100 ശതമാനം മരണ സാധ്യത കൽപിക്കപ്പെടുന്ന അപൂർവ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം...
പല തരത്തിലുള്ള പകർച്ചപ്പനികൾ പടരുന്നതിനിടയിൽ അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തിന്റെ ആവിർഭാവം പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗം അത്യപൂർവമാണെങ്കിലും ഏറെ മാരകമാണെന്നതാണു പ്രശ്നം. രോഗം ബാധിച്ചാൽ മരണ സാധ്യത ഏകദേശം 100 ശതമാനം!
പ്രചരിക്കുന്നതുപോലെ രോഗകാരിയായ ഏകകോശ ജീവി തലച്ചോർ തിന്നുന്നൊന്നുമില്ല, മറിച്ചു മറ്റെല്ലാ മസ്തിഷ്ക ജ്വരവും (എൻസിഫലൈറ്റിസ്) പോലെ മ സ്തിഷ്ക കോശങ്ങൾക്കും തലച്ചോറിന്റെ ആവരണത്തിനും നീർക്കെട്ടുണ്ടാക്കുകയാണു ചെയ്യുന്നത്. ഒപ്പം കോശങ്ങളെ നശിപ്പിക്കുകയും ചെയ്യാം.
ഫലപ്രദമായ മരുന്നോ വാക്സീനോ ലഭ്യമല്ലാത്ത ഈ മാരക രോഗത്തെ ചെറുക്കാൻ ജലാശയങ്ങൾ മലിനമാകാതെ നോക്കുകയെന്നതാണു പ്രധാന മാർഗം. ജല കായിക വിനോദങ്ങളിലേർപ്പെടുന്നവരും തൊഴിലും മറ്റുമായി ജലാശയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരും ചില മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
അപൂർവങ്ങളിൽ അപൂർവരോഗം
ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ ലോകത്താകമാനം 310 അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റു പല അപൂർവ രോഗങ്ങളും പോലെ വൻകരകൾ കടന്ന് അതിർത്തികൾ താണ്ടി അമീബിക് എൻസിഫലൈറ്റിസ് നമ്മുടെ നാട്ടിലുമെത്തിഎന്നതു കൊണ്ടാണ് നമുക്ക് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടത്.
രൂപമാറ്റം വരുത്താൻ കഴിവുള്ള ഏകകോശ ജീവിയാണ് അമീബ. സാധാരണയായി കുടലിൽ കാണപ്പെടുന്ന എന്റമീബ 90 ശതമാനം ആളുകളിലും പ്രശ്നങ്ങളൊന്നുമുണ്ടാക്കാറില്ല. പത്തു ശതമാനമാളുകളിൽ വയറിളക്ക രോഗങ്ങളുണ്ടാക്കാം.
അമീബയുടെ വർഗത്തിൽപ്പെട്ട ഒരു ഇനമാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ നിഗ്‌ലേരിയ ഫൗളേരി. പൊതുവെ ഉയർന്ന താപനില ഇഷ്ടപ്പെടുന്ന ഈ ഏകകോശ ജീവി ഇളംചൂടുള്ള വെള്ളം നിറഞ്ഞ സ്വാഭാവിക ജലാശയങ്ങളിലും നീന്തൽക്കുളത്തിലും ടാങ്കിലും മറ്റും നിർബാധം വളരുന്നു.
ആഗോള താപനത്തെ തുടർന്ന് ജലാശയങ്ങളുടെ താപനില വർധിച്ചതായിരിക്കാം ഈ അപൂർവരോഗം കൂടുതലായി റിപ്പോർട്ട് ചെയ്യാൻ കാരണം. ജലാശയങ്ങളിൽ വ്യവസായ മാലിന്യങ്ങൾ കലരുന്നതും അമീബ പെരുകാൻ കാരണമാകുമെന്നു സൂചനയുണ്ട്.
ജലാശയത്തിൽ കണ്ടു വരുന്ന ബാക്ടീരിയ, യീസ്റ്റ്, സൂക്ഷ്മ സസ്യങ്ങളായ ആൽഗ എന്നിവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. ചുരുക്കത്തിൽ ഇളം ചൂടുള്ള മലിനമായ ജലാശയങ്ങളിൽ രോഗകാരിയായ അമീബയുടെ സാന്നിധ്യമുണ്ടാകാം.
മാരകമായ മസ്തിഷ്ക ജ്വരം
മണമറിയുന്ന ഗന്ധനാഡികളിലൂടെയാണു രോഗകാരിയായ അമീബ മസ്തിഷ്കത്തിലെത്തുന്നത്. മൂക്കിന്റെ ഉള്ളിൽ മുകൾ ഭാഗത്തായി തലയോട്ടിയുടെ അരിപ്പ പോലെയുള്ള ഭാഗം തുളച്ചാണ് രോഗാണുക്കൾ സഞ്ചരിക്കുന്നത്. മലിനമായ ജലാശയങ്ങളിൽ കുളിക്കുമ്പോഴും നീന്തുമ്പോഴും രോഗാണുക്കൾ മൂക്കിലെത്താം.
അപൂർവമായി രോഗാണുക്കൾ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുമ്പോഴും അമീബ ഉള്ളിലെത്താം. കുട്ടികളിലും ചെറുപ്പക്കാരിലുമാണു രോഗസാധ്യത കൂടുതൽ. ജല കായിക വിനോദങ്ങളിൽ കുട്ടികൾ കൂടുതലേർപ്പെടുന്നതും തലയോട്ടിയുടെ ഘടനാപരമായ പ്രത്യേകതകളുമാകാം കാരണം. പൂർണ ആരോഗ്യമുള്ളവരെയും രോഗം ബാധിക്കും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 2 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.
സാധാരണ പനിപോലെ തന്നെയാണ് അമീബിക് മ സ്തിഷ്ക ജ്വരത്തിന്റെയും തുടക്കം. തലവേദന, ഓക്കാനം, ഛർദി, ക്ഷീണം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്നു മസ്തിഷ്ക ജ്വരത്തിന്റെ സവിശേഷ ല ക്ഷണങ്ങളായ അസാധാരണ പെരുമാറ്റം, സുബോധമില്ലായ്മ, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകളും അബോധാവസ്ഥയുമുണ്ടാകാം.
രോഗനിർണയത്തിനായി മസ്തിഷ്ക നീരിന്റെ (സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്) പരിശോധന വേണ്ടി വരും. കൾച്ചർ, പി.സി. ആർ ടെസ്റ്റ് തുടങ്ങിയവയും രോഗനിർണയത്തിനായി ഉപയോഗിക്കുന്നു.
രോഗം സ്ഥിരീകരിച്ചാൽ രോഗിക്ക് തീവ്രപരിചരണം ആവശ്യമായി വരും. കൂടാതെ മിൽറ്റിഫോസിൻ എന്ന കാൻസർ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നും ഒ രു പരിധി വരെ ഗുണം െചയ്തേക്കാം.
രോഗിയുടെ പൊതു ആരോഗ്യ നില സംരക്ഷിക്കാനായി ഐ.വി.ഫ്ലൂയിഡും പനി കുറയാനുള്ള മരുന്നും നൽകേണ്ടതായി വരും.
കരുതലെടുക്കാം, പ്രതിരോധിക്കാം
∙ കെട്ടിക്കിടക്കുന്നതും ജലനിരപ്പ് കുറഞ്ഞതുമായ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.
∙ നീന്തലിലേർപ്പെടുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. നേസൽ ക്ലിപ്പുകൾ ഉപയോഗിക്കാം.
∙ ചൂടുകാലത്തു പൂർണമായും മുങ്ങിത്താഴ്ന്നുള്ള ജല കായിക വിനോദങ്ങൾ ഒഴിവാക്കുക.
∙ രോഗം റിപ്പോർട്ട് ചെയ്യുന്ന ജലാശയങ്ങൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുക.
∙ ചൂടുകാലത്തു ജലാശയങ്ങളുടെയും നീന്തൽക്കുളത്തിന്റെയും അടിത്തട്ട് ഇളക്കുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുക.
∙ മൂക്ക് കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യാനായി ഒരു മിനിറ്റ് നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
∙ ജലാശയങ്ങൾ രാസമാലിന്യങ്ങളും മറ്റും കലർന്നു മലിനമാകാതെ സംരക്ഷിക്കുക.