Wednesday 06 December 2023 04:28 PM IST : By സ്വന്തം ലേഖകൻ

‘ജോലിയിലെ സ്ട്രെസ്, വ്യക്തിപരമായ ചലഞ്ചുകള്‍ നേരിടുന്നതിൽ പരാജയം’; ഡോക്ടര്‍മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാരണങ്ങള്‍, കുറിപ്പ്

dr-suicide566

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡോക്ടർമാരുടെ ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുകയാണ്. 2023ല്‍ മാത്രം 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. കുറിച്ചു. ഡോക്ടര്‍മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പിന്നിലെ കാരണങ്ങൾ എണ്ണി പറയുകയാണ് ഡോ. സുൽഫി നൂഹു തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ...

ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;

നമ്പർ 11 നോട്ടൗട്ട്

അടുത്തകാലത്തെ ഡോക്ടർമാരുടെ ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുന്നത് പകൽപോലെ വ്യക്തം. എല്ലാ വിഭാഗങ്ങളിലും ഈ ഒരു പ്രവണത കൂടിവരുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ സമൂഹത്തിലെ ഈ ഗ്രാഫ് കുതിച്ചുപൊങ്ങുന്നതിൽ അസ്വഭാവികതകൾ നിരവധി. 11 മരണങ്ങൾ ഈ കൊല്ലം മാത്രം. അറിയപ്പെടാത്ത ആത്മഹത്യ ശ്രമങ്ങൾ നിരവധി.

ആത്മഹത്യകൾക്ക് ചെറുപ്രായമെന്നോ വാർധക്യമെന്നോയില്ലായെന്നുള്ളത് അദ്ഭുതപ്പെടുത്തുന്നു. ആത്മഹത്യയിലേക്ക് തള്ളി വിടപ്പെടുന്നതിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.

. ജോലിയിലെ സ്ട്രെസ്

. മാനസിക ശാരീരിക ഉല്ലാസങ്ങൾക്കുള്ള സമയ കുറവ്

. വ്യക്തിപരമായ ചലഞ്ചുകളെ നേരിടുന്നതിൽ പരാജയപ്പെടുന്ന മാനസികാവസ്ഥ

. സമൂഹത്തിൽ നിന്നും വീട്ടുകാരിൽ നിന്നും ഉണ്ടാകുന്ന അമിതമായ പ്രതീക്ഷ.. അതിനൊപ്പം ഉയരാൻ കഴിയാത്ത അവസ്ഥ.

ഏതാണ്ട് എട്ടാം തരം മുതൽ ആരംഭിക്കുന്ന എൻട്രൻസ് പരിശീലന പരിപാടികളുടെ അന്ത്യത്തിൽ കിട്ടുന്ന മെഡിക്കൽ സീറ്റ് കൂടുതൽ സ്ട്രെസിലേക്ക് തള്ളിവിടുന്ന സാഹചര്യം, ശക്തമായ അടിത്തറയുള്ള കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതിരിക്കുന്ന അവസ്ഥ അങ്ങനെ നിരവധി നിരവധി കാരണങ്ങൾ.

കൂടെ ആത്മഹത്യ പകരുന്ന സംവിധാനമൊന്നുമല്ലെങ്കിലും പിയർ ഗ്രൂപ്പിലെ ആത്മഹത്യാ പ്രവണതകൾ ഗ്ലോറിഫൈ ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന തള്ളിക്കളയാൻ കഴിയാത്ത സ്വാധീനം 11 നോട്ട് ഔട്ട് എന്നുള്ളത് അതിൽ തന്നെ നിലനിർത്താൻ ഡോക്ടർമാരുടെ സമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിനും സർക്കാരിനും കുടുംബാംഗങ്ങൾക്കും തീർച്ചയായും ഉത്തരവാദിത്വമുണ്ട്. കഠിനമായി ശ്രമിക്കണം. ആദരാഞ്ജലികൾ.

Tags:
  • Social Media Viral
  • Glam Up