Friday 01 July 2022 12:39 PM IST

ആദ്യ പ്രസവത്തോടെ പോയ ശരീരഭാരം തിരികെവന്നു: അന്ന് എനിക്ക് 90 കിലോ, ഭർത്താവിന് എഴുപത്തിയഞ്ചും: ലക്ഷ്മിയുടെ മാജിക്കൽ ഡയറ്റ്

Asha Thomas

Senior Sub Editor, Manorama Arogyam

lekshmi-2

‘പെട്ടെന്നു ഭാരം കുറയ്ക്കാൻ എളുപ്പവഴികൾ’ എന്നു കണ്ടാൽ നാമെല്ലാം ഒന്നു നോക്കും. കാരണം പെട്ടെന്നു ഭാരം കുറയ്ക്കാനാണ് എല്ലാവർക്കും താൽപര്യം. ഭാരം കുറച്ചാൽ ആരോഗ്യമായി എന്നാണ് ചിന്ത. ഒരു തോന്നലിന്റെ പുറത്ത് കടുത്ത ഡയറ്റ് നോക്കി കുറയ്ക്കുന്ന ഭാരം പോയ സ്പീഡിൽ തിരിച്ചുവന്നെന്നു വരാം. പക്ഷേ, അത് ആരും ശ്രദ്ധിക്കുന്നില്ല. കൊച്ചി സ്വദേശിനി‌ ലക്ഷ്മി അതുലും ആദ്യം ശരീരഭാരം കുറയ്ക്കുന്നതിലാണ് ശ്രദ്ധയൂന്നിയത്. പക്ഷേ, പിന്നീട് അത് ആരോഗ്യത്തിന്റെ ഒരു വശം മാത്രമാണ് എന്നവർ തിരിച്ചറിഞ്ഞു. നമുക്കു സ്ഥിരമായി പിന്തുടരാവുന്ന ഡയറ്റ് ക്രമീകരണങ്ങളും വ്യായാമശീലങ്ങളുമാണ് ആത്യന്തികമായി ആരോഗ്യത്തോടെ ജീവിക്കാൻ നമ്മെ സഹായിക്കുന്നതെന്ന് ലക്ഷ്മിക്ക് ഇപ്പോൾ അറിയാം. ലക്ഷ്മിയുടെ ഭാരം കുറയ്ക്കൽ പരീക്ഷണ അനുഭവങ്ങൾ വായിക്കാം.

പത്തു വയസ്സു മുതലേ ഞാൻ നല്ല തടിച്ചുരുണ്ടിരിക്കുന്ന കുട്ടിയാണ്. നന്നായി ഭക്ഷണം കഴിക്കും. ചെറിയ കുട്ടിയായിരുന്നപ്പോൾ ക്രിക്കറ്റ് കളിക്കാനൊക്കെ പോയിരുന്നു. മുതിർന്നപ്പോൾ സ്വാഭാവികമായും പുറത്തുപോയി കളിക്കുന്നത് നിർത്തി. പുസ്തകവും വായിച്ച് വീട്ടിൽ തന്നെയിരിക്കും. അങ്ങനെ ഇരിപ്പും ഭക്ഷണം കഴിപ്പുമായി നന്നായി ഭാരം കൂടി. ഒരു 96 കിലോ വരെയൊക്കെ എത്തി.

ആളുകളുടെ കളിയാക്കലൊക്കെയുണ്ട്. പിന്നെ, ഇഷ്ടമുള്ള വേഷം ധരിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് വരും. വലുപ്പത്തിനിണങ്ങുന്നത് ഒത്തുകിട്ടണമല്ലൊ. ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ ഹാപ്പി ആയിരുന്നു. ആ വണ്ണവും വച്ച് സൈക്കിൾ വരെ ഒാടിക്കുമായിരുന്നു. എഞ്ചിനീയറിങ് ബിരുദ പഠനത്തിന്റെ അവസാന വർഷം കണ്ടുമുട്ടി പ്രണയിച്ചയാളെയാണ് ഞാൻ വിവാഹം കഴിച്ചത്. അന്നു എനിക്ക് 90 കിലോയ്ക്കു മുകളിലും അദ്ദേഹത്തിന് 70–75 കിലോയുമാണ് ഭാരം. ഭർത്താവിന്റെ അച്ഛനും അമ്മയും കാണാൻ വന്നപ്പോൾ അച്ഛൻ പറഞ്ഞു, മോളേ ഈ വണ്ണം ഭാവിയിൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കുറയ്ക്കുന്നതാണ് നല്ലത്’ എന്ന്. അദ്ദേഹം യോഗയൊക്കെ ചെയ്യുന്ന ഫിറ്റ്നസ്സിൽ താൽപര്യമുള്ള ആളായിരുന്നു.

ആ സമയത്ത് വണ്ണമുള്ളത് എന്റെ ആത്മവിശ്വാസം കെടുത്തിയിട്ടൊന്നുമില്ല. പക്ഷേ, ചെറിയ പടി കയറുമ്പോഴേ കിതപ്പൊക്കെ വന്നുതുടങ്ങിയിരുന്നു. അങ്ങനെ അച്ഛന്റെ അഭിപ്രായം ഗൗരവത്തിലെടുത്ത്, എംടെക്കിന് ചേർന്നപ്പോൾ മുതൽ ഭാരം കുറയ്ക്കുന്ന കാര്യത്തിൽ ചില ചുവടുവയ്പുകളൊക്കെ നടത്തിത്തുടങ്ങി. താമസിക്കുന്ന സ്ഥലത്തു നിന്ന് കോളജിലേക്ക് രണ്ടു കിലോമീറ്റർ ദൂരമുണ്ട്. ബാക്കി കുട്ടികളൊക്കെ ഒാട്ടോയ്ക്ക് പോയപ്പോൾ ഞാൻ പോകുന്നതും വരുന്നതും ഉച്ചഭക്ഷണം കഴിക്കാനെത്തുന്നതുമൊക്കെ നടന്നാക്കി.

അങ്ങനെ ജീവിതം കുറച്ചുകൂടി ചലനാത്മകമാക്കിയതോടെ ഭാരം കുറഞ്ഞുതുടങ്ങി. 24–ാം വയസ്സിൽ കല്യാണം നടക്കുമ്പോഴേക്കും ഞാൻ 20 കിലോയോളം ഭാരം കുറച്ചു.

lekshmi-3

ആദ്യ പ്രസവം കഴിഞ്ഞതോടെ പോയ ശരീരഭാരം തിരികെ വന്നു. പക്ഷേ, അപ്പോഴേക്കും ഭാരം ആരോഗ്യകരമായിരിക്കുന്നതിന്റെ സുഖം മനസ്സിലായിരുന്നു. അതുകൊണ്ട് കുട്ടിക്ക് മൂന്നുമാസം ആയപ്പോൾ മുതൽ യോഗ ചെയ്തു തുടങ്ങി. ഒാഫിസ് ജോലിയും കുട്ടിയെ നോക്കലും ഒപ്പം ഭാരം കുറയ്ക്കണമെന്നു ശഠിച്ചുള്ള അൽപം കർശനമായ ഭക്ഷണനിയന്ത്രണവുമായപ്പോഴേക്കും ഞാൻ തളർന്നുതുടങ്ങി. ഭാരം ന്നനായി കുറഞ്ഞു; പക്ഷേ, തീരെ ഊർജമില്ല, ക്ഷീണവും തളർച്ചയും പതിവായി.

അതോടെ വളരെ കർശനമായ ഭക്ഷണനിയന്ത്രണം നിർത്തി, ആരോഗ്യകരമാക്കി. അതായത് പോഷകസമൃദ്ധവും അതേസമയം നമ്മുടെ പ്രാദേശികമായി ലഭിക്കുന്നതുമായ പച്ചക്കറികളും പഴങ്ങളും വിഭവങ്ങളും കൂടുതൽ ഭക്ഷണത്തിലുൾപ്പെടുത്തി. ചോറിനു പകരം കപ്പയും ചേമ്പും ചക്കയുമൊക്കെ പലതരം കാർബോഹൈഡ്രേറ്റ് വിഭവങ്ങൾ കഴിച്ചു. ധാരാളം പച്ചക്കറികൾ, മഴവിൽ വർണങ്ങളിലുള്ള വ്യത്യസ്തമായവ, കറിയായും സാലഡായും കഴിച്ചു. പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കി.

ഒാരോ നേരത്തെ ഭക്ഷണത്തിലും ഒരു പ്രോട്ടീൻ വിഭവം മറക്കാതെയുൾപ്പെടുത്തി. അതായത് രാവിലെ ഒാട്സോ വൈറ്റ് ബ്രഡോ, ഇഡ്‌ലിയോ ആണെങ്കിൽ ഒപ്പം ഒന്നോ രണ്ടോ മുട്ടവെള്ള കൂടി കഴിക്കും. കാരറ്റും പയർ മുളപ്പിച്ചതും ഒക്കെ ചേർന്ന സാലഡ് കാണും. ഒരു ഗ്ലാസ് പാൽ ചായയും കുടിക്കും. ഉച്ചയ്ക്ക് സാധാരണ തോരൻ എടുക്കുന്ന അളവിൽ ചോറ് എടുക്കും. ബ്രൗൺ റൈസോ മട്ട അരിയോ ആണ് കഴിക്കുക. ചോറ് എടുക്കുന്ന അളവിൽ അവിയലും തോരനുമൊക്കെ കഴിക്കും. മീൻ വറുത്തത് ഉണ്ടാവും.

സൈക്ലിങ്ങും നടത്തവും ഒാട്ടവുമൊക്കെ സൗകര്യം പോലെ മാറിമാറി ചെയ്തു. സൈക്ലിങ് മാരത്തണുകളിൽ പങ്കെടുത്തു. സുംബ പരിശീലിച്ചു. അങ്ങനെ ജീവിതം കൂടുതൽ ആക്ടീവും ആരോഗ്യകരവുമായി തുടർന്നു.

നടുവേദന തടയാൻ സ്ട്രെങ്ത് ട്രെയിനിങ്

പതിവു വ്യായാമവും ആരോഗ്യകരമായ ശരീരഭാരവും ഒക്കെയുണ്ടായിട്ടും 35 വയസ്സായപ്പോഴേക്കും നടുവേദന വലച്ചുതുടങ്ങി. ഇരുന്നുള്ള ജോലി പ്രയാസകരമായി. ഏതാനും മണിക്കൂർ കംപ്യൂട്ടറിനു മുൻപിൽ ഇരിക്കുമ്പോഴേക്കും തോൾവേദന വരും. സ്പോണ്ടിലൈറ്റിസ് പ്രശ്നമുണ്ടെന്നു പരിശോധനയിൽ കണ്ടു. ഒന്നും ചെയ്യാനില്ല, വിശ്രമിക്കുക എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ അത് വലിയ പ്രശ്നമായി. ഇൻജുറി മാനേജ്മെന്റിൽ വൈദഗ്ധ്യമുള്ള കുറേ ഡോക്ടർമാരുമായി സംസാരിച്ചു. പലവഴിയിൽ എന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠിച്ചു. അപ്പോഴാണ്, മുതുകിലെയും തോളിലെയും പേശികളെ ബലപ്പെടുത്തി നട്ടെല്ലിലേക്കും തോളിലേക്കുമുള്ള ഭാരം കുറച്ചുകൊടുത്താൽ ഗുണമുണ്ടാകുമെന്ന് മനസ്സിലാകുന്നത്.

ജിമ്മിൽ ചേർന്ന് പേശികളെ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങൾ ആരംഭിച്ച കാലത്ത് ചെറിയ വെയിറ്റ് പോലും എടുക്കാൻ വയ്യായിരുന്നു. റസിസ്റ്റൻസ് ബാൻഡ് ഉപയോഗിച്ച് വളരെ പരിമിതമായ വെയിറ്റ് എടുത്ത് വ്യായാമം ആരംഭിച്ചു. പതിയെ പതിയെ കൂടുതൽ ഭാരം വേദനയില്ലാതെ എടുക്കാമെന്നായി. അങ്ങനെ സ്ട്രെങ്ത് ട്രെയിനിങ് ഉഷാറായി. ദിവസവും ഒന്നര മണിരക്കൂറോളം ജിമ്മിൽ വർക് ഔട്ട് ഉണ്ട്. ഭാരമെടുത്തുള്ള വ്യായാമങ്ങൾ, കിക്ക് ബോക്സിങ്, സാധാരണ ബോക്സിങ് പോലുള്ള ഹൈ ഇന്റൻസിറ്റി വർക് ഔട്ട് എന്നിവയെല്ലാം ചെയ്യും. ഒാരോ ദിവസവും ഒാരോ ശരീരഭാഗത്തിത്തിനുള്ള വർക് ഔട്ട് ആണ് ചെയ്യുന്നത്. കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കാലിനാണ്. നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങേണ്ടത് കാലാണല്ലൊ. ഇടയ്ക്ക് വയറിന് പ്രത്യേകമായുള്ള വർക് ഔട്ടുകളുണ്ട്.

lekshmi-weight-loss

സ്ട്രെങ്ത് ട്രെയിനിങ് ഊർജിതമായതോടെ ശരീരത്തിന്റെ വഴക്കവും പൊതുവായുള്ള പ്രവർത്തനശേഷിയും വർധിച്ചു. കൂടുതൽ നേരം ഇരുന്നാലും നടുവ് പിണങ്ങില്ലെന്നായി. അപ്പോഴാണ് കോവിഡും അതോടനുബന്ധിച്ചുള്ള ലോക്ക് ഡൗണുമൊക്കെ വരുന്നത്. ഇടക്കാലത്ത് ജിമ്മുകൾ അടയ്ക്കുകയും ചെയ്തു. പക്ഷേ, ഞാൻ വീട്ടിൽത്തന്നെ വർക് ഔട്ടുകൾ തുടർന്നു. പാർക്കിങ് സ്പേസിലുള്ള ഇത്തിരി ഇടത്ത് നടന്നു. യൂ ട്യൂബ് നോക്കി വ്യായാമങ്ങൾ പലതും മാറിമാറി ചെയ്തു. മുൻപ് സുംബ പരിശീലിച്ചിരുന്നു. അതും ഇടയ്ക്കു ചെയ്ത് വ്യായാമം വ്യത്യസ്തതയുള്ളതാക്കി. സ്കിപ്പിങ് റോപും റെസിസ്റ്റൻസ് ബാൻഡും ഒക്കെ കൈവശമുണ്ടായിരുന്നു. അത്തരം വ്യായാമങ്ങളും ചെയ്തു. കൊറോണ കാലത്തെ നേരിടാൻ ഒാൺലൈൻ വർക് ഔട്ട് പരിശീലന ഗ്രൂപ് ഉണ്ടായിരുന്നു. അങ്ങനെയങ്ങനെ കൊറോണ ഭീതിയിലും വർക് ഔട്ടുകൾ മുടങ്ങാതെ തുടർന്നുപോന്നു.

ഭക്ഷണരീതികളിലെ മാറ്റവും മുടങ്ങാതെ വർക് ഔട്ട് ചെയ്യലും ഒക്കെ ഭാരം കുറയ്ക്കാൻ മാത്രമല്ല ജോലിയിലും വ്യക്തിജീവിതത്തിലും മികവു പുലർത്താനും സഹായിക്കുന്നുണ്ട്. നന്നായി വർക് ഔട്ട് ചെയ്യുന്ന ദിവസം ഒാഫിസിലും ഫുൾ എനർജിയിലായിരിക്കും. വർക് ഔട്ട് വഴി ലഭിക്കുന്ന മാനസിക ആനന്ദം വലുതാണ്. വീട്ടിലും കുടുംബാംഗങ്ങളുടെ ഇടയിലും സന്തോഷവതിയായി ഊർജസ്വലയായി തുടരാൻ അതു വലിയ തോതിൽ എന്നെ സഹായിക്കുന്നുണ്ട്.

ഇപ്പോൾ 57 കിലോയാണ് ശരീരഭാരം. ശരീരത്തിലെ ആകെ കൊഴുപ്പിന്റെ അളവ് 24 അതായത് ആരോഗ്യകരമായ നിരക്കിലെത്തി. നടുവേദന ശല്യപ്പെടുത്തുന്നില്ല എന്നു മാത്രമല്ല ബൈക്ക് ഒാടിക്കാൻ വരെ തുടങ്ങി ഞാൻ. വർഷങ്ങൾ കൊണ്ട് മെല്ലെ മെല്ലെയാണ് 95 ൽ നിന്നും 57 ലേക്ക് എത്തിയത്. പക്ഷേ, അത് പട്ടിണി കിടന്നോ കഠിനമായി വ്യായാമം ചെയ്തോ അല്ല. വളരെ ശാസ്ത്രീയമായ, നിരന്തരമായ ഭക്ഷണമാറ്റങ്ങളിലൂടെയും സ്ഥിരമായ കായിക പ്രവർത്തികളിലൂടെയുമാണ്. അതുകൊണ്ടു തന്നെ എന്നും ഇതേപോലെ തുടരാനും എനിക്കു കഴിയും. എന്റെ അഭിപ്രായത്തിൽ അമിതഭാരം കുറയ്ക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഒരു വശം മാത്രമാണ്. ആത്യന്തികമായി വേണ്ടത് ശാരീരികവും മാനസികവുമായ സൗഖ്യമാണ്. അതിനു വേണ്ടത് പടിപടിയായുള്ള, സ്ഥിരമായുള്ള ആരോഗ്യകരമായ മാറ്റങ്ങളാണ്.

lekshmi-1