Thursday 01 August 2024 02:30 PM IST

ദിവസവും കഴിക്കുന്ന കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ? സംശയങ്ങള്‍ക്കുള്ള മറുപടി

Dr. B. Padmakumar

Professor Medicine,medical College, Trivandrum

cholesterol-article

‘ആൻ ആപ്പിൾ എ ഡെ കീപ്സ് ദ് ഡോക്ടർ എവേ’ എന്നൊരു പഴഞ്ചൊല്ലുണ്ട് – ദിവസവും ഒരു ആപ്പിൾ കഴിക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടി വരില്ല എന്നർഥം. ആപ്പിളിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗത്തെ പ്രതിരോധിക്കുമെന്നതാണ് കാരണം.  

ഉയർന്ന കൊളസ്ട്രോളിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റാറ്റിൻ ഗുളികകൾക്കും ഹാർട്ട് അറ്റാക്കിനെയും സ്ട്രോക്കിനെയും പ്രതിരോധിക്കാൻ കഴിയുമെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് കൊളസ്ട്രോൾ നോർമലായാലും സ്റ്റാറ്റിനുകൾ തുടരാൻ ഡോക്ടർമാർ നിർദേശിക്കുന്നത്.

ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പു ഘടകമാണു കൊളസ്ട്രോൾ. കൊഴുപ്പിൽ അലിയുന്ന ജീവകങ്ങളുടെ ആഗിരണത്തിനും സ്റ്റിറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും കോശസ്തരത്തിന്റെ നിർമിതിക്കുമൊക്കെ കൊളസ്ട്രോൾ വേണം. 

കൊളസ്ട്രോളിന്റെ അളവു പരിധി വിടുമ്പോഴാണ് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടി ഹാർട്ട് അറ്റാക്കും സ്ട്രോക്കുമൊക്കെ ഉണ്ടാകുന്നത്. രക്തത്തിലെ ആകെ കൊളസ്ട്രോൾ നില 200 നു താഴെയും അപകടകാരിയായ ചീത്ത കൊളസ്ട്രോൾ എൽഡിഎല്ലിന്റെ അളവ് 100നു താഴെയുമായി നിലനിർത്തണം. അതേ സമയം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ 60ൽ കൂടുന്നതാണു നല്ലത്.

കൊളസ്ട്രോൾ നിയന്ത്രിക്കാനായി ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവയോടൊപ്പം മരുന്നുകളും വേണ്ടി വരും. സ്റ്റാറ്റിൻ ഗുളികകളാണ് കൊളസ്ട്രോൾ കുറയ്ക്കാനായി കൂടുതലായി  ഉപയോഗിക്കുന്നത്.  കരളിൽ വച്ചുള്ള കൊളസ്ട്രോൾ ഉൽപാദനത്തെ 20 – 50 ശതമാനം വരെ കുറയ്ക്കാൻ സ്റ്റാറ്റിനുകൾക്കാവും. എന്നാൽ കൊളസ്ട്രോൾ കൂടിയാലും മരുന്നു കഴിക്കേണ്ടതില്ല, കൊളസ്ട്രോൾ നോ ർമൽ ആയാൽ ഉടൻ തന്നെ സ്റ്റാറ്റിനുകൾ നിർത്താം തുടങ്ങിയ പ്രചാരണങ്ങളേറെയാണ്. ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സ്റ്റാറ്റിൻ മരുന്നുകൾ നിർത്തരുത്. 

മരുന്നിന്റെ മറ്റു പ്രയോജനങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കുന്നതു കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന പല പ്രവർത്തനങ്ങളും സ്റ്റാറ്റിനുണ്ട്.  രക്തധമനികളുടെ ജരാവസ്ഥയും ഇൻഫ്ലമേഷനും കുറച്ച് രക്തക്കുഴലുകളിൽ രൂപപ്പെട്ട രക്തക്കട്ടകൾ (പ്ലാക്കുകൾ) പൊട്ടി മറ്റ് രക്തക്കുഴലുകളിലേക്ക് തെറിച്ചു ചെന്ന് തടസ്സമുണ്ടാക്കാനുള്ള സാധ്യത (എംബോളിസം) സ്റ്റാറ്റിനുകൾ കുറയ്ക്കുന്നു. ഈ പ്രവർത്തനങ്ങളൊക്കെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കും.  ഇതുവഴി രക്തധമനീരോഗങ്ങളായ ഹാർട്ടറ്റാക്കിനെയും സ്ട്രോക്കിനെയുമൊക്കെ  പ്രതിരോധിക്കാൻ  സ്റ്റാറ്റിനുകൾക്കാവും. അതുകൊണ്ടാണു കൊളസ്ട്രോളിന്റെ അളവു നോർമലായാലും ഡോക്ടർ നിർദേശിക്കാതെ സ്റ്റാറ്റിനുകൾ നിർത്തരുതെന്നു പറയുന്നത്.

ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക്, ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്നവർക്ക് വീണ്ടും അറ്റാക്ക് വരാനുള്ള സാധ്യത ഇവയൊക്കെ കുറയ്ക്കാൻ സ്റ്റാറ്റിനുകൾക്കാവും. ഹൃദ്രോഗമുണ്ടായവരിലും ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി എന്നിവയുടെ ആവശ്യകത കുറയ്ക്കാനും സ്റ്റാറ്റിനുകൾക്കു കഴിയും. സ്റ്റാറ്റിൻ ഗുളികകൾ രാത്രിയിലാണ് കഴിക്കേണ്ടത്. കാരണം കൊളസ്ട്രോൾ ഉൽപാദനത്തിനു സഹായിക്കുന്ന എൻസൈം എച്ച്എംജികോ എറിഡക്ടേസിന്റെ പ്രവർത്തനം കാര്യക്ഷമമാകുന്നതു രാത്രിയിലാണ്.   

സ്റ്റാറ്റിൻ ഗുളികകൾ കഴിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റുകൾ നടത്തി കരളിന്റെ പ്രവർത്തനം പരിശോധിച്ചറിയണം. ലിവർ എൻസൈമുകളുടെ അളവ് 200 നു മുകളിലെത്തിയാൽ സ്റ്റാറ്റിൻ മരുന്നുകൾ താൽക്കാലികമായി നിർത്തണം.

Tags:
  • Health Tips
  • Glam Up