Friday 12 August 2022 12:47 PM IST : By സ്വന്തം ലേഖകൻ

ടൂത്ത്പേസ്റ്റ് അലർജി വരെ ചുണ്ടിന്റെ കറുപ്പുനിറത്തിന് കാരണം; വരണ്ട് വിണ്ടുകീറിയ ചുണ്ടുകൾ മൃദുലമാക്കാൻ ഏഴ് ടെക്നിക്കുകൾ

lippbbn66443322

മഞ്ഞുകാലമായാലും വേനൽക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകൾ സുന്ദരിമാർക്ക് വെല്ലുവിളിയാണ്. ചുണ്ടുകളുടെ പൂവിതൾ ഭംഗി കാത്തുസൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

പൂവിതൾ ഭംഗിയേകാം

മൃദുലമായതുകൊണ്ട്, ഇടപെടുന്ന സന്ദർഭത്തിനും ജോലിക്കും അനുസരിച്ച് ചുണ്ടിന്റെ ആകൃതി മാറാറുണ്ടെന്നു പഠനങ്ങൾ പറയുന്നു. വിയർപ്പു ഗ്രന്ഥികളില്ലാത്തതുകൊണ്ടാണ് ചുണ്ടുകൾ, പ്രത്യേകിച്ച് കീഴ്ച്ചുണ്ട് എളുപ്പത്തിൽ വരണ്ടുണങ്ങുന്നത്. ഏറെനേരം വെയിലേറ്റാൽ ചുണ്ടുകളുടെ മൃദുലതയും കുറയും.

∙ ദിവസവും കിടക്കും മുൻപ് ചുണ്ടുകളിൽ ഗ്ലിസറിൻ പുരട്ടിയാൽ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. ചുണ്ട് ഉണങ്ങുന്നതു കൊണ്ടുള്ള നിറവ്യത്യാസവും ഉണ്ടാകില്ല. പതിവായി ലിപ് ബാം ഉപയോഗിച്ചാൽ ചുണ്ടുകൾ വരണ്ടു വിണ്ടുകീറുന്നതു തടയാം. വൈറ്റമിൻ ഇയും ഗ്ലിസറിനും ബീസ് വാക്സുമാണ് മിക്ക ലിപ്ബാമുകളുടെയും ചേരുവകൾ. അംഗീകൃതമായ നല്ല ബ്രാൻഡുകളുടെ മാത്രം ലിപ് ബാമുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചുണ്ടുകളുടെ വലുപ്പത്തിൽ മാറ്റം വരുത്താതെ വരണ്ടു കീറിയ ചുണ്ടുകൾ ആകർഷകമാക്കാൻ ഇപ്പോൾ ലിപ് ഹൈഡ്രേഷൻ എന്ന ചികിത്സയുണ്ട്.

∙ കൂടുതൽ തണുപ്പോ ചൂടോ ഏറ്റാൽ ചുണ്ടുകളിൽ വിള്ളൽ വരാം. ക്രീമുകൾ ഒരു പരിധി വരെ ഇതിനു പരിഹാരമാണ്. പക്ഷേ, സ്വന്തം ഇഷ്ടത്തിനു വാങ്ങാതെ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം പുരട്ടുക.

∙ പ്രായം കൂടുന്തോറും ചുണ്ടിന് അതുവരെ കാണാത്ത പ്രശ്നങ്ങൾ ഉണ്ടായെന്നു വരാം. ചിലരിൽ ചുണ്ടുകളുടെ നിറം ഇരുളുന്നതായി കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ചുണ്ടിന്റെ നിറത്തിൽ വ്യത്യാസം വരാം. ലിപ്സ്റ്റിക്കിന്റെ അമിതമായ ഉപയോഗമോ കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക് ഇടുന്നതോ പാരമ്പര്യമോ പോഷകക്കുറവോ ആകാം കാരണം. പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം, വൈറ്റമിനുകളുടെ കുറവ്, ഹോർമോൺ തകരാറ്, കുടലിലെ പ്രശ്നങ്ങൾ, ടൂത്ത് പേസ്റ്റ് അലർജി വരെ ചുണ്ടിന്റെ കറുപ്പു നിറത്തിന് കാരണമാകാറുണ്ട്. ചുണ്ടുകളുടെ നിറം മങ്ങുന്നതിനു കാരണമെന്തെന്നു കണ്ടെത്തി പരിഹാരം കാണാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ തേടാം.

∙ ലിപ്സ്റ്റിക് പുരട്ടും മുൻപ് ലിപ് ബാം പുരട്ടിക്കോളൂ. ചുണ്ടുകൾ കറുക്കില്ല. രാത്രി കിടക്കുന്നതിനു മുൻപ് ലിപ്സ്റ്റിക് നീക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.

∙ രണ്ടോ മൂന്നോ സിറ്റിങ്ങിലെ ലേസർ ചികിത്സയിലൂടെ ചുണ്ടിന്റെ ഇരുണ്ട നിറം മാറ്റിയെടുക്കാവുന്നതാണ്. ഭംഗി കുറഞ്ഞ് കാണാൻ തീരെ ആകർഷകമല്ലാത്ത ചുണ്ടുകളെ ഡെർമൽ ഫില്ലർ ചികിത്സയിലൂടെ സൗന്ദര്യവും മാദകത്വവുമുള്ളതാക്കാം.

∙ കാൽ ചെറിയ സ്പൂൺ പഞ്ചസാര സമം തേനിൽ കലർത്തി ചുണ്ടുകളിൽ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കിൽ ഒരു ചെറിയ കഷണം നാരങ്ങയിൽ അൽപം പഞ്ചസാര വിതറി ചുണ്ടിൽ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ്ക്രബിന്റെ ഫലം നൽകും. ഇവ നിർജീവ കോശങ്ങൾ നീക്കി ചുണ്ടുകൾ ഭംഗിയുള്ളതാകാൻ സഹായിക്കും. നിർജീവ കോശങ്ങൾ നീങ്ങുമ്പോൾ കൊളാജൻ ഉൽപാദിപ്പിക്കുന്നതാണു ഭംഗി വർധിക്കാനുള്ള കാരണം. ആഴ്ചയിൽ ര ണ്ടു തവണ ഈ സ്ക്രബ് ഉപയോഗിക്കണം.

∙ വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ജ്യൂസ് ആയോ മറ്റേതെങ്കിലും വിധത്തിലോ ധാരാളമായി ഭക്ഷണത്തിലുൾപ്പെടുത്തുക. ദിവസേന പത്തോ പന്ത്രണ്ടോ ഗ്ലാസ് വെള്ളവും കുടിക്കണം. ഇവ ശീലമാക്കിയാൽ ചുണ്ടുകളുടെ യുവത്വം നിലനിർത്താം. ഇനി ചുണ്ടുകൾ നോക്കി ആരും നിങ്ങളുടെ പ്രായം കണ്ടെത്തില്ല.

Tags:
  • Glam Up
  • Beauty Tips