ADVERTISEMENT

തലച്ചോറ് തിന്നുന്ന അമീബയ്ക്കെതിരെ സംസ്ഥാനമൊട്ടുക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗത്തിന് ഫലപ്രദമായ മരുന്ന് രാജ്യത്ത് ലഭ്യമല്ലെന്നും കെട്ടിക്കിടക്കുന്ന വെളളത്തിലെ കുളി ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. വിദേശത്തു നിന്ന് മരുന്നെത്തിക്കാനുളള സാധ്യതയും ആരോഗ്യവകുപ്പ് തേടുന്നുണ്ട്. 

എന്താണ് നെയ്ഗ്ലെറിയ ഫൗളറി അഥവാ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

ADVERTISEMENT

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020 ൽ അമേരിക്കയിൽ നെയ്ഗ്ലെറിയ ഫൗളറി റിപ്പോർട്ട് ചെയ്തിരുന്നു. നെയ്ഗ്ലെറിയ ഫൗളറി എന്ന ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും.

ശുദ്ധജല തടാകങ്ങളിലും അരുവികളിലുമൊക്കെയാണ് ഈ അമീബയുടെ സാന്നിധ്യം പൊതുവേ കാണാറുള്ളത്. 113 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള ചൂട് കാലാവസ്ഥയാണ് ഈ അമീബ ഇഷ്ടപ്പെടുന്നത്. ഈ മാരക അമീബ മൂക്കിലൂടെ പ്രവേശിച്ചാല്‍ മാത്രമേ അപകടകാരിയാകൂ. വായിലൂടെ പ്രവേശിക്കുന്ന പക്ഷം ഇത് അണുബാധയുണ്ടാക്കില്ല. 

ADVERTISEMENT

തലയുടെ മുന്‍വശത്ത് വേദന, പനി, ഛര്‍ദ്ദി, മനംമറിച്ചില്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നാല്‍ കഴുത്ത് വേദന, ചുഴലി ദീനം, മാനസിക പ്രശ്‌നം, വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകം. രോഗിയെ കോമ സ്‌റ്റേജിലേക്ക് എത്തിക്കാനും ഈ രോഗത്തിന് സാധിക്കും.

രോഗം ബാധിച്ചവരിൽ 97 ശതമാനവും മരണമടഞ്ഞതായും 1962 മുതൽ 2021 വരെ യുഎസിൽ 154 പേരിൽ നാല് രോഗികൾ മാത്രമാണ് രോഗബാധയെ അതിജീവിച്ചതെന്നും കണക്കുകൾ പറയുന്നു. ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു.

ADVERTISEMENT
ADVERTISEMENT