സാധനയുടെ സുന്ദരമായ ചിത്രം ഫെയ്സ്ബുക്കിൽ ക ണ്ട സന്തോഷത്തിലാണു നോക്കിയത്. കുറച്ചു നാളായി സാധനയുടെ പോസ്റ്റുകളൊന്നും വരുന്നുണ്ടായിരുന്നില്ല. ഏറ്റവും സുന്ദരിയായി ആ മുപ്പത്തിയെട്ടുകാരിയെ ക ണ്ട ചിത്രത്തിനൊപ്പമുള്ള വാക്കുകൾ ആദരാഞ്ജലികൾ എന്നായിരുന്നു. ഇത്ര ചെറിയ പ്രായത്തിൽ... എങ്ങനെ...? എന്താണ് ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ...?
പല സ്ത്രീകളെയും പോലെ ജോലി, കുട്ടികൾ, വീട്ടുകാര്യങ്ങൾ എ ന്നീ തിരക്കുകളിൽ ശരീരം കാണിച്ച ചെറിയ ചില ലക്ഷണങ്ങൾ അവഗണിച്ചു. ശ്രദ്ധിച്ചപ്പോഴേക്കും സെർവിക്കൽ കാൻസർ ഗുരുതരമായവിധം പിടിമുറുക്കിയിരുന്നു. സാധനയുടെ ജീവിതം ഓരോ സ്ത്രീക്കും പാഠമാകേണ്ടതാണ്. പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിക്കുന്ന തിരക്കിൽ പ്രിയപ്പെട്ടവർക്കും നമുക്കുമായി ആരോഗ്യത്തോടെ ഏറെ നാൾ ജീവിക്കാൻ സ്വയം പ്രാപ്തരാകേണ്ടതുണ്ട്.
അപൂർവം അവസരങ്ങളിലൊഴികെ ഗുരുതരമായ രോഗങ്ങളെക്കുറിച്ചു ശരീരം തുടക്കം മുതൽ തന്നെ സൂചനകൾ നൽകും. അവ അവഗണിക്കുന്നതാണു പലരെയും അപകടത്തിൽ കൊണ്ടെത്തിക്കുന്നത്.
ശരീരത്തെ സ്നേഹിച്ചു ശരീരം പറയുന്നതു കേട്ടാൽ സ്ത്രീകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളെയും തടഞ്ഞു നിർത്താം.
വയർ നിറഞ്ഞിരിക്കുന്നതായി തോന്നാറുണ്ടോ?
വയറിൽ സദാ വായു നിറഞ്ഞതായുള്ള തോന്നൽ, ഭക്ഷണം കഴിക്കാൻ തോന്നായ്ക, അൽപം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതോന്നൽ എന്നിവയെ പലപ്പോഴും സ്ത്രീകൾ നേരിടുന്നത് ഇഞ്ചി ചതച്ച നീരു കുടിച്ചോ, ഗ്യാസ് ഗുളികകൾ വാങ്ങി കഴിച്ചോ ആകും. ഗ്യാസ്ട്രബിൾ ഒരു നിത്യജീവിത കാര്യം എന്ന നിലയിലാണ് പലരും നേരിടുന്നത്. വീട്ടുവൈദ്യം കൊണ്ടു നല്ല രീതിയിൽ ഗ്യാസ് ട്രബിളിന് ശമനം ലഭിക്കുന്നില്ലായെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധിപ്പിക്കുക തന്നെ വേണം. വയറിനു മുകളിൽ തടിപ്പു തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. കാൻസർ സാധ്യതയുള്ളതോ അല്ലാത്തതോ ആയ വളർച്ചകളായിരിക്കും തടിപ്പായി അനുഭവപ്പെടുന്നത്.
കാരണങ്ങൾ ഇതാകാം
ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിലുണ്ടാകുമ്പോൾ വയറിൽ വായു നിറഞ്ഞതായി തോന്നാം. അത് ആ ഘട്ടം കഴിയുമ്പോൾ മാറുന്നതാണ്. അണ്ഡാശയ കാൻസറിന്റെ ലക്ഷണമായും ഇത്തരം ഗ്യാസ് ട്രബിൾ പ്രത്യക്ഷപ്പെടാം. ഓവേറിയൻ കാൻസറിന്റെ സൂചനകൾ പലപ്പോഴും ശ്രദ്ധയിൽ പെടാത്ത വിധത്തിലാണ് ഉണ്ടാകുക. വയർ വീർക്കുക, നേർത്ത രീതിയിൽ അടിവയർ വേദന എന്നിവ മാത്രമായി അത് ഒതുങ്ങിയെന്നു വരും. ഓവേറിയൻ കാൻസർ ചെറുകുടലിന്റെയും വൻകുടലിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നതു കൊണ്ടാണു വിശപ്പില്ലായ്മയും ഗ്യാസ് ട്രബിളും തോന്നുന്നത്.
മടിക്കരുത്, മറക്കരുത്
സ്ക്രീനിങ് ടെസ്റ്റുകൾക്കൊന്നും അണ്ഡാശയ കാൻസർ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ഡോക്ടറെ കണ്ടു വേണ്ട പരിശോധനകൾ നടത്തുകയാണ് അണ്ഡാശയ കാൻസർ പ്രാരംഭത്തിലേ കണ്ടെത്താനുള്ള മാർഗം. പെൽവിക് പരിശോധന, വജൈനൽ അൾട്രാസൗണ്ട്, സിഎ125 എന്ന രക്തപരിശോധന, ബയോപ്സി എന്നിവ ഡോക്ടർ ആവശ്യമെങ്കിൽ നിർദേശിക്കും.
നടുവിന് ഇരു വശത്തുമായി വേദന തോന്നാറുണ്ടോ?
ആർത്തവ സമയത്തു പിൻവശത്ത് ഇരുവശത്തും വേദന അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. ആർത്തവം തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതു മാറുകയും ചെയ്യും. എന്നാൽ പല കാരണങ്ങളാൽ രോഗലക്ഷണമായും വേദന വരാം. ആർത്തവ ദിനങ്ങളിലെ നടുവിനു പിന്നിലായുള്ള വേദന അഥവാ പെൽവിക് പെയിൻ അത്തരത്തിലൊന്നാണ്. ഇടുപ്പെല്ലിൽ ഉണ്ടാകുന്ന വേദന അവഗണിക്കരുത്.
കാരണങ്ങൾ ഇതാകാം
ഗർഭപാത്രം, അണ്ഡാശയങ്ങൾ, അണ്ഡവാഹിനി കുഴലുകൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ പെർവിക് വേദനയുടെ പ്രധാന കാരണമാണ്. വൃക്ക, മൂത്രാശയം, മൂത്രനാളി എന്നിവിടങ്ങളിലെ അണുബാധയും കാരണമാകാം.
പെൽവിക് ഭാഗത്തെ ട്യൂമർ, കാൻസർ എന്നിവയുടെ സൂചനയായി പെൽവിക് വേദന വരാം. ഗർഭം, പ്രസവം അമിതഭാരം എന്നിവ കൊണ്ടുള്ള ആയാസവും പെൽവിക് വേദനയ്ക്കു തുടക്കമിടാം. ഇറിറ്റബി ൾ ബവൽ സിൻഡ്രോം, അപ്പെൻഡിസൈറ്റിസ്, ഹെ ർണിയ തുടങ്ങിയവയും പെൽവിക് വേദനയ്ക്കു കാരണമാകാം.
മടിക്കരുത്, മറക്കരുത്
സാധാരണ പെൽവിക് വേദനയാണെങ്കിൽ വേദന കുറയ്ക്കാനുള്ള ലേപനങ്ങൾ പുരട്ടുക, ചൂടു പിടിക്കുക, വേദന സംഹാരികൾ കഴിക്കുക എന്നിവ മതിയാകും.
അസ്വാഭാവികമായ വേദനയുടെ കാരണങ്ങൾ കണ്ടെത്തി അനുയോജ്യമായ ചികിത്സ ഡോക്ടർ നിർദേശിക്കും. കീഗൽ വ്യായാമങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ തുടങ്ങി പല മാർഗങ്ങൾ പെൽവിക് വേദന ശമിപ്പിക്കാൻ ആവശ്യമായെന്നു വരാം. വ്യായാമങ്ങൾ ആണെങ്കിലും ശരിയായ മാർഗങ്ങളിലൂടെ മനസ്സിലാക്കി മാത്രം ചെയ്യാൻ ശ്രദ്ധിക്കണേ.
ആർത്തവവിരാമ ശേഷം രക്തസ്രാവം?
ആർത്തവവിരാമ ശേഷം രക്തസ്രാവം ഒരു തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ എങ്കിൽ പോ ലും ഡോക്ടറെ കാണണം. ആർത്തവം നിൽക്കേണ്ട പ്രായത്തിൽ ഒരു വർഷം വരെ ആർത്തവം വരാതിരുന്നാൽ ആർത്തവ വിരാമമായതായി കണക്കാക്കാം. അതിനു ശേഷം തുള്ളികളായോ (സ്പോട്ടിങ്) അല്ലാതെയോ രക്തസ്രാവമുണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
കാരണം ഇതാകാം
ആർത്തവവിരാമ ശേഷം എൻഡോമെട്രിയൽ കാൻസർ ബാധിക്കാൻ 10–16% സാധ്യതയുണ്ട് എന്നതിനാലാണു പരിശോധന മാറ്റിവയ്ക്കരുതെന്നു പറയുന്നത്. ആർത്തവ വിരാമ ശേഷം ഗർഭാശയത്തിനുള്ളിൽ കാൻസർ സാധ്യതയുള്ളതോ അല്ലാത്തതോ ആയ വളർച്ചകൾ ( പോളിപ്സ്) ഉണ്ടാകുന്നത് ആർത്തവ ശേഷം രക്തസ്രാവമുണ്ടാക്കാം.
മടിക്കരുത്, മറക്കരുത്
ആർത്തവ വിരാമത്തിനു ശേഷം രക്തസ്രാവമുണ്ടെങ്കിൽ പാപ്സ്മിയർ ടെസ്റ്റ്, ട്രാൻസ് വജൈനൽ അൾട്രാ സൗണ്ട് തുടങ്ങിയവ ചെയ്ത് ഗർഭാശയ മുഖം, ഗർഭാശയം എന്നിവയിൽ വളർച്ചയുണ്ടെങ്കിൽ വിലയിരുത്തി നീക്കം ചെയ്യാം. അമിത ശരീരഭാരം നിയന്ത്രിക്കുന്നതു നന്നായിരിക്കും. കുടുംബാംഗങ്ങളിൽ ഇ ത്തരം രോഗാവസ്ഥകൾ കണ്ടിട്ടുണ്ടെങ്കിൽ പാരമ്പര്യ സാധ്യത മുൻനിർത്തി കൂടുതൽ കരുതലെടുക്കാൻ മറക്കല്ലേ.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. നിത്യ ചെറുകാവിൽ
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ഇന്ദിരാ ഗാന്ധി
കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
കടവന്ത്ര, കൊച്ചി