Friday 04 October 2024 02:33 PM IST : By ശ്യാമ

‘തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ വൃത്തി ഉറപ്പുവരുത്തണം’: മരണഭീതിയുണ്ടാക്കി കോളറ വീണ്ടുമെത്തുമ്പോൾ! അറിയേണ്ടതെല്ലാം

2473424925

കേരളത്തിൽ വീണ്ടും കോളറ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് അധികം മാസങ്ങളായിട്ടില്ല. പൂർണമായും തുടച്ചു നീക്കിയെന്നു കരുതിയിരുന്ന രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നത് പല വിധേനയുള്ള ആശങ്കകൾക്കു വഴി വച്ചിട്ടുണ്ട്. എന്നാൽ ഭയത്തേക്കാൾ ഉപരി ജാഗ്രതയും അറിവുമാണ് പ്രതിസന്ധിയും നേരിടാനുള്ള മികച്ച ആയുധങ്ങൾ. കോളറ എന്താണെന്നും എങ്ങനെ പടര്‍ന്നുപിടിക്കുന്നുവെന്നും ലക്ഷണങ്ങൾ എന്തെല്ലാമെന്നും അറിഞ്ഞു വ യ്ക്കാം. ഒപ്പം പ്രതിരോധ മാർഗങ്ങൾ മനസ്സിലാക്കി മുന്നോട്ടു നീങ്ങാം.

അറിയാം കോളറയെ

വെള്ളത്തിൽ കൂടി പകരുന്ന രോഗമാണു കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. രോഗം ബാധിച്ചാലും പലപ്പോഴും ഇത് കോളറയാണെന്നു തിരിച്ചറിയാൻ പലരും വൈകും. 7–14 ദിവസം വരെ ഇവരുടെ മലത്തിലൂടെ രോഗവാഹിയായ ബാക്ടീരിയ പുറന്തള്ളപ്പെടാനും മറ്റുള്ളവരിലേക്കു രോഗം പടരാനും സാധ്യതയുണ്ട്.

വൃത്തിഹീനമായ വെള്ളത്തിൽ നിന്നും (കാഴ്ചയിൽ അങ്ങനെ തോന്നണമെന്നില്ല) അതുപയോഗിച്ച് പാകം ചെ യ്യുന്ന ഭക്ഷണത്തിൽ നിന്നുമാണ് ബാക്ടീരിയ നമ്മുടെ ശ രീരത്തിലെത്തി രോഗം പടർത്തുന്നത്. രോഗം മൂലമുള്ള നിർജലീകരണം വളരെ വേഗത്തിലാണു നടക്കുക. അതു വഴി ആളുകൾ ഷോക്കിലായി പോകാനും ഇടയുണ്ട്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ഐവി ഫ്ലൂയിഡും ചികിത്സയും നൽകിയില്ലെങ്കിൽ മണിക്കൂറുകൾക്കകം തന്നെ രോഗി മരണപ്പെടാം.

കുട്ടികളിലാണ് കോളറ വരുന്നതെങ്കിൽ നോക്കി നിൽക്കുന്ന നേരം കൊണ്ടാണ് നിർജലീകരണം നടന്നു കുട്ടി തളര്‍ച്ചയിലേക്കും അബോധാവസ്ഥയിലേക്കും മറ്റും പോകുന്നത്.

കോളറ പടരുന്ന സാഹചര്യത്തിൽ അതു തടയാൻ കോളറ പ്രതിരോധ വാക്സീൻ എടുക്കാവുന്നതാണ്. രണ്ടു തവണയായി എടുക്കേണ്ട വാക്സീൻ രണ്ടു – മൂന്നു വർഷം വ രെ കോളറയിൽ നിന്നു ശരീരത്തെ പ്രതിരോധിക്കും.

കണ്ടില്ലെന്നു നടിക്കരുത് ലക്ഷണങ്ങൾ

രോഗാണുക്കൾ ശരീരത്തിലെത്തി മണിക്കൂറുകൾക്കുള്ളി ൽ മുതൽ അഞ്ചു ദിവസത്തിനകത്ത് രോഗലക്ഷണങ്ങൾ പ്രകടമാകും.

– കാഴ്ചയിൽ കഞ്ഞിവെള്ളം പോലെ തോന്നിക്കുന്ന നിർത്താതെയുള്ള വയറിളക്കം

– ചിലർക്ക് ഓക്കാനവും ഛർദിയും

– തീവ്ര നിർജലീകരണം

– തളർച്ച

– ഷോക്ക്

ഈ പ്രധാന ലക്ഷണങ്ങൾ കൂടാതെ അസ്വസ്ഥത, ക്ഷീണം, കുഴിഞ്ഞ കണ്ണുകൾ, വരണ്ട/ചുളിഞ്ഞ ചർമം, കുറഞ്ഞ രക്തസമ്മർദം, പേശികളുടെ വലിച്ചിലോ കൊളുത്തിപ്പിടിക്കലോ ഒക്കെയും വരാം.  

പടർന്നു പിടിക്കുന്ന വിധം

ക്യാംപുകളിലും ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും കോളറ വരാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ താമസിക്കുന്നവർ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ  ശ്രദ്ധിക്കുക. അതിനു കഴിയാത്ത അവസരങ്ങളിൽ കുപ്പിയിലുള്ള മിനറൽ വാട്ടർ ഉറപ്പു വരുത്തുക.

കോളറയുള്ളയാൾ മലവിസർജനം നടത്തിയിട്ട് അതു കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അണുക്കൾ വെള്ളത്തിലേക്കു പടരാം. വ്യക്തിശുചിത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കോളറ രോഗബാധിതരായിട്ടുള്ളവരെ പരിചരിക്കുന്നവർ കൃത്യമായി അണുനശീകരണ പ്രവർത്തനങ്ങൾ ചെയ്യുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളം ഉപയോഗിച്ചു കഴുകുക, പ്രത്യേകിച്ച് ഭക്ഷണം പാകം ചെയ്യും മുൻപും കഴിക്കും മുൻപും.

ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം കൈകൾ സോപ്പ്/ഹാൻഡ് വാഷ് ഉപയോഗിച്ച് അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക. ചുറ്റുപാടുമുള്ളതൊക്കെ സ്റ്റൈറിലൈസ് ചെയ്യാനും കരുതൽ വേണം.

പൊതുവായി ഉപയോഗിക്കുന്ന കിണറുകളാണ് പലപ്പോഴും കോളറയുടെ ഉദ്ഭവം ആയി പ്രവർത്തിക്കുന്നത്. അതു മലിനമായാൽ കിണറ്റിൽ നിന്ന് വെള്ളമെടുത്തുപയോഗിക്കുന്ന എല്ലാവർക്കും അസുഖം വരാം. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കാൻ ഏർപ്പാടു ചെയ്യുക.

വെള്ളം കൃത്യമായി ചൂടാക്കാൻ പഠിക്കാം

ദൈനംദിനം കുടിക്കുന്ന വെള്ളം പോലും പലരും കൃത്യമായി തിളപ്പിക്കാറില്ല. വെള്ളം തിളവരാതെ ചൂടാക്കി കുടിക്കുന്നവർ ധാരാളം. വെള്ളം തിളപ്പിച്ചിട്ട് അതിലേക്ക് തിളപ്പിക്കാത്ത വെള്ളമൊഴിച്ച് ചൂടു പാകത്തിനാക്കിയെടുക്കുന്നവരും ടാപ്പിലും കിണറിലും മറ്റും നിന്നെടുക്കുന്ന വെള്ളം തിളപ്പിക്കാതെ നേരെ കുടിക്കുന്നവരും കുറവല്ല.

എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇതാണു പൊതുവായ ആരോഗ്യത്തിനു നല്ലത്. കുടിവെള്ളം ഒരു മിനിറ്റ് വെട്ടിത്തിളയ്ക്കാൻ അനുവദിക്കണം. ഇതു ചെറുചൂടോടെയോ നന്നായി ചൂടാറിയശേഷമോ കുടിക്കാം. അതാണ് ശരിയായ രീതി.

ഉടനടി എടുക്കേണ്ട കരുതൽ

കോളറയുടെ ലക്ഷണങ്ങൾ കണ്ടാൽ രോഗിയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായ ചികിത്സ ഉടനെ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

കോളറയുള്ള ആൾക്ക് ഉടൻ തന്നെ ഐവി ഫ്ലൂയിഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ പകരം ഒആർഎസ് ലായനി നൽകുക. അതു തുടർച്ചയായി നൽകുകയും വേണം. മുതിർന്ന വ്യക്തിക്ക് ഏകദേശം ആറു ലീറ്റർ ഒആർഎസ് ലായനി നൽകണം. മുലകുടിക്കുന്ന കുട്ടിയാണെങ്കിൽ മുലപ്പാലും കൊടുത്തിരിക്കണം.

ഓരോരുത്തരുടെയും രോഗാവസ്ഥ അനുസരിച്ച് ഡോക്ടർ ചിലർക്ക് ആന്റിബയോട്ടിക്സും കുട്ടികൾക്ക് സിങ്കും നിർദേശിക്കാറുണ്ട്.

ദൈനംദിന ഭക്ഷ്യകാര്യങ്ങളിൽ ശ്രദ്ധിക്കാം

∙ തിളപ്പിച്ചാറിയ വെള്ളം കുടിച്ചു ശീലിക്കുക.

∙ പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

∙  ഓൺലൈനായി വരുത്തിയും പുറത്തു പോയും ഭക്ഷണം കഴിക്കുമ്പോൾ വൃത്തിയുള്ള ഇടങ്ങൾ തന്നെ തിരഞ്ഞെടുക്കുക. സാലഡുകൾ പോലെയുള്ള പാകം ചെയ്യാത്ത ഭക്ഷണം കൃത്യമായി അണുവിമുക്തമാക്കിയാണോ തയാറാക്കുന്നതെന്ന് ഉറപ്പുവരുത്തണം.

∙ മത്സ്യവിഭവങ്ങളും ചാട്ടും മറ്റും വാങ്ങുന്നതിനൊപ്പമുള്ള ചട്നികളും ശുചിത്വം ഉറപ്പുള്ള ഇടങ്ങളിൽ നിന്നു മാത്രം കഴിക്കുക.

∙ പുറത്തു നിന്നു വെള്ളം കുടിക്കുമ്പോൾ കഴിവതും തിളപ്പിച്ചാറിയ വെള്ളമോ കുപ്പിയിലുള്ള വെള്ളമോ കുടിക്കാൻ ശ്രദ്ധിക്കുക.

∙ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ അവയുടെ വൃത്തി പലപ്പോഴും ചോദ്യചിഹ്നമാകാറുണ്ട്. നേരിട്ട് കണ്ട് ഉറപ്പു വരുത്തിയ ഇടങ്ങളിൽ നിന്നു മാത്രം അവ വാങ്ങി കുടിക്കാം. അല്ലെങ്കിൽ ചൂടുള്ള പാനീയങ്ങളോ കരിക്കോ കുടിക്കാം.

∙ യാത്ര ചെയ്യുമ്പോൾ കുടിക്കാനായി വീട്ടിലുണ്ടാക്കിയ ഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും കയ്യിൽ കരുതുന്നതാണ് നല്ലത്.

വിവരങ്ങൾക്കു കടപ്പാട് : റോയ് ജെ. മുക്കട

എച്ഒഡി, ഗാസ്ട്രോ എൻട്രോളജി,

വിപിഎസ് ലേക്‌ഷോർ ആശുപത്രി,

കൊച്ചി

Tags:
  • Health Tips
  • Glam Up