Friday 14 April 2023 12:42 PM IST

‘പനി മാറിയതിനു പിന്നാലെ അസ്വസ്ഥതയുണ്ടാക്കുന്ന വരണ്ട ചുമ, ഒപ്പം കടുത്ത ക്ഷീണവും’; വേണം ശരിയായ കരുതൽ, അറിയേണ്ടതെല്ലാം

Chaithra Lakshmi

Sub Editor

feverrr45tired

മഴ നനഞ്ഞിട്ടില്ല, ആള്‍ക്കൂട്ടത്തിലോ തിയറ്ററിലോ പോയിട്ടില്ല, മാസ്ക് വച്ചേ വീടിനു പുറത്തിറങ്ങൂ. എന്നിട്ടും ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ വല്ലാത്ത പനിക്കോള്. ഉച്ച ആയപ്പോഴേക്കും െപാള്ളിപ്പിടിക്കുന്ന പനി. മൂന്നു ദിവസത്തേക്കു കട്ടിലില്‍ തന്നെ. പനി മാറിയതിനു പിന്നാലെ ചുമ, ഒപ്പം കടുത്ത ക്ഷീണവും.

കോവിഡ് തെല്ലൊന്നൊതുങ്ങി ജീവിതം സാധാരണ നിലയില്‍ ആയിത്തുടങ്ങിയെങ്കിലും ഒരുകാലത്തു വട്ടം ചുറ്റിച്ച രോഗലക്ഷണങ്ങള്‍ ചുറ്റുവട്ടത്തൊക്കെ കറങ്ങി നടക്കുകയാണ്. ‘മരുന്നുകള്‍ മാറിമാറിക്കഴിക്കുന്നുണ്ട്, പക്ഷേ, ക്ഷീണം വിട്ടുമാറുന്നില്ല...’ എന്നു പനി വന്നു പോയി മാസങ്ങള്‍ക്കു ശേഷവും വിലപിക്കുന്നവര്‍ ധാരാളം. മറ്റു ചിലരില്‍ നീണ്ടു നില്‍ക്കുന്നതു ചുമയാണ്. ഏതുസമയത്തും അസ്വസ്ഥതയുണ്ടാക്കുന്ന വരണ്ട ചുമ.

േകാവിഡ് രോഗം വന്നുപോയവരിൽ ചില ലക്ഷണങ്ങൾ തുടര്‍ന്നുമുണ്ടാകാം എന്നാണു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. രോഗമുള്ള സമയത്തു കാര്യമായ ബുദ്ധിമുട്ടുകളൊന്നുമുണ്ടാകാത്തവരില്‍ പോലും ചുമയും പനിയും ക്ഷീണവും നീണ്ടുനില്‍ക്കുന്നുണ്ട്.

കോവിഡ് ഭേദമായതിനു ശേഷമാകും പലതരം ലക്ഷ ണങ്ങൾ പ്രകടമാകുക.  ലോകത്താകെ ഏകദേശം 10– 20 ശതമാനം പേരിൽ ലക്ഷണങ്ങൾ തുടരുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. ലോങ് േകാവിഡ് (പോസ്റ്റ് കോവിഡ്) എന്ന പേരിലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. രോഗബാധയ്ക്കു ശേഷം മൂന്നു മാസത്തിനുള്ളിൽ ഉണ്ടാകുന്നതും രണ്ടു മാസത്തേക്കെങ്കിലും നിലനിൽക്കുന്നതുമായ ലക്ഷണങ്ങളാണ് ലോങ് കോവിഡ് ആയി കണക്കാക്കുക.

കോവിഡിനു ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങ ൾ പലപ്പോഴും ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രദ്ധിക്കപ്പെടുക. ഓരോരുത്തരുടെയും ലക്ഷണങ്ങൾ മനസ്സിലാക്കി രോഗാവസ്ഥ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഡോക്ടർമാർ പരിശോധനകളോ ചികിത്സയോ നിർദേശിക്കും. ചിലർക്കു രക്തപരിശോധന, ഇസിജി, സ്കാൻ തുടങ്ങിയവ വേണ്ടി വന്നേക്കാം.

ചൂടില്ലാതെ പനി

അടുത്തിടെ നാട്ടിലെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ പനി ഉള്‍പ്പെടെയുള്ള പലതരം അസുഖങ്ങൾക്കു കാരണമാകുന്നുണ്ട്. കഠിനമായ ചൂടോടു കൂടിയ പനിയേക്കാൾ ജ ലദോഷം, തുമ്മൽ, മൂക്കടപ്പ് എന്നീ ലക്ഷണങ്ങളുള്ള പനിയാണ് അനുഭവപ്പെടുക. ചുമയും ഉണ്ടാകും.

കോവിഡ് വന്നു പോയ ചിലരില്‍ പ്രതിരോധശക്തി കുറഞ്ഞതു മൂലം മറ്റു വൈറസ് പനികൾ പെട്ടെന്നു പിടിപെടാൻ ഇടയാക്കുന്നതാണു പ്രധാന കാരണം. പുതുതായുള്ള ഇൻഫ്ളുവെൻസ െെവറസിന്‍റെ ആക്രമണത്തെ പ്രതിരോധിക്കാൻ ശരീരത്തിനു കഴിയാത്തതും രോഗബാധയ്ക്കു കാരണമാകാം. ‌

സമാനമായ ലക്ഷണങ്ങളോടെ ഡെങ്കിപ്പനിയും കേരളത്തിൽ പടർന്നു പിടിക്കുന്നുണ്ട്. അതുകൊണ്ടു പനി ബാധിച്ചാൽ ഡോക്ടറുെട നിർദേശാനുസരണം എത്രയും െപട്ടെന്ന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചികിത്സ തേടുകയും വേണം.

∙ സ്വയം ചികിത്സ ഒരിക്കലും പാടില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കാം.

∙ പൂര്‍ണമായും വിശ്രമിക്കുക. പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കുക.

∙ വീട്ടിലും മാസ്ക് ഉപയോഗിക്കുക.

∙ പനിയോടൊപ്പം ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട്, അണപ്പ്, കിതപ്പ്, കഠിനമായ ചുമ, നിര്‍ത്താനാവാത്ത ചുമ, െനഞ്ചില്‍ േവദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ധ ഡോക്ടറെ കാണണം.

ആഴ്ചകളോളം ചുമ

െതാണ്ടവേദനയും ചുമയും പനിയുമാണു മഹാമാരിയുെട ലക്ഷണമായി ആദ്യം കേട്ടത്. രോഗം േഭദമായി ആഴ്ചകള്‍ പിന്നിട്ടിട്ടും പലരിലും ചുമ നീണ്ടു നില്‍ക്കുന്നതും കണ്ടു. േരാഗം ഭേദമായി മൂന്നു മാസത്തിനു ശേഷവും ചുമ വിട്ടുമാറാതെ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ നൽകണം.

ചുമയും കഫക്കെട്ടും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാണ്. വരണ്ട ചുമ പലപ്പോഴും ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ പ്രവർത്തനഫലമായാണ് പ്രത്യക്ഷപ്പെടുക. ആവശ്യമില്ലാത്തതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ശ്വാസകോശത്തിലോ തൊണ്ടയിലോ എത്തിയാൽ അതിനെ പുറന്തള്ളാനുള്ള ശ്രമത്തിന്റെ ഫലമാണ് വരണ്ട ചുമ. അതുകൊണ്ടു തന്നെ ചുമ ലക്ഷണമായി കരുതണം.

ആസ്മ പോലെയുള്ള ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ള്ളവരിൽ കോവിഡ് പിടിപെട്ടതിനു ശേഷം ഈ അവസ്ഥ കൂടുതലാകുന്നതായാണു കണ്ടുവരുന്നത്. ശ്വാസനാളികളിൽ എന്തെങ്കിലും തടസ്സമാകാം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതിനു പിന്നിൽ. ശ്വാസനാളികളിൽ  നീർക്കെട്ട് ഉണ്ടെങ്കിൽ ചുമയുണ്ടാകാനിടയുണ്ട്. കോവിഡ് ബാധിച്ചതിനു ശേഷം പലരിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. പുകവലിക്കുന്നവരിൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ സാധ്യത ഏറെയാണ്. 2021 ലും മറ്റും കോവിഡ് വന്നു പോയവരിൽ ശ്വാസകോശത്തിൽ വടു (പൾമനറി ഫൈബ്രോ സിസ്) ഉള്ളതായി കണ്ടെത്തിയിരുന്നു. 2022ൽ ഇത്തരം പ്രശ്നങ്ങൾ  കാണുന്നില്ല. ഒമിക്രോൺ ശ്വാസകോശത്തെ കാര്യമായി ബാധിക്കുന്നില്ല എന്നതാണു കാരണം.   

∙ ആസ്മ, ആസിഡ് റിഫ്ളക്സ് തുടങ്ങിയ അവസ്ഥയും ചുമയ്ക്ക് കാരണമാകാം. േകാവിഡ് ഭേദമായി മൂന്നു മാസത്തിനു ശേഷം ചുമ തുടരുകയോ ചുമയുണ്ടാവുകയോ ചെയ്താൽ ചികിത്സ തേടി കാരണം കണ്ടെത്തണം.

∙ അന്തരീക്ഷ മലിനീകരണം, പുക, പൊടി ഇവ ഒഴിവാക്കുക. ചപ്പുചവറുകൾ, പ്ലാസ്റ്റിക് ഇവ കത്തിക്കുന്ന പുക ശ്വാസകോശപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

∙ ശ്വാസം ഉള്ളിലേക്കെടുക്കുകയും അൽപനേരം പിടിച്ചു വച്ച ശേഷം പുറത്തേക്ക് വിടുകയും ചെയ്യുന്ന തരം ശ്വസനവ്യായാമങ്ങൾ വിദഗ്ധ നിർദേശമനുസരിച്ചു  ചെയ്യാം.  

എന്തൊരു ക്ഷീണം

കോവിഡ് ഭേദമായതിനു ശേഷമുള്ള അമിതക്ഷീണമാണ് കൂടുതൽ പേരെയും വലയ്ക്കുന്നത്. സാധാരണ വൈറൽ പനി കഴിഞ്ഞാൽ രണ്ട് –  മൂന്ന് ആഴ്ച ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയുണ്ടാകാം. എന്നാൽ കോവിഡ് ഭേദമായതിനു ശേഷം നാല് ആഴ്ച കഴിഞ്ഞ് ക്ഷീണം, ഉന്മേഷക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാണുന്നുണ്ട്.

1046965294

കോവിഡ് വൈറസ് ബാധിച്ചതു മൂലം ശരീരത്തിലുണ്ടായ മാറ്റങ്ങൾ, മരുന്നുകളുടെ പാർശ്വഫലം, കോവിഡ് കാരണമുള്ള പിരിമുറുക്കം, ഉറക്കക്കുറവ് ഇവയെല്ലാം ക്ഷീണത്തിനു കാരണമാകാം. അറുപത് വയസ്സ് കഴിഞ്ഞവർ, പ്രമേഹം, ഹൈപ്പർടെൻഷൻ ഇവയുള്ളവർ, കോവിഡ് പിടിപെട്ട സമയത്ത് ആശുപത്രിവാസം വേണ്ടി വന്നവർ തുടങ്ങിയവരിൽ കൂടുതലായി ക്ഷീണം കാണാം. റുമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള ഓട്ടോ ഇമ്യൂൺ അസുഖങ്ങളുള്ളവരിലും ക്ഷീണം പിടിപെടാം.

 കോവിഡ് ബാധിച്ച സമയത്ത് വലിയ പ്രശ്നമില്ലാതിരുന്ന ചിലരിൽ കോവിഡ് ഭേദമായ ശേഷമാകും അമിതക്ഷീണം പ്രകടമാകുക.  ൈദനംദിനജീവിതത്തെ ബാധിക്കുന്നുണ്ടോയെന്നു വിലയിരുത്തണം. ആവശ്യമായ പരിശോധനകൾ നടത്തി മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമല്ലെന്ന് ഉറപ്പു വരുത്തണം. സമീകൃതമായ ഭക്ഷണവും ശരിയായ വിശ്രമവും ഉറപ്പാക്കുകയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയും കൊണ്ടു ക്രമേണ ഇതു ഭേദമാക്കാം.

∙ കഠിനാധ്വാനം, അമിത വ്യായാമം ഇവ ഒഴിവാക്കുക. ചെറിയ തോതിലുള്ള വ്യായാമം നല്ലതാണ്. അൽപദൂരം നടക്കുക പോലെയുള്ള കാര്യങ്ങൾ ചെയ്യാം.

∙ പുകവലി, മദ്യം ഇവ ഒഴിവാക്കുക.

കോവിഡ് ബാധിക്കുമ്പോഴും കോവിഡ് ഭേദമായതിനു ശേഷവും രക്തധമനീരോഗങ്ങൾ ചിലപ്പോഴെങ്കിലും ക ണ്ടുവരുന്നുണ്ട്. െചറിയ രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. കോവിഡ് വന്നു പോയി ഒരു വർഷത്തേക്കു ഹൃദയാഘാ ത സാധ്യത കൂടുതലാണ്. കോവിഡ് പിടിപെടുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം, കാലിലെ സിരകളിൽ രക്തം കട്ട പിടിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

 േകാവിഡ് പിടിപെടുമ്പോഴും ലോങ് കോവിഡ് ബാധിക്കുമ്പോഴും അപൂർവം ചിലരിൽ ഇങ്ങനെ കണ്ടു വരുന്നുണ്ട്. കോവിഡ് മാറിയതിനു ശേഷം ഒരു വർഷം വരെയെങ്കിലും പലതരം അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഉറക്കം തൂങ്ങുന്ന മസ്തിഷ്കം

കോവിഡ് ഭേദമായതിനു ശേഷമുണ്ടാകുന്ന പ്രശ്നങ്ങളിലൊന്നാണ് ബ്രെയിൻ ഫോഗ് അഥവാ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്ന അവസ്ഥ. ഇതു േകാവിഡിനെ തുടര്‍ന്നു കണ്ടുവരുന്നുണ്ട്.  ഓർമ, പഠിക്കാനുളള കഴിവ്, ഏകാഗ്രത ഇവയെല്ലാം കുറയുകയോ നഷ്ടപ്പെടുകയയോ െചയ്യുന്നു. ചിന്തിക്കാനുള്ള കഴിവ്, ബൗദ്ധികമായ കഴിവ് ഇവയൊക്കെ മന്ദഗതിയിലാകാം.

കടയില്‍ െചന്നു കഴിയുമ്പോള്‍ എന്താണു വാങ്ങാന്‍ വന്നതെന്ന് ഒാര്‍ക്കാതിരിക്കുന്നതും പലതവണ വായിച്ചു പഠിച്ചിട്ടും പാഠഭാഗങ്ങള്‍ ഓർമയിൽ നില്‍ക്കുന്നില്ലെന്നു കുട്ടികൾ പരാതിപ്പെടുന്നതും ഈ അവസ്ഥ മൂലമാണ്. െബ്രയിന്‍ ഫോഗ് അകറ്റാന്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശീലിക്കാം.

∙ തലച്ചോറിന്റെ പ്രവർത്തനത്തെ ഊർജിതപ്പെടുത്തുന്ന രീതിയിൽ എപ്പോഴും സജീവമാകുക. ചിന്തിക്കുന്നതെല്ലാം പോസിറ്റീവ് മാത്രമാകട്ടെ.

∙ കംപ്യൂട്ടര്‍, മൊെെബല്‍ ഇവയുെട മുന്നില്‍ െചലവഴിക്കുന്ന സമയം കുറയ്ക്കുക. തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരുമ്പോള്‍ കൃത്യമായ ഇടവേളകള്‍ എടുക്കുക.

∙ സമീകൃതമായ ഭക്ഷണക്രമം ശീലിക്കുക. ദിവസവും എട്ടു ഗ്ലാസ് എങ്കിലും വെള്ളം കുടിക്കുക.

∙  നല്ല ഉറക്കം അത്യാവശ്യമാണ്. ഏഴ്–എട്ടു മണിക്കൂര്‍ എങ്കിലും ഉറങ്ങുക. പാതിരാത്രി വരെ ഉണർന്നിരിക്കുന്ന ശീലം പാടില്ല.

∙ വ്യായാമം, യോഗ ഇവ ശീലിക്കുക.

∙ പുകവലിയും മദ്യപാനവും ഒഴിവാക്കുക. ഉച്ച കഴിഞ്ഞു കാപ്പികുടിയും വേണ്ട.

കോവിഡ് ഭേദമായതിനു ശേഷം ശ്രദ്ധിക്കേണ്ടത്

േകാവിഡ് ഇപ്പോഴും മറ‍ഞ്ഞിട്ടില്ല. വാക്സിനേഷനിലൂടെ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞെങ്കിലും വീണ്ടും കോവിഡ് പിടിപെടാൻ സാധ്യതയുണ്ട്.  രൂപമാറ്റം വന്ന വൈറസ് വീണ്ടും ബാധിക്കുന്നതായാണ് കണ്ടുവരുന്നത്. അതുകൊണ്ട് പ്രതിരോധം തുടരുക. വാക്സിനേഷൻ, മാസ്ക് ഉപയോഗം, സാമൂഹികാകലം, കൈകൾ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ചു വൃത്തിയാക്കുക. ഇവയെല്ലാം തുടരുക.  

∙ കോവിഡ് വന്നു മാറിയവർ രണ്ടു – മൂന്നു മാസത്തേങ്കിലും കഠിനവ്യായാമം ഒഴിവാക്കണം. ശ്വാസംമുട്ടൽ, ക്ഷീണം, നെഞ്ചിടിപ്പ് ഇവയുള്ളവർ കഠിനവ്യായാമം ഒഴിവാക്കുക.

കോവിഡ് പിടിപെടുന്നതിനു മുൻപു വ്യായാമം ചെയ്തിരുന്നവർ ഘട്ടംഘട്ടമായി മാത്രം വ്യായാമം തുടരുക. ഹൃദ്രോഗം, ശ്വാസകോശരോഗം ഇവയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമാണു വ്യായാമം ചെയ്യേണ്ടത്.  

∙ പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ  തുടങ്ങിയവ ഉൾപ്പെടെ സമീകൃതഭക്ഷണം കഴിക്കണം. നോൺവെജ് കഴിക്കുന്നവർക്കു മുട്ട, മീൻ ഇവ ഉൾപ്പെടുത്താം.

∙ നേരത്തെ പ്രമേഹം ഇല്ലാതിരുന്നവരിൽ കോവിഡിനു ശേഷം പ്രമേഹം കാണപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. വൈറസ് നേരിട്ടു പാൻക്രിയാസിനെ ബാധിക്കുന്നതിലൂടെ ഇൻസുലിന്റെ ഉൽപാദനം കുറയുക, സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ പ്രമേഹത്തിനു കാരണമാകാം.

ആശുപത്രിവാസം, വെന്റിലേറ്റർ ചികിത്സ ഇവ വേണ്ടി വന്നവർ ആശുപത്രി വിട്ട ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില, രക്തസമ്മർദം തുടങ്ങിയവ സമതുലിതമായി നിലനിർത്താൻ ശ്രദ്ധിക്കണം.

fevvve56gjiko

കടപ്പാട്: ഡോ. മാത്യു പാറയ്ക്കൽ 

മുൻമേധാവി, മെ‍ഡിസിൻ വിഭാഗം, 

ഗവൺമെന്റ് മെഡിക്കൽ കോളജ്, 

കോട്ടയം

ഡോ. രാജീവ് ജയദേവൻ

വൈസ് ചെയർമാൻ, 

റിസർച് സെൽ, 

െഎഎംഎ കേരള ഘടകം

ഡോ. ബി. പദ്മകുമാർ

പ്രഫസർ, മെഡിസിൻ വിഭാഗം

ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ 

Tags:
  • Health Tips
  • Glam Up