‘ഭാഷയ്ക്ക് ഫാഷനിലെന്തു കാര്യം’ എന്നു ചോദിക്കരുത്. ‘ഫാഷനിൽ ഭാഷയുമാകാം’ എന്നു മലയാളം മിഷൻ തെളിയിച്ചിരിക്കുന്നു. നമ്മുടെ സ്വന്തം മലയാളത്തെ, വസ്ത്രങ്ങളിലും ബാഗുകളിലുമൊക്കെ അഴകോടെ വരച്ചു ചേർത്ത്, ഭാഷാ പ്രചരണത്തിന്റെയും ഫാഷന്റെയും പുതിയ സാധ്യതകൾ പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ് മലയാളം മിഷൻ. മലയാളം ലിപികളും കവിതാ ശകലങ്ങളുമൊക്കെ സ്റ്റൈലായി എഴുതിയും വരച്ചും ചേർത്ത ടി ഷർട്ടുകളും കൈത്തറി സാരികളും തുണിബാഗുകളും ദുപ്പട്ടകളും മാസ്കുകളും ടീ കപ്പുകളുമൊക്കെ ഇതിനോടകം സൂപ്പർഹിറ്റാണ്.

കേരള സർക്കാര്‍ സംരംഭമായ മലയാളം മിഷൻ ആരംഭിച്ച സുവനീർ ഷോപ്പിലൂടെയാണ് ഈ ‘തനി മലയാളം’ ഉൽപ്പന്നങ്ങളുടെ വിൽപ്പന. തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴേക്കും ലോകമെങ്ങുമുള്ള മലയാളികൾ ‘മലയാളം ഫാഷന്‍’ ഏറ്റെടുത്തു കഴിഞ്ഞു. മിതമായ വിലയിൽ ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളും ഒപ്പം ഭാഷ പ്രചരണവും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.


മനോഹരമായ കാലിഗ്രഫിയിൽ അക്ഷരക്കൂട്ടവും കവിതാശകലങ്ങളും ഉദ്ധരണികളും കൊണ്ട് മനോഹരമാക്കിയാണ് ഓരോന്നും വിപണിയിലെത്തിച്ചിരിക്കുന്നത്.

‘‘സാധാരണ നിലയിൽ ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. എന്നാൽ മാതൃഭാഷ അതു മാത്രമല്ല. അതൊരു സമൂഹത്തിന്റെ മുഴുവൻ ജീവിത രീതിയും വേഷവും ഭക്ഷണഴീലങ്ങളുമൊക്കെയായി ബന്ധപ്പെട്ടു നിൽക്കുന്നു. മലയാളവും ഒട്ടും വ്യത്യസ്തമല്ല.

കേരളത്തിലേക്ക് വരുന്ന ഒരു വിനോദ സഞ്ചാരി മടങ്ങിപ്പോകുമ്പോൾ ഈ നാടിന്റെ ഓർമയ്ക്കായി വാങ്ങിക്കൊണ്ടു പോകുക എന്തെങ്കിലും കരകൗശല വസ്തുക്കളാകും. എന്നാൽ വിദേശ രാജ്യങ്ങളിലൊക്കെ അവർ തങ്ങളുടെ ലിപികൾ കൂടി ഇത്തരത്തിൽ ആകർഷകമായ പ്രദർശന വസ്തുക്കളാക്കി നൽകുന്നുണ്ട്. എങ്കില്‍ എന്തുകൊണ്ട് മലയാളത്തെയും അത്തരത്തിൽ ഉപയോഗിച്ചു കൂടാ എന്ന് ചിന്തിച്ചപ്പോഴാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. മലയാളം മനോഹരമായ ലിപിയാണ്. അതിമനോഹരമായ ചിത്രലിപിയാണ് നമ്മുടെത്.

നമ്മുടെ അക്ഷരങ്ങൾ ധരിക്കുക, അതിൽ അഭിമാനിക്കുക എന്ന ആശയമാണ് ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത്. വിദേശത്ത് ജീവിക്കുന്ന മലയാളികൾക്ക് അവരുടെ ഭാഷയോട് ചേർന്നു നിൽക്കാനുള്ള ഒരു അവസരം എന്നതും ഇതിന്റെ ലക്ഷ്യമാണ്’’. – മലയാള മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ‘വനിത ഓൺലൈനോട്’ പറയുന്നു.


‘‘ഭാഷ ഒരു ഫാഷനാക്കൂ എന്നാണ് മലയാളം മിഷൻ ഇക്കാര്യത്തിൽ മുന്നോട്ടു വച്ചിരിക്കുന്ന പരസ്യ വാചകം. എനിക്കിങ്ങനെ ഒരു ആശയം തോന്നിയപ്പോള്‍ ഞാൻ സഹപ്രവർത്തകരുമായി സംസാരിച്ചു. മാസ്കുകൾ എന്നതായിരുന്നു ആദ്യം. കൂട്ടായ ചിന്തകളിൽ നിന്നും ഡിസൈനേഴ്സുമായുള്ള ആലോചനകളിൽ നിന്നുമാണ് പൂർണരൂപത്തിലേക്ക് എത്തിയത്. നല്ല പ്രതികരണമാണ് പ്രൊഡക്ടുകൾക്ക് ലഭിക്കുന്നത്. നന്നായി സ്വീകരിക്കപ്പെടുന്നതില്‍ സന്തോഷം. കഴിഞ്ഞയാഴ്ച അമേരിക്കയിലേക്ക് മുപ്പത് സാരി അയച്ചു. പലയിടത്തു നിന്നും ധാരാളം ഓർഡറുണ്ട്. ഓണത്തിന് വേണ്ടി തയാറാക്കിയ സാരിക്കൊക്കെ ധാരാളം ആവശ്യക്കാരുണ്ട്. ആഗോള തലത്തിൽ വിപുലമായ പരിപാടികളാണ് ഇനി പ്ലാൻ ചെയ്യുന്നത്. ഓൺലൈൻ സെയിലിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം’’. – സുജ സൂസൻ ജോർജ് പറയുന്നു.
