Tuesday 09 January 2024 02:30 PM IST

അധികം പണം ചെലവാക്കാതെ കിടിലം ലുക്... എന്താകും 2024ലെ ഫാഷൻ ട്രെൻഡ്? സ്റ്റെഫി സേവ്യര്‍ പറയുന്നു

Ammu Joas

Sub Editor

fashion-mantra-24

അധികം പണം ചെലവാക്കാതെ കിടിലം ലുക് സ്വന്തമാക്കാൻ എന്താണു വേണ്ടതെന്നോ? കൃത്യമായ ഷോപ്പിങ് പ്ലാനും നടപ്പാക്കലും. ട്രെൻഡുകൾ വരും, പോകും. പക്ഷേ, സ്റ്റൈലിങ്ങിൽ തെല്ലും പിന്നോട്ടു പോകാതെ ഫാഷനബിൾ ആയിരിക്കാൻ ട്രെൻഡ്സിന്റെ മാത്രം പിന്നാലെ പോയിട്ടു കാര്യമില്ല.

നമ്മളെ നമ്മൾ അറിയുക എന്നതാണ് ഒന്നാമത്തെ സ്റ്റെപ്. കടന്നു ചെല്ലുന്ന സാഹചര്യങ്ങൾ, ലൈഫ്സ്റ്റൈൽ എ ല്ലാം പരിഗണിക്കണം. അതുകൊണ്ട് ഫാഷനബിളാകാൻ ട്രെൻഡി വസ്ത്രങ്ങൾ അണിഞ്ഞേ മതിയാകൂ എന്നു ചിന്തിക്കേണ്ട. അങ്ങനെ മനസ്സിലുറപ്പിച്ചാൽ തന്നെ അനാവശ്യചെലവുകൾ പാതി കുറയും. ട്രെൻഡിയല്ലെന്ന ഒറ്റക്കാരണത്താൽ തിരഞ്ഞെടുക്കുന്ന പല വസ്ത്രങ്ങളും വാഡ്രോബിൽ കാലങ്ങളോളം സ്ലീപ്പിങ് മോഡിൽ ഇരിക്കുന്ന അനുഭവം പലർക്കുമുണ്ടാകും. ഇനി ബജറ്റ് കണക്കിലെടുക്കണം. അതിനുള്ളിൽ നിന്നു മികച്ചവ തിരഞ്ഞെടുക്കാനുള്ള വഴികളറിയണം. ഇത്രയുമായാൽ ലുക്കും പോക്കറ്റും സ്മാർട്ടാകാം. So.. the mission is on...

നമ്മളെ അറിയാം

‘ഓവർസൈസ് ടീഷർട് ചേരുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. കംഫർട്ട്, അതു മാത്രമാണു ശ്രദ്ധിക്കുന്നത്...’. ‘എന്റെ സ്കിൻ ടോണിനും ബോഡി ഷേപ്പിനും ചേരുന്ന വസ്ത്രങ്ങളേ അണിയാറുള്ളൂ...’. ‘ഓഫിസ് വെയര്‍ എന്നാൽ കുർത്തി, കല്യാണങ്ങൾക്കു സാരി, ടീഷർട്ടും പാന്റസും വീട്ടില്‍ മാത്രം...’ ഇങ്ങനെ ഒരോരുത്തരുടെയും ഫാഷൻ മോട്ടോസ് ഓരോ തരത്തിലാകും. ഇതൊന്നും തെറ്റല്ല താനും. Your body, Your rules...

എന്നിരുന്നാലും സ്റ്റൈലിങ്ങിൽ പൊതുവായുള്ള ചില ഗൈഡ്‌ലൈൻസ് ശ്രദ്ധിക്കണം. കംഫർട്ട് നഷ്ടമാകാതെ ഓരോരുത്തരുടെയും ശരീരാകൃതിക്കു ചേരുംവിധം സ്റ്റൈൽ ചെയ്യാം.

ബോഡി ഷേപ് അറിഞ്ഞു വയ്ക്കാം

∙ ഓരോരുത്തരുടെയും ബോഡി ഷേപ് മനസ്സിലാക്കി അതനുസരിച്ച് ഡ്രസ്സ് ചെയ്യുന്നതാണ് ബാലൻസ്ഡ് ലുക് നേടാൻ നല്ലത്. ഷോൾഡർ, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ നൽകിയാൽ ഏതു തരം ശരീരാകൃതിയുള്ളവരാണു നിങ്ങൾ എന്നു പറഞ്ഞുതരുന്ന വെബ്സൈറ്റുകളുണ്ട്. Just go for it...

∙ ബോഡി ഷേപ് മനസ്സിലാക്കിയാൽ ഓരോരുത്തർക്കും ചേരുന്ന അടിസ്ഥാന സ്റ്റൈലിങ് റൂൾസ് കൂടി അറിയാം.

ട്രയാങ്കിൾ – ഇവർക്ക് അരക്കെട്ടിന്റെ അളവായിരിക്കും കൂടുതൽ. ലൈറ്റ് ഷേഡ് ടീ ഷർട്ടും ഡാർക് ഷേഡ് ബോട്ടവും ധരിച്ചാൽ ബാലൻസ്ഡ് ലുക് സ്വന്തമാക്കാം. അപ്പർ ബോഡിയിൽ ഫോക്കസ് നൽകും വിധമുള്ള വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ഇളം നിറത്തിലുള്ള ബ്ലൗസിനൊപ്പം കടുംനിറത്തിലുള്ള സാരി ഭംഗിയായിരിക്കും.

ഇൻവേർട്ടഡ് ട്രയാങ്കിൾ – വിരിഞ്ഞ തോളുകളുള്ള ഇവർക്ക് ക്ലോസ് നെക്‌ലൈൻ ചേരില്ല. റൗണ്ട്, വി നെക് എന്നിവ തിരഞ്ഞെടുക്കാം. ടീഷർട്ട് / ഷർട്ട് ഇവയിക്കൊപ്പം ലെഗിങ്സ് അണിയുന്നതും ഒഴിവാക്കാം. കടും നിറത്തിലുള്ള ബ്ലൗസും ഇളം നിറത്തിലുള്ള സാരിയും കൂടുതൽ ബാലൻസ്ഡ് ലുക് നൽകും.

റെക്ടാങ്കിൾ – ഇവരുടെ ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ ഏകദേശം ഒരുപോലെയായിരിക്കും. ഇവർ വെയ്സ്റ്റിനാണു കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ഫിറ്റഡ് ടോപ്പിനൊപ്പം വൈഡ് ലെഗ് ജീൻസ് അണിയുന്നതും ഡ്രസിനൊപ്പം വെയ്സ്റ്റ് ബെൽറ്റ് അണിയുന്നതും ഇണങ്ങും.

international-disability-day-fashion-athira-sreekumar

റൗണ്ട് – വയറിന്റെ ഭാഗത്തായിരിക്കും ഇവരുടെ ശരീര അ ളവു കൂടുതൽ. ഇവർ റാപ് ടോപ്പോ റാപ് ഡ്രസ്സോ അണിഞ്ഞാൽ വയറുള്ളതായി തോന്നില്ല. വീതി കൂടിയ ബെൽറ്റ് ഒഴിവാക്കണം.

അവർ ഗ്ലാസ് – ബാലൻസ്ഡ് ബോ‍‍ഡിയാണ് ഇവരുടേത്. അതുകൊണ്ട് ഏതു വസ്ത്രവും ചേരും.

ബോഡി ഷേപ്പിനൊപ്പം കഴുത്തിന്റെ നീളം കൂടി ഡ്രസ്സിങ്ങിൽ പരിഗണിക്കണം. നീളം കുറഞ്ഞ കഴുത്തുള്ളവർ ക്ലോസ്ഡ് നെക്‌ലൈൻ ഒഴിവാക്കണം. വീതിയും ഇറക്കവുമുള്ള നെക്‌ലൈനും വി നെക്കുമാണ് ഇണങ്ങുക. നീളം കൂടിയ കഴുത്തുള്ളവര്‍ കഴിവതും ഹൈനെക്ക് ഒഴിവാക്കുക. ബോട്ട് നെക്കും റൗണ്ട് നെക്കും നന്നായിരിക്കും.

ചേരും നിറമറിയാൻ

ഒരേ ഡിസൈനിലുള്ള ടോപ്. മഞ്ഞനിറമിട്ടപ്പോൾ മുഖത്തിനു നല്ല തെളിച്ചമുണ്ട്. പക്ഷേ, ഓഷ്യൻ ബ്ലൂ നിറത്തിലുള്ളതു ചേരുന്നേയില്ല. കാരണം നിങ്ങളുടെ അണ്ടർ ടോൺ വാം ആണ് കൂളല്ല.പറഞ്ഞുവരുന്നത് സ്കിൻ ടോണിനെ കുറിച്ചല്ല. ചർമത്തിനും അടിയിലുള്ള അണ്ടർ ടോണിനെ കുറിച്ചാണ്. ഇതെങ്ങനെ കണ്ടുപിടിക്കാമെന്നു നോക്കാം.

∙ പകൽ സമയം പുറത്തിറങ്ങി വരാന്തയിലോ മറ്റോ നിൽക്കുക. വെയിലത്തു നിൽക്കരുത്. നാചുറൽ ലൈറ്റാണു വേണ്ടത്. ഇനി കൈത്തണ്ടയിലെ ഞരമ്പുകളുടെ നിറം നോക്കാം. ഞരമ്പുകള്‍ക്കു പച്ച നിറമാണെങ്കിൽ നിങ്ങളുടേത്

international-disability-day-fashion-athira-pathufathima

വാം അണ്ടർ ടോൺ ആണ്.

ഞരമ്പുകളുടെ നിറം നീല യോ പർപ്പിളോ ആണെങ്കി ൽ കൂൾ അണ്ടർ ടോൺ. പച്ചയും നീലയും ചേർന്നതാണെങ്കിൽ ന്യൂട്രൽ അണ്ടർ ടോൺ.

∙ വാം അണ്ടർ ടോണുളളവർക്കു വാം നിറങ്ങളും കൂൾ അ ണ്ടർ ടോണുള്ളവർക്കു കൂൾ കളേഴ്സും നന്നായി ഇണങ്ങും. ന്യൂട്രൽ ടോണിലുള്ളവർക്കു രണ്ടും ഇണങ്ങും.

ഫിനാൻഷ്യൽ പ്ലാനിങ് ഷോപ്പിങ്ങിന്റെ കാര്യത്തിലും വേ ണം. ഷോപ്പിങ്ങിനിറങ്ങുമ്പോൾ ബജറ്റിന്റെ വൃത്തത്തിനുള്ളിൽ സ്റ്റൈലിങ് നിർത്താനാണു ശ്രമിക്കേണ്ടത്. മിനിമലിസമാണു മാറിയ കാലത്തിനിഷ്ടം. സസ്റ്റെയിനബിലിറ്റിയും ഒപ്പമുണ്ട്. ഈ രണ്ടു കൺസപ്റ്റുകളും ബജറ്റ് ഫ്രണ്ട്‌ലിയാണ്.

കാപ്സ്യൂൾ വാഡ്രോബ്

ഒരു കറുത്ത ബ്ലൗസ് ഉണ്ടെങ്കിൽ എല്ലാ സാരിക്കും ഇടാമെന്നു പറയുന്ന അമ്മമാരുടെ സ്റ്റൈലിങ് സൂത്രമില്ലേ അതുതന്നെയാണ് കാപ്സ്യൂള്‍ വാഡ്രോബിന്റെ അടിസ്ഥാനവും.

കുറച്ചു വസ്ത്രങ്ങളും ആക്സസറികളുമുള്ള മിനിമലിസ്റ്റിക് വാഡ്രോബാണ് ഇത്. എണ്ണത്തിൽ കുറവുള്ളവയിൽ നിന്നു കൂടുതൽ സ്റ്റൈൽ പരീക്ഷിക്കാം. ഇതിനു വേണ്ടതു കൃത്യമായ പ്ലാനിങ്ങാണ്.

∙ ഓരോരുത്തരുടെയും വാഡ്രോബിൽ എന്തു വേണമെന്ന് ഇഷ്ടങ്ങളും ജോലിയും ജീവിതസാഹചര്യവും നോക്കി തീരുമാനിക്കാം.

Style should go hand in hand with lifestyle.

∙ 5 ടോപ് (ഷർട്ട്, രണ്ട് തരം ഫിറ്റിങ്ങിലുള്ള ടീഷർട്സ്, ക്രോപ് ടോപ്, ടാങ്ക് ടോപ്), മൂന്നു പാന്റ്സ് (ക്രോപ് പാന്റ്സ്, വൈഡ് ലെഗ് പാന്റ്സ്, ഡെനിം ബ്ലൂ ജീൻസ്), ഒരു സ്കർട്, ഒരു ഡ്രസ്, ഒരു കാഷ്വൽ ബ്ലേസർ, ഒരു ബാഗ്, രണ്ടു ജോഡി ചെരിപ്പ് (സ്നീക്കേഴ്സ്, ഹീൽസ്) ഈ 12 ഐറ്റംസുണ്ടെങ്കില്‍ 40 ലധികം രീതിയിൽ സ്റ്റൈൽ ചെയ്യാനാകും. ഒരു ടോപ് മൂന്നു പാന്റ്സിനും ഒരു സ്കർട്ടിനുമൊപ്പം പെയർ ചെയ്യാം. ഡ്രസ്സിനു മുകളിലൂടെ ഷർട്ട് അണിഞ്ഞു സ്റ്റൈൽ മാറ്റിപ്പിടിക്കാം. ഇങ്ങനെ ‘കാപ്സൂൾ സൈസ്’ വാഡ്രോബിൽ നിന്നു ഒട്ടേറെ സ്റ്റൈൽസ് കണ്ടെത്താനാകും.

∙ വില കൂടിയ, ടോപ് ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം വാങ്ങുക. അവ കാലങ്ങളോളം ഉപയോഗിക്കുക എന്നതാണ് ചിലരുടെ രീതി. അപ്പോൾ വ്യത്യസ്തത കുറവാകാം. അതിനും പരിഹാരമാണ് കാപ്സ്യൂൾ വാഡ്രോബ്.

∙ ലെയറിങ് ആണ് കാപ്സ്യൂൾ വാ ഡ്രോബിന്റെ രഹസ്യം. ഇന്ന് ജീൻസിനൊപ്പം ടാങ്ക് ടോപ് മാത്രമണിയുക.

അടുത്ത ദിവസം ഈ ടാങ്ക് ടോപ്പിനു മുകളിൽ സ്റ്റോൾ കൂടിയിടാം. പിന്നെ, ടാങ്ക് ടോപ്, സ്റ്റോൾ, ബ്ലേസേഴ്സ്... ഇങ്ങനെ വസ്ത്രത്തിനു മീതെ വസ്ത്രം കൊണ്ടുള്ള ലെയറിങ് ചെയ്യാം.

∙ വിശേഷദിവസങ്ങൾക്കു മാത്രമായി സാരി മാറ്റിവയ്ക്കേണ്ട. സോഫ്റ്റ് കോട്ടൻ സാരികൾ ഉടുക്കാനും മെയ്ന്റെയ്ൻ ചെയ്യാനും എളുപ്പമാണ്.

ഫോർമൽ ഇൻഫോർമൽ അവസരങ്ങൾക്കു ചേരും. കാപ്സൂൾ വാഡ്രോബിൽ സാരിക്കും സ്ഥാനം നൽകാം. സാരിക്കു ബ്ലൗസായി ക്രോപ് ടോപ് ഉപയോഗിക്കാം.

എത്‌നിക് വാഡ്രോബ്

കാപ്സ്യൂൾ വാഡ്രോബ് ഐഡിയ എത്‌നിക് വെയർ മാത്രമണിയുന്നവർക്കു പറ്റില്ല എന്നു ചിന്തിക്കേണ്ട.

∙ പാറ്റേണുകളിലും നിറങ്ങളിലും പ്രിന്റിലുമാണ് എത്‌നിക് ലവേഴ്സ് ഫോക്കസ് ചെയ്യേണ്ടത്. കുർത്തയും സൽവാർ കമ്മീസുമെല്ലാം പല പാറ്റേൺ, നിറങ്ങൾ, പ്രിന്റ് എന്നിവ പരീക്ഷിക്കുക. ഇവ പെയർ ചെയ്തു പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കാം.

∙ എത്‌നിക് വെയറിൽ മാത്രം ഓഫിസിൽ പോകുന്നവർ ഉറപ്പായും ഒറ്റ നിറത്തിലുള്ള ഒരു കുർത്ത – ബോട്ടം കോ ഓർഡ് സെറ്റ് വാഡ്രോബിൽ കരുതിക്കോളൂ. എപ്പോഴും ക്ലാസിക് ആണിത്.

∙ ലെഗിങ്സ്, ചുരിദാർ (ബോട്ടം) എ ന്നിവ ഷോർട്ട് കുർത്തയ്ക്കൊപ്പമല്ല ക്രോപ് പാന്റിസിനൊപ്പവും ചേരും.

∙ ഓഫിസ് വെയറിൽ തിളക്കമുള്ള പ്രിന്റുകളും മറ്റും ഒഴിവാക്കുന്നതാണു നല്ലത്. പാർട്ടി വെയർ സ്വഭാവമാണ് അത്തരം വസ്ത്രങ്ങൾക്കുള്ളത്.

∙ സെമി ഫോർമൽ ലുക്ക് ആഗ്രഹിക്കുന്നവർക്കു ലോങ് കുർത്തയ്ക്കൊപ്പം ജീൻസ് അണിയാം.

∙ മാസത്തിൽ ഒന്നോ രണ്ടോ തവണ സാരിയിൽ സുന്ദരിയാകാം. ലൈറ്റ് വെയ്റ്റ് സാരി തിരഞ്ഞെടുക്കുക. സാരി ഷേപ് വെയർ അണിഞ്ഞാൽ സാരി കൂടുതൽ ഒതുക്കത്തോടെയിരിക്കും.

∙ മോണോക്രൊമാറ്റിക് പെയറിങ് പരീക്ഷിക്കാം. വൈറ്റ് കുർത്ത – വൈറ്റ് ബോട്ടം. ഇനി ബാഗും ചെരുപ്പും ബ്രൗൺ. ഇങ്ങനെ ആക്സസറികൾ ഒരേ ഫാമിലിയിലും വസ്ത്രങ്ങൾ ഒരേ ഫാമിലിയിലുമുള്ളവ തിരഞ്ഞെടുക്കാം.

ഫാഷൻ ഇൻവെസ്റ്റ്മെന്റ്സ്

ട്രെൻഡ് ഔട്ട് ആകാത്ത, എപ്പോഴും ഫാഷനിൽ ‘ഇൻ’ ആ യ ചിലതുണ്ട്. അവയ്ക്കായി അധികം പണം മുടക്കിയാലും തെറ്റില്ല. ഏറെ നാൾ നീണ്ടുനിൽക്കേണ്ടവയാണല്ലോ. ചില ഫാഷൻ ഇൻവെസ്റ്റ്മെന്റ്സ് അറിയാം.

സ്നീക്കേഴ്സ് : വെള്ള നിറത്തിലുള്ള സ്നീക്കേഴ്സ് കയ്യിലുണ്ടെങ്കിൽ മോം ജീൻസിനൊപ്പവും സ്കിന്നി ജീൻസിനൊപ്പവും ചേരും. പാന്റ്സ്, ഷോർട്സ്, സ്കർട്ട്, ഡ്രസ് എന്നിവയ്ക്കൊപ്പം പെയർ ചെയ്യാനും സ്നീക്കേഴ്സ് അടിപൊളിയാണ്.

വൈഡ് ലെഗ് പാന്റ്സ് : അടുത്തൊന്നും ട്രെൻഡ് ഔട്ട് ആ കാത്തതാണ് വൈഡ് ലെഗ് പാന്റ്സ് ഷർട്ട്, ടീഷർട്ട്, ക്രോപ് ടോപ്, ബ്ലേസേഴ്സ്... ഇവയെല്ലാം. ഏതിനൊപ്പവും ലൂസ് ഫിറ്റഡ് കംഫർട്ട് വെയറായ വൈഡ് ലെഗ് പാന്റ്സ് ചേരും.

ടാൻ കളർ സ്ട്രക്ചേർഡ് ബാഗ് : മീഡിയം സൈസില്‍, ടാ ൻ നിറത്തിലുള്ള ഒരു സ്ട്രക്ചേർഡ് ബാഗ് വാങ്ങിക്കോളൂ. ഇന്ത്യൻ വെയറിനൊപ്പവും വെസ്റ്റേൺ വെയറിനൊപ്പം ഒരുപോലെ ഇണങ്ങും.

ലക്നവി കുർത്ത : ചിക്കൻകാരി വർക് ചെയ്ത വെള്ള, ക റുപ്പ് നിറത്തിലുള്ള ലോങ് കുർത്തി ഓൾ ടൈം ഫാഷൻ ഹിറ്റ് ആണ്. ഡെനിം ജീൻസിനൊപ്പവും വൈറ്റ്/ബ്ലാക് പാന്റ്സിനൊപ്പവും അണിയാം.

പോക്കറ്റ് ഫ്രണ്ട്‌ലി ഷോപ്പിങ് ടിപ്സ്

∙ എത്ര രൂപ ചെലവാക്കും എന്ന ധാരണയോടെ മാത്രം ഷോപ്പിങ്ങിനിറങ്ങുക. ഈ ബജറ്റിൽ നിന്നു കൊണ്ടു കൂടുതൽ പർച്ചേസ് ചെയ്യാൻ നോക്കണം.

∙ മറ്റുള്ളവർ വാങ്ങിയതു കണ്ട് അതു തനിക്കു ചേരുമോ ഇല്ലയോ എന്നു നോക്കാതെ വസ്ത്രം വാങ്ങരുത്. എല്ലാം ഇണങ്ങണമെന്നില്ല.

∙ വാഡ്രോബിൽ വേണ്ടത് ടീം പ്ലെയേഴ്സിനെയാണ്. അ ല്ലാതെ ഒറ്റ ഡ്രസ്സിനൊപ്പം മാത്രം പെയർ ചെയ്യാവുന്ന സിംഗിൾ പ്ലെയേഴ്സിനെ അല്ല. ഒലിവ് ഗ്രീൻ കോ– ഓർഡ് കുർത്ത ബോട്ടം സെറ്റ് വാങ്ങിയാൽ കോഫി ബ്രൗൺ പാന്റ്സിനൊപ്പം ഒലിവ് ഗ്രീൻ കുർത്ത അണിയാം. ബെയ്‍ജ് കുർത്തയ്ക്കൊപ്പം ഒലിവ് ഗ്രീൻ ബോട്ടവും അണിയാം. കയ്യിലുള്ള ഡ്രസ്സ് കൂടി മനസ്സിൽ വച്ചു വേണം ഷോപ്പിങ്.

∙ ഒരു കല്യാണം കൂടാനായി പുതിയ വസ്ത്രം വാങ്ങാൻ ഓടേണ്ട. നമ്മുടേ കയ്യിലുള്ളത് സ്റ്റൈൽ ചെയ്യുക. ഒരു വിശേഷാവസരത്തിൽ പച്ച കാഞ്ചീപുരം സാരിയും റാണി പിങ്ക് ബ്ലൗസുമാണ് അണിഞ്ഞതെങ്കിൽ അടുത്ത ആഘോഷത്തിന് ഈ സാരിക്കൊപ്പം പച്ച ബ്ലൗസ് അണിഞ്ഞ് മോണോക്രൊമാറ്റിക് ലുക്കി‍ൽ തിളങ്ങാം.

∙ പ്രീ ലവ്ഡ് ഷോപ്പിങ് രീതി നമ്മുടെ നാട്ടിലും പ്രചാരത്തിൽ വരുന്നുണ്ട്. ഒരാൾ ഇഷ്ടത്തോടെ അണിഞ്ഞ വസ്ത്രങ്ങൾ നമുക്കു വിലക്കുറവിൽ വാങ്ങിയുപയോഗിക്കാം. നമ്മളുടെ വസ്ത്രങ്ങളും ഇതേപോലെ വിൽക്കുകയും ചെയ്യാം. വിശേഷവസരങ്ങൾക്കായി വാടകയ്ക്കു വസ്ത്രവും ആഭരണവുമൊക്കെ വാങ്ങാൻ മടിക്കേണ്ട.

∙ ഇട്ടുമടുത്ത വസ്ത്രങ്ങള്‍ ഡൈ ചെയ്തു പുതുമ വരുത്താം. അതേ നിറത്തിലോ അല്ലെങ്കിൽ മറ്റൊരു നിറത്തിലോ ഡൈ ചെയ്തെടുക്കാം.

∙ വസ്ത്രധാരണത്തിനൊപ്പം മേക്കപ്പും ഹെയർസ്റ്റൈലും ആക്സസറീസുമൊക്കെ ചേരുന്നതാണ് ഒരാളുടെ ഔട്ട്ലുക്. ഷോപ്പിങ് ചെയ്യുമ്പോൾ വസ്ത്രത്തിൽ മാത്രം ഫോക്കസ് ചെയ്യാതെ മിക്ക നിറങ്ങളോടും വസ്ത്രങ്ങളോടും ചേരുന്ന ആക്സസറീസ് തിരഞ്ഞെടുക്കുക.

ഓൺലൈൻ ഷോപ്പിങ്

ഓൺലൈൻ ഷോപ്പിങ്ങിൽ പണം ലാഭിക്കാൻ സഹായിക്കുന്ന ചില സീക്രട്സ് ഉണ്ട്.

∙ ഒരേ ബ്രാൻഡിലുള്ള വസ്ത്രത്തിനു പല ഷോപ്പിങ് സൈറ്റുകളിൽ വില വ്യത്യസ്തമായിരിക്കാം. അതുകൊണ്ട് പല സൈറ്റുകളിൽ ഒരേ വസ്ത്രത്തിന്റെ വില നോക്കിയ ശേഷം കുറവുള്ളതു മാത്രം വാങ്ങുക.

∙ സീസൺ സെയിൽസ് നോക്കി വിലക്കുറവിൽ വസ്ത്രം വാങ്ങുന്നതു ബജറ്റ് ഫ്രണ്ട്‌ലി ഐഡിയയാണ്. ഓർക്കേണ്ട കാര്യം ഓഫറുകളും സീസൺ സെയിൽസും ഇടയ്ക്കിടെ വരാം. നവംബർ മാസത്തിൽ തന്നെ ദീപാവലി സെയിലും ബ്ലാക് ഫ്രൈഡേ സെയിലും വന്നു. ഡിസംബറിൽ ക്രിസ്മസ് സെയിൽ വരും. അതുകൊണ്ട് സെയിൽ ഉ ള്ളപ്പോഴെല്ലാം പർച്ചേസ് വേണ്ട.

∙ ടോപ് ബ്രാൻഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഏറെനാൾ ട്രെൻഡിൽ നിലനിൽക്കുന്നവ വാങ്ങണം. അയഞ്ഞ ഷാബി ഷർട്ടുകൾക്കു പകരം ലൂസ് ഫിറ്റഡ് ക്ലാസിക് ഷർട്ടുകൾ തിരഞ്ഞെടുക്കാം. ലിനൻ വൈറ്റ് ഷർട്ട്, സ്ട്രൈപ്ഡ് ഷർട്ട്, സാറ്റിന്‍ ഷർട്ട് എന്നിവ എല്ലാവർക്കും ഇണങ്ങും. സ്ട്രെച്ചബിൾ ജെഗ്ഗിങ്സിനു പകരം ഹൈ വെയ്സ്റ്റഡ് സ്ട്രെയ്റ്റ് പാന്റ്സ് വാങ്ങാം. ഹൊറിസോണ്ടൽ പ്രിന്റ്സ് വാങ്ങുമ്പോൾ ബോൾഡ് സ്ട്രൈപ്സ് എടുക്കാം .

∙ ഓഫറുകളിൽ പലപ്പോഴും ട്രെൻഡ് ഔട്ട് ആ യവയോ ഉടനെ ഔട്ട് ആകുന്നവയോ വരും. അതുകൊണ്ടു ശ്രദ്ധയോടെ വേണം ഷോപ്പിങ്. ഒഴിവുസമയങ്ങളി ൽ ഷോപ്പിങ് സൈറ്റിൽ പരതി ഇഷ്ടമുള്ളവ വിഷ് ലിസ്റ്റ് ചെയ്ത് ഇടാം. വില കുറയുന്ന സമയം നോക്കി വാങ്ങാം.

∙ പേയ്മെന്റ് ചെയ്യും മുൻപ് കയ്യിലുള്ള ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ ആപ്പ് എന്നിവയിൽ ഏതിനെങ്കിലും ക്യാഷ് ബാക് ഓഫറോ ഡിസ്കൗണ്ടോ ഷോപ്പിങ് സൈറ്റ് നൽകുന്നുണ്ടോ എന്നു പരിശോധിക്കുക. കിട്ടുന്ന ചെറിയ ലാഭം പോലും പാഴാക്കരുത്.

∙ കൂപ്പണുകൾ ഉപയോഗിച്ചാൽ ഷോപ്പിങ്ങിൽ ലാഭം നേടാ നാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകൾക്ക് അവരുടെ പേജിൽ ഡിസ്കൗണ്ട് കൂപ്പൺ ഉണ്ടാകാം. ഡിസ്ക്രിപ്ഷൻ ശ്രദ്ധിക്കുക. ഒരു സൈറ്റിൽ നിന്ന് ആദ്യമായി പർച്ചേസ് ചെയ്യുമ്പോഴും ഇമെയിൽ സബ്സ്ക്രിപ്ഷൻ എടുക്കുമ്പോഴും ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കാം. യുപിഐ ആപ്പുകൾ വഴി പേയ്മെന്റ് ചെയ്യുമ്പോൾ കിട്ടുന്ന കൂപ്പണുകൾ ഉപയോഗിക്കാനും ഓർക്കുക.

2024ലെ ഫാഷൻ ട്രെൻഡ് എന്താകും

-സ്റ്റെഫി സേവ്യർ
വസ്ത്രാലങ്കാര വിദഗ്ധ-

∙ ലൂസ് ഫിറ്റഡ് ഔട്ട്ഫിറ്റ്സ്; ക്ലാസ്സി ആൻഡ് എലഗന്റ് എന്ന ടാഗ്‌ലൈനോടെ ഇവ 2024ലും താരമായിരിക്കും.

∙ സസ്റ്റെയ്നബിൾ മെറ്റീരിയലുകൾ എന്നെന്നും ട്രെൻഡാണ്. പ്രകൃതിക്കു ദോഷമാകാത്ത മെറ്റീരിയൽ, നിറങ്ങൾ ഇവ ചേർന്നുള്ള വസ്ത്രങ്ങൾ നാചുറൽ ലുക്കും നൽകും.

∙ പ്രിന്റുകൾ വീണ്ടുമെത്തിയിരിക്കുകയാണ്. അടുത്ത വർഷവും പല തരം പ്രിന്റുകൾ ട്രെൻഡിലുണ്ടാകും.

∙ വസ്ത്രങ്ങളിലും ആക്സസറികളിലും മേക്കപ്പിലും മിനിമല്‍ ലുക് സ്വന്തമാക്കാനാണു ശ്രമിക്കേണ്ടത്.

അമ്മു ജൊവാസ്