ഇങ്ങനെയുമുണ്ടോ ഫാഷൻ? സെലിബ്രിറ്റി മോഡൽ ഉർഫി ജാവേദിന്റെ ഒന്നിനു പുറകേ ഒന്നായുള്ള ഫാഷൻ പരീക്ഷണങ്ങൾ കണ്ട് സോഷ്യൽ മീഡിയ പലപ്പോഴായി ചോദിക്കുന്ന ചോദ്യമാണിത്. പുതുമയുടേയും പരീക്ഷണത്തിന്റെയും പേരിൽ ഉർഫി ഇതെന്താണ് കാട്ടിക്കൂട്ടുന്ന സംശയവും പലരും പങ്കുവയ്ക്കാറുണ്ട്. പഴത്തൊലി, ബ്ലേഡ്, പിസ, പാവകൾ എന്നു വേണ്ട കയ്യിൽ കിട്ടുന്നതൊക്കെ വസ്ത്രങ്ങളായി മാറ്റിയെടുക്കും ഈ വൈറൽ മോഡൽ.
ഇപ്പോഴിതാ ഉർഫിയുടെ മറ്റൊരു ഫാഷൻ പരീക്ഷണം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഉർഫി എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു സംഭം സ്ലീവുകളോ ഓപ്പണിങ്ങുകളോ ഇല്ലാത്ത വസ്ത്രമണിഞ്ഞെത്തിയ താരം പതിവു പോലെ പാപ്പരാസികളുടെ ക്യാമറ കണ്ണിൽ പതിഞ്ഞു. സ്ലീവ് കട്ടുകളും ഓപ്പണിങ്ങും ഇല്ലാത്തതു കൊണ്ടു തന്നെ താരത്തിന്റെ കൈകൾ വസ്ത്രത്തിന് അകത്തായിരുന്നു. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ ശരീരം പൊതിയുമാറ് എത്തിയ താരത്തിന്റെ രൂപം കണ്ട് ഒരു കുട്ടി ഭയന്നു കരയുകയും ചെയ്തു.
താരത്തെ കണ്ടപ്പോൾ ഒരു ദമ്പതികൾ സംസാരിക്കാനായി അരികിൽ എത്തി. എന്നാൽ ഉർഫിയെ കണ്ടമാത്രയിൽ അവരുടെ കുഞ്ഞ് കരയാൻ തുടങ്ങി. അച്ഛന്റെ കയ്യിലിരുന്ന് കരഞ്ഞ കുഞ്ഞിനെ അമ്മ വാങ്ങി സമാധാനിപ്പിച്ചു. പക്ഷേ അപ്പോഴും കുഞ്ഞിന്റെ കരച്ചിലും ഞെട്ടലും നിന്നില്ല. കരച്ചിൽ നിർത്തിയിട്ടും ഉർഫിയുടെ വസ്ത്രത്തിലേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞ് കരഞ്ഞ ഉടനെ അവൻ എന്തിനാണ് കരയുന്നത്, സോറി എന്നു ഉർഫി പറയുന്നത് വിഡിയോയിൽ കാണാം. കുഞ്ഞിനെ ആശിർവദിക്കണമെന്നാഗ്രഹമുണ്ടെന്നും എന്നാൽ കയ്യിലെടുക്കാൻ പറ്റില്ലല്ലോ എന്നും ഉർഫി പറഞ്ഞു.
സാധാരണ ഗതിയിൽ വസ്ത്രം ധരിക്കുമ്പോൾ കൈ പുറത്താണുണ്ടാവുക, അത് കാണാതായതുകൊണ്ടാവും കുട്ടി കരഞ്ഞതെന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. ഹാലോവൻ കോസ്റ്റ്യൂം ധരിച്ച് പുറത്തിറങ്ങരുതെന്നും വസ്ത്രം കണ്ടും ഫാഷൻ കണ്ടുമെല്ലാം ഒരാൾ കരയുന്നത് ഇതാദ്യമാവും എന്നൊക്കെ വിഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്.