ADVERTISEMENT

പോഷകാഹാരക്കുറവും അമിതപോഷണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പോഷകാഹാരക്കുറവ് ദാരിദ്ര്യം സമ്മാനിക്കുമ്പോൾ അമിതപോഷണം പൊണ്ണത്തടിയിലേക്ക് നയിക്കും. ആവശ്യമായ സമയത്ത് ആവശ്യമായ അളവിൽ ഇരുമ്പ് അടങ്ങിയ സമീകൃതാഹാരം ശരീരത്തിൽ എത്താത്തതാണ് പോഷകാഹാരക്കുറവിന്റെയും അമിതപോഷണത്തിന്റെയും പ്രധാന കാരണം. ഇരുമ്പിന്റെ കുറവു മൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. തൈറോയ്ഡ്, കാൻസർ, കുടൽ രോഗങ്ങൾ, കുട്ടികളിലെ വിരരോഗങ്ങൾ എന്നിവയും വിളർച്ച മൂലം സംഭവിക്കാം. വിളർച്ച എന്ന അവസ്ഥ നീണ്ടുപോയാൽ അത് ക്രോണിക് അനീമിയ എന്ന അടുത്ത ഘട്ടത്തിലേക്കും ഹൃദയത്തെപ്പോലും ബാധിക്കുന്ന മറ്റു രോഗങ്ങളിലേക്കും നയിക്കും. 

ഭക്ഷണം തന്നെ ശരണം

ADVERTISEMENT

വിളർച്ചയ്ക്ക് പരിഹാരം നല്ല ആഹാരം മാത്രമാണ്. ഇരുമ്പ്, ആന്റി- ഓക്സിഡന്റുകൾ, ജീവകങ്ങൾ, തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ആഹാരം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയ ആവശ്യമായ തോതിൽ  ശരീരത്തിലെ‌ത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. രണ്ടു തരം ഇരുമ്പുകളാണ് ശരീരത്തിന് ആവശ്യം: ഹീം അയണും നോൺ ഹീം അയണും. ഇതിൽ ആദ്യത്തെ ഇനം ഇറച്ചി വിഭവങ്ങളിൽനിന്ന് ലഭിക്കുമ്പോൾ രണ്ടാമത്തേത് സസ്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്. യുവതികൾ, മധ്യവയസ്കരായ സ്ത്രീകൾ എന്നിവരുടെ ശരീരത്തിന്  ദിവസേന ഏതാണ്ട് 18 മി. ഗ്രാം ഇരുമ്പ് ആവശ്യമാണ്. ഗർഭിണികൾക്ക് ഇത് 27 മി. ഗ്രാം വരെയാകാം. 

അനീമിയ അകറ്റാൻ

ADVERTISEMENT

ഇരുമ്പിന്റെ സാന്നിധ്യം ഏറെയുള്ള ഈന്തപ്പഴം പോലുള്ള പഴങ്ങളും പാവയ്ക്ക പോലുള്ള പച്ചക്കറികളും ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശർക്കരയും കരിപ്പട്ടിയും കഴിച്ചാൽ ഇരുമ്പ് ധാരാളമായി ശരീരത്തിലെത്തും. ഏറെ സംസ്കരിക്കാത്ത വസ്തുക്കൾ എന്ന നിലയിൽ ശർക്കരയുടെയും കരിപ്പെട്ടിയുടേയുമൊക്കെ സ്ഥാനം പഞ്ചസാരയ്ക്ക് മുകളിലാണ്. 

ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്ന ജീവകം സി ഏറെയുള്ള ഓറഞ്ച്, സ്ട്രോബെറി, മാതളനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വിളർച്ച അകറ്റും. റെഡ് മീറ്റ് വിഭാഗങ്ങളിൽപ്പെടുന്ന ഇറച്ചികളും ഇരുമ്പിന്റെ അംശം ഏറെയുള്ള ആഹാരപദാർഥങ്ങളാണ്. എന്നാൽ ബ്രോയിലർ ചിക്കനിൽ ഇരുമ്പിന്റെ അളവ് ഏറെക്കുറവാണ്. കല്ലുമ്മക്കായ തുടങ്ങിയ കടൽ വിഭവങ്ങളിൽ  ഇരുമ്പ് ഏറെയുണ്ട്. 

ADVERTISEMENT

പച്ചക്കറികളിൽ പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, എന്നിവ ഉൾപ്പെടുത്താം. ധാന്യങ്ങൾ, നട്സ് തുടങ്ങിയവ ഇരുമ്പിന്റെ സ്രോതസാണ്. മൾബറി, ഒലിവ്, പ്രൂൺ എന്നിവയും ഇരുമ്പിനാൽ സമ്പുഷ്ടമായ വിഭവങ്ങളാണ്. ഇരുമ്പ് ഏറെയുള്ള വസ്തുക്കളാണു ഡാർക്ക് ചോക്ലേറ്റുകൾ. വിപണിയിൽ സുലഭമായിരിക്കുന്ന അയൺ ഗുളികകളെ ആശ്രയിക്കുന്നതിനെക്കാൾ എപ്പോഴും നല്ലത് മികച്ച ആഹാരക്രമം പുലർത്തുന്നതാണ്. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബി. പത്മകുമാർ

ADVERTISEMENT