Friday 17 March 2023 12:44 PM IST : By സ്വന്തം ലേഖകൻ

ആർത്തവത്തെക്കുറിച്ച് നിങ്ങളുടെ കുട്ടിയോട് ഏതു പ്രായം മുതൽ സംസാരിച്ചു തുടങ്ങാം? വീട്ടിൽ നിന്നു തുടങ്ങണം ലൈംഗിക അവബോധം

sex-education-story

ഞാനൊരു ലൈംഗികതാ വിദ്യാഭ്യാസ അധ്യാപികയും മാനസികാരോഗ്യ പ്രാക്ടീഷനറുമാണ്. കഴിഞ്ഞ എട്ടു വർഷമായി രക്ഷാകർതൃത്വത്തിന്റെ ഭാഗമായി ഇക്കാര്യങ്ങളെ കുറിച്ചുള്ള സത്യസന്ധമായ തുറന്ന സംഭാഷണങ്ങൾ എന്റെ മകളുമായി നടത്തിവരുന്നു. വീട്ടിൽ നിന്നു ലൈംഗിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുക എന്നതു വളരെ എളുപ്പവും പ്രായോഗികവുമായ ഒന്നാണെന്നാണ് എെന്‍റ അഭിപ്രായം. അതേക്കുറിച്ചു വിശദമാക്കും മുന്‍പ് ഒരു ചോദ്യം. ‘എന്റെ തലമുറയിലുള്ള എത്ര പേർക്കു കൃത്യമായ, ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്?’

ഏതായാലും ഒരുപാടു പേർക്കു കിട്ടിയിട്ടില്ല എന്നുറപ്പ്. എന്നാൽ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നൂറു വിഷയങ്ങളിൽ ഒരു നുറുങ്ങു കാര്യം നമുക്ക് അമ്മമാരിൽ നിന്നു പകര്‍ന്നു കിട്ടിയിട്ടുണ്ട്. എന്താണത് എന്നല്ലേ? ആര്‍ത്തവം തന്നെ.

അതേ, ഞാൻ ചെറുതായിരുന്നപ്പോൾ മാതാപിതാക്കളുമായി ശരീരത്തെ കുറിച്ചു തുറന്നു സംസാരിക്കുന്ന വേളകളില്‍ കടന്നു വന്നിരുന്ന ഒരേയൊരു വിഷയം ആർത്തവമായിരുന്നു. അതും അമ്മയോടൊത്ത്.

ഇതു വായിക്കുന്ന പല സ്ത്രീകൾക്കും ഞാനീപ്പറഞ്ഞ കാര്യത്തോടു താരതമ്യപ്പെടാൻ സാധിക്കും. ആർത്തവത്തെ കുറിച്ച് അമ്മ പറഞ്ഞു തരുമ്പോൾ നിങ്ങൾക്ക് 8–12 വയസ്സായിരിക്കും. ചില പെൺകുട്ടികൾക്കു വളരെ വൈകിയാകും ഈ വിവരങ്ങൾ പോലും കിട്ടിയത്. ചിലർക്കു സുഹൃത്തുക്കൾ വഴി പിന്നെയും താമസിച്ചാകാം വിവരങ്ങൾ കിട്ടിയത്. മറ്റു ചിലർക്ക് ആർത്തവവുമായി ബന്ധപ്പെട്ട അറിവുകൾ ഒന്നും കൃത്യമായി ലഭിച്ചിട്ടു പോലും ഉണ്ടാകില്ല.

അമ്മമാരുമായി ആർത്തവം സംസാരിച്ചിരുന്ന സ്ത്രീകളോടാണ് ഇനിയുള്ള ചോദ്യങ്ങൾ. പണ്ടു പറഞ്ഞ കാര്യങ്ങളില്‍ എത്രമാത്രം കാര്യങ്ങൾ അന്ന് ഓർക്കാൻ സാധിച്ചിരുന്നു? ഇന്നതാണു പറയുന്നത് എന്ന് മനസ്സിലാകാൻ മാത്രം എത്ര ഇടവേളകളിലാണ് ഈ സംഭാഷണങ്ങൾ നടന്നത്? നിങ്ങളുടെ രക്ഷിതാവ് ശരീരഭാഗങ്ങളുടെ കൃത്യമായ പേരുകൾ തന്നെയാണോ പറഞ്ഞു തന്നത്, പ്രത്യേകിച്ചും ‘സ്വകാര്യ’ ഭാഗങ്ങളുടെ? നിങ്ങൾ തിരിച്ചു ചോദ്യങ്ങൾ ചോദിച്ചിരുന്നോ? അതൊരു ആരോഗ്യകരമായ ചർച്ചയായിരുന്നോ?

ആർത്തവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിലക്കുകൾ വച്ചിരുന്നോ? (ഉദാഹരണത്തിന് ഇതൊന്നും ആണുങ്ങളോടു പറയരുത് മുതലായവ) ആർത്തവവും നാണക്കേടുമായി ബന്ധിപ്പിച്ചിരുന്നോ? (ആർത്തവം വന്നാൽ നീ അശുദ്ധയാണ്, ചില വസ്തുക്കളിൽ തൊടരുത്, എന്നിങ്ങനെ‌) ആർത്തവമുണ്ടായ സമയത്തു നിങ്ങൾക്കു ഭയവും ആശങ്കയുമാണോ തോന്നിയത് അതോ ശാക്തീകരിക്കപ്പെടുന്നതായും ആവേശഭരിതയായുമാണോ അനുഭവപ്പെട്ടത് ?

ആദ്യമേ തന്നെ ഈ ചോദ്യങ്ങൾ സ്വയം ചോദിച്ച് അതിനുള്ള ഉത്തരങ്ങൾ മനസ്സിൽ പറയൂ. ഇനി നിങ്ങള്‍ ഇന്നൊരു രക്ഷാകർത്താവിന്റെ സ്ഥാനത്താണെങ്കിൽ ഇതിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെ ചെയ്യുമെന്നും ചിന്തിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:
സ്വാതി ജഗ്ദീഷ്
സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ

പഠിപ്പിക്കാന്‍ നിങ്ങൾ സജ്ജരാണോ?

കുട്ടിക്കു പകർന്നു കൊടുക്കാൻ ആവശ്യമായ കൃത്യമായ വിവരങ്ങൾ നിങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ടോ? നിങ്ങൾ ആർത്തവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിലക്കുകൾ പാലിച്ചു വരുന്ന വ്യക്തിയാണോ? ആർത്തവം നാണക്കേടുള്ള കാര്യമാണ് എന്നു കരുതുന്ന ആളാണോ? അങ്ങനെയെങ്കിൽ കുട്ടിക്ക് ഇതേക്കുറിച്ചു പറഞ്ഞു കൊടുക്കുന്ന സമയത്തു തിരിച്ചു ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ ആ ചർച്ച എങ്ങനെ മുന്നോട്ട് കൊണ്ടു പോകും?

ഇതൊക്കെ കുട്ടിയോടു ഏതു പ്രായം മുതൽ സംസാരിച്ചു തുടങ്ങാം എന്നാണു നിങ്ങൾ കരുതുന്നത്? നിങ്ങൾക്കൊരു ആൺകുട്ടിയാണെങ്കിൽ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യും? പറയുന്ന കാര്യങ്ങളില്‍ എന്തൊക്കെ ഉൾപ്പെടുത്തും. എന്തെല്ലാം അവഗണിക്കും?

ലൈംഗിക വിദ്യാഭ്യാസം എന്ന കുടക്കീഴിൽ വരുന്ന നിരവധി കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ആർത്തവം. ഇതു കൂടാതെ അനുമതി (consent), അതിർവരമ്പുകൾ (boundaries), സ്വയം നിർണയാവകാശം (autonomy), സുരക്ഷ, ഗർഭം, പ്രസവം, ഗർഭനിരോധനം, ലിംഗഭേദം, അശ്ലീലചിത്രം/സാഹിത്യം (pornography), സ്വയംഭോഗം തുടങ്ങി പല തരം വിഷയങ്ങളും ഉൾക്കൊള്ളുന്നുണ്ട്.

വീട്ടിൽ നിന്നേ അറിവിന്റെ വിത്തു പാകാം

ലൈംഗികവിദ്യാഭാസം വീട്ടിൽ നിന്നു തന്നെ തുടങ്ങാം, അതും കുട്ടിക്ക് ഒന്നോ രണ്ടോ വയസ്സാകുമ്പോൾ തന്നെ എന്നു പറഞ്ഞാൽ പലരും സംശയം കൊണ്ടു പുരികം ചുളിക്കും. പക്ഷേ, സത്യമാണ്. സ്വന്തം വീട്ടിൽ നിന്നു തന്നെ അറിവ് പകര്‍ന്നു നൽകുന്നത് വിദ്യാലയങ്ങളിൽ പോയി ലൈംഗിക വിദ്യാഭ്യാസം നേടുന്നതിലും പതിന്മടങ്ങ് ഗുണം ചെയ്യും.

അവർക്ക് അവരുടെ ശരീരത്തെ കുറിച്ചും അതിർ വരമ്പുകളെ കുറിച്ചും വ്യക്തമായ ധാരണ വളരെ മുൻപേ തന്നെ ലഭിക്കും.

വരൂ, ഒരുമിച്ചു തുടങ്ങാം

കുട്ടികള്‍ക്കു സുരക്ഷിതമായ ലൈംഗികാവബോധവും ജീവിതവും നൽകേണ്ടതു നമ്മുടെ കടമ തന്നെയാണ്. അതിനു ഞാന്‍ നിങ്ങളെ സഹായിക്കുകയാണ്, ഈ പംക്തിയിലൂടെ. അങ്ങനെ കുട്ടികളെ ലൈംഗിക സുരക്ഷിതത്വത്തോടെ വളർത്തിയെടുക്കാം. ലൈംഗിക വിദ്യാഭ്യാസം എന്നാൽ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കുക മാത്രമല്ല. മാതാപിതാക്കള്‍ക്കു ശരീരത്തെക്കുറിച്ചുള്ള ഗ്രാഹ്യവും മികച്ച രക്ഷകർതൃത്ത്വവും ഒക്കെ സംയോജിപ്പിച്ച് കുട്ടികൾക്കു വേണ്ട വിവരങ്ങൾ അതതു പ്രായത്തിൽ അവരിലേക്ക് എത്തിക്കുക കൂടിയാണ്. പുത്തൻ വിഷയങ്ങള്‍ പഠിക്കാൻ തയാറായിക്കൊള്ളൂ. കാലത്തിനൊത്തു വളരുന്ന മിടുക്കരായ മാതാപിതാക്കളാകാനുള്ള യാത്ര നമുക്ക് ഒരുമിച്ച് തുടങ്ങാം. എല്ലാ വീട്ടന്തരീക്ഷങ്ങളിലും കൃത്യമായ, ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം എത്തട്ടേ...