ADVERTISEMENT

പണ്ടൊക്കെ വേനൽക്കാല അസുഖമായിരുന്നു കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിലെ നിർജലീകരണം കൊണ്ടുണ്ടാവുന്ന അസുഖം. എന്നാൽ ഇന്നു മഴക്കാലത്തും കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ഡോക്ടർമാർ. 

എന്താണ് കിഡ്നി സ്റ്റോൺ?

ADVERTISEMENT

കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ രക്തത്തിന്റെ അംശം, ഛർദി എന്നിവ ലക്ഷണങ്ങൾ .

അളവിനനുസരിച്ച് ചികിൽസ

ADVERTISEMENT

വൃക്കയിൽ രൂപപ്പെട്ട കല്ലിന്റെ അളവിനനുസരിച്ചായിരിക്കും ചികിൽസ. അഞ്ച് മില്ലിമീറ്ററിൽ താഴെയാണെങ്കിൽ മരുന്നിലൂടെ ഭേദമാക്കാം. ഒരു സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ ലേസർ ശസ്ത്രക്രിയയിലൂടെ കല്ല് പൊടിക്കേണ്ടി വരും. മൂന്ന് സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യണം. ഫൈബർഒപ്റ്റിക് എൻഡോസ്കോപ് ഉപയോഗിച്ച് ചെയ്യുന്ന ആർഐആർഎസ്‌(റിട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി)യും കിഡ്നി സ്റ്റോൺ രോഗികൾക്ക് വളരെ ഫലപ്രദമാണ്.

പ്രതിരോധം എങ്ങനെ?

ADVERTISEMENT

∙ ധാരാളം വെള്ളം കുടിക്കുക. മൂന്നു ലീറ്ററോളം വെള്ളം പകൽ സമയത്തു തന്നെ നമ്മുടെ ശരീരത്തിലെത്തണം. ജ്യൂസിന്റെ രൂപത്തിലായാലും മതി.  

∙ ദിവസേന ഒരു ലീറ്റർ മൂത്രം ശരീരത്തിൽ നിന്നു പുറത്തു പോവണം. രാത്രിയിൽ ഉറങ്ങുന്നതിനു തൊട്ടു മുൻപ് വെള്ളം കുടി ഒഴിവാക്കുന്നതാണു നല്ലത്.

∙ കിഡ്‍നി സ്റ്റോൺ രോഗികൾ ദിവസേന ഒരു ലീറ്റർ നാരങ്ങ, ഓറഞ്ച് ജ്യൂസുകൾ കുടിക്കുന്നത് ഉത്തമം. ഇവയിലുള്ള സി‍ട്രേറ്റ് കല്ലുകളുണ്ടാവുന്നത് തടയും.

∙ യൂറിക് ആസിഡ് കൂടുതലുള്ള മാംസം, മൽസ്യം, തക്കാളി, ചോ‍ക്ലേറ്റ്,  ചായ തുടങ്ങിയ ആഹാര പാനീയങ്ങൾ നിയന്ത്രിക്കണം. ഒരിക്കൽ കിഡ്നി സ്റ്റോൺ രൂപപ്പെട്ടവർക്കു വീണ്ടുമുണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്. അത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം.

ADVERTISEMENT