു ഭാരമായി തോന്നാതിരിക്കാനുള്ള മറ്റൊരു കാരണം. ഞാൻ ബുട്ടിക് തുടങ്ങിയത് എന്റെ ഇഷ്ടത്തിനു വേണ്ടി മാത്രമല്ല. എന്റെ അച്ഛൻ സതീശിനും, അമ്മ പ്രേമകുമാരിക്കും അനിയത്തി അഞ്ജനയ്ക്കും പിന്നെയെന്റെ മകൾ റോയയ്ക്കും കൂടെ വേണ്ടിയാണ്. സിനിമ ഇൻഡസ്ട്രിയിൽ ഒരു കാര്യത്തിനും ഉറപ്പില്ലെന്ന ബോധമെനിക്കുണ്ട്. ഇപ്പോൾ ലൈംലൈറ്റിൽ നിൽക്കുമ്പോൾ എല്ലാം സുഖമാണ്. ഒരു ദിവസം അതില്ലാതായാൽ. ആ ചിന്തയും എന്റെ ഈ പുതിയ റോളിനു പിന്നിലുണ്ട്.