Wednesday 23 November 2022 12:46 PM IST : By എഴുതിയത്: ഡോ. റെജി ദിവാകർ

‘ഞങ്ങളുടെ സ്വപ്നങ്ങളാണ്, സന്തോഷമാണ്, ജീവിതമാണ്... ആ കുറച്ചു രക്തത്തിലൂടെ ഒലിച്ചുപോകുന്നത്’; ഗൈനക്കോളജി ഡോക്ടറുടെ അനുഭവക്കുറിപ്പ്

baby-dr-exxx

ഒരു പുഞ്ചിരിക്കഥ.. 

നമ്മുടെ ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അല്ലെങ്കിൽ പരിചയപ്പെടുന്ന ഓരോ വ്യക്തിക്കും ഓരോ നിയോഗമുണ്ടായിരിക്കും. ചിലർ നമുക്ക് നല്ല ഓർമ്മകൾ സമ്മാനിക്കുമ്പോൾ ചിലർ നമുക്ക് നല്ല പാഠങ്ങൾ പഠിപ്പിച്ചിട്ടായിരിക്കും യാത്രയാവുന്നത്‌. വേറെ ചിലരുണ്ട് നമ്മിലേക്ക്‌ ഒരുപാട്‌ ചായക്കൂട്ടുകൾ വാരിവിതറി നമ്മളിൽ ഒരു വസന്തമായി പൂത്തുലഞ്ഞു ഒരു ദിവസം ഒന്നും പറയാതെ നമ്മളിൽ നിന്നും ഇറങ്ങിപ്പോകുന്നവർ. എന്നാൽ ചിലർ ഒരു മഞ്ഞുതുള്ളിയുടെ ആർദ്രതയോടെ നമ്മളിലേക്ക് കടന്നു വന്നു നമ്മളിലെ നമ്മായി ഒപ്പം കൂടുന്നു. അവരെന്നുമുണ്ടാവും നമുക്കൊപ്പം സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സങ്കടങ്ങളിലുമൊക്കെ നമുക്കൊരു താങ്ങായി തണലായി. 

പിന്നുള്ളത് നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ കൂടെ ഉള്ളവരാണ് നമ്മുടെ റൂട്സ്, വേരുകൾ  അഥവാ അസ്തിത്വം എന്നൊക്കെ പറയാവുന്നവർ. നമ്മൾ തുടങ്ങുന്നതവിടെ നിന്നാണ് ഒരുപക്ഷെ അവസാനിക്കുന്നതും അവിടെയൊക്കെ തന്നെയായിരിക്കും. Life comes from earth and return to the earth എന്നൊക്കെ പറയും പോലെ. അല്ലെങ്കിൽ തന്നെ ഇവരൊക്കെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സമയവും സന്ദർഭവും ഒക്കെ മുൻപേ എഴുതപ്പെട്ടിരിക്കും. എല്ലാത്തിനും അതിന്റേതായ ഒരു  സമയമുണ്ട് ദാസാ എന്ന് നാടോക്കറ്റിൽ വിജയൻ ദാസനോട് പറയുംപോലെ. നമ്മുടെ ജീവിതത്തിലേക്ക് പലഘട്ടത്തിൽ കടന്നു വരുന്ന ഇവരോരുത്തരുമായുള്ള നമ്മുടെ ആക്ഷനും ഇന്റെറാക്ഷനും ഒക്കെ തന്നെയല്ലേ നമ്മുടെയൊക്കെ ജീവിതം.

ok ok.  ഇത്തവണ ഫിലോസഫി ഇത്തിരി കടന്നു പോയെന്നു തോന്നുന്നു. സാരമില്ല  trust me ഈ  നട്ടപ്പാതിരക്ക് പറയാൻ ഏറ്റവും നല്ല വിഷയം ഫിലോസഫി തന്നെ. അല്ലെങ്കിൽ തന്നെ എനിക്കിത്തിരി- അല്ല സാമാന്യം നല്ല വട്ടുണ്ടെന്നാണ് ശ്രീയും പിന്നെ രണ്ടു കുട്ടി പാണന്മാരും പാടി നടക്കുന്നത്. ഇത്തിരി വട്ടില്ലാത്തവർ ആയി ആരുണ്ടിവിടെ. മതി മതി നിയാഗവും നിമിത്തവും വട്ടുമൊക്കെ അവിടെ നിക്കട്ടെ നമുക്ക് കാര്യത്തിലേക്കു കടക്കാം കഥയിലേക്കും.

ഇത് കീർത്തനയുടെ കഥ. കീർത്തന സുരേഷ്. കല്യാണം കഴിഞ്ഞു 5 വർഷം കഴിഞ്ഞും കുട്ടികളില്ലാതെ ആയപ്പോഴാണവരെന്നെ കാണാൻ വന്നത്. ഞാൻ പതിവുപോലെ അവരുടെ മുൻപത്തെ ട്രീറ്റ്മെന്റ്ഹിസ്റ്ററി നോക്കി പിന്നീടെന്റെതായ രീതിയിൽ വിശകലനം ചെയ്തു ട്രീറ്റ്മെന്റ് തീരുമാനിച്ചു. അവർക്കു രണ്ടുപേർക്കും കാര്യമായ തകരാറുകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ശരിയാവുമെന്നു എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഞാനവരോടും അത് പറഞ്ഞിരുന്നു. അന്ന് പക്ഷെ എന്തോ അവളുടെ കണ്ണുകളിൽ എനിക്കാ വിശ്വാസം കാണാൻ കഴിഞ്ഞില്ല. അതെന്നിൽ ചെറിയ ഒരസ്വസ്ഥത പടർത്തിയിരുന്നു. കാരണം ഇൻഫെർട്ടിലിറ്റിയിൽ ചികിൽസിക്കുന്ന ഡോക്ടറിലും പിന്നെ തങ്ങളിൽ തന്നെയുള്ള വിശ്വാസത്തിനും ഒരുപാടൊരുപാട് ഇമ്പോർട്ടൻസ് ഉണ്ട്. 

ആ വിശ്വാസക്കുറവ് ഒരുപക്ഷെ ഈ അഞ്ചു വർഷത്തെ ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് അവർക്ക് സമ്മാനിച്ചതാവാം. ഒരിക്കൽ എന്റെ ഒരു ക്രോണിക് ഇൻഫെർട്ടിലിറ്റി പേഷ്യന്റ് പറഞ്ഞോതോർമ വരുന്നു. സാറെ ഓരോതവണയും ശരിയാവും ശരിയാവും എന്ന് വിശ്വസിച്ചു പ്രാർത്ഥിച്ചിട്ടൊടുവിൽ വീണ്ടും പിരീഡ്‌സ് തുടങ്ങുമ്പോൾ തോന്നും ഞങ്ങളുടെ സ്വപ്നങ്ങളാണ്, സന്തോഷമാണ്, ജീവിതമാണ് ആ കുറച്ചു രക്തത്തിലൂടെ ഒലിച്ചു പോകുന്നതെന്ന്. അതവർ പറഞ്ഞപ്പോൾ അവരുടെ മുഖം, അതിലെ ഭാവം... ചിലരെയൊന്നും നമുക്കൊരിക്കലും മറക്കാനാവില്ല മനസ്സിൽ നിന്നും കളയാനും. ആ കുട്ടി സരിത ഇത് വരെ ശരിയായിട്ടില്ല. എന്നെങ്കിലും എപ്പോഴെങ്കിലും അവരുടെ കഥ എനിക്കിങ്ങനെ എഴുതാനായെങ്കിൽ...

നമുക്ക് സരിതയെ തല്ക്കാലം വിടാം എന്നിട്ടു നമ്മുടെ കീർത്തനക്കെന്തു സംഭവിച്ചു എന്ന് നോക്കാം. ഏകദേശം ഒരു വർഷത്തോളം അവർ കൃത്യമായി വന്നുകൊണ്ടിരുന്നു. പല പല പ്രോട്ടോകോൾസും മാറി മാറി പരീക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല പിന്നീടൊരു ദിവസം അവരെ കാണാതായി. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. വേറെ എവിടെങ്കിലും ചെന്ന് ആരുടെയെങ്കിലും ചികിത്സയിൽ അവർക്കൊരു കുഞ്ഞുണ്ടാവാനേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. കാലങ്ങൾ കഴിഞ്ഞു വർഷങ്ങളും ഋതുക്കളും മാറി മാറി വന്നു എന്നോ കീർത്തനയും സുരേഷും വിസ്മൃതിയിലായി.

പിന്നീട് ഞാനവരെ കാണുന്നത് ഏകദേശം അഞ്ചു വർഷം കഴിഞ്ഞാണ്. അന്ന് ഞാനും ശ്രീയും കൂടി ശ്രീയുടെ കൃഷ്ണനെ കാണാൻ ഗുരുവായൂരെത്തിയപ്പോൾ. ഒട്ടു മിക്ക തൃശ്ശൂർകാരുടെയും പോലെ ശ്രീക്കും ഗുരുവായൂരപ്പൻ ഒരു obsession ആണ്. ആക്ച്വലി അവൾക്കൊന്നു ഉറക്കെ തുമ്മണമെന്നുണ്ടെങ്കിൽ പോലും ആളുടെ പെർമിഷൻ വേണം. പണ്ടൊക്കെ ഞങ്ങൾ മിക്കപ്പോഴും അവിടെ പോകാറുണ്ട്. പിന്നെ പിന്നെ തിരക്കൊക്കെ കൂടിയപ്പോൾ വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ഒക്കെയായി അത്. എങ്കിലും കൃഷ്ണാട് പറയാനുള്ളതെല്ലാം ശ്രീ ഒരു ബുക്കിൽ പ്രിയോറിറ്റി അനുസരിച്ചെഴുതി വച്ചിട്ടുണ്ടാകും മറന്നു പോകാതിരിക്കാൻ. അതും കൊണ്ടാണ് പോവുക ഒന്നും വിടാതെ എല്ലാം പറഞ്ഞു കഴിഞ്ഞേ അവളവിടെ നിന്ന് പോരൂ. 

അതുകൊണ്ടന്നും ശ്രീ തന്റെ കലാപരിപാടി തുടങ്ങിയപ്പോൾ ഞാൻ കൈയ്യിലുണ്ടായിരുന്ന പാൽപ്പായസത്തിൽ കോൺസെൻട്രേറ്റ് ചെയ്തു. അപ്പോഴാണ് അത് കണ്ടത് തിരക്കിലാരോ എന്നെ തിരിഞ്ഞു നോക്കി ചിരിക്കുന്നു. അതവരായിരുന്നു കീർത്തനയും സുരേഷും. എനിക്ക് വലിയ സന്തോഷമായി. കുട്ടിക്ക് ചോറ് കൊടുക്കാൻ വന്നതാണെന്ന് തോന്നി കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു. തിരക്ക് കാരണം സംസാരിക്കാനായില്ല. എനിക്ക് എന്തായാലും സന്തോഷമായി ഇത്തവണ വന്നതിനു കാര്യമുണ്ടായി ഞാൻ മനസ്സിലോർത്തു. ഞാനതു ശ്രീയോട് പറഞ്ഞു. അതാണ് റായ്‌ച്ചേട്ടാ ഞങ്ങളുടെ കൃഷ്ണൻ... ഇവിടെ വന്നാൽ എല്ലാം ശരിയാവും… അപ്പൊ ട്രീറ്റ് ചെയ്ത ഡോക്ടറോ.. പക്ഷെ, ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല... പോരാത്തേന് അവരുടെ ഏരിയ...  നോക്കീം കണ്ടും നിന്നാ നമുക്ക് കൊള്ളാം.

ഗുരുവായൂരിൽ നിന്നും ഞങ്ങൾ മടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ രാത്രി ഒരൊമ്പതു ഒമ്പതര ആയപ്പോൾ എനിക്കൊരു കാൾ വന്നു. അത് കീർത്തനയായിരുന്നു. എനിക്ക് വലിയ സന്തോഷമായി വാവ എന്ത് പറയുന്നു. എത്രയായി... മോളാണോ മോനാണോ... എവിടെയായിരുന്നു ഡെലിവറി... ഞാൻ ആവേശത്തിൽ ചോദിച്ചു കൊണ്ടിരുന്നു... പക്ഷെ അവളുടെ ഭാഗത്തുനിന്നും സൈലൻസ് ആയിരുന്നു മറുപടി... എന്തുപറ്റി ഞാൻ ആകാംഷയോടെ ചോദിച്ചു..

സർ ഞങ്ങൾക്കിതുവരെ കുട്ടികളായില്ല. ഗുരുവായൂരപ്പനെ കണ്ടൊന്നു പറയാമെന്നു കരുതി വന്നതാണ് അന്ന് അവൾ ഒരു തേങ്ങലോടെ പറഞ്ഞു. എനിക്കെന്താണ് പറയേണ്ടതെന്ന് മനസ്സിലായില്ല. വാക്കുകൾക്കായി ഞാൻ തപ്പിത്തടഞ്ഞു. പത്തു പതിനൊന്നു വർഷമായി ഒരു കുട്ടിക്കായി കാത്തുകാത്തിരിക്കുന്ന ഒരാളോടാണ് ഞാനങ്ങനെ ഒക്കെ ചോദിച്ചത്. എനിക്ക് വല്ലാത്ത വിഷമമായി... സോറി കീർത്തന.. I am extreamly sorry... ഞാൻ  കരുതിയത്.. sorry.. I am relly sorry... എന്താണ് വിളിച്ചത്. ഞാൻ മെല്ലെ ചോദിച്ചു. ഞങ്ങൾ ഒന്ന് വന്നോട്ടെ സാറിനെ കാണാൻ അവൾ പതിയെ ചോദിച്ചു..

ധൈര്യമായി വരൂ നാളെത്തന്നെ.. പറയാൻ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല... പിറ്റേന്ന് രാവിലെ തന്നെ അവരെന്നെ കാണാനെത്തി ഓപിയിൽ.. അപ്പോഴാണറിയുന്നതു കഴിഞ്ഞ അഞ്ചു വർഷമായി അവർ ഒരുപാടു ടീറ്റ്മെന്റുകൾ ചെയ്തു നാലു തവണ ഐ വി ഫ് ചെയ്തു. പക്ഷെ, ഒന്നിനും ഒരു ഫലവുമുണ്ടായില്ല.  രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് സാറിനെ വീണ്ടും വന്നു കാണണമെന്നുണ്ടായിരുന്നു. എന്നാൽ അന്ന് സാറിനോടൊന്നും മിണ്ടാതെ പോയതുകൊണ്ട് സാറിനെന്തു തോന്നുമെന്ന്‌ കരുതി പേടിച്ചു വരാതിരുന്നതാ. എന്നാൽ അന്ന് സാറിനെ ഗുരുവായൂര് വച്ച് കണ്ടപ്പോൾ സാറിന്റെ ആ ചിരി കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നി അതൊരു നിമിത്തമാണെന്നു. ഞങ്ങളുടെ കൃഷ്ണൻ ഞങ്ങൾക്കായി സാറിനെ അന്ന് അവിടെ കൊണ്ടെത്തിച്ചതാണെന്നു. അപ്പൊ വീണ്ടു ഒരു പ്രതീക്ഷ. അതാ സാറെ ഞങ്ങളിന്നു വന്നത്. അവൾ പറഞ്ഞു നിർത്തി..

May be you are right. എനിക്കവളെ നിരാശപ്പെടുത്താനായില്ല. എല്ലാം ശരിയാവും. ഞാനങ്ങനെ പറഞ്ഞെങ്കിലും കാര്യങ്ങളത്ര എളുപ്പമല്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം അഞ്ചു വർഷം കൂടി കഴിഞ്ഞിരിക്കുന്നു. എല്ലാം മാറിയിരിക്കുന്നു എങ്കിലും ഞാൻ പറഞ്ഞു എല്ലാം ശരിയാവും.. നമുക്ക് നോക്കാം.. പക്ഷെ അന്ന് ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവളുടെ കണ്ണുകളിലെ ആ പ്രതീക്ഷ. ആ വിശ്വാസം.. അതെന്നിലും ഒരു വല്ലാത്ത കോൺഫിഡൻസ് പകർന്നു. എന്തായാലും അവരുടെ വിശ്വാസമോ കള്ളക്കണ്ണന്റെ ലീലാവിലാസമോ നമ്മുടെ മെഡിസിന്റെ ഫലം കൊണ്ടോ കൃത്യം മൂന്നു മാസം കഴിഞ്ഞപ്പോൾ അവൾ പ്രെഗ്നന്റ് ആയി.. വലിയ കോംപ്ലികേഷൻസൊന്നും കൂടാതെ ഒരു ആൺകുട്ടിക്ക് ജന്മം കൊടുക്കുകയും ചെയ്തു.

ഡിസ്ചാർജ് ചെയ്ത അന്ന് അവളെന്നെ കാണാൻ ഓ പി യിൽ വന്നിരുന്നു. അന്നവരുടെ കൈയിൽ അവനുണ്ടായിരുന്നു അവരുടെ കുഞ്ഞി കണ്ണൻ. ഒരു പുഞ്ചിരിയിലൂടെ ഗുരുവായൂരപ്പൻ തന്ന പ്രസാദമാണ് ഞങ്ങളുടെയീ ഉണ്ണിക്കണ്ണൻ അങ്ങനെയാണവൾ അവനെ വിശേഷിപ്പിച്ചത്.. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന പോലെയായി.. ക്രെഡിറ്റ് മൊത്തം കള്ള കൃഷ്ണന്.. അതിലെ ലോജിക്കോർത്തപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു... അത് കണ്ടവരും മനസ്സ് തുറന്നു ചിരിച്ചു... അവരുടെ കൈയ്യിലിരുന്നവരുടെയാ കുഞ്ഞിക്കണ്ണനും…

എഴുതിയത്: ഡോ. റെജി ദിവാകർ, ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

Tags:
  • Health Tips
  • Glam Up