Friday 20 January 2023 04:06 PM IST

‘ഡയബറ്റിക് റെറ്റിനോപ്പതി ഗുരുതരമായാൽ റെറ്റിന നീങ്ങിപ്പോകും’; പെട്ടെന്ന് കാഴ്ച നഷ്ടം വരെ സംഭവിക്കാം, പ്രമേഹം- അനുബന്ധ പ്രശ്നങ്ങളെ അകറ്റി നിർത്താം

Rakhy Raz

Sub Editor

diabeee43retibooo

പ്രമേഹത്തിന്റെ അനുബന്ധപ്രശ്നങ്ങളാണ് പലപ്പോഴും പ്രമേഹത്തെ ഭയപ്പെടേണ്ട രോഗമാക്കി മാറ്റുന്നത്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുകയും നിത്യജീവിതം ദുരിതമയമാക്കുകയും ചെയ്യും.

ഹൈപ്പോഗ്ലൈസീമിയ എന്ന വില്ലൻ

പ്രമേഹമുള്ളവരിൽ ഷുഗർ നില പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. ചില ഗുളികകൾ കഴിക്കുന്നവരിലും ഇൻസുലിൻ എടുക്കുന്നവരിലും ശരിയായ സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാലാണ് ഇത് സംഭവിക്കുന്നത്.

അമിതമായി വിയർക്കുക, കാഴ്ച മങ്ങുക, ഹൃദയസ്പന്ദന നിരക്ക് കൂടുക, തലവേദന, വിറയൽ എന്നിവയാണ് ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടനടി മധുരം കഴിക്കുകയും ഷുഗർ പരിശോധിച്ച് ആവശ്യമെങ്കിൽ ഡോക്ടറെ കാണുകയും ചെയ്യുക.

കൃത്യസമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുകയാണ് ഇത് ഒഴിവാക്കാനുള്ള മാർഗം. ലക്ഷണങ്ങളെക്കുറിച്ച് വ്യക്തമായി ഡോക്ടറോട് പറയണം. ഇത് മരുന്നുകൾ തീരുമാനിക്കാൻ ആവശ്യമാണ്. ദീർഘകാല പ്രമേഹമുള്ളവരിൽ ലക്ഷണങ്ങളില്ലാതെ ഹൈപ്പോഗ്ലൈസീമിയ വരാം എന്നതിനാൽ അവർ കൂടുതൽ ശ്രദ്ധിക്കണം.

കാഴ്ചത്തകരാറുകൾ വരാതെ നോക്കുക

പ്രമേഹം നിയന്ത്രിതമല്ലാതായാൽ ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലൂക്കോമ, തിമിരം എന്നിവ ബാധിക്കാം. പ്രമേഹം കണ്ണിലെ നേർത്ത രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനാലാണിത്.

ഡയബറ്റിക് റെറ്റിനോപ്പതി ഗുരുതരമായാൽ റെറ്റിന നീങ്ങിപ്പോകുന്ന റെറ്റിനൽ ഡിറ്റാച്ച്മെന്റ് പോലുള്ള അവസ്ഥ, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക എന്നിവ സംഭവിക്കാം. അതിനാൽ ടൈപ് ടു ഡയബറ്റിസ് ഉള്ളവർ തുടക്കത്തിലും ടൈപ് വൺ ഡയബറ്റിസ് ഉള്ളവർ അഞ്ചു വർഷങ്ങൾക്കുള്ളിലും ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന ചെയ്യണം.  

ക്ഷയരോഗവും പ്രമേഹവും

പ്രമേഹവും ക്ഷയവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊ ന്നുമില്ലെങ്കിലും കേരളത്തിലെ ക്ഷയരോഗികളിൽ പകുതിയോളം പേർക്കും പ്രമേഹണ്ടെന്നാണ് കണ്ടെത്തൽ. പകർച്ചവ്യാധിയായ ക്ഷയം പ്രമേഹക്കാരെ പെട്ടെന്ന് കീഴ്പ്പെടുത്തുന്നതാകാം കാരണം. ക്ഷയരോഗമുള്ളവർ പ്രമേഹം പരിശോധിക്കുകയും നിയന്ത്രണവിധേയമാക്കുകയും വേണം.

രണ്ടാഴ്ചയിൽ കൂടുതൽ ചുമയുള്ള പ്രമേഹ രോഗിക ൾ ക്ഷയരോഗ പരിശോധന നടത്തുകയും വേണം. ഡോക്ടറുടെ നിർദേശപ്രകാരം ക്ഷയരോഗം മാറി എന്നും ഉറപ്പു വരുത്തണം.

പ്രമേഹവും വൃക്കയും

ദീർഘകാലമായ അനിയന്ത്രിത പ്രമേഹം വൃക്കകളെ ബാധിക്കുകയും ഭാവിയിൽ ഡയാലിസിസിനും വൃക്ക മാറ്റിവയ്ക്കുന്നതിനും കാരണമാകുകയും ചെയ്യാം. നേരത്തേ ക ണ്ടുപിടിക്കലും നിയന്ത്രണവും തന്നെയാണ് ഈ അവസ്ഥ ഒഴിവാക്കാനുള്ള മാർഗം.

ടൈപ് ടു പ്രമേഹമുള്ളവർ ഉടനടിയും ടൈപ് വൺ പ്രമേഹമുള്ളവർ അഞ്ചു വർഷമാകുന്നതോടെയും മൂത്രത്തിലെ മൈക്രോ ആൽബുമിൻ അളവ് പരിശോധിക്കുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും വേണം. രക്താതിമർദം നിയന്ത്രിക്കേണ്ടതും പ്രമേഹനിയന്ത്രണത്തിന് അത്യാവശ്യമാണ്.

2167789173

ഡയബറ്റിസ് ഡിസ്ട്രസ്

പ്രമേഹരോഗി പ്രമേഹാനുബന്ധമായി അനുഭവിക്കുന്ന  മാനസിക സമ്മർദമാണ് ഡയബറ്റിസ് ഡിസ്ട്രസ്. ടൈപ് വൺ പ്രമേഹക്കാരിൽ നാലിലൊരാളും ടൈപ് ടു പ്രമേഹക്കാരിൽ അഞ്ചിൽ ഒരാളും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

സാധാരണ വിഷാദത്തിൽ നിന്നും വ്യത്യസ്തമായ വിഷാദാവസ്ഥ ഇതുണ്ടാക്കാം. നിരാശ, സങ്കടം, ആശങ്ക, കുറ്റബോധം എന്നിവ രോഗിക്ക് അനുഭവപ്പെടാം.

പ്രമേഹത്തെക്കുറിച്ച് പറയുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ദേഷ്യവും വാശിയും കാണിച്ചെന്ന് വരാം. ഡയബറ്റിസ് ഡിസ്ട്രസ് ഉള്ളവരിൽ ചികിത്സയിൽ അശ്രദ്ധ വരാം.  

കുടുംബത്തിലെ മറ്റൊരാളുടെ ശ്രദ്ധ മരുന്ന് കഴിക്കുന്നതിലും  മറ്റും ഉണ്ടാകണം. ആവശ്യമെങ്കിൽ  മനഃശാസ്ത്ര ചികിത്സയും മരുന്നും സ്വീകരിക്കാൻ മടിക്കേണ്ടതില്ല.

സാമ്പത്തികമായി തയാറാകുക

പ്രമേഹ രോഗികൾക്ക് ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടി വരും. പല തരം ഗുളികകളും ഇൻസുലിനും ആവശ്യാനുസരണം വേണ്ടി വരാം. കാലം ചെല്ലുന്തോറും ഇവയ്ക്ക് വിലയും കൂടിക്കൊണ്ടിരിക്കും.

പ്രമേഹ പരിശോധനകൾ നടത്തുകയും വീട്ടിൽ തന്നെ ഷുഗർ പരിശോധിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യേണ്ടി വരും. പ്രമേഹം സ്ഥിരീകരിച്ചാൽ ചികിത്സയ്ക്കായി സാമ്പത്തികമായി തയാറാകണം. മാസം തോറും കുടുംബ ബജറ്റിൽ ആ ചെലവും ഉൾപ്പെടുത്തണം.

പ്രമേഹം കൃത്യമായി നിയന്ത്രിക്കാതിരിക്കുന്നത് പല അധിക ചെലവുകൾക്കും വഴി വയ്ക്കാം. കുറഞ്ഞ ചെലവിൽ സർക്കാർ ആശുപത്രികളിൽ പ്രമേഹചികിത്സ ലഭ്യമാണ്. സാമ്പത്തികാവസ്ഥയ്ക്കനുസരിച്ചുള്ള ചികിത്സ തിരഞ്ഞെടുക്കുന്നത് ചെലവ് നിയന്ത്രിക്കാൻ സഹായകമാകും.

ലക്ഷണങ്ങളിലൂടെ അറിയാം

പ്രമേഹ രോഗബാധയുടെ പ്രധാന ലക്ഷണം മൂത്രം കൂടുതലായി പോകുന്നതാണ്. പ്രത്യേകിച്ച് രാത്രിയിൽ. മൂന്നു തവണയിലധികം രാത്രി മൂത്രമൊഴിക്കേണ്ടി വന്നാൽ പ്രമേഹം സംശയിക്കാം. മറ്റു ലക്ഷണങ്ങൾ:

അമിത ദാഹം

അമിത ക്ഷീണം

അമിതമായ വിശപ്പ്

ശരീരം മെലിയുക

കാഴ്ചയ്ക്ക് മങ്ങലുണ്ടാകുക

ശരീരത്തിൽ പുകച്ചിൽ അനുഭവപ്പെടുക

ഫംഗൽ അണുബാധകൾ ഉണ്ടാകുക

കാലിന് തരിപ്പ് അനുഭവപ്പെടുക

ശരീരത്തിൽ ചൊറിച്ചിൽ

വായ വരൾച്ച

മുറിവ് ഉണങ്ങാൻ കാലതാമസം വരിക

അമിത ക്ഷീണം

പകൽ ഉറക്കം തൂങ്ങുക

പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്

പാദങ്ങളുടെ സംരക്ഷണം പ്രധാനം

പ്രമേഹം നാഡികളെ ബാധിക്കുന്നത് കാലുകളിൽ സ്പർശനശേഷി കുറയാൻ കാരണമാകുന്നു. ഇതുമൂലം പാദങ്ങളിലുണ്ടാകുന്ന മുറിവ് രോഗി അറിയാതെ പോകാം. മുറിവ് ഉണങ്ങാൻ പ്രയാസമാണ് എന്നത് മുറിവിനെ ഗുരുതരമാക്കാം.

അതിനാൽ പ്രമേഹരോഗികൾ പാദസംരക്ഷണത്തി ന് പ്രത്യേക ശ്രദ്ധ നൽകണം. സുഖകരമായി ധരിക്കാവുന്ന ചെരുപ്പുകൾ തിരഞ്ഞെടുക്കുകയും വീട്ടിനകത്തും മുറ്റത്തും പറമ്പിലും നടക്കുമ്പോൾ ചെരുപ്പ് ധരിച്ചു നടക്കാൻ ശ്രദ്ധിക്കുകയും വേണം.

കാൽനഖങ്ങൾ മുറിക്കുന്നത് ഏറെ കരുതലോടെ വേണം. പാദങ്ങളിൽ നനവ് പറ്റിയാൽ എത്രയും പെട്ടെന്ന് തുടച്ച് ഉണക്കുക. ഈർപ്പം പറ്റിയിരിക്കുന്നത് പൂപ്പൽ ബാധയ്ക്ക് വഴിവയ്ക്കാം.

1562643403

പല്ലുകൾക്ക് വേണം കരുതൽ

അധികം ശ്രദ്ധയിൽ പെടാതെ പോകുന്ന പ്രമേഹ അനുബന്ധ പ്രശ്നമാണ് ദന്തരോഗങ്ങൾ. ദന്താരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങളും പ്രമേഹരോഗികൾക്കു വന്നു പെടാൻ സാധ്യതയുണ്ട്. മോണരോഗം, വായ്പുണ്ണ്, പൂപ്പൽ, നാവിൽ തരിപ്പ് എന്നിവ വരാം. ഉമിനീരിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ദന്തരോഗമുണ്ട് എന്നത് പ്രമേഹ നിയന്ത്രണത്തെയും ബാധിക്കാം.

∙ ദിവസം രണ്ടു നേരം പല്ലു വൃത്തിയാക്കുക. ഫ്ലൂറൈഡ് അടങ്ങിയ ടൂത്പേസ്റ്റ് ഉപയോഗിക്കുക.

∙ വായിൽ മുറിവുകളുണ്ടാക്കാത്ത നല്ല ബ്രഷ് തിരഞ്ഞെടുക്കുക.

∙ മോണയ്ക്കോ പല്ലിനോ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ ഉടനടി ദന്തഡോക്ടറെ കാണുകയും പ്രമേഹമുണ്ടെന്ന കാര്യം പറയുകയും ചെയ്യുക. കഴിക്കുന്ന മരുന്നുകളേതൊക്കെ എന്നും പറയുക.

∙ ആറുമാസം കൂടുമ്പോൾ പല്ലുകൾക്ക് പ്രശ്നം ഒന്നും തോന്നുന്നില്ലെങ്കിലും ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുക.

∙ പുകവലി ഉപേക്ഷിക്കുക. പുകയിലയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ദന്തരോഗങ്ങള്‍ ക്ഷണിച്ചു വരുത്തും.

കടപ്പാട് : ഡോ. ആർ.വി. ജയകുമാർ, സീനിയർ കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ് ആസ്റ്റർ മെഡ് സിറ്റി, കൊച്ചി. ഡോ. ചാന്ദ്നി , പ്രഫ ഓഫ് മെഡിസിൻ, മെഡിക്കൽ കോളജ്, കോഴിക്കോട്. ഡോ. നിത്യ ചെറുകാവിൽ, കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Health Tips
  • Glam Up