Tuesday 06 February 2018 12:00 PM IST

ഇനി വെറും ചുരിദാർ എന്നു വിളിക്കല്ലേ, സൗന്ദര്യറാണി എന്നുതന്നെ വിളിച്ചോളൂ..

Lakshmi Premkumar

Sub Editor

churi-fcover
ഫോട്ടോ: ശ്യാം ബാബു

സ്വർണ പൂക്കൾ തുന്നി പിടിപ്പിച്ച കടും നിറത്തിലുള്ള കോട്ടൻ ചുരിദാറാണോ എന്നു ചോദിച്ചാൽ അല്ല. പിന്നെ, ജോർജറ്റ് തുണിയിൽ പൂക്കളുള്ള  പാന്റും ദുപ്പട്ടയും ഒപ്പം പ്ലെയിൻ ടോപ്പുമാണോ എന്ന് ചോദിച്ചാൽ അല്ലേയല്ല. അതൊക്കെ പഴയ കഥ. ചുരിദാറുകളുടെ ഈ വരവെന്നു പറഞ്ഞാൽ ഒന്നൊന്നര വരവാണ്. കുർത്തിയെ കൈയിൽ കിട്ടിയപ്പോൾ തന്നെയും ദുപ്പട്ടയേയും മറന്നവരോടെല്ലാം പകരം ചോദിക്കാനുള്ള വരവ്.

പാർട്ടിവെയർ ചുരിദാറുകളിലാണ് കിടിലൻ മാറ്റങ്ങൾ. കാഷ്വൽ വെയ റായി പലരും ഇപ്പോഴും ചുരിദാറുകളെ കൂടെക്കൂട്ടുന്നുണ്ടെങ്കിലും കുറച്ചുനാളായി പാർട്ടികളിൽ നിന്ന് ചുരിദാറുകൾ പൂർണമായും പുറത്തായിരുന്നു. അതുകൊണ്ടാകും ഈ വർഷം പാർട്ടികളിൽ താനല്ലാതെ മറ്റൊരു സൗന്ദര്യറാണി ഉണ്ടാകരുതെന്ന് ചുരിദാർ സ്വയം തീരുമാനിച്ചത്.
ടോപ് അൽപം സിംപിൾ ആയി മുട്ടിനു മുകളിൽ നിൽക്കും. ബോട്ടം പീസ് ഒാർഗൻസപോലുള്ള പറന്നുയരുന്ന മെറ്റീരിയലുകളിൽ പാവാടയോളം വട്ടത്തിൽ വിടർന്ന് അഴകു നീർത്തി നിൽക്കുന്നു. ദുപ്പട്ട കഴുത്തിൽ ചുറ്റി വള്ളിപോലെ പിന്നിലേക്ക് പടരും.

ഇനി അൽപം നീളമുള്ള ടോപ് ആണ് ഇഷ്ടമെങ്കിൽ പിന്നെ ആ ഇഷ്ടം ഒട്ടും കുറയ്ക്കേണ്ട, പാദംവരെ നീണ്ടു കിടക്കട്ടെ. ബോട്ടംപീസ് ആയി വേണമെങ്കിൽ മാത്രം സ്ട്രെയിറ്റ് പാന്റ്സിനെ കൂടെക്കൂട്ടാം. പോരെങ്കിൽ ഫുൾ സ്കർടിനൊപ്പവും ട്രൻഡി ഫിഷ് കട്ട് സ്കർടിനൊപ്പവും  ചുരിദാർ ടോപ്പും ദുപ്പട്ടയും പുതുമകൾ വിരിക്കുന്നു. ടോപ്പും ബോട്ടവും ഏതായാലും ദുപ്പട്ട മസ്റ്റ് ആണ് കേട്ടോ. എലഗന്റ് ആയ  ഷോപീസുകൾ ആയി മാറുകയാണ് ദുപ്പട്ട ഈ വർഷം.

churi-fashion44
1. നിലാവുപോലവൾ.. ലിനൻ ടോപ്പിൽ കട്ട് വർക്ക് ഒപ്പം ആങ്കിൾ ലെങ്ത് ബോട്ടവും ഫ്ലോറൽ പ്രിന്റ് ദുപ്പട്ടയും. 2. ചെമ്പനീർ കനവേ.. കോട്ടൺ ഫ്ലെയേർഡ് ടോപ്പിനൊപ്പം ട്രന്‍ഡി ഡെനിം പാന്റും മിക്സ് ആന്‍ഡ് മാച്ച് ദുപ്പട്ടയും.

ലിനൻ പാറിപ്പറക്കും

ലിനൻ മെറ്റീരിയലിലുള്ള പാർട്ടിവെയർ ചുരിദാർ സെറ്റുകൾ ആയിരിക്കും വരും ദിനങ്ങളിൽ പാർട്ടികളിലെ കിരീടം ചൂടിയ റാണിമാരെന്നാണ് ഫാഷൻ വിദഗ്ധരുടെ പ്രവചനങ്ങൾ. ‘‘ഉപയോഗിക്കാനുള്ള സൗകര്യവും കിടിലൻ ലുക്കുമാണ് ലിനൻ തുണിയെ ചുരിദാറുകളിൽ മുൻപന്തിയിലെത്തിക്കുന്നത്’’ സെന്റ് തെരേസാസ് കോളജിലെ  ഫാഷൻ ഡിസൈനിങ് അധ്യാപിക ലേഖ ശ്രീനിവാസിന്റെ അഭിപ്രായം. ഏത് പ്രായക്കാർക്കും ഇണങ്ങും എന്നത് മറ്റൊരു സത്യം.

‘‘ചുരിദാർ  ടോപ്പുകളേക്കാൾ ഈ വർഷം പുതുമകൾ സൃഷ്ടിക്കാൻ പോകുന്നത് പാന്റുകളാണ്’’.  മുണ്ടുടുത്ത് വരെ ടോപ്പും ദുപ്പട്ടയും അണിയുന്നത് പുതിയ ട്രെൻഡാണെന്നാണ് കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ പറയുന്നത്.

churidar-fa2
വാകപ്പൂമണം.. ലിനൻ ടോപ്പിൽ കട്ട് വർക്കും ട്യൂബ് വർക്കും. ബ്രൊക്കേഡ് പാന്റിന് സിംപിൾ ദുപ്പട്ട.

അസിമെട്രിക്കൽ കട്ട്സും ജീൻസ് ചുരിദാറും

ദാവണികൾ കൊടികുത്തി വാഴുന്നകാലത്ത് ചുരിദാർ ആണ് പെൺമനസുകളിൽ സ്വാതന്ത്ര്യത്തിന്റെ  പുതിയ ചിത്രങ്ങൾ  വരച്ച് നൽകിയത്.എങ്കിലും കാലം മുന്നോട്ടു പോയപ്പോൾ ഇരുചക്രവാഹനത്തിൽ പറന്നു പോകാനും മറ്റും ചുരിദാർ അസൗകര്യമല്ലേയെന്നൊരു സന്ദേഹമുണ്ടെങ്കിൽ ഇനിയതും വേണ്ട. കാലുകളെ കുറച്ചുകൂടി സ്വതന്ത്രമാക്കുന്ന അസിമെട്രിക്കൽ കട്ട് ടോപ്പുകൾ  കുർത്തികളിൽ നിന്ന് കടമെടുത്ത് ആ കുറവും തീർത്താണ് ഇത്തവണ വരുന്നത്. മുട്ടിനു താ ഴെ ഇറക്കമുള്ള സാധാരണ സ്ട്രെയിറ്റ് കട്ട് ചുരിദാർ ടോപ്പുകൾ ഈ വർഷം കാണാനേ കിട്ടിയില്ലെന്നുവരാം.   

churi-fashion3
1. രാജകുമാരിയവൾ.. പേസ്റ്റൽ പിങ്ക് ചിക്കൻകാരി ടോപ്പിനൊപ്പം ഫ്ലോറൽ പ്രിന്റഡ് ഫുൾ സ്കർട്ടും വർക്ഡ് ദുപ്പട്ടയും. 2. സ്വപ്നറാണിയായ്.. ഗ്രീൻ റോ സിൽക്ക് ടോപ്പിന് ഭംഗികൂട്ടാൻ സർദോസ്കി വർക്ക്. അഴകേകാൻ ഫ്ലോറൽ ദുപ്പട്ട.

വീതി കൂടിയ പാരലൽ പാന്റിനൊപ്പം നീളമുള്ള ടോപ്, ആങ്കിൾ ലെങ്ത് കോട്ടൻ പാന്റിനൊപ്പം സിംപിൾ ഹംപിൾ പേസ്റ്റൽ കളർ ടോപ്പും ദുപ്പട്ടയും. പുതിയ ചുരിദാർ കാഴ്ചകൾ ഹരംപിടിപ്പിക്കുമെന്ന് ഉറപ്പ്. ഡാർക് കളർ കോംപിനേഷനുകൾ കാഷ്വൽസിൽ പീലി വിടർത്തുന്നു.ഹെവിയാണ് ടോപ്പെങ്കിൽ ദുപ്പട്ടയിലെ ആർഭാടത്തോട് ബൈ പറയുന്നതാണ് ന്യൂജെൻ വേർഷൻ. ജീൻസിനൊപ്പം സ്‌റ്റൈലായി ധരിക്കാം,സ്ട്രൈറ്റ് പാന്റിനും ആങ്കിൾ ലെങ്തിനുമൊപ്പം ട്രെൻഡിയായി അണിയാം,ട്രഡീഷനൽ കൈത്തറിയും പരമ്പരാഗത എംബ്രോയിഡറിയും കുന്തൻ സ്‌റ്റോൺ വർക്കും ഇനിയങ്ങനെയങ്ങ് ഉപേക്ഷിക്കണ്ട. ചുരിദാർ ഈ വർഷത്തെ നമ്പർ വൺ ഫാഷനാണേ.  

churi-fashion1
പൊൻതൂവൽക്കിളി.. സിൽക്ക് വിത് പ്രിന്റഡ് സെമി അനാർക്കലി ടോപ്പിനൊപ്പം പാരലൽ പാന്റും ജോർജറ്റ് ദുപ്പട്ടയും.

ഫോട്ടോ: ശ്യാം ബാബു, മോഡല്‍: തരുഷി, അഞ്ജു, വസ്ത്രങ്ങൾക്ക് കടപ്പാട്: ടിയ മരിയ, പനമ്പിള്ളി നഗർ, സുഹാന ബുട്ടീക്, കോഴിക്കോട്. ലൊക്കേഷൻ: ഡേവിഡ് ഹാൾ (സിജിഎച്ച് എർത്ത് എക്സപീരിയൻസ്), ഫോർട്ട് കൊച്ചി. കോ ഓർഡിനേഷൻ: ലക്ഷ്മി പ്രേംകുമാർ