Wednesday 28 December 2022 06:05 PM IST : By സ്വന്തം ലേഖകൻ

‘വലിയ പ്ലേറ്റിലുള്ള ഭക്ഷണം ഒഴിവാക്കാം, അധികം സന്തോഷം തോന്നിയാൽ ഒരു ചോക്ലേറ്റ്’: പുതുവർഷത്തിൽ പുതിയ ശീലങ്ങളാകാം

abdomen-weight-loss

അധികസമയവും ഇരുന്ന് ജോലി ചെയ്യുന്നവരുടെയെല്ലാം പ്രശ്നമാണ് വയറ് ചാടുന്നത്. വയറ് ചാടുന്നത് രൂപഭംഗി നഷ്ടപ്പെടാൻ ഇടയാക്കും എന്നത് മാത്രമല്ല, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ സൂചന കൂടിയാണ് വയറ് ചാടൽ. ആന്തരിക അവയവങ്ങളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പ്രമേഹത്തിനും, ഹൃദയരോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത്തരക്കാർക്ക് സ്ട്രോക്ക് പോലും പെട്ടെന്ന് വരുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇരുന്ന് ജോലി ചെയ്യുന്നതിനെ മാത്രം കുറ്റപ്പെടുത്തേണ്ട. വയറിലും അരക്കെട്ടിലും അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് കാരണമായ അനാരോഗ്യകരമായ ശീലങ്ങളെ മനസിലാക്കേണ്ടതാണ്. നമ്മൾ വലിയ കാര്യമാക്കാത്ത കാര്യങ്ങൾ പലപ്പോഴും വയറ് ചാടുന്നതിന്റെ പ്രധാന കാരണങ്ങളാണ്. ഇതാ ഈ ശീലങ്ങൾ വയറ് ചാടുന്നതിന്റെ പ്രധാന കാരണങ്ങളാണ്.

മൂഡ് മാറ്റത്തിന് അനുസരിച്ച് ഭക്ഷണം

‘‘ഇന്നെനിക്ക് രണ്ട് ചിക്കൻ ബിരിയാണി കഴിക്കണം, അത്ര സന്തോഷമുണ്ട്...’’ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. മൂഡ് അനുസരിച്ച് ഭക്ഷണം കഴിക്കുന്നവരുണ്ട്. ശ്രദ്ധയില്ലാത്ത മനസോടെ ഭക്ഷണം കഴിക്കാൻ ഇത് കാരണമാകും. ഇത് നിങ്ങളഉടെ വണ്ണം കൂട്ടും. മാനസിക സമ്മര്‍ദ്ദമോ, അസ്വസ്ഥതകളോ ഉള്ളപ്പോളെല്ലാം ഭക്ഷണം കഴിക്കുന്നവരുണ്ട്. സ്ട്രെസ് ഹോർമോണുകളുമായി ചേർന്ന് ഇത് കൊഴുപ്പ് കൂട്ടാനേ ഉപകരിക്കൂ. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന അവസരത്തില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയും, സുഹൃത്തിനോട് സംസാരിക്കുകയോ, ഒരു നടത്തത്തിന് പോവുകയോ ചെയ്യുക. അധികം സന്തോഷം തോന്നിയാൽ ഒരു ചോക്ലേറ്റ് വാങ്ങി കഴിക്കൂ. പക്ഷെ നടന്നു കൊണ്ട് മാത്രമേ കഴിക്കൂ എന്നുറപ്പിക്കണം.

വലിയ പ്ലേറ്റിലുള്ള ഭക്ഷണം

നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിന് ശ്രദ്ധ നല്‍കാറുണ്ടോ? അമിതവണ്ണമുള്ള വ്യക്തികളില്‍ നടത്തിയ സര്‍വ്വേയില്‍ ചെറുതും, ഇടത്തരവും പാത്രങ്ങള്‍ക്കുപരിയായി വലിയ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഇവരെന്ന് കണ്ടെത്തുകയുണ്ടായി. വലിയ പാത്രങ്ങളില്‍ ഭക്ഷണം എടുക്കുമ്പോൾ കുറച്ചേ ഉള്ളു എന്ന തോന്നൽ ഉണ്ടാകും. അത് കൊണ്ട് ധാരാളം വിളമ്പി കഴിക്കാൻ ഇടയാകും. വലിയ പാത്രത്തില്‍ ഭക്ഷണം വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായതിലും അധികം നിങ്ങള്‍ കഴിക്കും. അത് ശരീരത്തിൽ പ്രധാനമായും വയറിന്റെ ഭാഗത്ത് കൊഴുപ്പ് കൂടാനിടയാക്കും.

രാത്രി വൈകിയുള്ള ഭക്ഷണം

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും, നിറഞ്ഞ വയറോടെ ഉറങ്ങുന്നതും ആസിഡ് റിഫ്ലക്സിനും ദഹനമില്ലായ്മക്കും കാരണമാകും. കൂടാതെ വയറ്റില്‍ കൊഴുപ്പ് അടിയുകയും ചെയ്യും. ഇവ തടയാന്‍ രാത്രിയില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുകയും, ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ഉറങ്ങാന്‍ കിടക്കാതിരിക്കുകയും ചെയ്യുക. ഏഴ് മണിക്കുള്ളിൽ അത്താഴമെന്നത് ശീലമാക്കൂ.

പുറത്തെ ഭക്ഷണം

ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഡയറ്റിലുണ്ടാകുക എന്നത് നിങ്ങളുടെ ഉദരത്തിലെ കൊഴുപ്പിന്‍റെ അളവ് കൂട്ടും. എന്നാൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നവയല്ല. അവൊക്കാഡോ, ഒലിവ് ഓയില്‍ തുടങ്ങിയവ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. കൊഴുപ്പ് അടങ്ങിയവ കഴിക്കേണ്ടി വരുമ്പോൾ അവ ചെറിയ അളവിലും പഴങ്ങളും പച്ചക്കറികളും വലിയ അളവിലുമാക്കി മിശ്രിത ഡയറ്റ് നോക്കാം.

സോഡ, കാര്‍ബൊണേറ്റഡ് പാനീയങ്ങൾ

പതിവായി സോഡയോ, കാര്‍ബൊണേറ്റഡ് പാനീയങ്ങളോ കുടിക്കുന്നുണ്ടെങ്കിൽ അത് തന്നെയാമ് വില്ലൻ. ദിവസം ഒന്നോ രണ്ടോ കുപ്പി സോഡ കഴിക്കുന്നത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സോഡ കഴിക്കുന്നവരേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ അരക്കെട്ടിലും വയറിലും കൊഴുപ്പടിയാനിടയാക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. ഇതിലെ അമിതമായ പഞ്ചസാര വിശപ്പ് വര്‍ദ്ധിപ്പിക്കുകയും, കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൂട്ടുകയും ചെയ്യും.

ഉറക്കം നഷ്ടമാക്കൽ

മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ കോര്‍ട്ടിസോള്‍(സ്ട്രെസ്സ് ഹോര്‍മോണ്‍) വര്‍ദ്ധിക്കുകയും പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യും. മതിയായ ഉറക്കമില്ലാത്തത് ഇത്തരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന് വിഘാതമാകും. കോര്‍ട്ടിസോളിനെ സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ ആവശ്യമായത്ര സമയം രാത്രിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുക. പ്രായപൂര്‍ത്തിയായവര്‍ ദിവസം ഏഴ് മുതല്‍ ഒമ്പത് വരെ മണിക്കൂറുകള്‍ ഉറങ്ങണം.

പ്രോട്ടീന്‍ കഴിക്കണം

വണ്ണം കുറയ്ക്കാൻ പലരും പ്രൊട്ടീൻ ഉപയോഗിക്കാറേ ഇല്ല. ഇത് തെറ്റാണ്. വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാൻ പ്രൊട്ടീൻ സഹായിക്കുന്നതിനാൽ അവശ്യ പ്രൊട്ടീൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. ആരോഗ്യമുള്ളവര്‍ ദിവസം ഓരോ ഭക്ഷണത്തിലും 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കണം. നിങ്ങളുടെ ശാരീരികമായ പ്രവര്‍ത്തനങ്ങളെയും ശരീരവലുപ്പത്തെയും ആശ്രയിച്ചാണ് ഇതിരിക്കുന്നത്. പുരുഷന്മാര്‍ 10 ഗ്രാം പ്രോട്ടീന്‍ അധികമായി ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം. പ്രോട്ടീന്‍ കഴിക്കുന്നതിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വഴി വേഗത്തിലുള്ള മെറ്റബോളിക് നിരക്ക് നേടാന്‍ ഇന്‍സുലിന്‍ കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം.