Monday 02 January 2023 03:24 PM IST : By സ്വന്തം ലേഖകൻ

‘വർധിച്ച ലഹരി ആസക്തിയുടെ പിന്നിലും വിഷാദരോഗത്തിന്റെ സാന്നിധ്യം’; മനസ് നേരെയായാൽ എല്ലാം ശരിയാകും, പുതുവര്‍ഷത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍..

dr-cj-john75457

മനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതുവര്‍ഷം സന്തോഷകരമാക്കാം...

1. രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗബാധയ്ക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന്‌ പുതുവർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക്‌ സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട്‌ ശക്തമാക്കണം. 

2. ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. പോയ വർഷങ്ങൾ നല്‍കിയ വെല്ലുവിളികൾ അത്തരമൊരു പാഠം നൽകുന്നുണ്ട്. 

3. രോഗാവസ്ഥയിലേക്ക് പോകുന്ന വിഷാദത്തെ തിരിച്ചറിയാനും വേണ്ട ശാസ്ത്രീയ സഹായം നൽകാനുമുള്ള വലിയ ശ്രദ്ധ പുതു വർഷത്തിൽ വേണം. പോയ വര്‍ഷം കുതിച്ച് കയറിയ ആത്മഹത്യാനിരക്കിന്റെയും വർധിച്ച ലഹരി ആസക്തിയുടെയും പിന്നിലും വിഷാദ രോഗ സാന്നിധ്യമുണ്ട്. 

4. ഓൺലൈൻ വിദ്യാഭ്യാസ കാലത്തിന്റെ പരിക്കുകൾ ഇപ്പോഴുമുള്ള കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഇത്രയും കാലമായിട്ടും നില നിൽക്കുന്ന പഠന ശോഷണം, ഡിജിറ്റൽ ആസക്തി, സമൂഹിക വൈഭവങ്ങളിലെ ന്യൂനത, പെരുമാറ്റ വൈകല്യങ്ങൾ - ഇവയൊക്കെ സൂചനകളാണ്. 

5. യുവ ജനങ്ങളുടെ മാനസികാരോഗ്യം പുതുവർഷത്തെ ഒരു മുൻഗണന വിഷയമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ പോയ വർഷത്തിലുണ്ടായി. കൊലയിലേക്ക് വരെ പോകുന്ന കോപം, പെട്ടെന്നുള്ള പണ സമ്പാദനത്തിനായുള്ള കുറ്റകൃത്യങ്ങൾ, ലഹരി അടിമത്തം, പ്രണയ നൈരാശ്യവുമായി ബന്ധപ്പെട്ട  അതിക്രമങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ. 

6. ഗർഭധാരണ നാൾ തൊട്ട് അഞ്ഞൂറ് നാളുകളെങ്കിലും സ്ത്രീകളുടെ മാനസികാരോഗ്യത്തിനും പരിചരണത്തിനും പ്രത്യേക പരിഗണന നൽകുന്ന ഒരു വെൽ മദർ സംസ്കാരം ഉണ്ടാകണം. ഗർഭകാലത്തും, പ്രസവ ശേഷമുള്ള ആദ്യ കുറെ മാസങ്ങളിലും കിട്ടുന്ന ഈ കരുതൽ സ്ത്രീകളുടെ മാനസികാരോഗ്യത്തിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കിയേക്കാം.  

7. ഡിജിറ്റൽ അച്ചടക്കമില്ലായ്മ മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പുത്തൻ ജീവിതശൈലി രോഗമായി എല്ലാ പ്രായക്കാരെയും പിടികൂടുന്നുണ്ട്. ആരോഗ്യകരമായ ഓൺലൈൻ രീതികൾ ഒരു നിഷ്ഠയാക്കി മാറ്റുന്നതിന് ഈ വര്‍ഷം തുടക്കം കുറിക്കാം.  

8. നാട് വിടുന്ന ഇളം തലമുറ വർധിക്കുന്ന ഒരു സമൂഹത്തിൽ ഇവിടെ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളുടെ സ്വാസ്ഥ്യവും കരുതലും പരിചരണവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ വരും വർഷങ്ങളിൽ കൂടുതൽ ഊന്നൽ നൽകേണ്ടി വരും. 

9. വളർത്തു ദോഷം വലിയൊരു ദോഷമായി കുട്ടികളെ ബാധിക്കുന്ന നാളുകളിൽ, കുട്ടികളുടെ മനസ്സറിഞ്ഞും, അവരെ കുട്ടികളായി ജീവിക്കാൻ വിട്ടുമുള്ള നല്ല വളർത്തൽ ശൈലികളെ പുതുവർഷത്തിൽ സ്വീകരിക്കാം. 

10. ഉള്ള് തുറന്ന് ചിരിക്കാനും, മനസ്സ് തുറക്കാൻ പോന്ന നല്ല കൂട്ടുകെട്ട് ഉണ്ടാക്കുവാനും, കൊച്ചു കൊച്ചു നേട്ടങ്ങളിൽ പോലും നന്ദി ചൊല്ലി സാന്തോഷിക്കാനും  പ്രാപ്തി നൽകുന്ന ഒരു പോസിറ്റിവ് മനസ്സ് നേടുകയെന്നത് കൂടി പുതുവര്‍ഷ ലക്ഷ്യങ്ങളിൽ എഴുതി ചേർക്കണം. 

നല്ല വര്‍ഷം നേരുന്നു. നന്മ വര്‍ഷം ഉണ്ടാകട്ടെ.. 

എഴുതിയത്: ഡോ. സി ജെ ജോൺ

Tags:
  • Health Tips
  • Glam Up