പ്രസവശേഷം കുഞ്ഞിനെ സോപ്പു െകാണ്ട് കുളിപ്പിച്ച്, കണ്ണെഴുതി, െപാട്ടുെതാട്ട് ഒരുക്കിയെടുക്കുന്നത് അമ്മമാർക്ക് ഒരു ഹരമാണ്. എന്നാൽ അൽപം അശ്രദ്ധ മതി കുഞ്ഞിന്റെ നേർത്ത ചർമവും കുറഞ്ഞ പ്രതിരോധശേഷിയും രോഗങ്ങളെ വിളിച്ചുവരുത്തും. കുഞ്ഞുങ്ങൾക്കു പൗഡറും സോപ്പും കൺമഷിയും മറ്റും ഉപയോഗിക്കാമോ എന്ന സംശയം എല്ലാ അമ്മമാർക്കും ഉണ്ടായേക്കാം. ഫോർമാൽഡിെെഹഡ് കലർന്ന കുഞ്ഞി ഷാംപൂ നിരോധിച്ചു, ആസ്ബസ്റ്റോസ് കലർന്ന പൗഡർ കാൻസറിനു കാരണമാകും, എന്നൊക്കെയുള്ള വാർത്തകൾ വായിക്കുമ്പോൾ പ്രത്യേകിച്ചും.
സോപ്പും കുഞ്ഞിളം േമനിയും
ആദ്യത്തെ രണ്ടുമാസം കുഞ്ഞിനെ കുളിപ്പിക്കുന്നതിനു സോപ്പ് ആവശ്യമില്ല. കാരണം കുഞ്ഞുങ്ങളുടെ
ദേഹത്തു സോപ്പു തേച്ചു കളയേണ്ടത്ര അഴുക്ക് ഒട്ടുംതന്നെയില്ല എന്നതുതന്നെ. അഴുക്കില്ലാത്തിടത്തു സോപ്പ് ഉപയോഗിക്കുന്നതിലൂടെ കുഞ്ഞിത്തൊലിയിലെ സ്വാഭാവികമായ മാർദവം നഷ്ടമായി വരണ്ടതായിത്തീരും. വരണ്ട തൊലിയിൽ എക്സിമ പോലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. കുഞ്ഞിന്റെ തൊലിയിലെ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നതു രോഗപ്രതിരോധത്തിനു ആവശ്യമാണ്.
ആദ്യ മാസങ്ങളിൽ കുഞ്ഞിനെ തണുപ്പു മാറ്റിയ വെള്ളത്തിൽ പെട്ടെന്നു കഴുകിയെടുത്താൽ മാത്രം മതിയാകും. വെള്ളം നനച്ച് ഒപ്പിയെടുത്താലോ അല്ലെങ്കിൽ വെള്ളത്തിൽ അൽപസമയം കുഞ്ഞിന്റെ ശരീരം മുക്കിവച്ചാലോ വൃത്തിയാകും. മലമൂത്രങ്ങൾ പറ്റുന്ന ഭാഗങ്ങളിൽ അൽപം കൂടി ശ്രദ്ധവേണം. ഏറ്റവുമൊടുവിൽ സൗകര്യംപോലെ മലർത്തിയോ കമിഴ്ത്തിയോ കിടത്തി കുഞ്ഞിന്റെ തല പെട്ടെന്നു കഴുകി തുടയ്ക്കുക. മുഖത്തു പാൽ പറ്റിപ്പിടിച്ചതോ കണ്ണിൽ അഴുക്കോ ഉണ്ടെങ്കിൽ ആദ്യം തുണി നനച്ചു കട്ടി കുറച്ചശേഷം വേദനിപ്പിക്കാതെ മയത്തിൽ തുടച്ചെടുക്കുക. ഒരിക്കലും ഉരച്ച് തുടയ്ക്കരുത്. ഒപ്പിയെടുക്കുക.
കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങുമ്പോഴോ അല്ലെങ്കിൽ നിരങ്ങിനീങ്ങിത്തുടങ്ങുമ്പോഴോ മാത്രമേ സോപ്പ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നുള്ളൂ. ഈ സമയത്തുതന്നെ മലമൂത്രങ്ങൾ പറ്റിയ ഭാഗം തുടയ്ക്കുവാനോ കയ്യിലെയും കാലിലെയും കഴുത്തിലെയും മടക്കുകൾ കഴുകാനോ മാത്രം സോപ്പ് ഉപയോഗിച്ചാൽ മതിയാകും.
ഏതു സോപ്പ് വാങ്ങും?
കുഞ്ഞിനു സോപ്പ് വാങ്ങിക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ ഇവിടെയുണ്ട്.
1. പി.എച്ച്. മൂല്യം: മുതിർന്നവരെ അപേക്ഷിച്ചു കുഞ്ഞിച്ചർമത്തിന് അൽപം കുറവ് അമ്ലഗുണമാണുള്ളത്. (പി.എച്ച്. മൂല്യം 5.5) സോപ്പുകൾ പൊതുവെ ക്ഷാരഗുണമുള്ളതാണ്. കൂടിയ ക്ഷാരഗുണമുള്ള സോപ്പിട്ടു തുടർച്ചയായി കഴുകിയാൽ ചർമത്തിനു കേടുപാടുകൾ സംഭവിക്കാം. അതുകൊണ്ടു കുഞ്ഞിനു സോപ്പ് വാങ്ങുമ്പോൾ അതു കുഞ്ഞിത്തൊലിക്കു സമീകൃതമായ അമ്ലഗുണമുള്ളതാണ് എന്ന് ഉറപ്പാക്കുക.
2. സുഗന്ധം: സോപ്പിലെ നിലവിലുള്ള രാസഘടകങ്ങളുടെ ഗന്ധം അറിയാതിരിക്കാനാണ് പലപ്പോഴും കൃത്രിമ സുഗന്ധം ചേർക്കുക. കൂടുതൽ സുഗന്ധം എന്നാൽ കൂടുതൽ കൃത്രിമം എന്നേയുള്ളൂ. സുഗന്ധം എത്ര കുറഞ്ഞതോ അത്രയും നല്ലത്.
3. ജലാംശം: കുഞ്ഞുങ്ങളുടെ ചർമം മുതിർന്നവരുടേതിനെക്കാൾ നാലിലൊന്നു മൃദുലമാണ്. അപ്പോൾ അവർക്ക് അത്രയും മൃദുലമായ സോപ്പും മതി. കുഞ്ഞുങ്ങളുടെ ചർമത്തിൽ ജലാംശത്തിന്റെ സ്വാഭാവികമായ ഒരാവരണവുമുണ്ട്. ഇത് നഷ്ടപ്പെടരുത്. കുളിപ്പിച്ചുകഴിഞ്ഞാൽ കുഞ്ഞിന്റെ തൊലി വരണ്ടിരിക്കരുത്.
4. സോപ്പിന്റെ പത: കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ അവരുടെ കണ്ണുകൾ അടച്ചിരിക്കില്ല. അതിനാൽ സോപ്പിൽ നിന്നുള്ള പത കണ്ണുകൾക്ക് നീറ്റലും വേദനയുമുണ്ടാക്കും. അതുകൊണ്ടു പതയുന്ന സോപ്പ് മുതിർന്നവർക്കു മതി. മൃദുവായ സോപ്പാണ് ഉപയോഗിക്കുന്നതെങ്കിലും കുഞ്ഞിനെ നന്നായി വൃത്തിയാക്കുന്നതിനുള്ള ശ്രമത്തിൽ കൂടുതൽ സമയം സോപ്പ് തേച്ചുകൊണ്ടിരിക്കരുത്. ഇതു കുഞ്ഞിന്റെ തൊലി വീണ്ടും വരണ്ടതാക്കും. അണുബാധ, എക്സിമ പോലുള്ള രോഗങ്ങൾക്കു കാരണമാകും. സോപ്പ് കയ്യിലെടുത്ത് പതപ്പിച്ച് ആ പതയേ കുഞ്ഞിന്റെ ദേഹത്തു തേക്കാവൂ. സോപ്പുകട്ട നേരിട്ടു ശരീരത്തിൽ തേച്ചുരച്ചു കുളിപ്പിക്കുന്നത് അപകടമാണ്.
സോപ്പുകട്ടകളെക്കാൾ മികച്ചതു ദ്രാവകസോപ്പുകളാണ്. കൂടുതൽ മൃദുവാണ് ഇവ. ഇവ ചർമത്തിലെ ഈർപ്പം നിലനിർത്താൻ കുറെക്കൂടി സഹായകമാണ്. സോപ്പിനു പകരം ചെറുപയർ പൊടിയോ, കടലപ്പൊടിയോ ഉപയോഗിക്കുന്നതു വരണ്ട തൊലിയുള്ള കുഞ്ഞുങ്ങൾക്ക് ഗുണം ചെയ്യും. ശരീരത്തിന്റെ നിറം കൂട്ടാനോ നിറം മങ്ങുന്നത് തടയാനോ സോപ്പ് സഹായിക്കില്ല.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. ജെ. സജികുമാർ
പീഡിയാട്രീഷൻ
പരബ്രഹ്മ സ്പെഷാലിറ്റി േഹാസ്പിറ്റൽ, ഒാച്ചിറ